This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചൈനാ-ജപ്പാന്‍ യുദ്ധങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചൈനാ-ജപ്പാന്‍ യുദ്ധങ്ങള്‍

ചൈനയും ജപ്പാനും തമ്മില്‍ 1894-95-ലും 1937-45-ലും നടന്ന യുദ്ധങ്ങള്‍. കൊറിയയില്‍ ചൈനയ്ക്കും ജപ്പാനും ഉണ്ടായിരുന്ന താത്പര്യത്തെ തുടര്‍ന്നാണ് ആദ്യയുദ്ധം ഉണ്ടായത്. 1885-ലെ ഉടമ്പടിയിലൂടെ കൊറിയയെ രണ്ടു രാജ്യങ്ങളും സംരക്ഷിത പ്രദേശമാക്കുകയും അവിടെ സൈനിക ഇടപെടല്‍ സംബന്ധിച്ച് കരാറുണ്ടാക്കുകയും ചെയ്തു. 1894 മാര്‍ച്ചില്‍ കൊറിയയില്‍ കലാപം ഉണ്ടായപ്പോള്‍ രണ്ടു രാജ്യങ്ങളും അവിടേക്ക് സൈന്യത്തെ നിയോഗിക്കുകയുണ്ടായി. കലാപശേഷം സൈന്യത്തെ പിന്‍വലിക്കുന്നതിലുണ്ടായ തര്‍ക്കമാണ് യുദ്ധത്തിലേക്കു നയിച്ചത്. ജൂല. 25-ന് സൈനിക ഏറ്റുമുട്ടല്‍ ആരംഭിച്ചു. ആഗ. 1-ന് ജപ്പാന്‍ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചു. 1895 മാര്‍ച്ചില്‍ സമാധാന ചര്‍ച്ച ആരംഭിച്ചു. ഏ. 17-ന് ഷിമൊനൊസെകി ഉടമ്പടിയില്‍ യുദ്ധം അവസാനിച്ചു.

ചൈനയും ജപ്പാനും തമ്മിലുള്ള രണ്ടാമത്തെ യുദ്ധം 1937 ജൂലായില്‍ ആരംഭിച്ചു. 1932-ല്‍ മഞ്ചൂറിയയില്‍ ജപ്പാന്‍ ആധിപത്യം സ്ഥാപിച്ചതിനെ തുടര്‍ന്ന് നിലനിന്ന അസ്വസ്ഥതകളും സംഭവ വികാസങ്ങളുമാണ് 1937-ലെ യുദ്ധത്തിലേക്കു നയിച്ചത്. ചൈനയുടെയും ജപ്പാന്റെയും സൈന്യങ്ങള്‍ ജൂലായില്‍ ബീജിങ്ങിനു (പീക്കിങ്) സമീപം ഏറ്റുമുട്ടിയതോടെ യുദ്ധം ആരംഭിച്ചു. ചൈനയുടെ ദേശീയസേന ജപ്പാന്റെ സൈന്യത്തോട് പലേടത്തും പരാജയപ്പെട്ടു. യുദ്ധംമൂലം ചൈനയില്‍ ചിയാങ് കൈ-ഷെക്കിന്റെ ദേശീയ ഗവണ്‍മെന്റിന് ആസ്ഥാനം നാങ്കിങ്ങില്‍ നിന്നും മാറ്റേണ്ടിവന്നു. 1938 അവസാനത്തോടെ ചൈനയിലെ പ്രധാന തുറമുഖങ്ങളും റെയില്‍പ്പാതകളും വാര്‍ത്താവിനിമയ ബന്ധവും ജപ്പാന്റെ അധീനതയിലായി. രണ്ടാം ലോകയുദ്ധത്തിന്റെ ഭാഗമെന്ന നിലയില്‍, 1941-ല്‍ സഖ്യകക്ഷികള്‍ ചൈനയുടെ സഹായത്തിനെത്തി. മറ്റു യുദ്ധരംഗങ്ങളില്‍ ശ്രദ്ധിക്കേണ്ടിവന്നതോടെ ജപ്പാന്‍ ചൈനയില്‍ നിന്നും അല്പാല്പമായി പിന്‍വാങ്ങിത്തുടങ്ങി. രണ്ടാം ലോകയുദ്ധത്തില്‍ ജപ്പാന്‍ പരാജയപ്പെട്ടതോടെ എട്ടുവര്‍ഷം നീണ്ടുനിന്ന ഈ യുദ്ധം 1945-ല്‍ അവസാനിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍