This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചേസ്, സാമണ്‍ പോര്‍ട്ട്ലാന്‍ഡ് (1803 - 73)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചേസ്, സാമണ്‍ പോര്‍ട്ട്ലാന്‍ഡ് (1803 - 73)

Chase, Salmon Portland

യു.എസ്. രാജ്യതന്ത്രജ്ഞന്‍. ന്യൂ ഹാംപ്ഷെയറിലെ കോര്‍ണിഷില്‍ ഒരു കൃഷീവലപുത്രനായി 1803-ല്‍ ജനിച്ചു. 1826-ല്‍ ഡാര്‍ട്ട്മത്ത് കോളജില്‍ ബിരുദപഠനവും വാഷിങ്ടണില്‍ നിയമപഠനവും പൂര്‍ത്തിയാക്കിയ ചേസ് നിയമപരിശീലനത്തിനായി 1830-ല്‍ സിന്‍ സിനാറ്റിയില്‍ സ്ഥിരതാമസമാക്കി. തുടര്‍ന്ന് അടിമത്തത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും ചെയ്തു.

സാമണ്‍ പോര്‍ട്ട് ലാന്‍ഡ് ചേസ്

1849-ല്‍ ചേസ് യു.എസ്. സെനറ്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 1854-ലാണ് ഇദ്ദേഹം ന്യൂ റിപ്പബ്ലിക്കിന്‍ പാര്‍ട്ടിയിലംഗമായത്. ചേസിനെ ഒഹായോയിലെ ആദ്യത്തെ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ആയി തിരഞ്ഞെടുത്തു (1856-60). 1861 മുതല്‍ 64 വരെ എബ്രഹാം ലിങ്കന്റെ മന്ത്രിസഭയില്‍ ധനകാര്യസെക്രട്ടറി ആയിരുന്ന ചേസ് അഭ്യന്തരയുദ്ധസമയത്ത് രാജ്യത്തിന്റെ സമ്പത്തിനെ കാര്യക്ഷമമായും അര്‍പ്പണബോധത്തോടുകൂടിയും കൈകാര്യം ചെയ്യുകയുണ്ടായി. ദേശീയ ബാങ്കിങ് സമ്പ്രദായം ഏര്‍പ്പെടുത്തിയതും ട്രഷറിനോട്ടുകള്‍ പ്രചാരത്തിലായതും ഇദ്ദേഹത്തിന്റെ കാലത്താണ്. എന്നാല്‍ ആഭ്യന്തരയുദ്ധത്തെത്തുടര്‍ന്നുണ്ടായ പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ഇദ്ദേഹത്തിനായില്ല. മുമ്പ് അടിമകളായിരുന്നവര്‍ക്ക് പൗരത്വം ലഭിക്കുമാറായ 14-ാം ഭരണഘടനാഭേദഗതി വരുത്തിയത് ചേസാണ്. 1864-ല്‍ ലിങ്കനുമായുണ്ടായ നയപരമായ അഭിപ്രായവ്യത്യാസങ്ങള്‍മൂലം ചേസ് സെക്രട്ടറി പദം രാജിവച്ചു. എങ്കിലും ചേസിന്റെ കഴിവുകളെ മാനിച്ച എബ്രഹാം ലിങ്കന്‍ ഇദ്ദേഹത്തെ അതേവര്‍ഷം തന്നെ യു.എസ്സിലെ ആറാമത്തെ ചീഫ് ജസ്റ്റിസായി നിയമിച്ചു. 1868-ല്‍ മുന്‍ പ്രസിഡന്റായിരുന്ന ആന്‍ഡ്രൂ ജോണ്‍സന്റെ കുറ്റവിചാരണയിലെ വിധികര്‍ത്താവും ചേസായിരുന്നു.

യു.എസ്. പ്രസിഡന്റുപദം നേടുക എന്ന ജീവിതാഭിലാഷം സാക്ഷാത്കരിക്കാന്‍ ചേസിനായില്ല. 1856, 60, 64, 68, 72 എന്നീ വര്‍ഷങ്ങളിലെ അഞ്ചു പ്രസിഡന്റു തിരഞ്ഞെടുപ്പുകളിലും മത്സരിച്ചെങ്കിലും വിജയിച്ചില്ല. 1873 മേയ് 7-ന് ന്യൂയോര്‍ക്ക് സിറ്റിയില്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍