This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചോറ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചോറ്

ലോകത്തിലെ ഭൂരിപക്ഷം ജനങ്ങളുടെയും പ്രധാന ആഹാരം. അരി വെള്ളത്തിലിട്ടു വേവിച്ചശേഷം വെള്ളം ഊറ്റികളഞ്ഞോ വെള്ളം വറ്റിച്ചോ തയ്യാറാക്കുന്നു. സമ്പന്നരാഷ്ട്രങ്ങളിലെ ജനങ്ങള്‍ അരിയെക്കാള്‍ ഗോതമ്പിനോടാണ് പ്രിയം കാണിക്കുന്നത്. എന്നാല്‍ മൊത്തം ജനസംഖ്യയുടെ താത്പര്യമാണ് അരിയെ ഭക്ഷ്യവസ്തുക്കളില്‍ ഒന്നാം സ്ഥാനത്തെത്തിക്കുന്നത്.

ഉത്തരേന്ത്യക്കാരെക്കാള്‍ ദക്ഷിണേന്ത്യക്കാരാണ് ചോറ് കൂടുതല്‍ ഇഷ്ടപ്പെടുന്നത്. മലയാളികള്‍ക്ക് പൊതുവേ ചമ്പാവരി (ചുവന്ന അരി)യുടെ ചോറാണ് സ്വീകാര്യം. മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് വെള്ളയരിച്ചോറോ പച്ചയരിച്ചോറോ ആണ് പ്രിയം.

നെല്ലിന്റെ തരവും പുഴുങ്ങുന്നതിന്റെ പാകവും ചോറിന്റെ സ്വാദിനെയും മൃദുത്വത്തെയും ബാധിക്കും, പുന്നെല്ല് (പുതിയ നെല്ല്) രണ്ടുതവണ പുഴുങ്ങി കുത്തിയെടുത്താലേ വെന്തുകുഴയാതെ ചോറു തയ്യാറാക്കാന്‍ കഴിയൂ. നെല്ല് ആദ്യം വെള്ളത്തിലിട്ടു വാട്ടിയെടുത്തശേഷം വെള്ളം വാര്‍ത്തു മാറ്റിയിട്ട് പുതിയ വെള്ളം നിറച്ച് ഒരു രാത്രി സൂക്ഷിക്കുന്നു. അടുത്ത ദിവസം വെള്ളം വാര്‍ത്തു കളഞ്ഞശേഷം വളരെ കുറച്ചു വെള്ളമൊഴിച്ച് പുഴുങ്ങുന്നു. തുടര്‍ന്ന് ഉണക്കിക്കുത്തിയെടുക്കുന്ന അരി ഇരുപ്പുഴുക്കന്‍ എന്നറിയപ്പെടുന്നു. അരിയിലെ പോഷകാംശം നിലനിര്‍ത്താന്‍ ഇരുപ്പുഴുക്കു രീതി നല്ലതാണ്. പഴയനെല്ല് ഒരു പ്പുഴുക്കനായാണ് തയ്യാറാക്കുന്നത്. മില്ലുകളുടെ ആവിര്‍ഭാവത്തിനു മുമ്പ് നെല്ല് തടി ഉരലില്‍ കുത്തി അരിയാക്കുകയായിരുന്നു പതിവ്. കൈക്കുത്തരിയില്‍ തവിട് നിലനില്ക്കുന്നതുകൊണ്ട് പോഷകാംശം നഷ്ടപ്പെടുന്നില്ല.

അധികം തിളപ്പിക്കാതെ നെല്ല് വാട്ടിയെടുത്ത് ഉണക്കി കുത്തിയുണ്ടാക്കുന്ന പൊടിയരി (നുറുക്കരി)യുടെ ചോറ് ദഹിക്കാന്‍ എളുപ്പമായതിനാല്‍ കുട്ടികള്‍, വൃദ്ധര്‍, രോഗികള്‍ എന്നിവര്‍ക്ക് അഭികാമ്യമാണ്.

നെല്ലിന്റെ സ്വഭാവമനുസരിച്ച് ചോറിന്റെ സ്വാദ്, മണം, മൃദുത്വം, രുചി എന്നിവയ്ക്കു വ്യത്യാസം ഉണ്ടാകുന്നു. മുന്‍കാലങ്ങളില്‍ സമ്പന്നഗൃഹങ്ങളില്‍ ചോറുണ്ടാക്കാനായി പ്രത്യേക നെല്ലിനങ്ങള്‍ കൃഷി ചെയ്തിരുന്നു. ഇന്ത്യയില്‍ ലഭ്യമായ മുന്തിയ ഇനം അരിയാണ് ബസുമതി. പഞ്ചാബിലെ നെല്‍വയലുകളില്‍ വിളയുന്ന പ്രത്യേകതരം ബസുമതി അരിയുടെ ചോറിന് മൃദുത്വവും രുചിയും സവിശേഷഗന്ധവുമുണ്ട്. പുലാവ്, ബിരിയാണി, ഫ്രൈഡ് റൈസ് തുടങ്ങിയ വിഭവങ്ങള്‍ തയ്യാറാക്കാന്‍ ബസുമതി അരിയാണ് വിശിഷ്ടം.

അരി വേവിച്ച് ഊറ്റിയെടുത്ത് വിവിധതരം കറികള്‍ കൂട്ടി ഭക്ഷിക്കുകയാണ് സാധാരണരീതി. സവിശേഷമായ മറ്റനേകം രീതികളിലും ചോറു പാകപ്പെടുത്താറുണ്ട്. നെയ്ച്ചോറ്, തേങ്ങാച്ചോറ്, അരിയും ചെറുപയറിന്റെ അലകും നിശ്ചിത അനുപാതത്തില്‍ ചേര്‍ത്തു തയ്യാറാക്കുന്ന കിച്ചറി, പാല്‍ച്ചോറ്, ചക്കരച്ചോറ്, തക്കാളിച്ചോറ്, തൈരുചോറ്, സാമ്പാര്‍ ചോറ് തുടങ്ങിയ നാല്പതോളം രീതിയില്‍ ചോറ് തയ്യാറാക്കാറുണ്ട്. തമിഴ് ബ്രാഹ്മണര്‍ ആടിപ്പെരുക്കത്തിന് വിവിധതരം ചോറ് (ചിത്രാന്നം) തയ്യാറാക്കുന്നു. ഗോതമ്പ്, കൂവരക് എന്നീ ധാന്യങ്ങളും ചോറുണ്ടാക്കാന്‍ ഉപയോഗിക്കുന്നു. വേവിച്ച ധാന്യം അതിന്റെ വെള്ളത്തോടൊപ്പം ഉപയോഗിക്കുന്നതാണ് കഞ്ഞി.

ക്ഷേത്രങ്ങളിലെ ആരാധനാമൂര്‍ത്തിക്കുവേണ്ടി അനുഷ്ഠാനങ്ങളോടെ തയ്യാറാക്കി പ്രത്യേകപാത്രത്തില്‍ പകര്‍ന്നു (പടയ്ക്കുന്ന) നിവേദിക്കുന്ന ചോറിനു പടച്ചോറ് (നിവേദ്യച്ചോറ് എന്നു പറയുന്നു. പാത്രം മാറിപ്പകരുക എന്നര്‍ഥമുള്ള പട ശബ്ദത്തില്‍ നിന്നാണ് പടച്ചോറ് എന്ന സംജ്ഞ നിഷ്പന്നമായത്. അനുഷ്ഠാനത്തിന്റെ ഭാഗമായോ സൗജന്യമായോ തുച്ഛമായ വിലയ്ക്കോ പടച്ചോറ് ക്ഷേത്രങ്ങളില്‍ നിന്നു വിതരണം ചെയ്യുന്നു. കോരികയിലെടുത്ത് അളന്നു തിരിച്ചാണ് (പടയ്ക്കുക) പടച്ചോറു വിളമ്പുന്നത്. പടയ്ക്കു (യുദ്ധത്തിനു) പോകുന്ന പടയാളികള്‍ക്കു വിളമ്പുന്ന ചോറിനും പടച്ചോറ് എന്നു പറയാറുണ്ട്.

പ്രധാന ഭക്ഷ്യപദാര്‍ഥമായതിനാല്‍ ചോറുമായി ബന്ധപ്പെട്ട് നിരവധി അനുഷ്ഠാനങ്ങള്‍ നിലവിലുണ്ട്. ആദ്യമായി ശിശുക്കള്‍ക്ക് ചോറുകൊടുക്കുന്ന ചടങ്ങിന് ചോറൂണ് (അന്നപ്രാശനം) എന്നു പറയുന്നു. ഷോഡശ സംസ്കാരങ്ങില്‍ (ദ്വിജന്മാര്‍ ആചരിക്കേണ്ട 16 ചടങ്ങുകള്‍) പ്പെടുന്നതുമാണ് അന്നപ്രാശനം. എല്ലാ ക്ഷേത്രങ്ങളിലും ചോറൂണു നടത്തുന്നതിന് സംവിധാനങ്ങളുണ്ട്. പരേതാത്മാക്കള്‍ക്കു നിവേദിക്കുന്ന ചോറാണ് ബലിച്ചോറ്. പിതൃക്രിയയ്ക്ക് ഉരുട്ടി വയ്ക്കുന്ന ചോറാണ് പിണ്ഡം. ഉണക്കലരി (പുഴുങ്ങി കുത്താത്തത്) വേവിച്ച് വെള്ളം വറ്റിച്ചെടുത്ത് അതില്‍ എള്ള്, പൂവ്, പഴം, നെയ്യ്, ജലം എന്നിവ അര്‍പ്പിച്ച് ഉരുട്ടി ഉരുളകളാക്കി അനുഷ്ഠാനങ്ങളോടെ അമാവാസി നാളില്‍ (കര്‍ക്കിടകം, മകരം) പിതൃക്കള്‍ക്ക് സമര്‍പ്പിക്കുന്നു.

ഓണം, വിവാഹം, പിറന്നാള്‍ തുടങ്ങിയ വിശേഷാവസരങ്ങലില്‍ വൈവിധ്യമുള്ള കറികളോടൊപ്പം തുമ്പിലയില്‍ ചോറു വിളമ്പുന്നത് (സദ്യ) കേരളീയരുടെ പ്രത്യേക ആചാരമാണ്. സദ്യ വിളമ്പുന്നതിനും അതു ഭക്ഷിക്കുന്നതിനും പ്രത്യേക ചിട്ടകളും മുറകളുമുണ്ട്. ബ്രാഹ്മണര്‍ക്ക് സൗജന്യ ഭക്ഷണം നല്കുന്നതിനുള്ള ഊട്ടുപുരകള്‍ കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും നിര്‍മിച്ചിരുന്നു. ഇതിന്റെ ചെലവിലേക്കായി ഊട്ടു ബ്രഹ്മസ്വം എന്ന പേരില്‍ മുതല്‍ വകക്കൊള്ളിച്ചിരുന്നു.

ചോറുമായി ബന്ധപ്പെട്ട് നിരവധി ശൈലികള്‍ മലയാളത്തിലുണ്ട്. ചോറിങ്ങും കൂറങ്ങും (രക്ഷിതാവിനോടല്ലാതെ അന്യനോടു നന്ദികാണിക്കുക), ഉണ്ട ചോറില്‍ കല്ലിടരുത് (നന്ദികേടു കാണിക്കരുത്), ചോറു മുട്ടിക്കുക (നിവൃത്തിമാര്‍ഗം അടയ്ക്കുക) തുടങ്ങിയവ ഉദാഹരണങ്ങള്‍.

മരങ്ങളുടെയും മറ്റും അകത്തുള്ള മൃദുവായ വസ്തുു (pith)വിനും മസ്തിഷ്കത്തിനും ചോറ് എന്നു പറയാറുണ്ട്. ഉദാ. പനംചോറ്, ചകിരിച്ചോറ്, തലച്ചോറ്, നോ. അന്നപ്രാശനം; അരി; കഞ്ഞി

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B5%8B%E0%B4%B1%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍