This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചൈത്യഗുഹകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചൈത്യഗുഹകള്‍

ബുദ്ധമതാനുയായികളുടെ ആരാധനാലയങ്ങളായ ഗുഹാക്ഷേത്രങ്ങള്‍. പൂര്‍ണമായും ആരാധനയ്ക്കായി ചിട്ടപ്പെടുത്തിയിട്ടുള്ള ഗുഹകള്‍ മാത്രമേ ഈ പേരില്‍ അറിയപ്പെടുന്നുള്ളൂ. ബുദ്ധസന്ന്യാസിമാരുടെ താമസത്തിനായി തയ്യാറാക്കിയിട്ടുള്ള ഗുഹകളാണ് മറ്റൊരു വിഭാഗം. അവ 'വിഹാര'ങ്ങള്‍ എന്നാണറിയപ്പെടുന്നത്. ചില ചൈത്യങ്ങളോടു ചേര്‍ന്ന് വിഹാരങ്ങളും കാണാറുണ്ട്. ഇവയെ ചൈത്യവിഹാരം എന്നാണു വിളിക്കുക.

കാര്‍ലെ ഗുഹയിലെ ചൈത്യഹാള്‍

ചൈത്യ എന്നത് ബുദ്ധന്റെ സയാമീസ് നാമധേയമാണെന്നും അതില്‍ നിന്നാണ് ചൈത്യഗുഹകള്‍ എന്ന പേരുണ്ടായതെന്നും ഒരഭിപ്രായമുണ്ട്. 'ചിത' എന്ന സംസ്കൃതപദത്തില്‍ നിന്നാണ് ചൈത്യം എന്ന പദമുണ്ടായതെന്ന അഭിപ്രായവും ശക്തമായി നിലവിലുണ്ട്. ചൈത്യഗുഹകളിലെ പ്രധാനപ്പെട്ട ഘടകം സ്തൂപം അഥവാ ചൈത്യമാണ്. ഇത് ബുദ്ധന്റെ സാന്നിധ്യത്തെയാണ് പ്രതീകവത്കരിക്കുന്നത്. ബുദ്ധന്റെ നിര്‍വാണത്തിനുശേഷം അനുയായികള്‍ തത്സാന്നിധ്യം സൂചിപ്പിക്കുന്നതിനായി ഉണ്ടാക്കിയതാണ് സ്തൂപം. പില്ക്കാലത്ത് മറ്റു ബുദ്ധമത പ്രമുഖരുടെ മരണസ്ഥലത്തും ഇവ ഉണ്ടാക്കിവയ്ക്കുന്ന പതിവ് വന്നു. ഇതാണ് ചൈത്യത്തിനു ചിതയുമായി ബന്ധപ്പെടുത്തി അര്‍ഥം കല്പിച്ചവര്‍ ഉയര്‍ത്തിക്കാട്ടുന്ന വസ്തുത. സിലിണ്ടറിനു മുകളില്‍ തുല്യവ്യാസമുള്ള അര്‍ധഗോളം ഘടിപ്പിച്ചതുപോലെയുള്ള ഭാഗമാണ് 'സ്തൂപ'ത്തിന്റെ മുഖ്യഘടകം. അതിനുമുകളില്‍ ചതുരാകൃതിയിലുള്ള അടുക്കുകളും അതിനു മുകളിലായി 'ഛത്രം' അഥവാ കുടയും ഉണ്ട്. മിക്കവാറും എല്ലാചൈത്യഗുഹകളിലും ഇത്തരം സ്തൂപങ്ങള്‍ ഉണ്ടായിരിക്കും.

ചൈത്യഗുഹകള്‍ പാറയുടെ ഒരു വശത്തുനിന്ന് ഉള്ളിലേക്കു തിരശ്ചീനമായി പണിതീര്‍ത്തിട്ടുള്ളവയാണ്. പൊതുവേ ദീര്‍ഘചതുരാകൃതിയിലായിരിക്കും ഉള്‍വശം. അതിനു പിന്നിലായി വൃത്താകൃതിയിലുള്ള അറയിലാണ് സ്തൂപം സ്ഥാപിച്ചിട്ടുണ്ടാവുക. ദീര്‍ഘചതുരാകൃതിയിലുള്ള തളം ഇരുവശങ്ങളിലായുള്ള സ്തംഭനിരകളാല്‍ മൂന്നു ഭാഗങ്ങളായി തിരിച്ചിരിക്കും. മധ്യഭാഗത്തിനാണ് വലുപ്പം കൂടുതല്‍, ഗുഹയിലേക്കുള്ള പ്രവേശനകവാടം മിക്കവാറും ഒരു വശത്തുനിന്നായിരിക്കും. കുതിരക്കുളമ്പിന്റെ ആകൃതിയിലുള്ള ജാലകങ്ങളാണ് മറ്റൊരു സവിശേഷത. ഇവ ചൈത്യജാലകങ്ങള്‍ എന്നറിയപ്പെടുന്നു. ശില്പങ്ങളും ചുവര്‍ ചിത്രങ്ങളും കൊണ്ട് അലങ്കരിക്കപ്പെട്ടവയാണ് ഈ ആരാധനാലയങ്ങളെല്ലാം.

ഭാജിയിലെ ഗുഹാക്ഷേത്രം, ബാറബര്‍ മലകളിലെ സുദാമ, ലോമാംശഋഷി തുടങ്ങിയവയാണ് ഏറെ പഴക്കം ചെന്ന ചൈത്യഗുഹകള്‍. ഒട്ടുമിക്ക ചൈത്യങ്ങളും ഭാരതത്തിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളിലാണ് കാണുന്നത്. ദക്ഷിണഭാരതത്തില്‍ ആന്ധ്രയില്‍ ഏതാനും ചൈത്യഗുഹങ്ങളുണ്ട്. ബി.സി. 2-ാം ശ.-നു എ.ഡി. 8-ാം ശ.-നു മിടയ്ക്കാണ് ഏതാണ്ട് എല്ലാ ചൈത്യങ്ങളും ഉണ്ടാക്കിയിട്ടുള്ളതെന്ന് അനുമാനിക്കപ്പെടുന്നു. അശോകന്റെ കാലത്താണ് ചൈത്യഗുഹാനിര്‍മാണം ഊര്‍ജിതമായി നടന്നത്. ഇന്ത്യയില്‍ മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം ചൈത്യഗുഹകളുള്ളത്.

എല്ലാ വിശദാംശങ്ങളുമുള്ള ഒരു മാതൃകാ ചൈത്യഗുഹയാണ് കാര്‍ലെയിലേത്. ജംബുദ്വീപത്തിലെ ഏറ്റവും മികച്ച ഗുഹാക്ഷേത്രം എന്ന് അതിനെ വിശേഷിപ്പിക്കാറുണ്ട്. പൂനെയില്‍ നിന്നും 35 കി.മീ. അകലെയാണ് കാര്‍ലെ. ശാതവാഹനവാസ്തുവിദ്യയുടെ കാന്തിപേറുന്ന 4 ഗുഹകള്‍ ഇവിടെയുണ്ട്. അവയില്‍ ആദ്യത്തേതാണ് ചൈത്യഗുഹ. പ്രവേശന കവാടത്തില്‍ ബുദ്ധന്റെ വിവിധ കര്‍മങ്ങളും ഭാവങ്ങളും അതിമനോഹരമായി ആലേഖനം ചെയ്തിട്ടുണ്ട്. അകത്തെ സ്തംഭശീര്‍ഷത്തില്‍ നാലു സിംഹങ്ങളുടെ രൂപം കൊത്തിവച്ചിട്ടുള്ളതാണ് മറ്റൊരു പ്രത്യേകത. അജന്തയിലെ മുപ്പതോളം ഗുഹകളില്‍ 9, 10, 19, 29 എന്നിവ ചൈത്യഗുഹകളാണ്. എല്ലോറയിലേതാണ് ഏറ്റവും ഒടുവില്‍ നിര്‍മിക്കപ്പെട്ട ചൈത്യഗുഹ എന്നു കരുതപ്പെടുന്നു. നോ. അജന്ത, എല്ലോറ, ഗുഹാക്ഷേത്രങ്ങള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍