This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചോദ്യാവലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചോദ്യാവലി

Questionnaire

ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ചോ അല്ലെങ്കില്‍ പരസ്പരബന്ധമുള്ള ഏതാനും ചില വിഷയങ്ങളെക്കുറിച്ചോ മാത്രമുള്ള ചോദ്യങ്ങളുടെ കൂട്ടം. സര്‍ ഫ്രാന്‍സിസ് ഗാള്‍ട്ടണ്‍ എന്ന മനഃശാസ്ത്രജ്ഞനാണ് ചോദ്യാവലിയുടെ ഉപജ്ഞാതാവ്. സാമൂഹികശാസ്ത്രം, സാമ്പത്തികശാസ്ത്രം, വിദ്യാഭ്യാസം, മനഃശാസ്ത്രം, നരവംശശാസ്ത്രം മുതലായവയുടെ ഗവേഷണ രീതികളില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ചോദ്യാവലി. സാമൂഹിക പ്രസക്തിയുള്ള പല വിഷയങ്ങളെക്കുറിച്ചും ഗവേഷണം നടത്തുവാന്‍ ഈ രീതി ഉപകരിക്കുന്നു.

വ്യത്യസ്ത വ്യക്തികളുടെ അഭിപ്രായങ്ങള്‍, താത്പര്യങ്ങള്‍, മനഃസ്ഥിതി, വ്യക്തിത്വപ്രശ്നങ്ങള്‍, ജീവചരിത്രപരമായ വിവരം എന്നിവയെല്ലാം മനസ്സിലാക്കുന്നതില്‍ ചോദ്യാവലികള്‍ ഉപയോഗപ്രദമാണ്. ഒരേ ചോദ്യത്തിന് ഓരോ വ്യക്തിയും വ്യത്യസ്തമായ രീതിയില്‍ പ്രതികരിക്കുന്നത് വ്യക്തിത്വത്തിന്റെ പ്രത്യേകതകള്‍ മനസ്സിലാക്കാന്‍ സഹായകമാകുന്നു. വ്യക്തിത്വ പ്രത്യേകതകള്‍ മനസ്സിലാക്കുവാന്‍ വേണ്ടി ഉപയോഗിക്കുന്ന ചോദ്യാവലികളില്‍ ചിലതാണ് ഐസങ്ക് പെഴ്സണാലിറ്റി ഇന്‍വെന്ററി (Eysenck Personality Inventory), ബെല്‍ അഡ്ജസ്റ്റ്മെന്റ് ഇന്‍വെന്ററി (Bell Adjustment Inventory), കാലിഫോര്‍ണിയ സൈക്കോളജിക്കല്‍ ഇന്‍വെന്ററി (California Psycological Inventory), എഡ്വേഡ്സ് പേഴ്സണല്‍ പ്രിഫറന്‍സ് ഷെഡ്യൂള്‍ (Edwards Personal Preference Schedule) എന്നിവ. ബുദ്ധിശക്തി ആത്മനിയന്ത്രണം, ആത്മവിശ്വാസം, സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള ആഗ്രഹം, അധികാരം പ്രയോഗിക്കാനും അധികാരത്തിനു വഴങ്ങാനുമുള്ള ഇച്ഛ, പരക്ഷേമകാംക്ഷ എന്നിങ്ങനെ വ്യക്തിത്വത്തിന്റെ വിവിധ വശങ്ങളെ വിലയിരുത്തുവാന്‍ ഉതകുന്ന ചോദ്യാവലികള്‍ ഇന്നു ലഭ്യമാണ്. ചില പ്രത്യേക വിഷയങ്ങളെക്കുറിച്ചുളള പൊതുജനാഭിപ്രായം മനസ്സിലാക്കുവാന്‍ പത്രങ്ങള്‍ ചോദ്യവലി ഉപയോഗിക്കാറുണ്ട്. സാമൂഹിക-സാമ്പത്തിക അവലോകനം, വിവിധവംശങ്ങളുടെ താരതമ്യപഠനം എന്നിവയ്ക്കും ചോദ്യാവലിരീതി ഉപയോഗിക്കാം.

ചോദ്യാവലികളെ പൊതുവായി അഘടിത ചോദ്യാവലി (unstructured questionnaire) എന്നും ഘടിത ചോദ്യാവലി (structured questionnaire) എന്നും രണ്ടായി തരംതിരിക്കാം. ചോദ്യങ്ങളുടെ എണ്ണം, ക്രമം, ഘടന എന്നിവയില്‍ ആവശ്യമെന്നു തോന്നുന്ന മാറ്റങ്ങള്‍ വരുത്താവുന്നവയാണ് അഘടിത ചോദ്യാവലികള്‍. ഇവ സാധാരണ അഭിമുഖസംഭാഷണങ്ങളിലാണ് ഉപയോഗിക്കാറുള്ളത്. ചോദ്യങ്ങളുടെ എണ്ണം, ക്രമം, ഘടന എന്നിവ കൃത്യമായി നിശ്ചയിക്കപ്പെട്ടിട്ടുള്ളവയാണ് ഘടിത ചോദ്യാവലികള്‍. സ്കൂള്‍-കോളജ്തല പരീക്ഷകള്‍ നടത്തുന്നതിന് ഇത്തരം ചോദ്യാവലികളാണ് ഉപയോഗിക്കാറുള്ളത്. 'എസ്സേ ടൈപ്പ്', 'ഷോര്‍ട്ട് ആന്‍സര്‍ ടൈപ്പ്, മള്‍ട്ടിപ്പിള്‍ ചോയ്സ് ടൈപ്പ് തുടങ്ങി പല വിധത്തിലുള്ള ചോദ്യങ്ങള്‍ ഇത്തരം ചോദ്യാവലികളില്‍ അടങ്ങിയിരിക്കും. ഗവേഷണങ്ങള്‍ക്കും മറ്റും രണ്ടു തരത്തിലുള്ള ചോദ്യാവലികളും ഉപയോഗിക്കാറുണ്ട്.

നിരവധി നിരീക്ഷണങ്ങളും പരീക്ഷണങ്ങളും ഉപയോഗിച്ച് ചോദ്യങ്ങളുടെ വിശ്വാസ്യതയും (reliability) സാധുതയും (validity) നിര്‍ണയിച്ചതിനുശേഷമാണ് ചോദ്യാവലി രൂപപ്പെടുത്തുന്നത്. പ്രതികര്‍ത്താവിന്റെ സ്വന്തം ഭാഷയില്‍ ഉത്തരം ആവശ്യപ്പെടുന്ന ചോദ്യാവലികളും ഒരു ചോദ്യത്തിന് വിവിധ ഉത്തരങ്ങള്‍ നല്കി അവയില്‍ ഉചിതമായത് തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെടുന്ന ചോദ്യാവലികളും ഉണ്ട്. ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ച് ഒരു വ്യക്തിക്കുള്ള അഭിപ്രായം അയാളുടെ വാക്കുകളില്‍ത്തന്നെ ലഭിക്കുന്നു എന്നതാണ് ആദ്യത്തെ തരത്തിലുള്ള ചോദ്യാവലിയുടെ പ്രയോജനം. രണ്ടാമതു പറഞ്ഞ രീതിയിലുള്ള ചോദ്യാവലികള്‍ താരതമ്യേന അനായാസമായി വിശകലനം ചെയ്യാവുന്നതാണ്. രണ്ടു രീതിയിലുള്ള ചോദ്യങ്ങള്‍ ഇടകലര്‍ത്തിയ ചോദ്യാവലികളും ഇന്നു പ്രചാരത്തിലുണ്ട്.

ഉത്തരമെഴുതേണ്ട രീതി എങ്ങനെയായിരുന്നാലും ചോദ്യാവലിയിലെ വാചകരീതി ലളിതവും സ്പഷ്ടവുമാണെങ്കില്‍ മാത്രമേ അത് ഉദ്ദേശിച്ച ഫലം നല്കുകയുള്ളൂ. ചോദ്യാവലിയിലെ ചോദ്യക്രമവും വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ആരംഭത്തിലുള്ള ചോദ്യങ്ങള്‍ ലളിതവും അതേസമയം താത്പര്യം ജനിപ്പിക്കാന്‍ ഉതകുന്നവയുമായിരിക്കണം. സാമാന്യവിഷയങ്ങളില്‍ തുടങ്ങി പ്രത്യേക വിഷയങ്ങളിലേക്കു പോകുന്നരീതിയിലായിരിക്കണം ചോദ്യക്രമം. ഒരുചോദ്യത്തില്‍ ഒരു ആശയം മാത്രമേ ഉണ്ടാകാവൂ. പ്രതികര്‍ത്താവിന്റെ ചിന്താരീതിയുമായി യോജിച്ചുപോകുന്ന രീതിയിലാണ് ചോദ്യങ്ങളുടെ ഘടനയെങ്കില്‍. ചോദ്യാവലി കൂടുതല്‍ ഫലപ്രദമാകും. സ്കൂള്‍ വിദ്യാര്‍ഥികളുടെ ഇടയിലാണ് പഠനം നടത്തുവാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍, പ്രായപൂര്‍ത്തിയായവരെ ഉദ്ദേശിച്ചു തയ്യാറാക്കുന്നതിനെക്കാള്‍ ലളിതവും രസകരവുമായ രീതിയിലായിരിക്കണം ചോദ്യങ്ങള്‍ തയ്യാറാക്കേണ്ടത്. വ്യക്തികളുടെ സ്വകാര്യജീവിതത്തെ സംബന്ധിക്കുന്ന ചോദ്യങ്ങള്‍ ഒഴിവാക്കേണ്ടതാണ്. പ്രതികര്‍ത്താക്കളുടെ പേരും മേല്‍വിലാസവും രഹസ്യമായി സൂക്ഷിക്കപ്പെടും എന്ന ഉറപ്പ് നല്കുന്നത് അകൃത്രിമമായ ഉത്തരങ്ങള്‍ ലഭിക്കുന്നതിനു സഹായകമാകുന്നു.

താരതമ്യേന കുറഞ്ഞ സമയത്തിനുള്ളില്‍ ചുരുങ്ങിയ ചെലവില്‍ വളരെയധികം വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയുന്നു എന്നതാണ് ചോദ്യാവലിയുടെ മെച്ചം. പഠനത്തിനു വിധേയരാകുന്നവര്‍, നേരിട്ടു ബന്ധപ്പെടാന്‍ സാധിക്കാത്തവിധം അകലെയാണെങ്കിലും ഈ രീതിപ്രയോജനപ്പെടുത്താവുന്നതാണ്. പ്രശ്നത്തിന്റെ വിവിധവശങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു ലഭിക്കുന്ന വ്യത്യസ്ത പ്രതികരണങ്ങള്‍ വിശകലനം ചെയ്ത്, വസ്തുനിഷ്ഠമായ ഒരു തീരുമാനത്തില്‍ എത്തിച്ചേരുവാന്‍ ചോദ്യാവലി ഉപകരിക്കുന്നു.

പഠനത്തിനു വിധേയരാകുന്ന വ്യക്തികള്‍ സാക്ഷരരും പഠനവുമായി സഹകരിക്കുവാന്‍ തയ്യാറുള്ളവരുമാണെങ്കില്‍ മാത്രമേ ഈ രീതി പ്രയോജനപ്രദമാവുകയുള്ളു. പ്രതികര്‍ത്താക്കള്‍ ഏതെങ്കിലും ചോദ്യത്തിന് ഉത്തരം എഴുതാതിരിക്കുകയോ അവ്യക്തമായി എഴുതുകയോ ചെയ്താല്‍ ചോദ്യാവലി ഉദ്ദേശിച്ച പ്രയോജനം ചെയ്യുകയില്ല. ഇങ്ങനെ ചില ന്യൂനതകളുണ്ടെങ്കിലും ഇന്നു വളരെ പ്രചാരമുള്ള ഒരു ഗവേഷണോപാധിയായി ചോദ്യാവലി മാറിയിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍