This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചോറ്റാനിക്കര ദേവീക്ഷേത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചോറ്റാനിക്കര ദേവീക്ഷേത്രം

കേരളത്തിലെ പ്രസിദ്ധമായ ഒരു ദേവീക്ഷേത്രം. കൊച്ചി ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ഈ ക്ഷേത്രം എറണാകുളത്തു നിന്ന് 14 കി.മീ. കിഴക്ക് കണയന്നൂര്‍ താലൂക്കില്‍ സ്ഥിതിചെയ്യുന്നു. ക്ഷേത്രത്തിന് മേല്‍ക്കാവ് എന്നും കീഴ്ക്കാവ് എന്നും രണ്ടു ഭാഗങ്ങളുണ്ട്. മേല്‍ക്കാവില്‍ രാവിലെ സരസ്വതിയുടെയും ഉച്ചയ്ക്ക് ഭദ്രകാളിയുടെയും വൈകുന്നേരം ദുര്‍ഗയുടെയും രൂപത്തിലാണ് ദേവിയെ ആരാധിക്കുന്നത്. ഇവിടെ ലക്ഷ്മി നാരായണ സാന്നിധ്യമുണ്ടെന്ന വിശ്വാസത്തില്‍ 'അമ്മേ നാരായണ' എന്നു ഭക്തജനങ്ങള്‍ ഭജിക്കുന്നു. മേല്‍ക്കാവില്‍ മൂകാംബികാദേവിയുടെ സാന്നിധ്യമുണ്ടെന്നും ഒരു വിശ്വാസമുണ്ട്. ശാസ്താവിന്റേതായ ഒരു പ്രത്യേക ശ്രീകോവിലും ഇവിടെ ഉണ്ട്.

ചോറ്റാനിക്കര ദേവീക്ഷേത്രം

കീഴ്ക്കാവിലെ പ്രതിഷ്ഠ ഭദ്രകാളിയാണ്. ചുണ്ണാമ്പും മഞ്ഞളും കലക്കിയ കുരുതിയാണിവിടത്തെ പ്രധാന വഴിപാട്. മാനസികരോഗികളെ രോഗശമനത്തിനായി ഇവിടെ കൊണ്ടുവരാറുണ്ട്. രോഗശമനത്തിനായി രോഗികള്‍ തുള്ളിക്കൊണ്ട് കീഴ്ക്കാവിനു സമീപമുള്ള പാലവൃക്ഷത്തില്‍ ആണി അടിക്കുന്നു. ബാധകള്‍ ഒഴിഞ്ഞുപോകുന്നതിന് ഇതു സഹായകമാകും എന്നാണ് വിശ്വാസം.

ഈ ക്ഷേത്രത്തിന്റെ ഉദ്ഭവത്തെയും മഹാത്മ്യത്തെയും പറ്റി പല ഐതിഹ്യങ്ങളും പ്രചാരത്തിലുണ്ട്. ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലം പണ്ട് ഒരു കാടായിരുന്നുവെന്നും പുല്ല് അരിയുന്നതിനായി കാട്ടില്‍ പോയ ഒരു പുലയസ്ത്രീ അരിവാള്‍ മൂര്‍ച്ച കൂട്ടുന്നതിനായി അവിടെക്കണ്ട ഒരു കല്ലില്‍ ഉരച്ചെന്നും അപ്പോള്‍ അതില്‍ നിന്നും രക്തം പ്രവഹിച്ചെന്നുമാണ് ഒരു ഐതിഹ്യം. ഈ സംഭവം കേട്ടറിഞ്ഞ് അന്വേഷിക്കാന്‍ പോയ എടാട്ടു നമ്പൂതിരി കല്ലു കണ്ടെത്തുകയും അതു വിഗ്രഹമാണെന്നു തിരിച്ചറിയുകയും ചെയ്തു. അദ്ദേഹം ജ്യോതിസ്സു കണ്ട കര ജ്യോതിയന്‍കരയും ക്രമേണ ചോറ്റാനിക്കരയുമായി എന്നും പറയപ്പെടുന്നു. എടാട്ടു നമ്പൂതിരിയല്ല, അയനിക്കാട്ടു നമ്പൂതിരിയാണ് വിഗ്രഹം കണ്ടെത്തിയത് എന്നൊരു അഭിപ്രായവുമുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ണപ്പന്‍ എന്ന മലയരയന്‍ ആരാധിച്ചിരുന്ന വിഗ്രഹമാണ് ഇങ്ങനെ കണ്ടു കിട്ടിയത്. എന്നും പറയപ്പെടുന്നു. കംസനാല്‍ നിഗ്രഹിക്കപ്പെട്ട പരാശക്തി സ്വരൂപിണിയായ ദേവിയുടെ ഭൌതിക ശരീരമാണ് വിഗ്രഹമായി മാറിയതെന്നുപറയുന്നവരും ഉണ്ട്. കണ്ണപ്പന്റെ പുനര്‍ജന്മമാണ് വില്വമംഗലത്തു സ്വാമിയാര്‍ എന്നും ഇദ്ദേഹം ചോറ്റാനിക്കര വന്ന് പുനഃപ്രതിഷ്ഠ മുതലായ കര്‍മങ്ങള്‍ നടത്തിയെന്നും പലരും വിശ്വസിക്കുന്നു. വില്വമംഗലത്തു സ്വാമിയാര്‍ ചേറ്റാനിക്കര വന്നു ദേവിയെ ദര്‍ശിച്ചത് കുംഭമാസത്തിലെ മകം ദിവസത്തിലാണെന്ന വിശ്വാസത്തിലാണ് ആ ദിവസം ഇവിടെ ഉത്സവമായി ആഘോഷിക്കുന്നത്. ക്ഷേത്രത്തിന്റെ തെക്കുവശത്തുള്ള രക്തക്കുളത്തെക്കുറിച്ചും ഒരു ഐതിഹ്യമുണ്ട്. ഒരു ബ്രാഹ്മണന്റെ പ്രാണരക്ഷാര്‍ഥം ദേവി ഒരു യക്ഷിയെ നിഗ്രഹിച്ചു കളത്തിലേക്കു വലിച്ചെറിഞ്ഞതുകൊണ്ടാണ് അതിന് രക്തക്കുളമെന്ന പേര്‍ സിദ്ധിച്ചത് എന്നാണ് കഥ.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍