This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചോക്റ്റ ഇന്ത്യര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചോക്റ്റ ഇന്ത്യര്‍

വടക്കേ അമേരിക്കയിലെ ഒരു ഗോത്രവര്‍ഗം. യൂറോപ്യന്മാര്‍ അമേരിക്കയില്‍ വന്ന സമയത്ത് ചോക്റ്റകള്‍ അധിവസിച്ചിരുന്നത് ഇപ്പോള്‍ മിസ്സിസ്സിപ്പി എന്നറിയപ്പെടുന്ന പ്രദേശങ്ങളിലാണ്. മസ്ഖോഗിയന്‍ വിഭാഗത്തില്‍പ്പെട്ട ഒരു ഭാഷയാണ് ഇവര്‍ സംസാരിക്കുന്നത്. കാര്‍ഷിക വൃത്തിയാണ് പ്രധാന തൊഴില്‍; മുഖ്യ ആഹാരം ചോളവും. പുകയില, ബീന്‍സ്, മത്തങ്ങ, മധുരക്കിഴങ്ങ്, സൂര്യകാന്തി എന്നിവയും കൃഷിചെയ്യുന്നു. വന്‍മരങ്ങള്‍ വെട്ടി ഒതുക്കിയും പുല്ലു കത്തിച്ചുമാണ് കൃഷിയിടങ്ങള്‍ ഒരുക്കുന്നത്. കാട്ടുപോത്തിന്റെ തോളെല്ലു കൊണ്ടുണ്ടാക്കിയ ഉപകരണമാണ് കിളയ്ക്കുന്നതിനുപയോഗിക്കുന്നത്. വിത്തുപാകാന്‍ മണ്ണില്‍ കുഴിയുണ്ടാക്കുന്നതിന് തടികൊണ്ടുള്ള ഉപകരണം ഉപയോഗിക്കുന്നു. കൃഷിയിടങ്ങള്‍ക്കു സമീപമുണ്ടാക്കുന്ന പ്രത്യേക പുരകളില്‍ ധാന്യം ശേഖരിക്കുന്നു. മൃഗങ്ങളെ വേട്ടയാടുന്നതിന് അമ്പും വില്ലുമാണ് ഉപയോഗിക്കുന്നത്. ചൂരല്‍ കൊണ്ടുണ്ടാക്കിയ തോക്കു പോലുള്ള ഒരു ഉപകരണവും ഇതിനായി ഉപയോഗിക്കാറുണ്ട്. യൂറോപ്യന്മാരുടെ ആഗമനത്തിനുശേഷമാണ് ചോക്റ്റകള്‍ കുതിരകളെ ഉപയോഗിക്കാന്‍ തുടങ്ങിയത്.

ചോക്റ്റകള്‍ക്കിടയിലെ മരണാനന്തര ചടങ്ങുകള്‍ ശ്രദ്ധേയമാണ്. മൃതശരീരം പൊതിഞ്ഞ് ദൂരെയുള്ള തട്ടില്‍ വയ്ക്കുന്നു. മാംസം ദ്രവിച്ചുപോയതിനുശേഷം അസ്ഥിസഞ്ചയനത്തില്‍ വിദഗ്ധരായ പുരോഹിതര്‍ (ഇതിനുവേണ്ടി ഇവര്‍ തങ്ങളുടെ നഖം നീട്ടി വളര്‍ത്തുന്നു.) അസ്ഥികള്‍ ശേഖരിച്ച് വൃത്തിയാക്കി പ്രത്യേകം തയ്യാറാക്കിയ അസ്ഥിമാടത്തില്‍ നിക്ഷേപിക്കുന്നു. തുടര്‍ന്ന് വിപുലമായ അനുഷ്ഠാനങ്ങളോടെ അസ്ഥികള്‍ സംസ്കരിക്കുന്നു.

18-ാം ശതകത്തില്‍ ചോക്റ്റകള്‍ ഫ്രഞ്ചുകാരുമായി സഖ്യത്തിലായി. 1780-കളില്‍ ഒരു വിഭാഗം മിസ്സിസ്സിപ്പിക്ക് പടിഞ്ഞാറുഭാഗത്തേക്ക് കുടിയേറി. 1830-കളില്‍ ഗണ്യമായ ഒരു വിഭാഗം ചോക്റ്റകള്‍ തങ്ങളുടെ ഭൂമി അമേരിക്കന്‍ ഗവണ്‍മെന്റിനു നല്കുകയും ഒക്ലഹോമയിലേക്കു കുടിയേറുകയും ചെയ്തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍