This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചൈതന്യ മഹാപ്രഭു (1485 - 1534)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചൈതന്യ മഹാപ്രഭു (1485 - 1534)

ഭാരതത്തില്‍ വൈഷ്ണവ പ്രസ്ഥാനത്തിനു ജന്മം നല്കിയ സന്ന്യാസി. 1485-ല്‍ ബംഗാളിലെ നദിയാ ജില്ലയില്‍ ഭാഗീരഥി നദീതീരത്തുള്ള നവദ്വീപില്‍ ഒരു ബ്രാഹ്മണകുടുംബത്തില്‍ ജനിച്ചു. വിശ്വംഭരന്‍ എന്നായിരുന്നു യഥാര്‍ഥ നാമം. അച്ഛന്‍ പണ്ഡിത ജഗന്നാഥമിശ്രന്‍, അമ്മ ശചീദേവി. ഇവരുടെ പത്താമത്തെ സന്താനമാണ് ചൈതന്യന്‍.

പഠിക്കാന്‍ അതിസമര്‍ഥനായിരുന്ന ചൈതന്യന്‍ സംസ്കൃതത്തില്‍ അഗാധപാണ്ഡിത്യം നേടി. ഭാഗവതം തുടങ്ങിയ വൈഷ്ണവ ഗ്രന്ഥങ്ങള്‍ പഠിച്ചു. ഭഗവദ്ഗീത ഹൃദിസ്ഥമാക്കി. 11-ാമത്തെ വയസ്സില്‍ പിതാവ് അന്തരിച്ചു. 14-ാമത്തെ വയസ്സില്‍ വിവാഹം കഴിച്ചെങ്കിലും ഏതാനും വര്‍ഷം മാത്രമേ ഈ വിവാഹബന്ധം നിലനിന്നുള്ളൂ. പാമ്പ് കടിയേറ്റു ഭാര്യ മരിച്ചു. അമ്മയുടെ നിര്‍ബന്ധം നിമിത്തം ചൈതന്യന്‍ വീണ്ടും വിവാഹിതനായി.

22-ാമത്തെ വയസ്സില്‍ ചൈതന്യന്‍ ഗയ സന്ദര്‍ശിച്ചു. അവിടെ വച്ച് മാധവഗൗര്യ സമ്പ്രദായത്തില്‍പ്പെട്ട ഒരു സന്ന്യാസി ചൈതന്യനെ കൃഷ്ണഭക്തനാക്കിമാറ്റി. ഒരു പുതിയ മനുഷ്യനായിട്ടാണ് ചൈതന്യന്‍ വീട്ടില്‍ തിരിച്ചെത്തിയത്. തന്റെ സംസ്കൃത ഗ്രന്ഥങ്ങളെല്ലാം ഭദ്രമായി കെട്ടിവച്ച ഇദ്ദേഹം മുഴുവന്‍ സമയവും കൃഷ്ണസേവയ്ക്കായി ഉഴിഞ്ഞുവച്ചു. രണ്ടുവര്‍ഷം കഴിഞ്ഞ് സന്ന്യാസം സ്വീകരിച്ച ചൈതന്യന്‍ ഒറീസയിലെ ജഗന്നാഥക്ഷേത്രത്തിലേക്കു പോയി. അവിടെ താമസിച്ചുകൊണ്ട് വൈഷ്ണവപ്രസ്ഥാനത്തിനു രൂപംനല്‍കി. എല്ലാ ജാതിയിലും മതത്തിലുംപ്പെട്ടവരെ ഇദ്ദേഹം തന്റെ പ്രസ്ഥാനത്തില്‍ ചേര്‍ത്തിരുന്നു. വൈഷ്ണവ സമ്പ്രദായത്തിന്റെ ആദര്‍ശങ്ങള്‍ അവരെ പഠിപ്പിക്കുകയും ചെയ്തു. ഈ കാലഘട്ടത്തിലെ ചൈതന്യന്റെ ജീവിതവുമായി ബന്ധപ്പെട്ടു ധാരാളം അദ്ഭുതകഥകള്‍ പ്രചരിച്ചിട്ടുണ്ട്. നല്ല വെളുപ്പുനിറവും ആത്മപരിശുദ്ധിയും നിമിത്തം അനുയായികള്‍ ഇദ്ദേഹത്തെ മഹാവിഷ്ണുവിന്റെ അവതാരമായി കരുതി. 'മഹാപ്രഭു' എന്ന് അഭിസംബോധന ചെയ്തു.

കൃഷ്ണ കീര്‍ത്തനങ്ങള്‍ മധുരമായി പാടാനുള്ള കഴിവും സംസ്കൃതത്തിലുള്ള പ്രാഗല്ഭ്യവും ആണ് ചൈതന്യന് ധാരാളം അനുയായികളെ ഉണ്ടാക്കിക്കൊടുത്തത്. പാടുന്നതിനിടയില്‍ നൃത്തം ചെയ്യും; പ്രജ്ഞയറ്റു വീഴുന്നതുവരെ ഇതു തുടരും. ബോധം വീഴുമ്പോള്‍ കരയും. പിന്നെയും പാടും. കീര്‍ത്തനം പാടിക്കൊണ്ടു ധാരാളം കൃഷ്ണഘോഷയാത്രകള്‍ ചൈതന്യന്‍ സംഘടിപ്പിച്ചിരുന്നു. ഘോഷയാത്രയ്ക്കുശേഷം നേരം വെളുക്കുവോളം കൃഷ്ണ കഥകള്‍ പറയുകയും പതിവായിരുന്നു.

ജീവിതത്തിന്റെ അവസാനഘട്ടത്തില്‍ ചൈതന്യന്‍ മാനസിക തകര്‍ച്ചയുടെ വക്കില്‍ എത്തിയിരുന്നു. പുരിയിലാണ് ഇദ്ദേഹം തന്റെ അവസാനഘട്ടം ചെലവഴിച്ചത്. ഇടയ്ക്കിടയ്ക്കുണ്ടായ തന്മയാവസ്ഥ (trance) ഇദ്ദേഹത്തെ ഉന്മത്തനാക്കുക തന്നെ ചെയ്തു. പുരിക്കു സമീപം കടലില്‍ കുളിച്ചുകൊണ്ടു നില്ക്കേ ഉന്മാദാവസ്ഥയില്‍ വെള്ളത്തില്‍ വീണാണ് അന്ത്യം ഉണ്ടായത് (1534). മൃതശരീരം പുരിക്കു സമീപമുള്ള ഒരു ക്ഷേത്രത്തില്‍ സംസ്കരിച്ചു. നോ. ചൈതന്യ പ്രസ്ഥാനം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍