This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചേറ്റുവാ അഴിമുഖം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചേറ്റുവാ അഴിമുഖം

തൃശൂര്‍ ജില്ലയിലെ ചാവക്കാടിന് 8 കി.മീ. തെക്കായി സ്ഥിതി ചെയ്യുന്ന അഴിമുഖപ്രദേശം. ചാവക്കാട് താലൂക്കിലുള്‍പ്പെട്ടതാണ് ഇത്. ചേറ്റുവാ നദിയും ചേര്‍ന്നുകിടക്കുന്ന കായലും കടലുമായി ചേരുന്ന അഴിമുഖമാണ് ചേറ്റുവാ. ഇത് ചേറ്റുവാ മണപ്പുറം എന്നുമറിയപ്പെടുന്നു. വിദേശികളില്‍ ഡച്ചുകാരാണ് ആദ്യമായി ഇവിടെ വാസമുറപ്പിച്ചത്. 1691-ല്‍ ഇവര്‍ ഇംഗ്ലീഷുകാര്‍ക്കായി അഴിമുഖം വിട്ടുകൊടുത്തു. 1714-ല്‍ ഡച്ചുകാര്‍ കൈവശാവകാശവാദവുമായി തിരിച്ചുവന്നെങ്കിലും സാമൂതിരിയുടെ പട്ടാളം അവരെ തുരത്തിയോടിച്ചു. 1717-ഓടെ മാത്രമേ തങ്ങളുടെ ആധിപത്യം ചേറ്റുവായില്‍ പുനഃസ്ഥാപിക്കുവാന്‍ ഡച്ചുകാര്‍ക്ക് കഴിഞ്ഞുള്ളൂ. എങ്ങണ്ടിയൂര്‍ അംശത്തിലുള്ള ഡച്ച് കോട്ട ഫോര്‍ട്ട് വില്യം എന്നറിയപ്പെടുന്നു. ഈ കോട്ടയിലെ ആദ്യത്തെ കമാന്‍ഡന്റ് ആയിരുന്ന ഹീര്‍ വില്ഹെല്‍മ് ബ്ളാസറിന്റെ സ്മരണയ്ക്കായി പണിതുയര്‍ത്തിയ സ്മാരകം ചാവക്കാട് താലൂക്കാഫീസ് വളപ്പില്‍ സ്ഥിതിചെയ്യുന്നു. ഇത് ഇന്ന് സംരക്ഷിത സ്മാരകമാണ്. 1740-ല്‍ ഫ്രഞ്ചുകാര്‍ ഇവിടം കീഴടക്കാന്‍ ഒരു വിഫലശ്രമം നടത്തി. തുടര്‍ന്നുള്ള 50 വര്‍ഷങ്ങളിലും അവര്‍ ആ ശ്രമങ്ങള്‍ തുടര്‍ന്നെങ്കിലും അവയൊന്നും തന്നെ ഫലപ്രാപ്തിയെത്തിയില്ല. 1790-ല്‍ മൈസൂര്‍ സുല്‍ത്താന്മാരുടെ ഭരണത്തിലിരുന്ന ഈ പ്രദേശം കേണല്‍ മാര്‍ട്ട്ലിയുടെ നേതൃത്വത്തിലുള്ള ഫ്രഞ്ച് സൈന്യം പിടിച്ചെടുത്തു. ഹൈദരാലി, ടിപ്പു സുല്‍ത്താന്‍ എന്നിവരടങ്ങുന്ന മൈസൂര്‍ സൈന്യവും ഡച്ചുകാരുമായുള്ള കനത്ത പോരാട്ടത്തിന് ചേറ്റുവാ സാക്ഷ്യം വഹിച്ചിട്ടുണ്ട്. 20-ാം ശതകത്തിന്റെ ആരംഭത്തില്‍ വ്യാവസായിക പ്രാധാന്യമുണ്ടായിരുന്ന ഈ പ്രദേശത്തിന്റെ പ്രാമുഖ്യം ഇപ്പോള്‍ നഷ്ടപ്രായമായിരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍