This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചൈനീസ് സംഗീതം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചൈനീസ് സംഗീതം

ചൈനാവന്‍കരയിലെ പരമ്പരാഗത സംഗീത സമ്പ്രദായം. ചൈനയിലെ സംഗീതത്തെ ഹാന്‍-ജെന്‍ (Han-jan) സംഗീതം എന്നും പറയുന്നു. പൂര്‍വേഷ്യന്‍ രാജ്യങ്ങളായ കൊറിയയുടെയും ജപ്പാന്റെയും സംഗീതസമ്പ്രദായത്തിനും ചൈനീസ് സംഗീതമെന്നാണ് പേര്. ഏറ്റവും പ്രാചീനതയുള്ള ജനതയുടെ സംഗീതമെന്ന നിലയില്‍ ചൈനീസ് സംഗീതത്തിന് സഹസ്രാബ്ദങ്ങളുടെ പഴമ അവകാശപ്പെടാം. ഇതിഹാസ പ്രോക്തനായ ആദ്യത്തെ ചൈനീസ് രാജകുമാരന്‍ ഫ്യൂ ഷീ(Fu-Hsi)യാണ് ചൈനീസ് സംഗീതത്തിന്റെ ഉപജ്ഞാതാവെന്നും അതല്ല, ഹ്വാങ് ടീ ചക്രവര്‍ത്തിയാണെന്നും രണ്ടു പക്ഷമുണ്ട്. കുന്‍ലുന്‍ മലകളില്‍ പോയി ഫീനിക്സ് പക്ഷിയുടെ ശബ്ദം അനുകരിക്കാന്‍ പറ്റിയ കാട്ടുമുളന്തണ്ട് കണ്ടു പിടിച്ചുവരാന്‍ ഫ്യൂ ഷീ രാജാവ് മന്ത്രി ലിങ്-ലുത്തിയോട് ആജ്ഞാപിച്ചുവെന്ന് ഒരു കഥ പ്രചാരത്തിലുണ്ട്. ബി.സി. 2697 ലായിരുന്നുവത്രേ മന്ത്രിയുടെ ഈ ഐതിഹാസിക യാത്ര. 'ഹുവാങ് ചുങ്' എന്നറിഞ്ഞിരുന്ന സ്വരസംജ്ഞ (Pitch Note) തരുന്ന വിശേഷകുലത്തില്‍പ്പെട്ട മുളന്തണ്ടിന്റെ അന്വേഷണത്തെ ചൂഴ്ന്നു നില്ക്കുന്നു, ചൈനീസ് സംഗീതത്തിന്റെ പ്രതീകാത്മക ജന്മം. ഫീനിക്സ് ഇണകള്‍ പാടുന്ന സ്വര സംജ്ഞ ഒന്നിടവിട്ട് സന്നിവേശിപ്പിച്ച് പന്ത്രണ്ട് അര്‍ധസ്വരങ്ങളുള്ള 'ക്രൊമാറ്റിക് സ്കെയില്‍' ഉദ്ഗമിപ്പിച്ചു എന്നാണ് പുരാവൃത്തം.

ചൈനീസ് സംഗീതോപകരണങ്ങള്‍

സംഗീതം ശാസ്ത്രങ്ങളുടെ ശാസ്ത്രമാണെന്നും സമ്പന്നസ്രോതസ്സായ അതില്‍ നിന്നാണ് മറ്റെല്ലാം ഉദ്ഭവിക്കുന്നതെന്നും ചൈനക്കാര്‍ അടിയുറച്ചു വിശ്വസിച്ചു. കാവ്യാശയങ്ങള്‍ക്കും ദര്‍ശനങ്ങള്‍ക്കും സംഗീതം ഉപാധിയായി.

ചൈനീസ് സംഗീതത്തിന്റെ അടിത്തറയുറച്ചത് ഷങ് വംശ (സു.ബി.സി. 1523-1028) കാലത്താണെന്നാണ് പുരാവസ്തു ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. ചിങ് (സ്വരസ്ഥാനമുറപ്പിച്ച കല്ലുകള്‍), ജുങ് (സ്വരസ്ഥാനത്താക്കിയ വെങ്കലമണി), ഷുവാന്‍ (ഗോളാകാര ഫ്ളൂട്ട്), പൈ ഷ്യോ (പാന്‍പൈപ്പ്, കുഴല്‍ വാദ്യം), ഷങ് ഊത്തുപെട്ടി) തുടങ്ങിയ വളരെ പുരാതനങ്ങളായ സംഗീതോപകരണങ്ങള്‍ കണ്ടു കിട്ടിയിട്ടുണ്ട്. ഉത്ഖനനത്തില്‍ കിട്ടിയ ഗോളാകാര ഫ്ളൂട്ടിന് 7,000 വര്‍ഷത്തെ പഴക്കമുണ്ട്.

ചൈനീസ് സംഗീതം പരിഷ്കരിച്ചത് ചാവോ ഹവോ ആണ്. കണ്‍ഫ്യൂഷ്യസ് ചൈനീസ് സംഗീതം കമ്പോടുകമ്പു സംസ്കരിച്ചു.

'സിതെര്‍' (ചിന്‍) സംഗീതയന്ത്രം മാത്രമുപയോഗിച്ചുള്ള സംഗീതത്തില്‍, ദൗ-ബുദ്ധ ചിന്തകളുടെ ഛായ കാണാം.

ചൈനയിലെ കുഞ്ഞുങ്ങളെ സംഗീതമഭ്യസിപ്പിക്കുന്നതില്‍ ദത്തശ്രദ്ധനായിരുന്നു കണ്‍ഫ്യൂഷ്യസ്. സദാചാരാഭിരുചിക്ക് ഏറെ ആവശ്യമാണ് സംഗീതമെന്ന കണ്‍ഫ്യൂഷ്യന്‍ സിദ്ധാന്തം പഴയ ചൈനീസ് സംഗീതത്തിന്റെ ഉള്‍ക്കാമ്പായിരുന്നു. അദ്ദേഹം ഒരു സംഗീതശാസ്ത്രഗ്രന്ഥവും രചിച്ചിട്ടുണ്ട്. എല്ലാ കീഴ്വഴക്കങ്ങളുടെയും സംഹാരമൂര്‍ത്തിയെന്നറിഞ്ഞിരുന്ന ചിന്‍ ഷീ ഹ്വാങ് ടി (ബി.സി. 3-ാംശ.) പ്രമാണങ്ങളെല്ലാം ചുട്ടുകരിച്ച കൂട്ടത്തില്‍ കണ്‍ഫ്യൂഷ്യസ് രചിച്ച ഗ്രന്ഥവും പെട്ടുപോയി.

ജോ വംശക്കാലത്തെ (ബി. സി. 1027-256) അഞ്ചു ക്ലാസ്സിക്കുകളിലൊന്നാണ് ലിചി (അനുഷ്ഠാനങ്ങളുടെ സമ്പുടം). ഇതില്‍ സംഗീതത്തെക്കുറിച്ച് വിപുലമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ലിചിയിലെ 'സംഗീതഭാഷ്യ'ത്തില്‍ ഭൂസ്വര്‍ഗങ്ങളുടെ പരസ്പരൈക്യം സംഗീതത്തിലൂടെയാണെന്നു പ്രസ്താവിച്ചിട്ടുണ്ട്. 'സംഗീതം സ്വര്‍ഗത്തില്‍ നിന്നൊഴുകുന്നു; അനുഷ്ഠാനങ്ങള്‍ ഭൌമിക അഭിചിന്തനങ്ങള്‍ മാത്രവും'.

അന്ധനായ സംഗീതപണ്ഡിതനായിരുന്നു തൌ കുങ് (471). ക്രൊമാറ്റിക് സ്കെയില്‍ അടിസ്ഥാനമാക്കി സ്വരഭേദങ്ങളുടെ (modulations) ഗണിതശാസ്ത്രസിദ്ധാന്തം രചിച്ച് ചക്രവര്‍ത്തിക്കു സമര്‍പ്പിക്കുകയുണ്ടായി.

മനുഷ്യന് ആത്മജ്ഞാനം പ്രദാനം ചെയ്യുന്നത് സംഗീതമാണ് എന്ന കണ്‍ഫ്യൂഷ്യസിന്റെ ദര്‍ശനം ചൈനീസ് സംഗീതത്തിന്റെ ആത്മാവില്‍ കുടികൊള്ളുന്നു.

സ്വര(tone;നാദം;ധ്വനി)ത്തിനാണ് ചൈനീസ് സംഗീതത്തില്‍ പ്രാധാന്യം. സുസ്വരതയും (melody) ലയവും(rhythm - സ്വരച്ചേര്‍ച്ച; ഛന്ദസ്) നാദത്തിന്റെ ബാഹ്യശോഭ മാത്രമാണ്. അതിനാല്‍, ഒരൊറ്റ നാദത്തിലും അതിന്റെ സ്പഷ്ടതയിലും ശാരീരഘടനയിലും ക്രമപ്പെടുത്തലിലുമാണ് പ്രത്യേക പ്രാധാന്യമുള്ളത്.

'ലുലു' (lulu) എന്നു വിളിക്കപ്പെടുന്ന അഷ്ടസ്വരത്തിലെ (octave) ഇടവേളകളിലുറപ്പിച്ചിരിക്കുന്ന പന്ത്രണ്ടു ധ്വനികളുടെ ഉച്ചത്വം (pitch) അടങ്ങിയ സ്വരപദ്ധതിയാണ് ചൈനീസ് സംഗീതം. പഞ്ചമങ്ങളുടെ ചാക്രികത്തില്‍ (Cycle of fifths) കണക്കുകൂട്ടിയിരിക്കുന്നു, ഈ സ്വരപദ്ധതി.

ക്വാന്‍ ദ്സൂ (മ.ബി.സി.645) എന്ന സംഗീതപ്രതിഭയാണ്, പഞ്ചമങ്ങളുടെ ചാക്രികതയിലധിഷ്ഠിതമായ ചൈനീസ് സംഗീതസിദ്ധാന്തം വിശദമാക്കിയിട്ടുള്ളത്. എല്ലാംകൂടി 60 പഞ്ചമ സ്വരങ്ങളുടെയും (pentatonic) 84 സപ്തസ്വരങ്ങളുടെയും (heptatonic) മുറകള്‍ ചൈനീസ് സംഗീതത്തില്‍ സുസാധ്യമാണ്. ഈ സിദ്ധാന്തസങ്കല്പം പ്രത്യക്ഷമാകുന്നത് അനുഷ്ഠാനസംഗീതത്തിലും (ya yueh)സിതെര്‍ സംഗീതത്തിലു (chin) മാണ്.

പ്രപഞ്ചക്രമം, പഞ്ചഭൂതാധാര പ്രകൃതി എന്നീ ആശയങ്ങളുമായി അനുഷ്ഠാന സംഗീതം ബന്ധപ്പെടുത്തിയിരിക്കുന്നു. ഇതിലെ 'പിച്ചു'കളും സംഗീത ഉപകരണങ്ങളും രാഷ്ട്രവ്യവഹാരത്തെയും മനുഷ്യമനസ്സുകളെയും ജനങ്ങളുടെ ഇന്ദ്രിയവൃത്തിയെയും നിയന്ത്രിക്കുന്നുവെന്നു കരുതപ്പെടുന്നു.

മനുഷ്യന്റെ ആത്മീയജീവിതവുമായി ആശയരഞ്ജനം ചെയ്തിരിക്കുന്നു ചിന്‍ സംഗീതം. ഇതിലെ നിയന്ത്രിത തന്ത്രികള്‍ കാവ്യഭാവനയും ദാര്‍ശനിക മനോഭാവവും ആവിഷ്കരിക്കുന്നു.

അനുഷ്ഠാനസംഗീതത്തിന്റെ ആധികാരിക രേഖകള്‍ ജോ വംശകാലത്തെ ക്ലാസ്സിക്കുകളാണ്.

ജനങ്ങളുടെ സംഗീതമായിരുന്നു 'സൂ യൂയെ' ഇതിന് പാശ്ചാത്യദേശത്തെ മതേതരസംഗീതത്തോടു സാദൃശ്യമുണ്ട്.

പ്രാചീന ചൈനീസ് സംഗീതം ശേഖരിച്ച് ക്രോഡീകരിക്കുന്നതിനായി ഹാന്‍ ചക്രവര്‍ത്തിയായ വൂ തി 'ഇംപീരിയല്‍ ഓഫീസ് ഒഫ് മ്യൂസിക്' സ്ഥാപിച്ചു; ഈ ശേഖരത്തില്‍പ്പെട്ട 'ചിങ് ഷാങ് യൂയെ എന്ന രൂപം സുപ്രധാനമായിരുന്നു.

തങ് വംശകാലഘട്ടം (618-906) ഭാരതീയ സംഗീതവുമായുള്ള സംസര്‍ഗത്തിന്റെ മൂന്നു ശതകങ്ങളായിരുന്നു. ഭാരതത്തില്‍ നിന്നുവന്ന സംഗീതം, ജനസംഗീതത്തിന്റെ സുവര്‍ണ ദശയ്ക്കു കാരണമായി.

തങ് സംഗീതരൂപം 'ടാ ചു' (ta chu) എന്നറിയപ്പെട്ടിരുന്നു. സദിരുകളില്‍ ഏറ്റവും വലിയ നേട്ടമായിരുന്ന ഈ സംഗീതം ജനപ്രിയസംഗീതവുമായിരുന്നു. സുങ് വംശത്തിന്റെ അവസാനത്തോടെ, ഈ രീതിയെ നാടകസംഗീതം ഗ്രസിച്ചു.

സ്വരസംയോഗ പദ്ധതി ആദ്യമായി ആവിഷ്കരിച്ചത് ഹോചെങ് തിയെന്‍ (5-ാം ശ.) ആണ്. സ്വരങ്ങളില്‍ ദാര്‍ശനിക ഗൗരവം ആവിഷ്ടമായപ്പോള്‍ അടിസ്ഥാനപരമായ പിച്ചുകള്‍ ഹുവാന്‍ ചിങ് അഥവാ 'മഞ്ഞമണി'-ഓരോ രാജവംശങ്ങളുടെയും സ്വരസംയോഗ സവിശേഷതയായി രൂപാന്തരം പ്രാപിക്കുകയും ചെയ്തു.

സ്വരങ്ങളുടെ താളാനുഗതമായ ആരോഹണാവരോഹണശ്രേണി അഥവാ ശ്രുതിമധുരലയ സമ്പന്ന സംഗീതമാണ് ചൈനീസ് സംഗീതവും എന്നു പറയാം. എങ്കിലും ഓരോരോ കാലത്തും ദേശീയതയിലും നിലനിന്ന സുസ്വരതയും പ്രയോഗ ഭംഗിയും ഒരൊറ്റ നിര്‍വചനത്തിന്റെ നാലതിരില്‍ ഒതുക്കി നിര്‍ത്താനാവില്ല.

ഴി, ഷാങ്, യു, ജൂ, ഗോങ്-ഈ അഞ്ചു സമ്മിളിത സ്വരങ്ങള്‍ പ്രയോഗിക്കുന്ന അതിവിപുലമായ ലയസംവിധാനസമ്പ്രദായമാണ് ചൈനീസ് സംഗീതം. FGACD എന്ന പാശ്ചാത്യ സംജ്ഞകളോട് തുല്യമായ ഒരു പദ്ധതിയാണിത്. സ്വരങ്ങള്‍ക്ക് ആരോഹണാവരോഹണ രീതികളുമുണ്ട്.

സംഗീതാലാപനത്തില്‍ നാലു ദശകളുണ്ട്. പ്രാരംഭം (ഗി), വിപുലനം (ചെങ്), പരിവര്‍ത്തനം (ഴ്വാങ്), സമാഹരണം (ഹെ) എന്നിവയാണ് ഈ ദശകള്‍. വൃന്ദവാദ്യത്തില്‍ (orchestra), തത (സി), സുഷിര (ചുയി) അവനദ്ധ (ദാ) വാദ്യങ്ങളെല്ലാം ഉള്‍പ്പെടുത്തിയിരിക്കുന്നു.

നാദൈക്യത്തിലാണ് ചൈനീസ് സംഗീതത്തിന്റെ ആത്മാവുള്ളത്; താളൈക്യത്തിലല്ല. ഒരു സംഗീതോപകരണത്തിന്റെ അകമ്പടിയോടെ, ഒരൊറ്റ ശബ്ദത്തിലാണ്, ഗാനാലാപം.

ഉപകരണ സംഗീതത്തെക്കാള്‍ സംസ്കൃതമാണ് വായ്പാട്ട്. സുസ്വരതയുടെ ക്രമനിബദ്ധമായ പുരോഗമനം, ചൈനീസ് ഭാഷ, സംഗീതശൈലിയുടെ പ്രയോഗം എന്നിവയുടെ പരസ്പര സംയോഗമാണ് ചൈനീസ് വായ്പാട്ട്. ചൈനീസ് വായ്പാട്ടിലെ സാങ്കേതികത കുടികൊള്ളുന്നത് ഇടുങ്ങി ഞെരുങ്ങിയതും ഉന്നതസാന്ദ്രതയുള്ളതുമായ അനുനാസികത്വത്തിലാണ്. അസ്വാഭാവികതയിലെത്തുന്നുവെന്നു തോന്നിപ്പിക്കുന്ന ഉച്ചസ്ഥായിയിലുള്ള ശബ്ദസമൃദ്ധി (falsetto) എന്ന വിമര്‍ശനവും നേരിടുന്നു ചൈനയിലെ വായ്പാട്ട്.

വായ്പാട്ട്, ഉപകരണസംഗീതം, ലളിതസംഗീതം, നാടകഗാനം, നൃത്യസംഗീതം, ഗാനരൂപത്തിലുള്ള കഥാപ്രസംഗം ഇങ്ങനെ ബഹുശാഖിയാണ് ചൈനീസ് സംഗീതം. നൃത്തന്യത്യങ്ങളില്‍ ബഹുരൂപതാളങ്ങള്‍ പ്രയോഗിക്കുന്നു.

നാടകസംഗീതത്തില്‍ മൂന്നു ഭിന്നസമ്പ്രദായങ്ങളുണ്ട്; 360-ലേറെ ദേശ്യഭേദങ്ങളും. 'യി-യാങ്-ഗിയാങ്', 'കുങ്-ഗിയാങ്', 'ക്ലാപ്പര്‍ ഓപ്പറ' എന്നീ മൂന്നു വിഭിന്ന സമ്പ്രദായങ്ങളാണുള്ളത്. പ്രകൃതിയില്‍ എട്ടു വിഭിന്ന നാദങ്ങളുണ്ടെന്നാണ് ചൈനക്കാര്‍ വിശ്വസിക്കുന്നത്. ഈ പ്രകൃതി വൈഖരികളെ അടിസ്ഥാനപ്പെടുത്തി വാദ്യോപകരണങ്ങളെ തരംതിരിച്ചിരിക്കുന്നു.

ചര്‍മത്തിന്മേലുള്ള നാദം; കല്ലിന്റെ നാദം; ലോഹം പുറപ്പെടുവിക്കുന്ന നാദം; പട്ടുതുണി, തടി, മുള എന്നിവയില്‍ നിന്നുതിരുന്ന നാദം; ചുരക്കുടുക്ക (കുമ്മിട്ടിക്കാ)യുടെ ശബ്ദം; വേവിച്ച മണ്ണിന്റെ ശബ്ദം ഇങ്ങനെ തരംതിരിവ് എട്ടെണ്ണമാണ്.

ആദ്യവിഭാഗത്തില്‍പ്പെടുന്നതാണ് കുയിന്‍കു (ഡ്രം), കിന്‍ കുസു കു തുടങ്ങിയ വാദ്യങ്ങള്‍. രണ്ടാം വിഭാഗത്തില്‍ കിങ് ഉള്‍പ്പെട്ടിരിക്കുന്നു. ഇതിന്റെ ആധുനിക രൂപഭേദമാണ് പിയന്‍ കിങ്, റ്റി കിങ് എന്നിവ.

മൂന്നാം വിഭാഗത്തില്‍പ്പെടുന്നതാണ് ചിങ് (ബെല്‍) ലോ, പോ (ഇലത്താളം) തുടങ്ങിയവയും ഇതില്‍പ്പെടുന്നു. നാലും അഞ്ചും വിഭാഗത്തില്‍ യഥാക്രമം കിന്‍ അഥവാ 'പണ്ഡിതന്റെ വിപഞ്ചിക'യും ചുവും (ദീര്‍ഘ ചതുരപ്പെട്ടി) ഉള്‍പ്പെടുത്തിയിരിക്കുന്നു. ആറാം വിഭാഗത്തില്‍ പൈ-ഹാവോ അഥവാ കുഴല്‍ വാദ്യങ്ങളാണുള്ളത്. ചീനക്കുഴലിനെപ്പറ്റി 'തങ്ങളുമൊന്നിച്ചലര്‍ശര ചീനക്കുഴല്‍വിളിപോലെ...' എന്ന രാമായണം ചമ്പുവിലെ പരാമര്‍ശം ശ്രദ്ധേയമാണ്. റ്റി (ഫ്ളൂട്ട്), സുവോന്ന (ക്ലാരിനെറ്റ്) എന്നിവയും ഇതില്‍പ്പെടുന്നു. ചെങ് (ഊത്തുപെട്ടി) ചുരക്കുടുക്കയുടെ നാദവിഭാഗത്തില്‍പ്പെടുന്നതാണ്. വേവിച്ച മണ്ണിന്റെ നാദവിഭാഗത്തില്‍പ്പെട്ടതാണ് ഹ്സുവാന്‍. നീണ്ട മുളയുടെ ആകൃതിയാണ് ഇതിന്റേത്. പോര്‍സ്ലെയിനിലോ വേവിച്ച കളിമണ്ണിലോ ആണ് ഇത് നിര്‍മിക്കുന്നത്. ബി.സി. 2700-നു മുമ്പു കണ്ടുപിടിച്ചതാണ് ഈ വാദ്യോപകരണം. ചുവപ്പു കലര്‍ന്ന മഞ്ഞ നിറമാര്‍ന്ന ഈ കോണാകാര ഉപകരണം വ്യാളി, മേഘങ്ങള്‍ എന്നിവയുടെ ചിത്രങ്ങളാല്‍ അലങ്കൃതമാണ്.

പലതരം മണികളും ഇലത്താളങ്ങളുമുള്ള ഒരു ലോഹസംഗീതോപകരണമാണ് ചൈനയിലെ ആദ്യത്തെ സംഗീതോപകരണം. സൂര്യകാന്തക്കല്ലുകൊണ്ടുള്ള ഗീതോപകരണവും സില്‍ക്കുതന്ത്രികളുള്ള വീണാഗണത്തില്‍പ്പെടുന്ന സംഗീതയന്ത്രവും ചൈനയിലെ സവിശേഷതകളാണ്.

ചൈനയുടെ ഏറ്റവും വിശേഷപ്പെട്ട വാദ്യോപകരണം നീണ്ടസിതെര്‍ (ചിന്‍) ആണ്. കണ്‍ഫ്യൂഷ്യസിനു ശേഷം ഏറ്റവും ജനപ്രീതിയാര്‍ജിച്ച സംഗീതോപകരണവും ഇതായിരുന്നു.

അഭൌമസംഗീതത്തിന്റെ മാസ്മരസിദ്ധികളാല്‍ അനുഗൃഹീതനും ത്രേസിലെ രാജാവുമായിരുന്ന ഓര്‍ഫ്യൂസിനും (ഇദ്ദേഹത്തിന്റെ തന്ത്രിവാദ്യത്തിലെ-ലയര്‍-നാദത്തിനൊപ്പം പക്ഷിമൃഗാദികളും വൃക്ഷലതാദികളും ചലിക്കുമായിരുന്നെത്രേ) ആയിരം കൊല്ലം മുമ്പ് ചൈനയില്‍ ജീവിച്ചിരുന്ന ലിങ്ഹെന്‍കുയി, ദിവ്യസംഗീത വിശാരദനായിരുന്നു. ഞാന്‍ തന്ത്രികള്‍ മീട്ടി ശ്രുതി സൗഖ്യമരുളുമ്പോള്‍ വന്യമൃഗങ്ങള്‍പോലും എനിക്കു ചുറ്റും വന്ന് ആനന്ദാതിരേകത്താല്‍ നൃത്തം ചെയ്യും, എന്ന് ഇദ്ദേഹം പറയുമായിരുന്നു.

നാടോടി ഗായകരും അന്ധഗായകരും ഗ്രാമഗ്രാമാന്തരങ്ങളില്‍ സഞ്ചരിച്ച് വിവാഹ-പിറന്നാള്‍ ആഘോഷവേളകളിലും മറ്റ് ആഘോഷങ്ങളിലും പാടുക പ്രാചീന ചൈനയില്‍ പതിവായിരുന്നു. പുരോഹിതന്മാരും സംഗീതമുപയോഗിച്ചിരുന്നു. പാശ്ചാത്യ റോമന്‍ കത്തോലിക്കാ ദേവാലയങ്ങളില്‍ വാദ്യോപകരണങ്ങളില്ലാതെ നടത്തുന്ന വായ്പാട്ടിനോട് ഉപമിക്കാവുന്ന ആലാപമായിരുന്നു ഇത്.

29 മുതല്‍ 42 വരെ തന്ത്രികളുള്ള സിതെര്‍സ്-കുചിന്‍ അല്ലെങ്കില്‍ ചി-ഹ്സിയെന്‍-ചിന്‍, ചെങ് എന്നിവ ഏറ്റവും പഴക്കം ചെന്ന തന്ത്രിവാദ്യങ്ങളാണ്. ബി.സി. 5-ാം ശ. വരെ നീളുന്ന പഴമയുണ്ട് ഇവയ്ക്ക്. ഈ സംഗീതത്തിന് ചൈനീസ് ചിത്രകലയ്ക്കും പോര്‍സ്ലെയിനുമുള്ള സാര്‍വത്രികമായ ആകര്‍ഷകത്വവുമുണ്ട്.

16-ാം ശ.-ല്‍ കുന്‍ചു എന്ന നൂതന ഗാനശൈലി രൂപംകൊണ്ടു. ഇന്നും ഈ ക്ലാസ്സിക്കല്‍ ഗാനശൈലി പ്രചാരലുപ്തമല്ല.

നാടകഗാനങ്ങള്‍ ഹാന്‍ മുതല്‍ സുങ് രാജവംശങ്ങളുടെ കാലം വരെ പുഷ്ടിപ്പെട്ടിരുന്നു. ഒരാള്‍ക്കു മാത്രമായുള്ള സംഗീത ഉപകരണങ്ങളാണ് ചിന്‍, പീ പാ, ജെങ്, ഷ്യോ എന്നിവ. യുയാന്‍ ഷീന്‍ (നീണ്ട വിപഞ്ചിക), യുയെ ചിന്‍ (പരന്ന വിപഞ്ചിക), യങ് ചീന്‍ (ഡള്‍സിമെര്‍), എര്‍ ഹ് ഹു (രണ്ടു തന്ത്രികളുള്ള ഫിഡില്‍) എന്നിവ ആധുനിക കാലത്ത് പ്രയോഗത്തിലിരിക്കുന്നവയാണ്.

ജെസ്യൂട്ട് സംഗീതജ്ഞര്‍ 16-ാം ശ.-ന്റെ അന്ത്യത്തില്‍ ചൈനയില്‍ കൊണ്ടുവന്ന പാശ്ചാത്യസംഗീതം രാജസദസ്സില്‍ അംഗീകാരം പിടിച്ചു പറ്റി. എങ്കിലും ഇതിന് ജനങ്ങളുടെ അംഗീകാരം നേടാന്‍ കഴിഞ്ഞില്ല.

ചൈനയില്‍ ഭിക്ഷക്കാരാണ് മുളകൊണ്ടുള്ള ചപ്ലാക്കട്ട ഉപയോഗിച്ചു പാടുന്നത്.

മോ ലീ പുഷ്പത്തെ പുകഴ്ത്തുന്ന മോ-ലി-ഓഹ എന്ന ഗാനം അക്കാലത്ത് ചൈന മുഴുവനും ഇഷ്ടപ്പെട്ടിരുന്ന പാട്ടായിരുന്നെന്ന് സര്‍ ജോണ്‍ ബറോ (Travels in China, 1804) പറയുന്നു.

20-ാം ശ.-ന്റെ മധ്യത്തില്‍ പാശ്ചാത്യസംഗീതോപകരണങ്ങള്‍ കൊണ്ട് ഗാനകൃത്തുക്കള്‍ പരീക്ഷണം നടത്തിനോക്കി. ആധുനിക കൃതികളില്‍ എടുത്തുപറയാവുന്നതാണ് ഹ്സന്‍ ഹ്സിങ്ഹൈയുടെ 'യെല്ലോ റിവര്‍ കന്ററ്റാ'. ഒറ്റയ്ക്കു പാടാനും സംഘഗാനത്തിനും ഓര്‍ക്കസ്ട്രായ്ക്കും ഈ കൃതി ഉപയോഗപ്രദമാണ്. മറ്റൊന്ന് വൈറ്റ് ഹെയേഡ് ഗേള്‍ (1945) ആണ്. ഒരു കൂട്ടം രചയിതാക്കളുടെ കൂട്ടായ കൃതിയാണിത്. ഇതിന്റെ ശ്രുതിമാധുര്യം നാടോടി-ജനപ്രിയ ഈണങ്ങളുടേതാണ്. ഉപകരണഗീതവൃന്ദത്തിന്റെ ഇഴകള്‍ക്കാകട്ടെ, വിസ്മയകരമായ അപൂര്‍വ കല്പനാശക്തിയും ഹൃദയസ്പര്‍ശിയായ കരുണാത്മകതയും ഉണ്ട്.

ചൈനീസ് വന്‍കര, ജനകീയ റിപ്പബ്ളിക്കായി മാറിയപ്പോള്‍ ജനകീയ സംഗീതവും പിറന്നു. നാടോടിസംഗീതത്തിന് പ്രാമുഖ്യമുണ്ടായി.

സംഗീതം ജനസാമാന്യത്തിന്റെ വീക്ഷണങ്ങളും അഭിലാഷങ്ങളും പ്രകാശിപ്പിക്കണമെന്ന ചിന്താഗതിക്കു ശക്തിയേറിയതോടെ സോഷ്യലിസ്റ്റു ജീവിതക്രമം പ്രതിഫലിപ്പിക്കുംവിധം സംഗീതപ്രമേയങ്ങള്‍ പുനഃസൃഷ്ടിക്കപ്പെട്ടു.

പാശ്ചാത്യസങ്കേതങ്ങളും ചൈനീസ് സംഗീതസങ്കല്പവും സമന്വയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കാതിരുന്നില്ല.

പുതിയ സുപ്രസിദ്ധ നാടോടിഗാനങ്ങളാണ് 'കിഴക്ക് ചുകപ്പനാണ്', 'ചെയര്‍മാന്‍ മാവോയെ പുകഴ്ത്തിപ്പാടൂ' തുടങ്ങിയവ.

ഒരു കാലത്ത് ചൈനീസ് ഭരണകൂടം സംഗീതജ്ഞാനോന്നതിയില്‍ വളരെ ശ്രദ്ധിച്ചിരുന്നു. സംഗീതസംജ്ഞകള്‍ക്കു കല്പിച്ചിരുന്ന നാനാര്‍ഥങ്ങള്‍ ഇതിനു നല്ല തെളിവാകുന്നു. F എന്നാല്‍ ചക്രവര്‍ത്തിയെന്ന് അര്‍ഥമാക്കിയിരിക്കുന്നു. G പ്രധാനമന്ത്രിയും A വിശ്വസ്തരായ പ്രജകളും എന്ന് അര്‍ഥമുണ്ട്. C സ്ഥിതിഗതികളെ പ്രതിനിധാനം ചെയ്യുന്നുവെങ്കില്‍ D ലോകത്തിന്റെ പ്രതിഫലന തലമാകുന്നു.

സംഗീതഗുരുക്കന്മാര്‍ക്കു ഗണിതശാസ്ത്രപണ്ഡിതന്മാരെക്കാള്‍ സ്ഥാനമുണ്ടായിരുന്നു. ചക്രവര്‍ത്തിയുടെ കൊട്ടാരവളപ്പിനുള്ളില്‍ തന്നെയായിരുന്നു സംഗീതപാഠശാലകള്‍. പീക്കിങ്ങിലെ ഗ്രന്ഥശാലയില്‍ 482 സംഗീത ഗ്രന്ഥങ്ങളുണ്ടായിരുന്നു.

കല്‍ക്കത്ത ഓപ്പറ ഹൌസില്‍ ഫ്രഞ്ചു സംഗീതജ്ഞന്‍ ഷാന്‍സിലിപ്പെറെമോയുടെ കൃതി ആലപിക്കുന്നതു കേട്ട ചൈനക്കാരനായ ഒരാസ്വാദകന്‍ ചീനസംഗീതത്തിന്റെ ആത്മാവ് എന്തെന്ന് പറയുകയുണ്ടായി.

'ഞങ്ങളുടെ സംഗീതത്തിന്റെ ശ്രോതാഭിരാമത ചെവിയിലൂടെ ഹൃദയത്തിലെത്തുന്നു. ഹൃദയത്തില്‍ നിന്ന് മനസ്സിലും.

ഞങ്ങള്‍ അതു തൊട്ടറിയുന്നു. അതിനെ പൂര്‍ണമായും മനസ്സിലാക്കുന്നു. ഇവിടെ കേട്ട സംഗീതം, പക്ഷേ ഞങ്ങള്‍ക്കു തൊട്ടറിയാനാകുന്നില്ല: മനസ്സിലാകുന്നില്ല. വികാരങ്ങളെ പ്രവര്‍ത്തിപ്പിക്കുന്നില്ല.

വികാരമൃദുലതയുടെ ഭാഷയാണ് സംഗീതം. അനുഭൂതിയുടെ ഭാഷയുമാണ്. ഞങ്ങളുടെ എല്ലാ വികാരമൂര്‍ഛയ്ക്കും അനുരൂപമായ ധ്വനികളുണ്ട്. സ്വകീയ ഭാഷയുണ്ട്, ഞങ്ങളുടെ സംഗീതത്തില്‍. അതിനാല്‍ സംഗീതം ഉത്തമമാകണമെങ്കില്‍ വികാരമൂര്‍ഛ ആവിഷ്കരിക്കണം. ഞങ്ങളുടെ സംഗീതത്തില്‍ ഇതെല്ലാമുണ്ട്. ഇതെല്ലാമാണ് ഞങ്ങളുടെ സംഗീതം.'

(പി. ഗോപകുമാര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍