This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചോരപ്പാലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചോരപ്പാലി

Wild Nutmeg

മിരിസ്റ്റിക്കേസി (Myristicaceae) സസ്യകുടുംബത്തില്‍പ്പെട്ട ഒരു വന്‍വൃക്ഷം. ശാസ്ത്രനാമം: മിരിസ്റ്റിക്ക ബഡ്ഡോമി (Myristica beddomei). ഇത് മുമ്പ് മിരിസ്റ്റിക്ക ലാറിഫോളിയ (Myristica laurifolia) എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. വൈല്‍ഡ് നട്ട്മഗ് എന്ന് പൊതുവേ അറിയപ്പെടുന്ന ഈ വൃക്ഷം 1500 മീ. വരെ ഉയരമുള്ള മലകളിലെ നനവാര്‍ന്ന നിത്യഹരിത വനങ്ങളില്‍ സമൃദ്ധമായി വളരും.

ഇലകള്‍ ഏകാന്തരന്യാസത്തില്‍ ക്രമീകരിച്ചിരിക്കുന്നു. ലഘുവായ ഇലകളുടെ രണ്ടു വശങ്ങളും മിനുസമുള്ളതാണ്. 12-25 സെന്റിമീറ്ററോളം നീളവും 6-10 സെന്റിമീറ്ററോളം വീതിയുമുള്ള പത്രഫലകത്തിന് ആയതാകൃതിയാണ്. ഡിസംബര്‍-ജനുവരി മാസങ്ങളില്‍ ഈ വൃക്ഷം പുഷ്പിക്കുന്നു. ആണ്‍പുഷ്പങ്ങളും പെണ്‍പുഷ്പങ്ങളും വെവ്വേറെ വൃക്ഷങ്ങളിലാണ് ഉണ്ടാകുന്നത്. പുഷ്പങ്ങള്‍ ചെറിയവയും ഏകലിംഗസമമിതങ്ങളുമാണ്. പരിദളപുടത്തിന് മൂന്ന് ഇതളുകളുണ്ട്. 9-10 കേസരങ്ങള്‍ ഒരു കറ്റയായി ക്രമീകരിച്ചിരിക്കും. ഒറ്റ അറയും ഒറ്റ ബീജാണ്ഡവും മാത്രമുള്ള ഊര്‍ധ്വവര്‍ത്തി അണ്ഡാശയമാണ് ഇവയ്ക്കുള്ളത്. അണ്ഡാകൃതിയിലുള്ള കായ്കള്‍ ജൂണ്‍-ജൂലായ് മാസത്തോടെ വിളയും. ചുവപ്പുനിറത്തില്‍ നൂലുപോലുള്ള കര്‍ണിതമായ പത്രികയും ഇതിന്റെ കായ്കള്‍ക്കുണ്ട്.

തടിക്ക് ചുവപ്പുകലര്‍ന്ന ചാരനിറമാണ്. ഈടും ബലവും കുറഞ്ഞ ഇതിന്റെ തടി തീപ്പെട്ടിയും പാക്കിങ് കേസുകളും നിര്‍മിക്കാനുപയോഗിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍