This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചൈന (ഔഷധം)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചൈന (ഔഷധം)

ഒരു ഹോമിയോ ഔഷധം. റൂബീയേസീ കുലത്തില്‍പ്പെട്ട കൊയിനാ (Cinchona officinalis) മരപ്പട്ട (Peruvian bark) സംസ്കരിച്ചാണ് ഇതു തയ്യാറാക്കുന്നത്. ഔഷധത്തിനും സിങ്കോണാ ഓഫിസിനാലിസ് എന്ന പേരുണ്ട്.

17-ാം ശതകത്തില്‍ പെറുവിയന്‍ വൈസ്രോയിയുടെ പത്നി സിങ്കോണിലെ പ്രഭ്വിക്കുണ്ടായ കടുത്ത ജ്വരം ഈ മരപ്പട്ട കൊണ്ടു തയ്യാറാക്കിയ ഔഷധംകൊണ്ട് ഭേദപ്പെട്ടതില്‍ നിന്നാണ് തെക്കേ അമേരിക്കയില്‍ സുലഭമായി വളരുന്ന ഈ നിത്യഹരിത വൃക്ഷത്തിനും അതില്‍ നിന്നും സംസ്കരിച്ചെടുക്കുന്ന ഔഷധത്തിനും 'സിങ്കോണാ' എന്ന പേരുണ്ടായത്. പെറുവിയന്‍ തദ്ദേശനാമമായ കെചുവാന്‍, സ്പാനിഷ് പദമായ ക്വിനാ എന്നിവയില്‍ നിന്നാണ് ചൈന എന്ന പദത്തിന്റെ നിഷ്പത്തി. ചൈനയുടെ മരപ്പട്ടയില്‍ നിന്നാണ് ഹോമിയോ സത്ത് തയ്യാറാക്കുന്നത്. ഹോമിയോ ഔഷധങ്ങളുടെ കൂട്ടത്തില്‍ ഹാനിമാന്റെ സവിശേഷ ശ്രദ്ധ പതിഞ്ഞ ഔഷധമാണ് ചൈന. ഒരു ടോണിക്കായും ഇടവിട്ടിടവിട്ടുണ്ടാകുന്ന ജ്വരത്തിന് ഔഷധമായും അദ്ദേഹം ഇത് ഉപയോഗിച്ചു. ജീവാധാര ദ്രവങ്ങളുടെ നഷ്ടം, പ്രത്യേകിച്ച് രക്തസ്രാവം മൂലമുണ്ടാകുന്ന ശക്തിക്ഷയം, ദ്രവനഷ്ടത്തിന്റെ ഫലമായി ബലിഷ്ഠകായന്‍ കൃശഗാത്രനായിത്തീരുന്ന അവസ്ഥ എന്നിവയ്ക്ക് ചൈന അതീവഫലപ്രദമാണ്.

മലമ്പനി പോലുള്ള ജ്വരങ്ങള്‍ക്ക് ഒരു പ്രധാന ഔഷധമാണ് ചൈന. തലയോടു പൊട്ടിപ്പോകുന്നതുപോലുള്ള തലവേദന, നിശാന്ധത, പ്രകാശഭീതി, നേത്രമര്‍ദം, ചെവിയില്‍ മുഴക്കം, ശബ്ദം സഹിക്കാന്‍ കഴിയായ്ക, പ്രഭാതത്തില്‍ മൂക്കില്‍ നിന്ന് രക്തസ്രാവം, അത്യധികമായ ആന്ത്രവായു, ഓരോ ദിവസവും നിശ്ചിത സമയത്തുണ്ടാകുന്ന ഉദരശൂലം, ഇക്കിള്‍, അജീര്‍ണം, നാഡീവ്യൂഹത്തിനാകെ സംവേദനശേഷിയില്ലെന്ന തോന്നല്‍, ചെറുതായി സ്പര്‍ശിക്കുമ്പോള്‍ അതിവേദനയും ശക്തിയായി അമര്‍ത്തുമ്പോള്‍ സുഖവും ഒരു കൈ ഐസ് പോലെ തണുത്തിരിക്കുമ്പോള്‍ മറുകൈ ചൂടായിരിക്കുക, ശ്വാസതടസ്സം, ഫ്ളൂ, ആസ്ത്മ തുടങ്ങി പല രോഗങ്ങള്‍ക്കും ഈ ഔഷധം പ്രയോഗിക്കാവുന്നതാണ്. സത്തും മുപ്പതുവരെയുള്ള ആവര്‍ത്തനങ്ങളുമാണ് ഫലവത്തായ മാത്രകള്‍.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B5%88%E0%B4%A8_(%E0%B4%94%E0%B4%B7%E0%B4%A7%E0%B4%82)" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍