This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചൈതന്യ പ്രസ്ഥാനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചൈതന്യ പ്രസ്ഥാനം

ചൈതന്യ മഹാപ്രഭു ഭാരതത്തില്‍ ആരംഭിച്ച ഭക്തിപ്രസ്ഥാനം. വൈഷ്ണവ പ്രസ്ഥാനം എന്നും ഇതു അറിയപ്പെടുന്നു. ബ്രാഹ്മണര്‍, ക്ഷത്രിയര്‍, മുസ്ലിങ്ങള്‍, ശൂദ്രന്മാര്‍ തുടങ്ങിയവര്‍ മുതല്‍ തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും വരെ ചൈതന്യന്റെ ഭക്തിപ്രസ്ഥാനത്തില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്നു. ഈ പ്രസ്ഥാനത്തിന്റെ ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി ഭാരതത്തിന്റെ തെക്കേ അറ്റം മുതല്‍ വടക്കേ അറ്റംവരെ ചൈതന്യന്‍ സഞ്ചരിക്കുകയും വൈഷ്ണവാദര്‍ശങ്ങള്‍ ജനങ്ങള്‍ക്ക് ഉപദേശിക്കുകയും ചെയ്തു.

സൃഷ്ടി, സ്ഥിതി, സംഹാരത്തിനു കാരണഭൂതന്‍ ശ്രീകൃഷ്ണനാണ് എന്ന വിശ്വാസമാണ് ചൈതന്യപ്രസ്ഥാനത്തിന്റെ അടിസ്ഥാനശില. അതിനാല്‍ രാധയോടും കൃഷ്ണനോടുമുള്ള പ്രേമമാണ് ഇവിടെ പ്രധാനം. മറ്റ് ആരാധനാമൂര്‍ത്തികളായ വിഷ്ണു, ശിവന്‍ എന്നിവരൊക്കെ ശ്രീകൃഷ്ണന്റെ തന്നെ അവതാരങ്ങളാണ്. ചൈതന്യന്റെ അഭിമതത്തില്‍ കൃഷ്ണനോടു ഭക്തിയും വിശ്വാസവും പുലര്‍ത്തുന്നതുമൂലം ഉണ്ടാകുന്ന മേന്മ അറിവുനേടുന്നതുകൊണ്ടോ പ്രാര്‍ഥന നടത്തുന്നതുകൊണ്ടോ ദാനാദികര്‍മങ്ങള്‍ ചെയ്യുന്നതുകൊണ്ടോ മാന്യത പുലര്‍ത്തുന്നതുകൊണ്ടോ ഉണ്ടാകുന്നതിനെക്കാള്‍ ശ്രേഷ്ഠമാണ്.

ചൈതന്യപ്രസ്ഥാനക്കാരുടെ വിശ്വാസപ്രകാരം എല്ലാവിധ ആഹ്ളാദത്തിന്റെയും ഉറവിടം കൃഷ്ണനാണ്. മറ്റുള്ളവര്‍ക്ക് ആഹ്ളാദം പകര്‍ന്നുകൊടുത്തുകൊണ്ട് കൃഷ്ണന്‍ സ്വയം ആഹ്ളാദിക്കുന്നു. ഈ ആഹ്ളാദത്തിന്റെ പ്രകടരൂപമാണ് ഗോപികമാരൊത്തുള്ള ലീലകളില്‍ക്കൂടി കൃഷ്ണന്‍ വെളിപ്പെടുത്തുന്നത്. പരസ്പര സ്നേഹത്തില്‍ക്കൂടി അവര്‍ ആഹ്ളാദം കണ്ടെത്തി. അതിനാല്‍ സ്വയം ഒരു ഗോപികയാണെന്നു സങ്കല്പിച്ചുകൊണ്ട് അതേ തീഷ്ണതയോടുകൂടിവേണം കൃഷ്ണനെ ആരാധിക്കുവാന്‍. ആഹ്ളാദം അതിന്റെ പാരമ്യത്തില്‍ ഒരു ഹര്‍ഷോന്മാദമാണ്; മനുഷ്യബന്ധത്തില്‍ ഇതു പ്രേമത്തിന്റെ രൂപത്തിലാണ് അനുഭവപ്പെടുന്നത്. വൈവാഹിക ജീവിതത്തിലും ഇത്തരം ഹര്‍ഷോന്മാദം സാധ്യമാണ്.

വൈകാരിക പ്രകടനങ്ങളും തീവ്രമായ ഭാവാഭിനയങ്ങളുമാണ് ചൈതന്യപ്രസ്ഥാനത്തിന്റെ മുഖ്യ സവിശേഷതകള്‍. കൃഷ്ണന്റെയോ രാധയുടെയോ പേരു കേള്‍ക്കുകയോ അവരുടെ ബിംബങ്ങള്‍ കാണുകയോ ഓടക്കുഴലിന്റെ ശബ്ദം കേള്‍ക്കുകയോ ചെയ്താല്‍ ചൈതന്യന്‍ ഭാവാഭീഷ്ടനാകുമായിരുന്നു. അതിനെപ്പറ്റി ചൈതന്യന്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു: 'കൃഷ്ണന്റെ പേരു പല പ്രാവശ്യം ഉരുവിട്ടാല്‍ മതി, എന്റെ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ഒഴുകും. എന്റെ ശബ്ദം ഇടറും, വാക്കുകള്‍ മുറിയും, വികാരം കൊണ്ടു ഞാന്‍ വീര്‍പ്പു മുട്ടും, എന്റെ ആത്മാവ് ആനന്ദനിര്‍വൃതിയില്‍ ആറാടും, എന്റെ ശരീരം രോമാഞ്ചമണിയും'.

ചൈതന്യ പ്രസ്ഥാനത്തിന്റെ ദര്‍ശനം ദ്വൈതാദ്വൈതം (dualistic non-dualism) ആണ്. ദൈവം ചിന്തയ്ക്ക് അപ്പുറത്താണ്; അവന്‍ സദാ നമുക്ക് ചുറ്റും ഉണ്ടുതാനും. തീയും തീപ്പൊരിയും ഒന്നല്ല, എന്നാല്‍ അവ തമ്മില്‍ വ്യത്യാസമില്ല. ഇതുപോലെയാണ് ദൈവവും മനുഷ്യാത്മാവും തമ്മിലുള്ള ബന്ധം. പാട്ടും നൃത്തവും വഴി ദൈവവും ആത്മാവും തമ്മില്‍ ബന്ധം പുലര്‍ത്താന്‍ കഴിയുമെന്നു ചൈതന്യന്‍ പ്രസ്താവിച്ചു. ശ്രീകൃഷ്ണന്റെയും മറ്റു ദൈവങ്ങളുടെയും പേരുകള്‍ ഉരുവിട്ടുകൊണ്ട് സങ്കീര്‍ത്തനം ചൊല്ലുകയായിരുന്നു ചൈതന്യന്റെ ആരാധനാരീതി. ഡോലക് എന്ന താളവാദ്യം, ഒറ്റക്കമ്പിവീണ തുടങ്ങിയ ചില ലഘുസംഗീതോപകരണങ്ങളും കീര്‍ത്തനാലാപന സമയത്ത് ചൈതന്യന്‍ ഉപയോഗിച്ചിരുന്നു.

ചൈതന്യനും അനുയായികളും വേദങ്ങള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും എതിരായിരുന്നു. വേദങ്ങളുടെ പിന്നാലെ പോയതുകൊണ്ടു ദൈവാനുഗ്രഹം സിദ്ധിക്കില്ല എന്ന് അവര്‍ വാദിച്ചു. മോക്ഷപ്രാപ്തി സ്വന്തം സത്തയുടെ നഷ്ടമാണെന്ന വേദാന്തികളുടെയും ശങ്കരന്റെയും സിദ്ധാന്തത്തെ ചൈതന്യപ്രസ്ഥാനക്കാര്‍ നിശിതമായി വിമര്‍ശിച്ചിരുന്നു. ഇവരുടെ അഭിപ്രായത്തില്‍ സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്നവരുടെ ബോധത്തില്‍ ഉളവാകുന്ന അനുഭൂതിയാണ് മോക്ഷം. 'സായൂജ്യം' (loss of identity) എന്ന പദം കേട്ടാല്‍ ഭക്തനു ഭയം ഉണ്ടാകും; അതിനെക്കാള്‍ ഭക്തനു താത്പര്യം നരകത്തോടാണ്. അതുപോലെതന്നെ മുക്തി എന്നു കേട്ടാല്‍ ഭക്തന്റെ മനസ്സില്‍ വെറുപ്പാണുണ്ടാകുക; ഭക്തി (devotion) എന്നു കേട്ടാല്‍ ഭക്തനു സന്തോഷം ഉണ്ടാകും.

ചൈതന്യന്റെ മരണാനന്തരം ചൈതന്യപ്രസ്ഥാനത്തില്‍ പല വിഭാഗങ്ങള്‍ ഉണ്ടായി. ചൈതന്യന്റെ ആറു ശിഷ്യന്മാരുടെ അനുയായികള്‍ ജന്മം കൊടുത്ത ചൈതന്യ ഗോസ്വാമി വിഭാഗമാണ് ഇവയില്‍ പ്രമുഖം. ഈ വിഭാഗമാണ് വൃന്ദാവനത്തിലെ മഹാക്ഷേത്രം നിര്‍മിച്ചത്. കാലക്രമത്തില്‍ ഗോസ്വാമി വിഭാഗത്തിലെ അംഗത്വം പാരമ്പര്യാടിസ്ഥാനത്തിലായി സമ്പത്ത് ധാരാളം ഉണ്ടായിരുന്നതിനാല്‍ ഇവര്‍ അലസരും പരാശ്രയരുമായി അധഃപതിച്ചു. ചൈതന്യന്റെ ഉപദേശത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ച ഇവര്‍ക്ക് ദീര്‍ഘവീക്ഷണമോ ആത്മീയതയോ ഉണ്ടായിരുന്നില്ല. ചൈതന്യന്‍ ജാതിമതഭേദമില്ലാത്ത ഒരു സമൂഹമാണ് വിഭാവനം ചെയ്തത്. എന്നാല്‍ ഗോസ്വാമി വിഭാഗക്കാര്‍ അടിയുറച്ച ജാതി വിശ്വാസികളായി മാറുകയാണുണ്ടായത്. ഇപ്പോള്‍ രണ്ടു പ്രബലഗോസ്വാമിവിഭാഗങ്ങള്‍ ഉണ്ട്. ഇതില്‍ ഒരു വിഭാഗം ചൈതന്യന്റെ മുഖ്യശിഷ്യനായ നിത്യാനന്ദന്റെ അനുയായികളും മറ്റേ വിഭാഗം ചൈതന്യന്റെ മറ്റൊരു ശിഷ്യനായ അദ്വൈതാനന്ദന്റെ അനുയായികളുമാണ്. ഈ രണ്ടു വിഭാഗക്കാരും ബ്രാഹ്മണരാണെങ്കിലും ഇവരുടെ പൂര്‍വികര്‍ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്നവരായതുകൊണ്ട് ഇവര്‍ തമ്മില്‍ വിവാഹബന്ധം പതിവില്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍