This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചൈനീസ് ഭാഷയും സാഹിത്യവും

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചൈനീസ് ഭാഷയും സാഹിത്യവും

ലോകഭാഷകളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷ. നിരവധി ഭാഷാഭേദ സമൂഹങ്ങള്‍ ഇതിനുണ്ട്. സിനോ-തിബത്തന്‍ ഗോത്രത്തിന്റെ സിനിറ്റിക് ശാഖയില്‍പ്പെടുന്നു ഈ ഭാഷകള്‍. ചൈനീസ് ഭാഷാഭേദസമൂഹങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് മന്‍ഡരിന്‍ (Mandarin) ആണ്. ഏറ്റവും പഴയ ലിഖിതരൂപങ്ങളുള്ളതും ഔദ്യോഗിക വ്യവഹാരങ്ങളിലും കോടതികളിലും ഒക്കെ ഉപയോഗത്തിലുള്ളതും മന്‍ഡരിനാണ്. സംസ്കൃത ഭാഷയിലെ 'മന്ത്രി', പോര്‍ച്ചുഗീസ് ഭാഷയിലെ 'മന്ദര്‍' (ആജ്ഞാപിക്കുക) എന്നീ പദങ്ങളുമായി ബന്ധപ്പെട്ടാണ് 'മന്‍ഡരിന്‍' എന്ന വാക്കിന്റെ നിഷ്പത്തി. ചൈനയിലെ വടക്കന്‍ പ്രദേശങ്ങളിലും മധ്യ ഭാഗത്തുമാണ് ഇത് അധികവും പ്രചാരത്തിലുള്ളത്. ആധുനിക ചൈനീസിന്റെ മാനകരൂപത്തിനാധാരം ബൈജിങ് ഭാഷാഭേദമാണ്.

വു (Wu), ഫുകിഎനീസ് (Fukienese), കന്റൊനീസ് (Cantonese), ഹ്സീ അങ് (Hsiang), കന്‍ (Kan) മുതലായവയാണ് മറ്റു ഭാഷാഭേദങ്ങള്‍. ഇവയ്ക്കെല്ലാം പൊതുവായ ലിഖിതരൂപസ്വഭാവം ഉണ്ടെങ്കിലും അന്യോന്യം മനസ്സിലാവുകയില്ല. ചെകിയാങ്, ഷാങ് ഹായ് പ്രദേശങ്ങളില്‍ സു. 550 ലക്ഷം ആളുകള്‍ 'വു' സംസാരിക്കുന്നവരായുണ്ട്. ചൈനാ വന്‍കരയ്ക്കു പുറമേ തൈവാന്‍, ഇന്തോനേഷ്യ, മലയ, സിംഗപ്പൂര്‍, ഫിലിപ്പൈന്‍സ്, ബോര്‍ണിയോ മുതലായ സ്ഥലങ്ങളിലും ഫുകിഎനീസാണ് ഭാഷ. ഹോങ്കോങ്, തായ്ലന്‍ഡ്, വിയറ്റ്നാം, മ്യാന്മര്‍, കംബോഡിയ എന്നിവിടങ്ങളില്‍ കന്റൊനീസ് സംസാരിക്കുന്നു.

കണ്‍ഫ്യൂഷ്യസ്

ചൈനീസ് ഭാഷയില്‍ അധികവും ഒരക്ഷരം മാത്രം ഉള്ള പദങ്ങളാണുള്ളത്. അതുപോലെ തന്നെ താനങ്ങളുടെ (tones) സവിശേഷമായ ഉപയോഗം അര്‍ഥഭേദമുണ്ടാക്കുന്ന രീതിയും ഈ ഭാഷയുടെ സവിശേഷതയാണ്. അതുകൊണ്ടുതന്നെ ഒരേ പദത്തിനു വിഭിന്ന സന്ദര്‍ഭങ്ങളില്‍ വ്യത്യസ്ത താനങ്ങളില്‍ നിരവധി അര്‍ഥങ്ങള്‍ വരുന്നു. കര്‍ത്താവ്-ക്രിയ-കര്‍മം എന്ന വാക്യക്രമത്തിനാണ് ചൈനീസ് ഭാഷയില്‍ പരമപ്രാധാന്യം.

ചിത്രലിപികളുടെയും ആശയലിപികളുടെയും പദലിപികളുടെയും സങ്കീര്‍ണമായ സമ്മേളനം ഈ ഭാഷയുടെ ലേഖന സമ്പ്രദായത്തില്‍ കാണാം. മുകളില്‍ നിന്നു താഴോട്ടും വലത്തുനിന്നു ഇടത്തോട്ടും എന്നതായിരുന്നു നേരത്തേയുള്ള എഴുത്തിന്റെ രീതി. ജനകീയ ചൈന ഇടത്തുനിന്നു വലത്തോട്ട് വരികളായി എഴുതുന്ന വ്യവസ്ഥ അംഗീകരിച്ചു.

മൂന്നു സഹസ്രാബ്ദം ദൈര്‍ഘ്യമുള്ള ചൈനീസ് സാഹിത്യത്തിന്റെ വളര്‍ച്ചയെ പാരമ്പര്യത്തോടുള്ള വിശ്വസ്തത പലപ്പോഴും സാരമായി ബാധിച്ചതായി കാണാം. സംസ്കൃതം, ഗ്രീക്ക്, ലത്തീന്‍ മുതലായ പുരാതന ഭാഷാസാഹിത്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, പ്രൌഢഗംഭീരങ്ങളായ ഇതിഹാസങ്ങളോ മനുഷ്യമനസ്സിന്റെ ആഴങ്ങള്‍ താങ്ങുന്ന നാടകങ്ങളോ ചൈനീസ് സാഹിത്യത്തില്‍ വിരളമാണ്. ബി.സി. 221 മുതല്‍ ചൈനയില്‍ ഉദ്യോഗര്‍ഥികളെ ഉദ്ദേശിച്ച് നടത്തിയിരുന്ന സാഹിത്യമത്സര പരീക്ഷകള്‍, ഇന്ത്യയിലെ പുരാതന ബ്രാഹ്മണ സമൂഹത്തിനു സമാനമായ ഒരു പണ്ഡിതസമൂഹം സൃഷ്ടിച്ചു. തികഞ്ഞ യാഥാസ്ഥിതികര്‍ ആയിരുന്ന ഇക്കൂട്ടര്‍ സാഹിത്യത്തിന്റെ നൈസര്‍ഗിക വളര്‍ച്ചയ്ക്കു വിഘാതമായിത്തീര്‍ന്നു. അവര്‍ രൂപം കൊടുത്ത സാഹിത്യഭാഷ കാലക്രമേണ സാധാരണജനങ്ങള്‍ക്ക് അഗ്രാഹ്യമായി. എങ്കില്‍ത്തന്നെയും ധാരാളം മെച്ചപ്പെട്ട കൃതികള്‍ ചൈനീസ് സാഹിത്യം സംഭാവന ചെയ്തിട്ടുണ്ട്.

ചൈനീസ് സാഹിത്യചരിത്രം പൊതുവേ ഏഴു കാലഘട്ടങ്ങളായി ഭാഗിക്കപ്പെട്ടിരിക്കുന്നു: (i) പുരാതനകാലം-ബി.സി. 600 വരെ, (ii) ക്ലാസ്സിക് യുഗം-ബി.സി. 600 മുതല്‍ 200 വരെ, (iii) ഹാന്‍വംശകാലം-ബി.സി. 200 മുതല്‍ എ.ഡി. 200 വരെ, (iv) മൂന്നു രാജ്യങ്ങളും ആറു വംശങ്ങളും-200 മുതല്‍ 600 വരെ, (v) തിങ് വംശകാലം-600 മുതല്‍ 900 വരെ, (vi) സുങ്, യുവാന്‍, മിങ്, ചിങ് വംശങ്ങളുടെ ഭരണകാലം-900 മുതല്‍ 1900 വരെ, (vii) 20-ാം ശതകം.

ഇതില്‍ നിന്നു വ്യത്യസ്തമായ ചില വിഭജനക്രമങ്ങളും അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

(i) പുരാതനകാലം (ബി.സി. 1500-600). ഷങ് വംശത്തിന്റെ ഭരണകാലത്ത് ബി.സി. 1400-നും 1200-നുമിടയ്ക്ക് എല്ലുകളിലും ആമത്തോടുകളിലും മുദ്രിതമായ പ്രവചനാസ്ഥികള്‍ (oracle bones) എന്നറിയപ്പെട്ട ലിഖിതങ്ങളാണ് ലഭ്യമായ ആദ്യസാക്ഷ്യങ്ങള്‍. ദേവപ്രീതി തേടുന്ന ഈ സാക്ഷ്യങ്ങളെ പിന്തുടര്‍ന്നു സംഭവങ്ങളും വസ്തുതകളും കാര്യമാത്ര പ്രസക്തമായി രേഖപ്പെടുത്തിയ വെങ്കലഫലകങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ബി.സി. 11-ാം ശ.-ല്‍ സമാഹരിച്ച പ്രമാണങ്ങളുടെ ഗ്രന്ഥം (Shu Ching = Book of Documents) ഔദ്യോഗിക പ്രമാണങ്ങളുടെ സമാഹാരമാണ്. ചരിത്രഗ്രന്ഥം എന്നും ഇതറിയപ്പെടുന്നു. വ്യതിയാനങ്ങളുടെ ഗ്രന്ഥം മന്ത്രോച്ചാരണങ്ങളും പ്രവചനങ്ങളും മറ്റും ഉള്‍ക്കൊള്ളുന്നു. ഇവ രണ്ടും സാഹിത്യത്തില്‍ ഉള്‍പ്പെടുമോ എന്നു സംശയമാണ്. പക്ഷേ, പാട്ടുകളുടെ ഗ്രന്ഥം (Shih Ching = Book of Songs) സാഹിത്യത്തില്‍പ്പെടും. ഈ പാട്ടുകള്‍ സാധാരണ ജനങ്ങളുടെ ഇടയില്‍ നിലനിന്നിരുന്നത്, കൊട്ടാരങ്ങളില്‍ പാടിയിരുന്നത്, ക്ഷേത്രങ്ങളില്‍ ഉപയോഗിച്ചിരുന്നത് എന്നു മൂന്നു വിഭാഗങ്ങളില്‍പ്പെടുന്നു. അമ്പലപ്പാട്ടുകള്‍ സംഗീതവും നൃത്തവും ചേര്‍ന്ന ആരാധനാക്രമത്തിന്റെ ഭാഗമായിരുന്നു. പ്രേമം, വിരഹം, മൈത്രി, യുദ്ധത്തിന്റെ ഭീകരത, ഭരണാധികാരികളുടെ ക്രൂരത, ജീവിതത്തിന്റെ ക്ഷണികത ഇവയെല്ലാമായിരുന്നു ഈ പാട്ടുകളിലെ പ്രമേയങ്ങള്‍. തുല്യമായ രണ്ടു ഭാഗങ്ങളിലായി നാല് ഏകകങ്ങള്‍ (syllables) അടങ്ങുന്ന വരികള്‍ ഉള്‍ക്കൊള്ളുന്ന ഈ പാട്ടുകള്‍ രചനാനിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നു. ചൈനീസ് ഭാഷയുടെ പ്രത്യേകതയായ സ്വരശ്രേണിയിലെ വ്യതിയാനങ്ങള്‍ ഈ ഗാനങ്ങളില്‍ ഒരു നിര്‍ണായക ഘടകമാണ്. ഖണ്ഡകവിതകളാണ് മിക്കതും. ആഖ്യാനകാവ്യങ്ങള്‍ ഇല്ലെന്നില്ല. സംക്ഷിപ്തതയാണ് അവയുടെ മുഖമുദ്ര. ഉദാ. ഒരു കൂട്ടം പാട്ടുകള്‍ 1000 വര്‍ഷത്തെ ഉദ്വേഗം നിറഞ്ഞ ചരിത്രം 402 വരികളില്‍ ഒതുക്കുന്നു. കണ്‍ഫ്യൂഷ്യസ് പാട്ടുകളുടെ ഗ്രന്ഥം എഡിറ്റു ചെയ്യുകയും 3000 ഗാനങ്ങളെ 305 എണ്ണമായി കുറയ്ക്കുകയും ചെയ്തു എന്നു പറയപ്പെടുന്നു.

ലൗ ദ് സു

(ii) ക്ലാസ്സിക് യുഗം (ബി.സി. 600-200). ചൈനീസ് ദര്‍ശനത്തിന്റെ സുവര്‍ണയുഗമാണ് ഈ കാലഘട്ടം; കണ്‍ഫ്യൂഷ്യസും (സു.ബി.സി. 551-479 (ലൗ ദ് സൂയും) ബി.സി. 604-531) ചൈനീസ് സംസ്കാരത്തിന്റെയും ദേശീയ സ്വഭാവത്തിന്റെയും അടിത്തറ പാകിയ കാലഘട്ടമാണിത്.

പ്രപഞ്ചത്തെ ഭരിക്കുന്ന ഒരു അലൗകിക ശക്തിയുണ്ട് എന്ന് കണ്‍ഫ്യൂഷ്യന്‍ തത്ത്വസംഹിത അംഗീകരിക്കുന്നുണ്ടെങ്കിലും ആ അലൗകിക ശക്തിയെപ്പറ്റി അന്വേഷണങ്ങളും നിഗമനങ്ങളും നടത്തുന്നില്ല. ഈ ലോക ജീവിതത്തെ കേന്ദ്രീകരിച്ച് ഉത്തമവും മാനസികവും പ്രാവര്‍ത്തികവുമായ ഒരു ജീവിതശൈലി ഉറപ്പാക്കുന്ന സാന്മാര്‍ഗിക സാമൂഹ്യചട്ടങ്ങള്‍ ക്രോഡീകരിക്കുകയാണ് കണ്‍ഫ്യൂഷ്യസ് ചെയ്തത്. ഇന്ത്യയില്‍ നിന്നു വ്യത്യസ്തമായി, തികച്ചും ഭൗതികവും ബാഹ്യപെരുമാറ്റ രീതികള്‍ക്കു മുന്‍തൂക്കം കൊടുക്കുന്നതുമായ ഒരു ജീവിതവീക്ഷണം ചൈനയുടെ പൈതൃകമായി മാറ്റുന്നതില്‍ കണ്‍ഫ്യൂഷ്യസ് സുപ്രധാന പങ്കുവഹിച്ചു.

ചില കാര്യങ്ങളില്‍ ഇതിന്റെ എതിര്‍ധ്രുവമാണ് ലൗ ദ് സൂവിന്റെ ദൗയിസം (Taois). 'ദൗ' അഥവാ 'മാര്‍ഗം' എന്ന ഒരുമൂര്‍ത്തശക്തിയില്‍ ദൗയിസ്റ്റുകള്‍ വിശ്വസിച്ചു. ആ ശക്തി സ്വയം വെളിപ്പെടുത്തുന്നത് സകല ജീവജാലങ്ങളുടെയും പൂര്‍ണമായ നൈസര്‍ഗികാസ്തിത്വത്തില്‍ക്കൂടിയാണ്. അതുകൊണ്ട് നാഗരിക സംസ്കാരത്തിന്റെ ചിട്ടകളും കൂച്ചുവിലങ്ങുകളും നന്മതിന്മവിവേചനങ്ങള്‍ പോലും ദൗയിസം നിരാകരിച്ചു. പ്രകൃതിയോടിണങ്ങി പരിപൂര്‍ണസ്വാതന്ത്ര്യത്തില്‍ ജീവിക്കുന്ന വ്യക്തിയെയാണ് ദൗയിസം വിഭാവന ചെയ്തത്. കണ്‍ഫ്യൂഷ്യനിസം വളര്‍ത്തിയ വ്യവസ്ഥിതിക്കു ദൗയിസത്തിന്റെ 'ഔട്ട്സൈഡര്‍' സംസ്കാരം ഒരു മറുമരുന്നായിരുന്നു, ഈ ദൗയിസ്റ്റ് സവിശേഷതകള്‍ സ്വതന്ത്രവ്യക്തിത്വത്തിന്റെയും പ്രകൃതിസ്നേഹത്തിന്റെയും ചാലുകള്‍ പിന്തുടര്‍ന്ന സാഹിത്യകാരന്മാരെ സൃഷ്ടിച്ചു.

കണ്‍ഫ്യൂഷ്യസ് അധികമൊന്നും എഴുതിയില്ല. ശിഷ്യന്മാര്‍ കുറിച്ചിട്ട അദ്ദേഹത്തിന്റെ വചനങ്ങളുടെ സമാഹാരമാണ് അനലൈക്റ്റ്സ് എന്ന കൃതി. പക്ഷേ, ഈ വചനങ്ങള്‍ അവ ഉച്ചരിക്കപ്പെട്ട സന്ദര്‍ഭങ്ങളില്‍ നിന്ന് അടര്‍ത്തി ഒറ്റപ്പെട്ട് അവതരിപ്പിച്ചിരിക്കുന്നതിനാല്‍ അവ ഒരു കടങ്കഥാസംഹിതയായി മാറുന്നു. സാഹിത്യമല്ല, സിദ്ധാന്തസംഹിതയാണ് ഈ കൃതി. കണ്‍ഫ്യൂഷ്യസിന്റെ സിദ്ധാന്തങ്ങള്‍ ഒന്നുകൂടി ഗ്രാഹ്യമായ രീതിയില്‍ മഹത്തായ പഠനം, ശരാശരികളുടെ സിദ്ധാന്തം എന്നീ പ്രബന്ധങ്ങളില്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ അവതരിപ്പിക്കുന്നു. ചെറിയ കഥകളും ഫലിതങ്ങളും അന്യാപദേശങ്ങളും കൂട്ടിച്ചേര്‍ത്തു സിദ്ധാന്തങ്ങളെ പുഷ്ടിപ്പെടുത്തുന്ന രീതിയാണ് മെന്‍ഷ്യസും (Mencius-ബി.സി. 372-289) സ്വീകരിച്ചത്. കണ്‍ഫ്യൂഷ്യന്‍ തത്ത്വങ്ങളുടെ വ്യാഖ്യാനങ്ങളാണ് പില്ക്കാലത്തു ചങ് ഷ്യാനും (Cheng Hsiian-127-200) ജൂഷിയും (Chuh-si 1130-1200) നടത്തിയ പഠനങ്ങള്‍.

കണ്‍ഫ്യൂഷ്യസ് മാറ്റങ്ങള്‍ വരുത്തി അംഗീകാരം നല്കിയ അഞ്ചു ഗ്രന്ഥങ്ങളാണ് ക്ലാസ്സിക്കല്‍ കൃതികളായി ചൈനീസ് ജനത എന്നെന്നും ആദരിച്ചത്. പ്രമാണങ്ങളുടെ ഗ്രന്ഥം, വ്യതിയാനങ്ങളുടെ ഗ്രന്ഥം, പാട്ടുകളുടെ ഗ്രന്ഥം എന്നിവയ്ക്കു പുറമേ കൊട്ടാരങ്ങളിലെയും സമൂഹത്തിലെയും പെരുമാറ്റച്ചട്ടങ്ങളും മര്യാദയും നിര്‍ദേശിക്കുന്ന അനുഷ്ഠാനങ്ങളുടെ ഗ്രന്ഥം, കണ്‍ഫ്യൂഷ്യസിന്റെ ജന്മനാടായ ലൂ(Lu)വില്‍ ബി.സി. 484 വരെ നടന്ന പ്രധാന സംഭവങ്ങള്‍ രേഖപ്പെടുത്തുന്ന ചരിത്രഗ്രന്ഥമായ വസന്ത ശരത്കാലരേഖകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നവയാണ് ഈ ഗ്രന്ഥ സമുച്ചയം.

ലൗ ദ് സൂവിന്റെ 'മാര്‍ഗത്തിന്റെയും നന്മയുടെയും സിദ്ധാന്തം' അദ്ദേഹത്തിന്റെ ഉപദേശങ്ങളുടെ രത്നച്ചുരുക്കമാണ്. മനഃപാഠമാക്കാന്‍ പാകത്തില്‍ പ്രാസബദ്ധമായ പദ്യത്തിലോ താളബദ്ധമായ ഗദ്യത്തിലോ ആവിഷ്കരിച്ചിരിക്കുന്ന സൂക്തങ്ങളാണ് അവ. ദൗ സിദ്ധാന്തങ്ങളുടെ വളരെ ആകര്‍ഷകമായ അവതരണമാണ് ബി.സി. 4-ാം ശ.-ല്‍ ജൂ അങ് ദ് സു (Chuang Tzu) രചിച്ച ജൂ അങ് ടു. മ്യൂസിക് ഒഫ് എ ചൈനീസ് മിസ്റ്റിക് എന്ന പേരില്‍ 1909-ല്‍ ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ ഉണ്ടായി. ഭാവനയും ഫലിതവും വൈരുധ്യപ്രധാനമായ ശൈലിയും അഗാധചിന്തയും ഒന്നിക്കുന്ന ഒരു മികച്ച കൃതിയാണിത്. ഈ യുഗത്തില്‍ ഗദ്യരചന ഉപന്യാസങ്ങളില്‍ കൂടി പുരോഗമിക്കുന്നു. മെന്‍ഷ്യസിനു മുമ്പു ജീവിച്ചിരുന്ന മോട്ടി അഥവാ മാ ത്സൂ (Moti or Mo-tzu) ലളിതവും സ്ഫുടവും ശക്തവുമായ ഭാഷയില്‍ രചിച്ച ഉപന്യാസങ്ങള്‍, നിയമജ്ഞനായ ഫേയ്സുവും (Fei-tzu - 280-233 ബി.സി.) അദ്ദേഹത്തിന്റെ ഗുരുവായ ഷൂമദ്സുവും (Hsumetzu) എഴുതിയ ലേഖനങ്ങള്‍, ബി.സി. 240-ല്‍ ലൂപൂ-വെയ്യുടെ (Lu pu-wei - ബി.സി. 290-250) നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ച ലൂവിന്റെ വസന്തവും ശരത്കാലവും മുതലായവയാണ് എടുത്തുപറയാവുന്ന കൃതികള്‍. ചൈനയില്‍ പ്രചാരത്തിലിരുന്ന ഐതിഹ്യങ്ങളും കണ്‍ഫ്യൂഷ്യനിസവും ദൗയിസവും മാത്രമല്ല, ചൈനയില്‍ നിലവിലിരുന്ന മറ്റു പല തത്ത്വചിന്താപ്രസ്ഥാനങ്ങളുടെ പഠനങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ലൂവിന്റെ വസന്തവും ശരത്കാലവും.

ചരിത്രകാരന്മാരാണ് ഈ ഘട്ടത്തില്‍ കൂടുതല്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്കിയത്. സൊചിയൂ (Tsochiu) എഴുതിയ പുരാവൃത്താഖ്യാനം, രാജ്യങ്ങളുടെ കഥകള്‍ എന്നീ ചരിത്രഗ്രന്ഥങ്ങള്‍, യുദ്ധങ്ങളുടെയും രാജ്യതന്ത്രത്തിന്റെയും ഉജ്ജ്വല വിവരണങ്ങള്‍, കൊട്ടാരഗൂഢാലോചനകളുടെയും വംശവൈരാഗ്യങ്ങളുടെയും കഥകള്‍, വീരപരാക്രമങ്ങളുടെ പ്രകീര്‍ത്തനം മുതലായവ ഉള്‍ക്കൊള്ളുന്നു. അതുകൊണ്ടുതന്നെ ചൈനീസ് ചരിത്രത്തിന്റെയും ആഖ്യാനസാഹിത്യത്തിന്റെയും പിതാവ് എന്ന പദവി ന്യായമായും സൊചിയൂ അര്‍ഹിക്കുന്നു. ഈ യുഗത്തിന്റെ ഉത്തരാര്‍ധത്തില്‍ ഒരജ്ഞാതചരിത്രകാരന്‍ എഴുതിയ യുദ്ധം ചെയ്യുന്ന രാജ്യങ്ങളുടെ അടവുകള്‍ (The strategies of the warring states) രസകരമായ സംഭവങ്ങളും ഉശിരന്‍ സംഭാഷണങ്ങളുംമൂലം ശ്രദ്ധേയമാണ്. ദക്ഷിണ ചൈനയില്‍ യാങ്റ്റ്സി നദീതടത്തില്‍ 'ചു' എന്ന സാമന്ത രാജ്യത്തിലാണ് ഒരു പുതിയ കവിതാരൂപം ആരംഭിക്കുന്നത്. യഥാര്‍ഥ കവിതകളാണ്; പാട്ടുകളല്ല എന്നതാണ് ഇവയെ സംബന്ധിച്ച പുതുമ. ചു യുവാന്‍ (ബി.സി. 343-289), സുങ് യൂ (ബി.സി. 296-240) എന്നീ കവികളുടെ സൃഷ്ടികളാണ് ചൂറ്റ്സു എന്ന സമാഹാരത്തിലൂടെ പ്രകാശിതമായ ഈ കവിതകള്‍ എന്നു പറയപ്പെടുന്നു. ഗദ്യവും പദ്യവും സംഭാഷണങ്ങളും വിവരണങ്ങളുമെല്ലാം കൂട്ടിക്കലര്‍ത്തുന്ന ഈ കവിതാരൂപം അടുത്ത ഘട്ടത്തില്‍ പ്രചാരത്തില്‍ വന്ന 'ഫൂ' (fu) എന്ന കാവ്യശില്പത്തിനു ജന്മം കൊടുത്തു എന്നു മാത്രമല്ല, എല്ലാ കാലങ്ങളിലും പദ്യസാഹിത്യത്തെ സ്വാധീനിക്കുകയും ചെയ്തു.

(iii). ഹാന്‍ വംശകാലം (ബി.സി. 200-എ.ഡി. 200). ചിന്‍ വംശം (ബി.സി. 221-207) സാമ്രാജ്യം ഒന്നിപ്പിക്കുകയും ഹാന്‍ വംശം (ബി.സി. 206-എ.ഡി. 221) ആ ഏകീകരണം നിലനിര്‍ത്തുകയും ചെയ്തതിനാല്‍, ശക്തിയുടെയും പ്രൌഢിയുടെയും കാലഘട്ടമായിരുന്നു ഇത്. ഹാന്‍ ചക്രവര്‍ത്തിമാര്‍ സാഹിത്യത്തെയും കലകളെയും പ്രോത്സാഹിപ്പിച്ചു. യുദ്ധത്തിലും കൊള്ളയിലും മറ്റും നശിപ്പിക്കപ്പെട്ട പഴയ ഗ്രന്ഥങ്ങളുടെ പുനരുദ്ധാരണം നടത്താനുള്ള ശ്രമം ഗവേഷണത്തിനും ഭാഷാപഠനത്തിനും പ്രചോദനം നല്കുകയും എ.ഡി. 120-ല്‍ അന്തരിച്ച ഷൂ ഷെനിന്റെ പദവ്യുത്പത്തി നിഘണ്ടു യങ് ഷിയുങ്ങിന്റെ ദേശ്യഭാഷാവലോകനം മുതലായ നേട്ടങ്ങള്‍ക്ക് വഴി തെളിക്കുകയും ചെയ്തു. സാഹിത്യമത്സര പരീക്ഷകള്‍ ആരംഭിച്ചതുവഴി, അതു ചില ദുഷ്ഫലങ്ങള്‍ പുറപ്പെടുവിച്ചെങ്കിലും അഭ്യസ്തവിദ്യരുടെയും ബുദ്ധിജീവികളുടെയും ശക്തമായ സമൂഹത്തെ സൃഷ്ടിച്ചു എന്നത് പ്രാധാന്യമര്‍ഹിക്കുന്നു.

കാവ്യവിഭാഗത്തില്‍ 'ചു' കവിതയില്‍ നിന്ന് 'ഫൂ' എന്ന പുതിയ രൂപം രംഗപ്രവേശം ചെയ്തു: ഗദ്യത്തിനും പദ്യത്തിനുമിടയ്ക്ക് ഗദ്യകവിത എന്നു വിളിക്കത്തക്ക ഈ കവിത വര്‍ണനയ്ക്കാണ് പ്രാധാന്യം കൊടുത്തത്. വര്‍ണന കവിക്കു തോന്നുന്ന ഏതു വസ്തുവിനെപ്പറ്റിയുമാകാം. പട്ടണങ്ങള്‍, ഉദ്യാനങ്ങള്‍, കൊട്ടാരങ്ങള്‍ മുതലായവ മാത്രമല്ല പക്ഷികള്‍, പൂക്കള്‍, രത്നക്കല്ലുകള്‍, മേശ, തട്ടികള്‍ തുടങ്ങി ഏതു വിഷയവും വസ്തുവും നിറങ്ങളും രൂപങ്ങളും നിരത്തിയ ഭാഷയില്‍ വളരെ വിശദമായി വര്‍ണിച്ചു. ചക്രവര്‍ത്തിമാരുടെയും പ്രഭുക്കളുടെയും സമ്പത്തും പ്രാഭവവും പ്രകീര്‍ത്തിക്കുക എന്നതായിരുന്നു ഉദ്ദേശ്യം. പക്ഷേ, വളരെ നിസ്സാരമായ വിഷയങ്ങള്‍ ഊതിവീര്‍പ്പിച്ച് പ്രൌഢമായ ആലങ്കാരികഭാഷയില്‍ ആവിഷ്കരിക്കപ്പെട്ടപ്പോള്‍, അത് പില്ക്കാല തലമുറകളുടെ കണ്ണിലെങ്കിലും പരിഹാസ്യമായി. 'ഫൂ' കവിതാരൂപത്തിന്റെ ഏറ്റവും പേരെടുത്ത പ്രണേതാക്കള്‍ മെയ്ഷങ് (ബി.സി. 200-140), സു-മ-ഷങ്ഷൂ (ബി.സി. 179-118) എന്നിവരായിരുന്നു. അവരില്‍ ചിലര്‍ യങ് ഷങ്ങിനെപ്പോലെ (ബി.സി. 53-എ.ഡി. 18) വിഷയങ്ങളുടെ അല്പത്വത്തെപ്പറ്റി ബോധവാന്മാരായിരുന്നുവെങ്കിലും കാലത്തിന്റെ ഒഴുക്കിനെതിരായി നീങ്ങിയില്ല. ഇത്തരത്തിലുള്ള വളരെയധികം കവിതകള്‍ ഈ ഘട്ടത്തില്‍ രചിക്കപ്പെട്ടു.

ഹാന്‍ കാലഘട്ടത്തിന്റെ മറ്റൊരു സംഭാവനയായിരുന്നു ഏതാണ്ട് ഒരു ശതകം മുമ്പ് സ്ഥാപിതമായിരുന്ന മ്യൂസിക് ബ്യൂറോകളുടെ പുനരുജ്ജീവനം. കൊട്ടാരങ്ങളിലും കുടിലുകളിലും അമ്പലങ്ങളിലും നിന്ന് ഗാനങ്ങള്‍ സമാഹരിക്കപ്പെട്ടു. അവയില്‍ 'അനാഥന്‍', 'ലോ ഫുവിന്റെ ഗാനം' മുതലായവ മനസ്സലിയിക്കുന്ന ബാലഡുകളാണ്. ഭര്‍ത്തൃമാതാവിന്റെ ക്രൂരതമൂലം ദുരന്തത്തിലവസാനിക്കുന്ന യുവമിഥുനത്തിന്റെ കഥ പറയുന്നതാണ് 'ലോ ഫുവിന്റെ ഗാനം'.

ഈ ഗാനങ്ങള്‍ അഞ്ചോ ഏഴോ അക്ഷരങ്ങളുള്ള വരികളടങ്ങുന്നവയാണ്. പാട്ടുകളുടെ ഗ്രന്ഥത്തിലെ നാല് അക്ഷര വരികളില്‍ നിന്നുള്ള ഒരു വ്യതിയാനമായിരുന്നു ഇത്. ഈ പുതിയ രീതി പരക്കെ സ്വീകരിക്കപ്പെട്ടു. ക്രിസ്ത്വബ്ദത്തിന്റെ ആദ്യദശകങ്ങളില്‍ പുറത്തുവന്ന '19 പഴയ കവിതകള്‍' പില്ക്കാല കവിതാരചനയെ വളരെയധികം സ്വാധീനിച്ചു.

തത്ത്വചിന്തകരും രാജ്യതന്ത്രജ്ഞരുമാണ് ഗദ്യരചനയില്‍ മുന്നിട്ടു നില്ക്കുന്നത്. അവരില്‍ പ്രധാനി ഹൂനാന്‍ രാജകുമാരനായിരുന്ന ലിയു ആന്‍ (ബി.സി. 199-122) ആയിരുന്നു.

ചരിത്രകാരനായ സു-മ-ജീന്‍ തന്റെ കാലം വരെയുള്ള 2000 വര്‍ഷത്തെ സംഭവങ്ങളെയും പ്രമുഖവ്യക്തികളെയും 13 അധ്യായങ്ങളിലും 5,20,000 വാക്കുകളിലും ഷര്‍ ചി എന്ന ഗ്രന്ഥത്തില്‍ ഓജസ്സുറ്റ ഭാഷയിലവതരിപ്പിച്ചു. ഈ കൃതി ചരിത്രകാരന്മാര്‍ക്കു പൊതുവേ മാതൃകയായിത്തീര്‍ന്നു. കവിയും പടയാളിയുമായിരുന്ന പാന്‍ കൂ ഹാന്‍ വംശചരിത്രമായ ഹാന്‍ ഷൂ 8,00,000 വാക്കുകളില്‍ എഴുതി. ഇത്തരം 26 വംശചരിത്രങ്ങള്‍ ഇവയെ തുടര്‍ന്നുണ്ടായി.

(iv) മൂന്നു രാജ്യങ്ങളും ആറു വംശങ്ങളും (എ.ഡി. 200-600). ഹാന്‍ വംശ പതനത്തിനുശേഷം തുടര്‍ച്ചയായ യുദ്ധങ്ങളില്‍ക്കൂടി അധികാരത്തിലെത്തുകയും അല്പകാലം മാത്രം ഭരിക്കുകയും ചെയ്ത ആറുവംശങ്ങളുടെ കാലമാണ് അടുത്ത സാഹിത്യഘട്ടത്തിന്റെ പശ്ചാത്തലം. സമൂഹജീവിതം ദുരിതപൂര്‍ണമായപ്പോള്‍, വ്യക്തിജീവിതത്തില്‍ സന്തോഷം കണ്ടെത്താനായി മനുഷ്യന്റെ ശ്രമം. ഈ മാനസികവ്യതിയാനമാണ് കണ്‍ഫ്യൂഷ്യനിസത്തില്‍ നിന്ന് ദൗയിസത്തിലേക്കുള്ള മാറ്റം പ്രതിഫലിപ്പിക്കുന്നത്. പ്രകൃതിയുടെ മടിത്തട്ടില്‍ സംതൃപ്ത ജീവിതം നയിക്കുന്ന വ്യക്തി, സാഹിത്യത്തില്‍ ഒരു പരിചിതമുഖമായി. 2-ാം ശ. മുതല്‍ ബുദ്ധമതസ്വാധീനവും ആരംഭിക്കുന്നു.

അധഃപതനത്തിന്റെയും അസ്വസ്ഥതയുടെയും നാളുകളില്‍ എഴുതിയ അനേകം കവികളില്‍ പ്രശസ്തരാണ് ഡ് സൗ ചര്‍ (192-232), തൗ ചിന്‍ (372-427) എന്നിവര്‍. ഹാന്‍ വംശത്തെ പിന്തുടര്‍ന്ന വേയ് (wei) വംശസ്ഥാപകന്റെ പുത്രനായിരുന്നു ഡ് സൗ ചര്‍. സ്വന്തം സ്വപ്നങ്ങള്‍ മണ്ണടിഞ്ഞപ്പോള്‍ അനുഭവിച്ച നിരാശയും സങ്കടവുമാണ് അദ്ദേഹം കവിതകളില്‍ പ്രകാശിപ്പിക്കുന്നത്. 'പ്രശസ്തനായ ഏകാകി' എന്നറിയപ്പെട്ട തൗ ചിന്‍ പൊതുജീവിതത്തില്‍നിന്നു പിന്മാറി കര്‍ഷക ജീവിതം നയിക്കുകയും തന്റെ പൂക്കളിലും കുട്ടികളിലും പുസ്തകങ്ങളിലും സംതൃപ്തി കണ്ടെത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ ശാന്തവും പരിപക്വവുമായ കവിതകളും ഉപന്യാസങ്ങളും പ്രകൃതിയും ജീവിതവും, വിധിയും മനുഷ്യേച്ഛയും തമ്മിലുള്ള പൊരുത്തം ഉയര്‍ത്തിക്കാണിച്ചു.

വിഷയത്തിന്റെ അടിസ്ഥാനത്തില്‍ അക്കാലത്തെ കവിതകളെ മൂന്നായി തരംതിരിക്കാം. 'വയലിന്റെയും ഉദ്യാനത്തിന്റെയും' കവിതകള്‍ ലളിതജീവിതത്തെ പുകഴ്ത്തി. തൗ ചിന്‍ ആയിരുന്നു ഇതിന്റെ ഉപജ്ഞാതാവ്. മലകളെയും പുഴകളെയും പാടിപ്പുകഴ്ത്തിയ കവികള്‍ മനുഷ്യസ്പര്‍ശമേല്ക്കാത്ത പ്രകൃതിയെ വിഷയമാക്കി. ഷീലിങ് യുന്‍ (385-433) ആയിരുന്നു ഇവ തുടങ്ങിയത്. 'കൊട്ടാരം' കവിതകള്‍ പ്രധാനമായും സ്ത്രീസൗന്ദര്യത്തെയും പ്രേമത്തെയും കുറിച്ച് പാടി. യാങ് റ്റ് സിക്കും തെക്ക്, ദക്ഷിണചൈനയിലാണ് ഈ കവിതാപ്രസ്ഥാനം പ്രവര്‍ത്തനനിരതമായത്. വടക്കു നിന്നും മുന്നേറിയ ശത്രുസൈന്യങ്ങളെ നേരിടാനാവാതെ രാജവംശം തെക്കോട്ടു പിന്‍വാങ്ങിയപ്പോള്‍, സംസ്കാരകേന്ദ്രവും തെക്കോട്ടു നീങ്ങി. തെക്കും വടക്കും തമ്മില്‍ സാംസ്കാരികമായി സ്പഷ്ടമായ വിടവുണ്ടായി. ഈ വിടവ് കവിതകളിലും ദൃശ്യമാണ്. വടക്കന്‍ കവികള്‍ 'പതിനഞ്ചു പെണ്‍കിടാങ്ങളെക്കാള്‍' സുന്ദരമായ തിളങ്ങുന്ന വാളും കുതിക്കുന്ന കുതിരയും വിഷയങ്ങളാക്കിയപ്പോള്‍, തെക്കന്‍ പ്രതിഭകള്‍ പ്രേമഗീതങ്ങള്‍ രചിച്ചു. ഒരു വടക്കന്‍ ഗാഥ മു-ലാന്‍ എന്ന പെണ്‍കൊടിയുടെ സൗന്ദര്യവും പ്രേമവുമല്ല, പുരുഷവേഷം ധരിച്ചു പടക്കളത്തില്‍ പൊരുതിയ അവളുടെ ധീരതയെയാണ് വാഴ്ത്തിയത്.

കയ്പ്പേറിയ യാഥാര്‍ഥ്യങ്ങളില്‍ നിന്നു കവിതയില്‍ അഭയം തേടിയ മുളങ്കാവിലെ ഏഴു മാന്യന്മാരെയും (seven worthies of the bamboo grove) ഇവിടെ അനുസ്മരിക്കേണ്ടിയിരിക്കുന്നു. അവര്‍ പാടിയത് അമിതമായ മധുപാനത്തെയും പ്രപഞ്ചത്തെപ്പറ്റിയുള്ള ഭാവനാസങ്കല്പങ്ങളെയും ആധ്യാത്മിക സാഹസികതകളെയും കുറിച്ചാണ്.

സാഹിത്യനിരൂപണത്തിന്റെ ആവിര്‍ഭാവമായിരുന്നു മറ്റൊരു പുതിയ സംഭവവികാസം. സര്‍ഗക്രിയ സ്വന്തവും സ്വതന്ത്രവുമായിരിക്കണമെന്നും പുരാതനകൃതികളെ അനുകരിക്കുന്ന സമ്പ്രദായം അവസാനിപ്പിക്കണമെന്നും ലൂഷര്‍ (261-303) വാദിച്ചു. ഗോ ഹൂങ് (254-334) സാങ്കേതിക പരിഗണനകള്‍ക്കു വലിയ പ്രാധാന്യം കല്പിച്ചു. ലിയു ഷിയെ 'സാഹിത്യ മനസ്' എന്ന പഠനത്തില്‍ തന്റെ കാലം ഉള്‍പ്പെടെ എല്ലാ കാലങ്ങളിലെയും സാഹിത്യസൃഷ്ടികളുടെ നിഷ്പക്ഷവും സമര്‍ഥവുമായ അവലോകനം നടത്തി.

ഇക്കാലത്ത് ഉടലെടുത്ത പ്രസ്ഥാനമായിരുന്നു ഉദാത്തമായ വിഷയങ്ങളെപ്പറ്റിയുള്ള സംവാദങ്ങള്‍. ഷിര്‍ഷുവൊ എന്ന സമാഹാരത്തില്‍ ലിയുയീ ചിങ് (403-44) ഇത്തരം സംവാദങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വിഷയസ്വഭാവം പരിഗണിക്കാതെ ഗദ്യശൈലിക്കു നല്കിയ രൂപമാണ് അനഭിലഷണീയമായത്. സമാന്തരമായി വാക്കുകളും വരികളും അടുക്കി കെട്ടിപ്പടുത്ത നിശ്ചിതദൈര്‍ഘ്യമുള്ള വാചക യുഗ്മങ്ങള്‍ ആലങ്കാരികഭാഷയുടെ അനിയന്ത്രിത പ്രയോഗത്തിനു വേദിയായി. 1000 വര്‍ഷത്തോളം 'പ്യാന്‍ വെന്‍' എന്നറിയപ്പെട്ട ഈ രചനാരീതിയുടെ നീരാളിപ്പിടിത്തം ഗദ്യസാഹിത്യത്തെ ശ്വാസംമുട്ടിച്ചു.

(v) തങ്വംശം (618-906). ചൈനീസ് സാഹിത്യത്തിന്റെ സുവര്‍ണദശയായിരുന്നു ഈ കാലഘട്ടം; ഏറ്റവും പ്രിയപ്പെട്ട വിഭാഗം കവിതയും. കവിതാകാമിനിയെ പ്രീണിപ്പിച്ച കവികളുടെ വന്‍ നിരയില്‍ 2000 പേരുടെ കവിതകള്‍ ഇന്നും അവശേഷിക്കുന്നു. കവിതയിലും കര്‍ക്കശമായ നിയമങ്ങള്‍ രചനയെ നിയന്ത്രിച്ചു. 'ലൂഷര്‍' എന്നായിരുന്നു ഈ കവിതാരൂപത്തിന്റെ പേര്. സാങ്കേതികമായി പൂര്‍ണതയും വൈകാരികമായി വൈചിത്ര്യവുമാണ് കവികള്‍ ലക്ഷ്യം വച്ചത്. പുരാതന കവിതാരൂപങ്ങളുടെ അനുകരണം ഒന്നുകൂടി സ്വതന്ത്രമായിരുന്നു.

സുങ് രാജവംശകാലത്ത് പ്രകാശനം ചെയ്ത കണ്‍ഫ്യൂഷ്യന്‍ അനുഷ്ഠാന ഗ്രന്ഥങ്ങള്‍

രണ്ടായിരം പേരില്‍ ഏറ്റവും പ്രമുഖരായവര്‍ താഴെ പറയുന്നവരാണ്. കവിയും ചിത്രകാരനുമായിരുന്ന വങ് വേയ് (699-759) തന്റെ കൃതികളില്‍ കവിതയും ചിത്രകലയും ഒന്നിപ്പിച്ചിരിക്കുന്നു. മങ് ഹൗ ഷാന്‍ (689-40) ഈ യുഗത്തിലെ ഏറ്റവും മെച്ചപ്പെട്ട ഭാവകവിതകളില്‍ ചിലത് എഴുതി. കൗ ഷര്‍ (700-65) യുദ്ധത്തെപ്പറ്റിയുള്ള, സ്മരണീയമായ കവിതകളുടെ കര്‍ത്താവാണ്. വങ് ചങ് ലിങ് (700-65), റ്റ്സെന്‍ ഷെന്‍ സാന്‍ഷന്‍ (715-70) എന്നിവരും ശ്രദ്ധേയമായ കവിതകള്‍ രചിച്ചു. ഈ യുഗത്തിലെ ഏറ്റവും വലിയ കവികള്‍ ലി പ (701-62), തൂ ഫൂ (712-70) എന്നിവരാണ്. യഥാര്‍ഥ ജീവിതത്തിലെ പീഡിത മനുഷ്യരൂപങ്ങളെ അവതരിപ്പിച്ച തൂ ഫൂ ഈ ലോകത്തിന്റെ ആചാര്യനായ കണ്‍ഫ്യൂഷ്യസിനെ ഓര്‍മിപ്പിക്കുന്നെങ്കില്‍, ലി പ ദൗയിസ്റ്റ് പാരമ്പര്യങ്ങളിലേക്കാണ് എത്തിനോക്കിയത്. ഇദ്ദേഹം പ്രകൃതിദൃശ്യങ്ങള്‍, സ്ത്രീസൗന്ദര്യം, മാനുഷികപ്രേമം മുതലായവ നിത്യതയുടെയും അനന്തമായ പ്രപഞ്ചത്തിന്റെയും പ്രതിഫലനങ്ങളായി ആലേഖനം ചെയ്തു. തൂ ഫൂ അന്നു പ്രചാരത്തിലിരുന്ന ലൂ ഷര്‍ കവിതാരൂപം സ്വീകരിച്ചെങ്കില്‍, ലി പ കൂടുതല്‍ സ്വതന്ത്രമായ രചനാശില്പങ്ങള്‍ സ്വീകരിച്ചു. അവരെ പിന്തുടര്‍ന്നു വന്നവരാണ് ഹാന്‍ യു (768-824), പ ജൂയി (772-846) എന്നിവര്‍. പ ജൂയി ജനജീവിതത്തിലെ എല്ലാ പ്രശ്നങ്ങളെപ്പറ്റിയും സുഗ്രാഹ്യമായ ഭാഷയില്‍ ചാരുത നിറഞ്ഞ വരികളില്‍ പ്രതിപാദിച്ചു. ഇദ്ദേഹത്തോടു മാനസികമായി അടുത്തു നിന്നവരാണ് യുയാന്‍ ജെന്‍ (779-831), ലിയു യൂ ഷീ (772-842) എന്നീ കവികള്‍. ഹാന്‍ യുവിന്റെ കവിതയില്‍ അതീവ സുന്ദരമായ വരികള്‍ നിശിത വിമര്‍ശനങ്ങളുടെയും സാന്മാര്‍ഗിക ഉദ്ബോധനങ്ങളുടെയുമിടയ്ക്കു പ്രത്യക്ഷപ്പെടുന്നു. ഇദ്ദേഹത്തിന്റെ സ്നേഹിതനായിരുന്ന ലീ ഹ (790-816) ഭാവനാപ്രധാനവും ശബ്ദസുന്ദരവുമായ കവിതകളാണു രചിച്ചത്.

യുവാന്‍ മിങ്

തങ് യുഗത്തിന്റെ അവസാന ദശകങ്ങളില്‍ പ്രസിദ്ധിയാര്‍ജിച്ച മൂന്നു കവികളാണ് ടൂ മൂ (803-52), ലീ ഷങ് യിന്‍ (813-58), വന്‍ ടിങ് യുന്‍ (9-ാം ശ.-ന്റെ മധ്യം) എന്നിവര്‍. പദ്യം കൂടുതല്‍ കൂടുതല്‍ കര്‍ക്കശമായ നിബന്ധനകള്‍ക്കു വഴങ്ങിയപ്പോള്‍, സമാന്തര വാചക രചനാരീതിയില്‍ നിന്നു വിമുക്തമാകാനാണ് ഗദ്യം ശ്രമിച്ചത്. കവികളായിരുന്ന ഹാന്‍ യൂവും ലിയു ഡ്സുങ് യ്വാനുമാണ് ഇതില്‍ മുന്‍കൈ എടുത്തത്. ഹാന്‍ ശക്തമായ സംവാദങ്ങളും കൃത്യമായ അപഗ്രഥനങ്ങളും എഴുതി. ലിയു പ്രകൃതിദൃശ്യങ്ങളെയും മനുഷ്യരെയും യാത്രാവിവരണങ്ങളില്‍ അവതരിപ്പിച്ചു. കു-വെന്‍ എന്നു വിളിക്കപ്പെട്ട ക്ലാസ്സിക്കല്‍ യുഗത്തിലെ ഗദ്യശൈലിയാണ് ഇവര്‍ ഉപയോഗിച്ചത്.

കഥാസാഹിത്യം ഈ യുഗത്തിലാരംഭിക്കുന്നു. ഐതിഹ്യങ്ങളും അന്യാപദേശങ്ങളും മറ്റുമായി കഥകള്‍ കവിതകളിലും മറ്റും നേരത്തേ സ്ഥലംപിടിച്ചിരുന്നെങ്കിലും സ്വതന്ത്രമായ കഥാകഥനമായി ആവിര്‍ഭവിച്ചത് വിചിത്രപാരമ്പര്യങ്ങള്‍ എന്ന സമാഹാരങ്ങളിലാണ്. കൗതുകം ഉണര്‍ത്തുന്ന ഇതിവൃത്തവും ജീവസ്സുറ്റ പാത്രങ്ങളും ഇവയ്ക്കുണ്ട്. യുവാന്‍ ജെനും ലി കുങ്-ഡ്സൊയും (770-850) ഈ മേഖലയില്‍ തങ്ങളുടെ മുദ്ര പതിപ്പിച്ചു. പ്രേമം, സാമൂഹിക വിമര്‍ശനം, ബുദ്ധമതകഥകളും ദര്‍ശനങ്ങളും, ദൗയിസ്റ്റുകളുടെ മിസ്റ്റിക് അനുഭവങ്ങള്‍- ഇവയൊക്കെയായിരുന്നു കഥകളുടെ പ്രമേയങ്ങള്‍. പിന്നീട് വന്ന കഥാസാഹിത്യത്തെയും നാടകത്തെയും ഇവ സ്വാധീനിച്ചിട്ടുണ്ട്. യുവാന്‍ ജെന്നിന്റെ വഞ്ചിതയായ യിങ്-യിങ് എന്ന കാമുകിയുടെ കഥ വളരെ പ്രസിദ്ധമാണ്.

ഈ യുഗത്തിലെ പ്രധാന സാഹിത്യനിരൂപകന്‍ സൂ-കുങ് തു (837-908) ആണ്. ആലങ്കാരിക ഭാഷ ഉപയോഗിച്ച് കാവ്യരൂപത്തില്‍ രചിച്ച കവിതയുടെ സവിശേഷതകള്‍ (Shih pin)) എന്ന നിരൂപണകൃതിയില്‍ ഇദ്ദേഹം കവിതയ്ക്ക് അഭിലഷണീയമായ 24 ഗുണങ്ങള്‍ ചൂണ്ടിക്കാണിച്ചു. ഈ കൃതിയിലെ സംക്ഷിപ്തവും ക്ലിപ്തവുമായ അവതരണരീതിയും ശബ്ദമാധുരിയും കവിതാദര്‍ശന നിര്‍വചനങ്ങളും ഇമ്പമാര്‍ന്ന ശൈലിയും കവിതാരൂപങ്ങള്‍ ആവിഷ്കരിക്കാന്‍ ചൈനീസ് കവികള്‍ക്ക് സഹായമേകി.

'ഡ്സൂ' (tzoo) എന്ന കവിതാരൂപത്തിന്റെ അവതാരമാണ് ഈ ഘട്ടത്തിലെ എടുത്തുപറയേണ്ട മറ്റൊരു സവിശേഷത. സംഗീതം പുഷ്ടിപ്പെടുത്തിയ ഭാവകവിതയായിരുന്നു ഇത്. നാടോടിപ്പാട്ടുകള്‍ പോലെ ആരംഭിച്ച ഈ പാട്ടുകള്‍ ആദ്യം സാധാരണഗായകരും പിന്നീട് ഗാനാലാപനം തൊഴിലാക്കിയ സ്ത്രീകളുമാണ് പാടിയിരുന്നത്. ദക്ഷിണ തങ് വംശത്തിലെ അവസാന ചക്രവര്‍ത്തിയായിരുന്ന ലി യു (937-78) ആണ് സ്വന്തം സര്‍ഗസൃഷ്ടികള്‍ വഴി ഇതിന് സാഹിത്യത്തില്‍ പ്രതിഷ്ഠ നേടിക്കൊടുത്തത്.

(vi) സുങ്, യുവാന്‍, മിങ്, ചിങ് വംശങ്ങള്‍ (961-1911). ഒരു സഹസ്രാബ്ദത്തിന്റെ കഥയാണ് ഈ കാലഘട്ടത്തിലെത്. നാടകത്തിന്റെയും നോവലിന്റെയും ആവിര്‍ഭാവവും വളര്‍ച്ചയുമാണ് പ്രധാന സംഭവം. കവിതയില്‍ പഴമയുടെ ആധിപത്യം തുടര്‍ന്നു. ഗദ്യത്തില്‍ പരിഷ്കാരശ്രമങ്ങള്‍ തുടരുകയും ഫലമുണ്ടാക്കുകയും ചെയ്തു.

സുങ് വംശം (960-1279). സംസ്കാരിക പുരോഗതിയുടെ കാലമായിരുന്നു ഇത്. അച്ചടിയുടെ കണ്ടുപിടിത്തം (8-ാം ശ.), 1044 മുതല്‍ സ്കൂളുകളുടെ സ്ഥാപനം മുതലായ സംഭവങ്ങള്‍ സാക്ഷരതാ നിരക്ക് വളരെയധികം വര്‍ധിപ്പിച്ചു.

ഗദ്യത്തില്‍ ഹാങ്യൂ തുടങ്ങിയ പരിഷ്കാരം ഓ-യങ് ഷിയോ(1007-72)യും സൂ തങ്പാ(1036-1101)യും തുടര്‍ന്നു. സൂ തങ്പായുടെ പിതാവും സഹോദരനും ഉത്തമഗദ്യകൃതികള്‍ വഴി പ്രശസ്തരായി. ചൈനീസ് സ്കൂള്‍ കുട്ടികള്‍ പഠിക്കുന്ന തങ് സുങ് യുഗങ്ങളിലെ എട്ടു ശ്രേഷ്ഠരില്‍ ഇവര്‍ ഉള്‍പ്പെടുന്നു.

ജു ഷി

തത്ത്വചിന്തകരായ ജൂ ഷി (1130-1200), ലൂ ചിയോയ്വാന്‍ (1139-93) എന്നിവര്‍ ബ്രഹ്മാണ്ഡകടാഹത്തെയും ജ്ഞാനത്തെയും മറ്റും പറ്റി കു-വെന്‍ ഗദ്യശൈലിയില്‍ എഴുതി.

വിജ്ഞാനകോശങ്ങളായിരുന്നു സുങ് ചക്രവര്‍ത്തിമാരുടെ സംരക്ഷണത്തില്‍ പ്രസിദ്ധീകരിച്ച തയിപിങ്യൂലാന്‍. ഇതിന്റെ അനുകരണമാണ് 15-ാം ശ.-ല്‍ പൂര്‍ത്തിയായ യുങ്-ലൊ താതീന്‍, 1720-ല്‍ പൂര്‍ത്തിയായ തൂ-ഷു ജി ചെങ് എന്നിവ. നിഘണ്ടു മാതൃകയിലുള്ള തൂ-ഷു ജി ചെങ് 5,00,000 പേജുകള്‍ അടങ്ങിയതായിരുന്നു. അച്ചടിക്കപ്പെടാത്ത ഈ ഗ്രന്ഥത്തിന്റെ ഇരുപതിലൊരു ഭാഗം 1893-ല്‍ നഷ്ടപ്പെട്ടുപോയി.

ഈ കാലഘട്ടത്തില്‍ വളരെയധികം കവിതകള്‍ വിരചിതമായി. സാഹിത്യ പരീക്ഷ (കവിതാരചന ഒരു വിഷയമായിരുന്നു) ജയിച്ച് സര്‍ക്കാര്‍ ഉദ്യോഗത്തില്‍ കയറിപ്പറ്റിയ മിക്കവരും പഴമയില്‍ കടിച്ചുതൂങ്ങി വികലസൃഷ്ടികള്‍ നടത്തുകയാണുണ്ടായത്. ഹാന്‍വംശകാലത്തെ 'ഷിന്‍' കവിതാരൂപവും ഉപയോഗിക്കപ്പെട്ടു. കവിയും സഞ്ചാരിയുമായിരുന്ന ലു യു (1125-1210) ഇത്തരം 20,000 കവിതകള്‍ രചിച്ചു. ഇതില്‍ 9,200 എണ്ണം ഇപ്പോള്‍ അവശേഷിക്കുന്നു.

തങ് വംശത്തിന്റെ അവസാനകാലത്ത് ജന്മമെടുത്ത 'ഡ്സൂ' എന്ന കവിതാരൂപമായിരുന്നു സുങ് യുഗത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. മൃദുലവികാരങ്ങള്‍ക്കും ക്ഷണികഭാവങ്ങള്‍ക്കും ശോകചിന്തകള്‍ക്കും പറ്റിയ മാധ്യമമായി ഇത് അംഗീകരിക്കപ്പെട്ടു. അതിന്റെ പ്രണേതാക്കള്‍ യെന്‍ ഷൂ (991-1055), ഫാന്‍ ചുങ്-യെന്‍ (989-1052), ഹ്വേ സുങ് ചക്രവര്‍ത്തി (ഭ.കാ. 1105-25), കവയിത്രിയായ ലീ ചിങ്-ചൌ (1081-1141) മുതലായവരായിരുന്നു. ലിയു യുങ്ങും സു ഷറും ഹ്വങ്-ടിങ്-ച്യാനും (1045-1105) കവിതകളുടെ വിഷയങ്ങളും രചനാരീതിയും വിപുലമാക്കി ഹാസ്യവും ജനകീയതയും അതില്‍ കലര്‍ത്തി. ലു യു (1125-1210), ഷിന്‍ ചി ജീ (1140-1207) എന്നിവരുടെ കവിതകളില്‍ പൗരുഷത്തിന്റെയും ധീരതയുടെയും ശബ്ദം മുഴങ്ങി.

യുവാന്‍ വംശം (1280-1368). സുങ് വംശനാശത്തിനുശേഷം ഒന്നര ശ.-ത്തോളം ചൈന ഒരു വിഭജിതരാജ്യമായിരുന്നു. കുബ്ളാഖാന്‍ രാജ്യത്തെ വീണ്ടും സംയോജിപ്പിച്ച് 'യുവാന്‍' എന്ന വംശം സ്ഥാപിച്ചു. നാടകത്തിന്റെ വളര്‍ച്ചയാണ് ഈ യുഗത്തിന്റെ പ്രധാന നേട്ടം.

ചരിത്രത്തിലും ഐതിഹ്യത്തിലും സുപരിചിതരായ കഥാപാത്രങ്ങളുടെ അവതരണവും പാട്ടും നൃത്തവും മറ്റും ഉള്‍പ്പെടുത്തിയ 'കളി'കള്‍ വളരെ മുമ്പേ ആവിര്‍ഭവിച്ചിരുന്നെങ്കിലും 11-ാം ശ.-ലാണ് ഒരു കഥ ആദ്യന്തം സ്റ്റേജില്‍ അവതരിപ്പിക്കുന്ന തരത്തിലുള്ള യഥാര്‍ഥ നാടകങ്ങളുണ്ടായത്. ഉത്തര ചൈനയിലാണ് ആരംഭിച്ചതെങ്കിലും ദക്ഷിണ ചൈനയിലാണ് നാടകം വേരൂന്നിയത്. ഭാരതീയ നാടകങ്ങളുടെ സ്വാധീനത ഈ പുതിയ കലാരൂപത്തില്‍ പ്രസ്പഷ്ടമാണ്. ദക്ഷിണ ചൈനയിലാണ് ഈ സ്വാധീനം കൂടുതല്‍ അനുഭവപ്പെട്ടത്. കൗ മിങ്ങിന്റെ (14-ാം ശ. മധ്യം) വളരെ പ്രസിദ്ധമായ പി-പാ-ചി ശാകുന്തളത്തിന്റെ അനുകരണമാണ് എന്നുപോലുമഭിപ്രായമുണ്ട്. ഏതായാലും നാടകം അതിന്റെ പുതിയ രൂപത്തില്‍ നാലോ അഞ്ചോ അങ്കങ്ങളില്‍ നാന്ദിയും ഭരതവാക്യവും ഗാനങ്ങളും സാധാരണ ജനങ്ങളുടെ സംസാരഭാഷയോടു സമീപിച്ച സംഭാഷണങ്ങളും ഉള്‍ക്കൊള്ളിച്ചുള്ള ഒരു കലാരൂപമായിരുന്നു. ഗാനങ്ങളുടെ ബാഹുല്യംമൂലം ഈ നാടകങ്ങള്‍ക്ക് ഓപ്പറയോടു സാദൃശ്യമുണ്ടെന്ന് പാശ്ചാത്യ നിരൂപകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അന്ത്യപ്രാസബദ്ധമായ വരികളടങ്ങിയ പാട്ടുകളുടെ ആലാപനം ഒരേ ഒരു കഥാപാത്രമാണ് ആദ്യകാലങ്ങളില്‍ നടത്തിയിരുന്നത്. ഒരങ്കത്തില്‍ ഒരേയൊരു അന്ത്യപ്രാസം മാത്രമാണനുവദിച്ചിരുന്നത്. ഇത്തരം 600 നാടകങ്ങള്‍ 1234-നും 1368-നും മധ്യേ പ്രദര്‍ശിപ്പിക്കപ്പെട്ടു. നൂറോളം നാടകകൃത്തുകള്‍ രംഗത്തെത്തിയെങ്കിലും പ്രശസ്തിയിലേക്ക് ഉയര്‍ന്നത് ക്വ പൂന്‍ ഹാന്‍-ചിങ് (1214-1300?), പൈ പൂ, മാ ജര്‍-യ്വാന്‍, ജെങ് ക്വാങ്ഡ്സു എന്നിവര്‍ മാത്രമായിരുന്നു. ഏറ്റവും പ്രശസ്തര്‍ വടക്കന്‍ നാടകകൃത്തും ഈ യുഗത്തിലെ ഏറ്റവും പ്രസിദ്ധനാടകമായ പടിഞ്ഞാറെ അറ(Hsi Hsiang Chi = western chamber)യുടെ കര്‍ത്താവുമായ വങ് ഷര്‍-ഫൂവും തെക്കന്‍ നാടകപ്രസ്ഥാനത്തിലെ പി-പാ-ചി എഴുതിയ കൗ മിങ്ങുമാണ്.

നാടകങ്ങളെ വിട്ട് സ്വതന്ത്രമായി ഗാനരചന നടത്തുന്ന രീതിയും നടപ്പിലുണ്ടായിരുന്നു. ഈ കവിതാരൂപം റ്റ്സാ-ചൂ എന്നറിയപ്പെട്ടു.

നാട്ടുഭാഷയില്‍ എഴുതിയ കഥകള്‍ മറ്റൊരു പുതിയ ചുവടുവയ്പായിരുന്നു. സാധാരണ ജനങ്ങള്‍ക്കുവേണ്ടിയാണ് ഇവ എഴുതപ്പെട്ടത്. കഥാകഥനം തൊഴിലാക്കിയവര്‍ ചരിത്രസംഭവങ്ങളെയും ഐതിഹ്യങ്ങളെയും ആസ്പദമാക്കി ചന്തകളിലും മറ്റും പാട്ടും പറച്ചിലും ഇടകലര്‍ത്തി പറഞ്ഞിരുന്ന കഥകളായിരുന്നു ഇവയുടെ പ്രചോദനം. ഇത്തരം കഥാസമാഹാരങ്ങള്‍ സുങ് കാലഘട്ടത്തിനു മുമ്പുതന്നെ ആവിര്‍ഭവിച്ചിരുന്നു എന്ന് 20-ാം ശ.-ന്റെ ആരംഭത്തില്‍ താന്‍ ഹുവാങ് ഗുഹകളില്‍ കണ്ടെത്തിയ രേഖകള്‍ തെളിയിക്കുന്നു. ഈ ഗുഹകളില്‍ നിന്നു ലഭിച്ച നാടോടിസാഹിത്യത്തില്‍ അധികഭാഗവും ബുദ്ധമതകഥകളായിരുന്നു എന്ന വസ്തുത ഭാരതീയ സ്വാധീനത്തിലേക്ക് വീണ്ടും വിരല്‍ ചൂണ്ടുന്നു.

ഈ കഥകളില്‍ നിന്നു നോവല്‍രൂപം ഉരുത്തിരിഞ്ഞത് 13-ാം ശ.-ത്തിലാണ്.

മിങ് വംശം (1368-1644). മിങ് വംശം ഏകീകൃത സാമ്രാജ്യത്തെ നിലനിര്‍ത്തി. അവരുടെ കീഴില്‍ സംസ്കാരത്തിന്റെ മേല്ക്കോയ്മ ദക്ഷിണ ചൈനയിലുറച്ചു. പ്രധാനപ്പെട്ട എല്ലാ എഴുത്തുകാരും ദക്ഷിണ ചൈനയില്‍ നിന്നുള്ളവരായിരുന്നു. യുവാന്‍ വംശം നിര്‍ത്തല്‍ ചെയ്തിരുന്ന സാഹിത്യമത്സരപരീക്ഷകള്‍ മിങ് ചക്രവര്‍ത്തിമാര്‍ പുനരാരംഭിച്ചു. അതോടെ പഴയ മാമൂലുകളും പുനരുജ്ജീവിക്കപ്പെട്ടു. വിജയം നിര്‍ണയിക്കാനുള്ള അളവുകോല്‍ 'പാകു' എന്ന ഉപന്യാസമായിത്തീര്‍ന്നു. ഷിര്‍, ഡ്സൂ എന്നീ കവിതാരൂപങ്ങളില്‍ വീണ്ടും എണ്ണമറ്റ കവിതകള്‍ രചിക്കപ്പെട്ടു. പക്ഷേ, അവ വെറും അനുകരണങ്ങളായിരുന്നു. എങ്കിലും പരിവര്‍ത്തനത്തിന്റെ ആഗമനം പൂര്‍ണമായും തടയാന്‍ യാഥാസ്ഥിതിക സമൂഹത്തിനു സാധിച്ചില്ല.

നാടകം പരിവര്‍ത്തനസാഹചര്യങ്ങളെ സ്വാഗതം ചെയ്തു. 'ചുവാന്‍ചി' (അപരിചിതമായതു പറയുക) എന്നു വിളിക്കപ്പെട്ട പുതിയ നാടകങ്ങളില്‍ മാറ്റങ്ങള്‍ ദൃശ്യമാണ്. അങ്കങ്ങള്‍ക്കു പകരം 40 മുതല്‍ 50 വരെ രംഗങ്ങളായി അവ വളര്‍ന്നു. ഗാനങ്ങളില്‍ ഒരങ്കത്തില്‍ ഏക അന്ത്യപ്രാസം എന്ന പതിവു മാറ്റി, വിവിധ അന്ത്യപ്രാസങ്ങള്‍ ഉപയോഗിച്ചു. നായകനോ നായികയ്ക്കോ മാത്രമല്ല, മറ്റു നടന്മാര്‍ക്കും ആലപിക്കാമെന്നായി. തന്മൂലം രസകരമായ സംഗീതസംഭാഷണങ്ങള്‍ സാധ്യമായി. സമകാലീനജീവിതത്തില്‍ നിന്നെടുത്ത കഥകളും അവതരിപ്പിക്കപ്പെട്ടു. ഹ്രസ്വനാടകങ്ങളും അരങ്ങേറി.

16-ാം ശ.-ന്റെ മധ്യത്തില്‍ വീണ്ടും ഒരു വ്യതിയാനത്തിനു നാടകങ്ങള്‍ സാക്ഷ്യം വഹിച്ചു. കവിയും ഗായകനുമായിരുന്ന ലിയാങ്ചെന്‍-യുവും (1510-80) അദ്ദേഹത്തിന്റെ സ്നേഹിതനും നടനുമായിരുന്ന വെയ്ലി യാങ് ഫൂവും ചൈനീസ് ഭാഷയിലെ സ്വരശ്രേണിയുടെ കഴിവുകള്‍ പരമാവധി ഉപയോഗിച്ചുകൊണ്ട് പുതിയ ആവിഷ്കരണശൈലി ആരംഭിച്ചു. 'കൂണ്‍-ചു' എന്നറിയപ്പെട്ട ഈ പുതിയ രീതി 18-ാം ശ.-ന്റെ അവസാനം വരെ നാടകത്തെ കൈയടക്കി. കൂണ്‍-ചു സ്കൂളിന്റെ ഏറ്റവും നല്ല നാടകങ്ങള്‍ തങ് ഷ്യാന്‍-ഡ്സുവിന്റെ (1550-1617) പിയണി പവിലിയനും ഹൂങ് ഷെങിന്റെ (1645-1704) അനശ്വര കൊട്ടാരവും ആണ്.

ആഖ്യാന സാഹിത്യത്തിലാണ് ഏറ്റവും അധികം അഭിവൃദ്ധിയുണ്ടായത്. മൂന്നു പ്രശസ്തനോവലുകള്‍ ഈ കാലയളവില്‍ വെളിച്ചംകണ്ടു.

വു ചങ് എന്‍-ന്റെ (1500-82) ഷി യു ജി ബുദ്ധമതസന്ന്യാസി ഹ്യൂവന്‍ സാങ് 7-ാം ശ.-ല്‍ ഇന്ത്യയിലേക്കു നടത്തിയ തീര്‍ഥയാത്രയെ അധികരിച്ചെഴുതിയതാണെങ്കിലും വളരെയധികം സങ്കല്പ കഥകളും എല്ലാത്തരം ഐതിഹ്യങ്ങളും വികടത്തരങ്ങളും കൂട്ടിച്ചേര്‍ത്തു കൊഴുപ്പിച്ച് ഹാസ്യവിമര്‍ശനത്തിനും ഫലിതത്തിനും സ്വതന്ത്രവിഹാരം നല്കിയിരുന്നു. ലൊ മാ ഒതെങ്ങിന്റെ (1573-1620) 'പടിഞ്ഞാറന്‍ കടലിലെ വീരസാഹസികത' 15-ാം ശ.-ല്‍ ജീവിച്ച ചെങ് ഹൊ എന്ന സഞ്ചാരിയുടെ കഥ പറയുന്നു. ഒരജ്ഞാത നോവലിസ്റ്റ് 1610-ല്‍ പ്രസിദ്ധീകരിച്ച സ്വര്‍ണത്താമര 16-ാം ശ.-ലെ ചൈനീസ് ജീവിതത്തിന്റെ യാഥാര്‍ഥ്യം നിറഞ്ഞ ചിത്രീകരണമാണ്. സമ്പന്നനായ കച്ചവടക്കാരന്റെ കുടുംബകഥയാണ് ഇതിലെ ഇതിവൃത്തം. അശ്ളീലം എന്നു വിമര്‍ശിക്കാവുന്ന ധാരാളം രംഗങ്ങള്‍ ഉണ്ടെങ്കിലും യുക്തിപൂര്‍വമായ കഥാവികസനവും സ്വാഭാവികവും വിശ്വാസ്യവുമായ പാത്രസൃഷ്ടിയും നോവലില്‍ ഉടനീളം സ്ഫുരിക്കുന്ന സാന്മാര്‍ഗിക ലക്ഷ്യവും ഈ നോവലിന് വിശ്വസാഹിത്യത്തില്‍ത്തന്നെ സ്ഥാനം ഉറപ്പാക്കുന്നു.

ഈ കാലഘട്ടത്തിലെ മറ്റു ചില നോവലുകളും സാഹിത്യഗുണത്തില്‍ ഒട്ടും പിന്നിലല്ല. 12-ാം ശ.-ല്‍ നടന്ന ഒരു ലഹളയെ അടിസ്ഥാനമാക്കിയുള്ള നോവലാണ് ഷൂയി ഹൂജുവാന്‍ (ഇംഗ്ലീഷ് തര്‍ജുമ-All Men Are Brothers -1933). അഴിമതിയിലും അക്രമത്തിലും മുങ്ങിയിരുന്ന സര്‍ക്കാരിനെതിരായി നാടുകടത്തപ്പെട്ട 108 കുറ്റവാളികള്‍ ഒന്നിക്കുന്നതും സമരം ചെയ്യുന്നതുമാണ് കഥ. പടയും കുടിയും കാപട്യവും മൈത്രിയും മൃഗീയതയുമെല്ലാം ഒത്തുചേരുന്ന കഥയാണ് ഈ നോവല്‍ അനാവരണം ചെയ്യുന്നത്.

ചരിത്രത്താളുകളില്‍ നിന്നെടുത്തതാണ് മൂന്നു രാജ്യങ്ങളുടെ കഥ. ചരിത്രരേഖകളിലെ ഉദ്ധരണികള്‍ പോലും ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ കൃതി ഹാന്‍വംശത്തിന്റെ പതനത്തിനുശേഷം സാമ്രാജ്യത്തിനുവേണ്ടി മൂന്നു രാജ്യങ്ങള്‍ നടത്തുന്ന മത്സരങ്ങളും ഗൂഢാലോചനകളും യുദ്ധങ്ങളും വിഷയമാക്കുന്നു.

തകരുന്ന മഞ്ചു സിംഹാസനത്തിന്റെ പ്രശ്നങ്ങള്‍ ലിയു എ (1857-1909) ലൗ സാനിന്റെ യാത്രാവിവരണങ്ങള്‍ എന്ന തസ്കരകഥ(Picaresque novel)യില്‍ പ്രതിപാദിക്കുന്നു.

അക്കാലത്തെ ഏറ്റവും വലിയ കവിയായിരുന്ന ഹുവാങ് സുന്‍ ഷീസ് (1845-1905) വിദേശയാത്രകളുടെയും നാടോടിക്കവിതകളുടെയും പ്രചോദനത്താല്‍ കവിതയില്‍ സംസാരഭാഷ ഉപയോഗിക്കാന്‍ ശ്രമിക്കുകയുണ്ടായി. പുതിയ വിഷയങ്ങളും പുതിയ ശൈലികളും പുതിയ താളലയങ്ങളും വച്ച് ഇദ്ദേഹം പരീക്ഷണങ്ങള്‍ നടത്തി.

ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ ആവിര്‍ഭാവവും സുപ്രധാനമായിരുന്നു. ലിയാങ് ചീചൌവിന്റെ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ സ്വാധീനത 20-ാം ശ.-ന്റെ ആദ്യവര്‍ഷങ്ങളില്‍ വളരെ പ്രകടമാണ്.

ചിങ് വംശം (1644-1912). മഞ്ചു വര്‍ഗക്കാര്‍ ചൈന കീഴടക്കി ഒരു പുതിയ വംശം സ്ഥാപിച്ചെങ്കിലും സാഹിത്യ സാംസ്കാരിക രംഗങ്ങളിലെ പഴയ പ്രവണതകള്‍ നിര്‍ബാധം തുടര്‍ന്നു.

ഡ്സൗ ഒഷ്വന്‍ ജിങ് (1719-63) രചിച്ച ചുവന്ന അറയുടെ സ്വപ്നം വളരെ പ്രസിദ്ധമായ ഒരു നോവലാണ്. ഒരു കുടുംബത്തിന്റെ വിനാശവും ദുരന്തത്തിലവസാനിക്കുന്ന ത്രികോണ പ്രേമവും ആവിഷ്കരിക്കുന്ന ഈ കൃതിയില്‍ നാട്ടുഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. നാടകവും നോവലും സാധാരണക്കാരന്റെ ഭാഷ സ്വീകരിച്ചതുകൊണ്ടായിരിക്കാം അവ ജനപ്രീതി നേടിയത്. കൃതി പൂര്‍ത്തിയാക്കുന്നതിനു മുമ്പ് നോവലിസ്റ്റ് അന്തരിച്ചു. കൗഎഈ ആണ് നോവല്‍ പൂര്‍ത്തിയാക്കിയത്.

പണ്ഡിതരെ പരിഹസിക്കുന്ന ഇയുലിന്‍ വെയ്ഷിര്‍, എല്ലാവരെയും പരിഹസിക്കുന്ന ചിങ് ഹുവ യുവാന്‍ എന്നീ കൃതികള്‍ ആക്ഷേപഹാസ്യത്തിന് ഉത്തമ മാതൃകകളാണ്.

ശ്രദ്ധേയമായ കഥാസമാഹാരങ്ങളാണ് വിസ്മയകരമായ കഥകള്‍ പഴയതും പുതിയതും (Chin Ku Chi Kuan - 1640), ഒരു ചൈനീസ് സ്റ്റുഡിയോയില്‍ നിന്നുള്ള വിചിത്രകഥകള്‍ എന്നിവ.

ചിയന്‍ ലുങ് ചക്രവര്‍ത്തിയുടെ കാലത്ത് (1735-96) പല പ്രവിശ്യകളില്‍നിന്നും നാടകസമിതികളെ പീക്കിങ്ങിലേക്ക് ക്ഷണിക്കുകയും അവയില്‍ ഏറ്റവും മികച്ച സമിതിയെ അവിടെ സ്ഥിരമായി സ്വീകരിക്കുകയും ചെയ്തു. പാശ്ചാത്യലോകത്തില്‍ 'പീക്കിങ് ഓപ്പറ' എന്നറിയപ്പെടുന്ന നാടകരൂപം പല പ്രാദേശിക നാടക സംഘങ്ങളുടെയും സവിശേഷതകള്‍ സംയോജിപ്പിച്ച് രൂപം കൊള്ളുകയുണ്ടായി.

ഇരുപതാം ശതകം. ആദ്യത്തെ ആംഗ്ളോ-ചൈനീസ് യുദ്ധത്തിനുശേഷം തങ്ങളുടെ വാതായനങ്ങള്‍ പാശ്ചാത്യലോകത്തിന് തുറക്കാന്‍ ചൈന നിര്‍ബന്ധിതമായി. പാശ്ചാത്യ സംസ്കാരത്തിന്റെ കടന്നാക്രമണം 1860 മുതല്‍ എല്ലാ മേഖലകളിലും അനുഭവപ്പെട്ടു.

1905-ല്‍ സാഹിത്യ മത്സരപരീക്ഷകള്‍ നിര്‍ത്തലാക്കി. 1911-ല്‍ രാജഭരണം അവസാനിച്ചു. എല്ലാ തലങ്ങളിലും സാധാരണ ഭാഷയുടെ ഉപയോഗം ആവശ്യപ്പെട്ടുകൊണ്ട് 1917 മേയ് 4-ന് ഹൂഷറും (1891-1962) ചെന്‍ ടൂ-ഷിയും (1879-1942) ചേര്‍ന്ന് പ്രക്ഷോഭണം നടത്തുകയുണ്ടായി. പീക്കിങ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികള്‍ അവരെ പിന്താങ്ങി. ക്ലാസ്സിക്കല്‍ ഭാഷ, കണ്‍ഫ്യൂഷ്യന്‍ വ്യവസ്ഥിതി, സാമ്രാജ്യത്വം മുതലായവയില്‍ നിന്ന് പ്രക്ഷോഭകര്‍ മോചനം ആവശ്യപ്പെട്ടു.

പാശ്ചാത്യ കൃതികളുടെ തര്‍ജുമകള്‍ വന്‍തോതില്‍ നടത്തപ്പെട്ടു. തര്‍ജുമ വഴി പേരെടുത്ത രണ്ടുപേരാണ് യെന്‍ ഫ്യൂവും ലിന്‍ഷൂവും (1852-1924). ഇംഗ്ലണ്ടില്‍ വിദ്യാഭ്യാസം നടത്തിയ യെന്‍ ഫ്യൂ പാശ്ചാത്യ തത്ത്വചിന്തകരുടെ കൃതികള്‍ ക്ളസ്സിക്കല്‍ ചൈനീസിലേക്ക് തര്‍ജുമ ചെയ്തു. വിദേശഭാഷകള്‍ അറിയാവുന്നവരുടെ സഹായത്തോടുകൂടി ലിന്‍ഷൂ വളരെയധികം പാശ്ചാത്യനോവലുകള്‍ക്കും ഭാഷാന്തരം നല്കി. 1917 നും 27-നും ഇടയ്ക്ക് പാശ്ചാത്യ കൃതികളുടെ തര്‍ജുമകളുടെ ഒരു പ്രവാഹം തന്നെ ഉണ്ടായി.

പാശ്ചാത്യ കൃതികളെ അനുകരിച്ച് ചൈനീസ് നാട്ടുഭാഷയില്‍ ചൈനീസ് കൃതികള്‍ ഉദ്ഭവിച്ചു. ഇത്തരം കൃതികള്‍ വഴി ദേശീയാംഗീകാരം ലഭിച്ച സാഹിത്യകാരന്മാരായിരുന്നു സാമൂഹിക വിമര്‍ശനം നോവലുകളിലും ഉപന്യാസങ്ങളിലും നടത്തിയ ചൌ ഷുജന്‍- ലു ഷുന്‍ (1881-1936), കവിതയില്‍ നാട്ടുഭാഷ ഉപയോഗിച്ച് വിപ്ലവകരമായ മാറ്റം കുറിച്ച ഷു ചിമൊയും (1895-1931) വെന്‍ ഇത്തൊയും (1899-1946), നോവലിസ്റ്റും കവിയും നാടകകൃത്തുമായ കുമൊയൊ, 'മാനവികസാഹിത്യം' എന്ന പഠനത്തില്‍ മനുഷ്യത്വത്തിന്റെ സന്ദേശം ആവാഹിക്കുവാന്‍ ശ്രമിച്ച ചൌഡ്-സോ-ഷെന്‍ മുതലായവര്‍.

മുപ്പതുകളിലും നാല്പതുകളിലും സാമൂഹ്യനീതിക്കുവേണ്ടി പൊരുതിയ വളരെയധികം നാടകങ്ങളും നോവലുകളും പുറത്തുവന്നു. വാന്‍ ചിയാ-പൗവിന്റെ നാടകങ്ങള്‍ മറ്റു ഭാഷകളിലേക്കു തര്‍ജുമ ചെയ്യപ്പെടത്തക്ക വിധം മേന്മയുള്ളവയായിരുന്നു. സാങ്കേതിക കാര്യങ്ങളില്‍ യൂറോപ്യന്‍    നാടകം ചൈനീസ് നാടകത്തെ ഗാഢമായി സ്വാധീനിച്ചു. ഇബ്സണ്‍, ബര്‍ണാഡ് ഷാ, ചെക്കോവ്, യുജീന്‍ ഒനീല്‍ മുതലായവരുടെ കൃതികളും വിവിധയുഗങ്ങളിലെ മെച്ചപ്പെട്ട നാടകങ്ങളും തര്‍ജുമ ചെയ്യപ്പെട്ടു. സംഗീത നാടകത്തിന്റെ സ്ഥാനത്ത് 'സംഭാഷണ നാടകം' എന്ന പുതിയ നാടക ശില്പം രൂപം കൊണ്ടു. അതിന്റെ ആധിപത്യം അധികകാലം നീണ്ടുനിന്നില്ലെങ്കിലും പീക്കിങ് ഓപ്പറയെ നവീകരിക്കുവാന്‍ സാധിച്ചു. ചൈനീസ് ചട്ടക്കൂടും കഥയും, കമ്യൂണിസ്റ്റ് ആദര്‍ശങ്ങള്‍, പാശ്ചാത്യസംഗീതവും സാങ്കേതികത്വവും ഇവയെല്ലാം കൂടി രൂപംകൊടുത്ത 'റവല്യൂഷനറി പീക്കിങ് ഓപ്പറ' സാംസ്കാരിക വിപ്ലവത്തിലും പങ്കുവഹിച്ചു.

നാലു നോവലിസ്റ്റുകളെയാണ് പ്രത്യേകം അനുസ്മരിക്കേണ്ടത്-1898-ല്‍ ജനിച്ച ഷു ചിങ് ചുന്‍ (തൂലികാനാമം-ലൗഷെ) ബുദ്ധിജീവികളുടെയും സാധാരണക്കാരുടെയും പ്രശംസ ഒരു പോലെ പിടിച്ചുപറ്റി. ഷെന്‍ യോപിങ് (തൂലികാനാമം-മൗ തുന്‍) പാശ്ചാത്യ പ്രസ്ഥാനങ്ങളായ റിയലിസവും നാച്വറലിസവും സ്വാംശീകരിച്ച്, സാമൂഹ്യ പീഡനങ്ങളും അസ്വസ്ഥതകളും ആവിഷ്കരിച്ചു. ലീ ഫെയ് കാന്‍ റഷ്യന്‍ അരാജകത്വവാദികളായ ബക്കൂണിന്‍, ക്രൊപൊത്കിന്‍ എന്നിവരുടെ നാമങ്ങളില്‍ നിന്ന് സ്വന്തം തൂലികാനാമമായ പാ ചിന്‍ (ബാകിന്‍) വാര്‍ത്തെടുക്കുകയും യുവജനതയെ ഇളക്കിമറിച്ച കൃതികള്‍ രചിക്കുകയും ചെയ്തു. തികഞ്ഞ വ്യക്തിത്വവാദിയും പ്രതിഭാസമ്പന്നനുമായിരുന്ന ഷെന്‍റ്റ്സുങ്-വെന്‍ കാവ്യസുന്ദരവും ഹൃദയസ്പര്‍ശിയുമായ നോവലുകള്‍ എഴുതി.

ഇതിനിടയ്ക്ക് ഭാഷയ്ക്കു വേണ്ടിയുള്ള സമരം വിജയത്തിലെത്തിക്കഴിഞ്ഞിരുന്നു. അതിന്റെ നേതാവായ ഹൂഷി 1919-ല്‍ 'ചൈനീസ് തത്ത്വശാസ്ത്രത്തിന്റെ സ്ഥൂലരേഖ' സാധാരണ സംസാരഭാഷയില്‍ പ്രസിദ്ധീകരിച്ചു. ഒരു പണ്ഡിതകൃതി നാട്ടു ഭാഷയില്‍ എഴുതുക എന്നത് അക്കാലത്ത് അസാധ്യമായിരുന്നു. താമസിയാതെ സാഹിത്യകാരന്മാരും മാസികകളും ദിനപത്രങ്ങളും നാട്ടുഭാഷ കൂടുതല്‍ കൂടുതല്‍ ഉപയോഗിക്കാന്‍ തുടങ്ങി.

ചൗ ഷുജന്‍

ഹൂഷിയുടെ പ്രസ്ഥാനത്തെ സര്‍വാത്മനാ പിന്താങ്ങിയവരാണ് ചൌ സഹോദരന്മാര്‍ (ചൌഷൂയെന്‍, ചൌസോയെന്‍). ആകുവിന്റെ യഥാര്‍ഥ കഥ (1921), ഭാന്തന്റെ ഡയറി എന്നീ കൃതികളിലും തന്റെ ഉപന്യാസങ്ങളിലും യാഥാസ്ഥിതികര്‍ക്കെതിരായി പടവെട്ടിയ ലൂഷിനും മുന്‍നിരയില്‍ പയറ്റിയവരുടെ കൂടെപ്പെടുന്നു. 1921-ല്‍ സാധാരണ ഭാഷയ്ക്ക് ഔദ്യോഗികാംഗീകാരം ലഭിച്ചു. 'ദേശീയ ഭാഷ' എന്നാണ് അത് അറിയപ്പെട്ടത്. കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ആ പേര് 'പൊതുവേ മനസ്സിലാക്കപ്പെടുന്ന ഭാഷ' (P'ut-t'ung hua) എന്നു മാറ്റി.

1949-ല്‍ ചൈന കമ്യൂണിസ്റ്റ് ഭരണത്തിന്‍കീഴില്‍വന്നു. സാഹിത്യത്തിന്റെ കടിഞ്ഞാണുകള്‍ പാര്‍ട്ടിയും ഗവണ്‍മെന്റും ഏറ്റെടുത്തു. മാവോ (മൗ) ദ്സെ ദുങ്ങിന്റെ യോനാന്‍ പ്രഭാഷണം (Talks at the Yonan Forum on Literature and Art, 1942) സാഹിത്യവും കലയും പിന്‍തുടരേണ്ട ലക്ഷ്യങ്ങളും മാര്‍ഗങ്ങളും വ്യക്തമാക്കി. മാര്‍ഗനിര്‍ദേശങ്ങള്‍ക്കു വഴങ്ങാത്ത സാഹിത്യകാരന്മാരെ നിശ്ശബ്ദരാക്കുകയോ നാമാവശേഷരാക്കുകയോ ചെയ്തു. ഫൂഫങ്, ഐജിങ് മുതലായവര്‍ നാമാവശേഷരാക്കപ്പെട്ടവരില്‍പ്പെടുന്നു. സാമൂഹിക നീതിക്കുവേണ്ടി മുന്‍നിരയില്‍ പോരാടിയ, റിക്ഷാവാലാ എഴുതിയ ലൗഷോ, ചീനഭൂമി എഴുതിയ ഷെന്‍സുങ്, മൗതുന്‍, പാചിയു തുടങ്ങിയവര്‍ പൊതുജന വീക്ഷണത്തില്‍ നിന്നു മറഞ്ഞു.

മാവോയുടെ പ്രബോധനമനുസരിച്ച് സാഹിത്യസൃഷ്ടി വന്‍തോതില്‍ നടന്നു എന്നത് സത്യമാണ്. ദേശീയം എന്ന മുദ്ര ലഭിച്ച പഴയ നാടോടിപ്പാട്ടായ യാങ്കോയുടെ മാതൃകയില്‍ എണ്ണമറ്റ ജനകീയ ഓപ്പറകളും സംഗീത നാടകങ്ങളും ഉണ്ടായി. തൊഴിലാളികള്‍, കര്‍ഷകര്‍, സൈനികര്‍ മുതലായവര്‍ പുതിയ മാര്‍ഗം സ്വീകരിച്ച എഴുത്തുകാരുടെയും ആദര്‍ശസമ്പന്നരായ വിദ്യാര്‍ഥികളുടെയും സഹായത്തോടും സഹകരണത്തോടും കൂടി ധാരാളം എഴുതി. നൂറുകണക്കിനു പുതിയ എഴുത്തുകാര്‍ പ്രത്യക്ഷപ്പെട്ടു. സോഷ്യലിസ്റ്റ് റിയലിസം അംഗീകരിച്ച പോസിറ്റീവ് നായകന്മാരെ അവര്‍ സൃഷ്ടിച്ചു. വര്‍ഗശത്രുവിനെപ്പറ്റി എഴുതി. ഉത്പാദനപ്രക്രിയയും നിര്‍മാണ പ്രവര്‍ത്തനങ്ങളും, കര്‍ഷകരും ഭൂവുടമകളും തമ്മിലുള്ള സംഘട്ടനങ്ങള്‍, ജപ്പാന്‍കാര്‍ക്കും കുമിന്താങ്ങിനും എതിരായുള്ള ഒളിപ്പോരുകള്‍ എന്നിവയെല്ലാം പ്രമേയമാക്കി. സാഹിത്യഗുണമുള്ള ധാരാളം കൃതികള്‍ ഈ കൂട്ടത്തിലുണ്ട്. ഏതാനും ഉദാഹരണങ്ങളാണ് ജൌ ലിപായുടെ 'ഒരു മലയോര ഗ്രാമത്തിലെ മാറ്റങ്ങള്‍' (Changes in a Mountain Village- - 1958), വൂ ചീയങ്ങിന്റെ 'ചുവന്ന സൂര്യന്‍' (Red Sun - 1959), യങ് മോയുടെ 'യുവത്വത്തിന്റെ ഗാനം' (Song of Youth- 1960), ലിയു ചിങ്ങിന്റെ 'പിത്തള മതില്‍' (Wall of Bronze), ചൌ ഷുളിയുടെ 'ലീ ഗ്രാമത്തിലെ മാറ്റങ്ങള്‍' (The Changes in Li Village), ടിങ് ലിങ്ങിന്റെ 'സൂര്യന്‍ സങ്കന്‍ നദിക്കു മുകളില്‍ പ്രകാശിക്കുന്നു' (The Sun Shines over the Sankan River) മുതലായവ.

അറുപതുകളില്‍ സര്‍ക്കാര്‍ നിയന്ത്രണം ഒന്നുകൂടി ശക്തിപ്പെട്ടു. അതുകൊണ്ടായിരിക്കാം കുറേപ്പേര്‍ ഗവേഷണത്തിലേക്ക് തിരിഞ്ഞത്. വളരെ നല്ല ഫലങ്ങള്‍ അവരുടെ ചരിത്ര-സാഹിത്യഗവേഷണങ്ങള്‍ ഉളവാക്കി, പുരാതന ലിഖിതങ്ങളുടെ കണ്ടെത്തലും വ്യാഖ്യാനസഹിതമുള്ള പ്രസിദ്ധീകരണവും അവയില്‍പ്പെടുന്നു. 1966-77-ലെ ചെമ്പട (Red Guards) നീക്കങ്ങളുടെ കാലത്ത് പാരമ്പര്യത്തോടുള്ള കടുത്ത യുദ്ധത്തില്‍ പഴമയുടെ വില ഇടിയുകയും പഴയതിന്റെ നന്മ പ്രകീര്‍ത്തിച്ച പേരുകേട്ട ചരിത്രകാരനായ വു ഹാന്‍, മുതിര്‍ന്ന നാടകകൃത്തായ ടീന്‍ഹാന്‍ എന്നിവര്‍ ഉറച്ച കമ്യൂണിസ്റ്റുകളായിരുന്നിട്ടുപോലും ശിക്ഷാ നടപടികള്‍ക്കു വിധേയരാവുകയും ചെയ്തു.

(ഡോ. സെലിന്‍ മാത്യു; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍