This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചേര്‍ത്തല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചേര്‍ത്തല

Cherthala

കേരളത്തില്‍ ആലപ്പുഴ ജില്ലയിലുള്ള ഒരു താലൂക്കും അതിന്റെ ആസ്ഥാനപട്ടണവും.

ചേര്‍ത്തല ഭഗവതിക്ഷേത്രം

ചേര്‍ത്തലയിലുള്ള പ്രശസ്തമായ ഭഗവതിക്ഷേത്രമാണ് ഈ പ്രദേശത്തിന്റെ പ്രസിദ്ധിക്കു കാരണം. ഇവിടത്തെ ഭഗവതിയെ പ്രതിഷ്ഠിച്ചത് വില്വമംഗലം സ്വാമിയാണെന്നാണ് വിശ്വാസം. ഊഞ്ഞാലാടിക്കൊണ്ടിരുന്ന ദേവിയുടെ ദര്‍ശനം സ്വാമിക്കുണ്ടായെന്നും തന്നില്‍ നിന്നും അകന്നുമാറി പൊയ്ക്കൊണ്ടിരുന്ന ദേവിയെ സ്വാമി വിടാതെ പിന്തുടര്‍ന്നുവെന്നും യാത്രയ്ക്കിടയില്‍ ദേവി തുടര്‍ച്ചയായി മുങ്ങിക്കയറിയ ഏഴു തടാകങ്ങളില്‍ ഏഴാമത്തെ തടാകത്തില്‍ ഇപ്പോഴത്തെ ക്ഷേത്രം നിലകൊള്ളുന്നു എന്നുമാണ് ഐതിഹ്യം.

ചേര്‍ത്തല ഭഗവതി ക്ഷേത്രത്തിലെ ഉത്സവം എല്ലാവര്‍ഷവും മീനമാസത്തിലാണ് നടക്കുന്നത്. എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവത്തില്‍ കൊടിയേറ്റം കഴിഞ്ഞാലുടനുള്ള നാലു ദിവസങ്ങളില്‍ തുടര്‍ച്ചയായി താലപ്പൊലിയുണ്ടാകും. കരയിലെ എല്ലാവീടുകളില്‍ നിന്നും ഒരു സ്ത്രീയെങ്കിലും പ്രായഭേദമെന്യേ ഇതില്‍ പങ്കുകൊള്ളുന്നു. മനോഹരമായി വേഷഭൂഷകളണിഞ്ഞെത്തുന്ന സ്ത്രീകള്‍ താലങ്ങളില്‍ കത്തിച്ച വിളക്കിനു ചുറ്റും അരി, നെല്ല്, കമുകിന്‍പൂവ് എന്നിവ നിരത്തി, വരിയായി നില്ക്കുന്നു. വിളക്കും അഷ്ടമംഗല്യവുമായി നില്ക്കുന്ന പുരുഷന്മാരാണ് ഇവരെ ക്ഷേത്രത്തിലേക്കു നയിക്കുന്നത്. ഭക്തര്‍ കുരവയും ആര്‍പ്പുമിട്ട് താലപ്പൊലിയെ വരവേല്ക്കുന്നു, അമ്പലനടയിലെത്തുന്ന ഈ ഘോഷയാത്ര പല തവണ ക്ഷേത്രത്തെ പ്രദക്ഷിണം വച്ചശേഷം താലത്തിലുള്ള സാധനങ്ങളെല്ലാം പ്രവേശനകവാടത്തില്‍ വിരിച്ചിട്ടുള്ള ഒരു പായയില്‍ സൂക്ഷിക്കുന്നു.

നാലാം താലപ്പൊലി ദിവസത്തിനുശേഷം വരുന്ന മകയിരം നാളിലാണ് കൊടിയേറ്റ്. സാധാരണ എല്ലാ ക്ഷേത്രങ്ങളിലും ഉത്സവത്തിന്റെ അവസാനദിവസമാണ് ആറാട്ടു നടക്കുന്നത്. എന്നാല്‍ ഇവിടത്തെ ഉത്സവത്തിന് എല്ലാ ദിവസവും ആറാട്ടുണ്ടാകും. ഇതില്‍ ആദ്യത്തേതും അവസാനത്തേതുമായ ദിവസങ്ങളിലൊഴികെ മറ്റെല്ലാദിവസങ്ങളിലും രണ്ടുപ്രാവശ്യം വീതമാണ് ആറാട്ട്. ഘോഷയാത്രയോടുകൂടി എഴുന്നള്ളിക്കുന്ന ബിംബം ഒരു കി.മീ. ചുറ്റളവിലുള്ള ഏഴു കുളങ്ങളില്‍ ഒന്നിലേക്ക് ആറാട്ടിനായി കൊണ്ടുപോകുന്നു.

ആയില്യം നാളിലായി വരുന്ന അഞ്ചാം ദിവസം മുതല്‍ക്ക് അതതു സ്ഥാനത്ത് കെട്ടുകാഴ്ചകള്‍ സ്ഥാപിക്കുന്നു. ഭീമന്‍, അന്നം എന്നിവയ്ക്കാണ് കെട്ടുകാഴ്ചയില്‍ പ്രാധാന്യം. പുരാണകഥപാത്രങ്ങളുടെ മാതൃകയിലാണ് മിക്കവാറും രൂപങ്ങളുണ്ടാക്കുന്നത്. ശകടം എന്നറിയപ്പെടുന്ന നാലു ചക്രങ്ങളുള്ള രഥങ്ങളില്‍ ഈ രൂപങ്ങള്‍ അമ്പലത്തിലേക്ക് വലിച്ചുകൊണ്ടുവരുന്നു. രാത്രിയില്‍ കരക്കാരുടെ വകയായി ഘോഷയാത്രയുണ്ടാകും. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടുകൂടിയുള്ള ഈ ഘോഷയാത്ര അങ്ങാടിയില്‍ നിന്നും തുടങ്ങി അമ്പലപരിസരത്തവസാനിക്കുന്നു. അസുരന്മാരുടെ മേല്‍ ദേവന്മാര്‍ക്കുണ്ടായ വിജയത്തിന്റെ ആഘോഷമായ 'പടയണി' ആറാട്ടിനും ശീവേലിക്കും ശേഷം നടക്കുന്നു. കരക്കാരുടെ നൃത്തവും തപ്പുമേളവും കഴിഞ്ഞ് ചെണ്ടമേളമുണ്ടായിരിക്കും. 'വെടിക്കെട്ട്' അവസാനത്തെ ഇനമാണ്.

ഈ ക്ഷേത്രത്തിലെ മറ്റൊരു പ്രധാനപ്പെട്ട ആചാരമാണ് വേലതുള്ളല്‍. ചെറുവരക്കാര്‍ ബ്രഹ്മാവിന്റെ വാഹനമായ അരയന്നങ്ങളെയും കൊണ്ട് അമ്പലത്തെ വലംവച്ച് ദേവിയെ വന്ദിക്കുന്നു. ആറാം ദിവസം വേല തുടങ്ങുന്നതിനുമുമ്പുള്ള ഗംഭീരമായ ഘോഷയാത്ര മുഖ്യമായും കൊച്ചിക്കാരുടേതായാണ് കരുതപ്പെടുന്നത്. പടിഞ്ഞാറേ നടയില്‍ക്കൂടി അമ്പലത്തില്‍ പ്രവേശിക്കുന്ന ഇവര്‍ ക്ഷേത്രത്തിന് ഒരു വലംവച്ച് വേലയില്‍ പങ്കുകൊള്ളുന്നു. കരപ്പുറം തിരുവിതാംകൂറിനു കൈമാറിയശേഷം 'അന്നങ്ങള്‍' തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലായി, ഉച്ചയ്ക്ക് രണ്ടു മണിക്കു തുടങ്ങുന്ന വേലയില്‍ കൊച്ചിക്കാര്‍ക്കു പകരം വടക്കന്‍കരക്കാര്‍ പങ്കെടുക്കാനും തുടങ്ങി. ക്ഷേത്രത്തിലെത്തുന്ന അന്നങ്ങളില്‍ ആദ്യത്തേത് പാറ്റിയവീട്ടില്‍ പണിക്കരുടേതാണ്. പ്രതിഷ്ഠാദിനമായ 7-ാം ദിവസമാണ് പൂരം. പൂരം അവസാനിക്കുന്നതോടുകൂടി അന്നങ്ങളെയും ഭീമന്മാരെയും ക്ഷേത്രപരിസരത്തുനിന്നും മാറ്റുന്നു. 'ആറാട്ട്' പിറ്റേദിവസം വൈകുന്നേരമാണ്. ദേവീവിഗ്രഹത്തിനിരുപുറവുമായി ശിവനെയും വിഷ്ണുവിനെയും എഴുന്നള്ളിച്ച് 'പള്ളിക്കുളം' വരെ പോകുന്ന ഈ ഘോഷയാത്ര നയനമനോഹരമാണ്. പ്രധാന വഴിപാട് 'തടി' എന്ന പേരിലറിയപ്പെടുന്നു. അരി, ശര്‍ക്കര, തേങ്ങ എന്നിവ ചേര്‍ത്ത് ഒരു പ്രത്യേക രീതിയിലാണ് ഇതുണ്ടാക്കുന്നത്.

ഭഗവതിക്ഷേത്രത്തെ കൂടാതെ ഒരു പ്രശസ്ത കത്തോലിക്കാസിറിയന്‍ പള്ളിയും ചേര്‍ത്തലയിലുണ്ട്. വിശുദ്ധ മേരിക്കായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഈ പള്ളി മുട്ടം എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു. ജനു. 21-നാണ് ഇവിടത്തെ പെരുന്നാള്‍. നാട്ടിന്റെ നാനാഭാഗത്തുനിന്നും ആളുകള്‍ ജാതിമതഭേദമെന്യേ ഇതില്‍ പങ്കെടുക്കുന്നു.

ധന്വന്തരി ക്ഷേത്രം ചേര്‍ത്തല ടൌണിന്റെ പ്രധാനഭാഗത്ത് ആലപ്പുഴ നഗരത്തില്‍ നിന്നും 20 കിലോമീറ്ററോളം മാറി ആലപ്പുഴ ചേര്‍ത്തല റോഡില്‍ സ്ഥിതിചെയ്യുന്നു. ധന്വന്തരിക്കായി സമര്‍പ്പിച്ചിട്ടുള്ള വളരെ കുറച്ചു ക്ഷേത്രങ്ങളില്‍ ഒന്നാണിത്. എന്‍.എസ്.എസ്സിന്റെ കീഴില്‍ വരുന്ന ഈ ക്ഷേത്രം ആലപ്പുഴ ജില്ലയിലെ തന്നെ ഒരു പ്രധാന ക്ഷേത്രമാണ്. 'മരുതൂര്‍വട്ടം' എന്ന സ്ഥലത്തിന്റെ പേരുതന്നെ മരുന്നൊരുവട്ടം എന്ന വാക്കില്‍ നിന്നുദ്ഭവിച്ചതായാണ് വിശ്വാസം. തുലാം, കുഭം, കര്‍ക്കടകം എന്നീ മാസങ്ങളില്‍ ഈ ക്ഷേത്രത്തില്‍ നിന്നു കിട്ടുന്ന 'തലയ്ക്കരി' എല്ലാ അസുഖങ്ങള്‍ക്കുമുള്ള ഒറ്റമൂലിയാണെന്നു കരുതപ്പെടുന്നു.

1953-ലാണ് ചേര്‍ത്തല മുനിസിപ്പാലിറ്റി സ്ഥാപിതമായത്. സെന്റ് മൈക്കിള്‍സ് കോളജ്, എസ്.എന്‍ കോളജ്, എന്‍.എസ്.എസ്. കോളജ് (പള്ളിപ്പുറം), ശ്രീ ശങ്കരാചാര്യസംസ്കൃത സര്‍വകലാശാലയുടെ പ്രാദേശിക കേന്ദ്രം എന്നിവ ഉള്‍പ്പെടെ നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ചേര്‍ത്തല താലൂക്കിലുണ്ട്. ചേര്‍ത്തലയിലെ മണല്‍ സ്ഫടികനിര്‍മാണത്തിനുപയോഗിക്കപ്പെടുന്നതിനാല്‍ സാമ്പത്തിക പ്രാധാന്യമുള്ള പല ഗ്ളാസ് ഫാക്ടറികളും ഇവിടെ രൂപം കൊണ്ടിട്ടുണ്ട്. മക്ഡവല്‍ കമ്പനി, സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള, ഓട്ടോകാസ്റ്റ് ചേര്‍ത്തല എന്നിവയാണ് മറ്റു പ്രധാന വ്യവസായസ്ഥാപനങ്ങള്‍. ചേര്‍ത്തല താലൂക്കാഫീസിനു മുമ്പില്‍, ഒന്നാം ലോകയുദ്ധത്തില്‍ പങ്കെടുത്ത 112 പേരുടെ ഓര്‍മയ്ക്കായി ഒരു 'യുദ്ധസ്മാരകം' പണിതുയര്‍ത്തിയിരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍