This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചൊവ്വാദോഷം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചൊവ്വാദോഷം

ജ്യോതിഷപ്രകാരം ജാതകത്തില്‍ ദാമ്പത്യത്തിനു ഹാനി സൂചിപ്പിക്കുന്ന സ്ഥാനങ്ങളില്‍ ചൊവ്വ (കുജന്‍) നില്ക്കുമ്പോള്‍ ഉണ്ടാകുന്ന ദോഷം. 'കുജദോഷം' എന്നും ഇതിനെ പറയാറുണ്ട്. ലഗ്നത്തില്‍ നിന്നോ ചന്ദ്രലഗ്നത്തില്‍ നിന്നോ ശുക്രലഗ്നത്തില്‍ നിന്നോ 1,2,4,7,8,12 എന്നീ ഭാവങ്ങളിലുള്ള ചൊവ്വയുടെ സ്ഥിതിയാണ് ചൊവ്വാദോഷം. പാപഗ്രഹങ്ങളെല്ലാംതന്നെ ദോഷസൂചകന്മാരാണെങ്കിലും ഭാവത്തിനു ഭംഗം ഉണ്ടാക്കുന്ന ഗ്രഹമായതിനാല്‍ ചൊവ്വയ്ക്ക് ഇതര പാപഗ്രഹങ്ങളെക്കാളധികം പ്രാധാന്യം ഈ വിഷയത്തില്‍ നല്കപ്പെടുന്നു. 'ഭൌമോഭംഗം കുരുതേ' എന്ന് പ്രസിദ്ധ ജ്യോതിഷഗ്രന്ഥമായ കൃഷ്ണീയത്തില്‍ പറയുന്നു. ശുഭദൃഷ്ടിയില്ലാതെ സപ്തമഭാവത്തില്‍ സൂര്യന്‍ നിന്നാല്‍ ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെടുകയും (ഉത്സൃഷ്ടാതരണൌ) ശനി നിന്നാല്‍ ഭര്‍ത്താവ് രോഗിയാകുകയോ വിവാഹത്തിനു കാലതാമസം വരികയോ ചെയ്യുന്നു; എന്നാല്‍ ചൊവ്വ ഏഴില്‍ നിന്നാല്‍ ബാല്യകാലത്തു വൈധവ്യം ഉണ്ടാക്കുന്നു (കുജേതു വിധവാ ബാല്യേ) എന്നെല്ലാം ബൃഹജ്ജാതകത്തില്‍ പറയുന്നു. അതിനാല്‍ ചൊവ്വയ്ക്ക് പാപാധിക്യം വളരെയുണ്ട്.

ജാതകപ്പൊരുത്തം പരിശോധിച്ചാണ് ഇന്ത്യയില്‍ പല വിവാഹങ്ങളും നിശ്ചയിച്ചുവരുന്നത്. പൊരുത്തപരിശോധനയില്‍ വധൂവരന്മാരുടെ നക്ഷത്രങ്ങള്‍ തമ്മിലുള്ള പൊരുത്തത്തിനു പുറമേ, മറ്റു ചില പൊരുത്തങ്ങളും ഉണ്ടാകേണ്ടതാണ്. അക്കൂട്ടത്തില്‍ പാപസാമ്യം രണ്ടു ജാതകങ്ങളിലും വേണമെന്നു നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു. മുമ്പു പറഞ്ഞിരിക്കുന്ന ഭാവങ്ങളില്‍ പാപന്മാരുടെ സ്ഥിതി രണ്ടു ജാതകങ്ങളില്‍ തുല്യമായി വന്നാല്‍ പാപസ്ഥിതികൊണ്ടുള്ള ദോഷത്തിനു പരിഹാരമുണ്ടാകും. പാപഗ്രഹങ്ങളില്‍ വച്ച് ചൊവ്വയ്ക്കു വിശേഷ പരിഗണനയാണ് പൊരുത്തവിഷയത്തില്‍ കല്പിക്കപ്പെടുന്നത്. അതുകൊണ്ട് ചൊവ്വാദോഷമുള്ള സ്ത്രീജാതകത്തിന് ചൊവ്വാദോഷമുള്ള പുരുഷജാതകം തന്നെയാണ് പൊരുത്തപ്പെടുന്നത്. ചൊവ്വയ്ക്കു സ്വക്ഷേത്രസ്ഥിതിയുണ്ടാകുക, ശുഭഗ്രഹദൃഷ്ടിയോഗാദികളും ശുഭവര്‍ഗാധിക്യവും ഉണ്ടാകുക ഇത്യാദി ലക്ഷണങ്ങള്‍ ചൊവ്വാദോഷത്തിനു പ്രസക്തിയില്ലാതാക്കുന്നു. മേടം, വൃശ്ചികം എന്നീ ലഗ്നക്കാര്‍ക്ക് ചൊവ്വയുടെ ലഗ്നാധിപത്യത്താല്‍ ദോഷന്യൂനത്വം ഭവിക്കുന്നു. മകരം, കര്‍ക്കടകം എന്നീ ലഗ്നക്കാര്‍ക്കും ചൊവ്വാദോഷം ബാധകമല്ലെന്നു ചിലര്‍ കരുതുന്നു. പൊരുത്തശോധനാവിഷയത്തില്‍ പുരുഷജാതകത്തില്‍ രണ്ടും ഏഴും ഭാവങ്ങളും സ്ത്രീജാതകത്തില്‍ ഏഴും ഏട്ടും ഭാവങ്ങളും വിശേഷിച്ചും ഗഹനമായി പരിശോധിക്കേണ്ടതാണെന്നും ആ ഭാവങ്ങളിലെ പാപസ്ഥിതിയും പാപദൃഷ്ടിയും ഭാര്യാനാശത്തെ (ഭര്‍ത്തൃനാശത്തെ) സൂചിപ്പിക്കുന്നു എന്നും ഫലദീപികയില്‍ (അധ്യാ. 10; ശ്ലോ.7) പറയുന്നു. അതിനാല്‍ ഈ ഭാവങ്ങളിലുള്ള ചൊവ്വയുടെ സ്ഥിതിയും ദൃഷ്ടിയും പ്രത്യേക പരിഗണനയര്‍ഹിക്കുന്നു. നോ. ജാതകം; ജ്യോതിഷം

(ഡോ. കെ.പി. ധര്‍മരാജ അയ്യര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍