This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചേര്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചേര്

അനാകാര്‍ഡിയേസി (Anacardiaceae) സസ്യകുലത്തിലെ സാമാന്യം വലുപ്പമുള്ള ഒരു ഇലകൊഴിയും വൃക്ഷം. ശാസ്ത്രനാമം: സെമികാര്‍പസ് അനാകാര്‍ഡിയം (Semecarpus anacardium) 'അടയാളം', 'ഫലം' എന്നീ അര്‍ഥമുള്ള രണ്ടു ഗ്രീക്കുപദങ്ങളില്‍ നിന്നാണു സെമികാര്‍പസ് എന്നു പേരുണ്ടായത്. അനാകാര്‍ഡിയം എന്ന ലത്തീന്‍പദം ഫലത്തിന്റെ ഹൃദയാകാരത്തെ സൂചിപ്പിക്കുന്നു. ഉത്തര ആസ്റ്റ്രേലിയ, കിഴക്കന്‍ ആര്‍ച്ചിപെലാഗോ, ഇന്ത്യ തുടങ്ങിയ സ്ഥലങ്ങളില്‍ നന്നായി വളരുന്നു. ശാഖാഗ്രങ്ങളില്‍ ഇലകള്‍ കൂട്ടമായി കാണപ്പെടുന്നു.

ഇലകള്‍ക്ക് 18-65 സെ.മീ. നീളവും 5-30 സെ.മീ. വീതിയുമുണ്ട്. പത്രാഗ്രത്തിന് അണ്ഡാകൃതിയാണ്. ഇലകളുടെ ചുവടുഭാഗം വര്‍ത്തുളമോ ഹൃദയാകാരമോ വീതികുറഞ്ഞു പര്‍ണാധാരത്തോടു യോജിച്ചതോ ആയിരിക്കും. ഇലകള്‍ക്ക് 15-25 ജോടി പ്രധാന സിരകളുണ്ട്. മഴക്കാലം അവസാനിക്കുമ്പോഴേക്കും ഇലയുടെ കക്ഷ്യങ്ങളില്‍ നിന്നു ചെറിയ പാനിക്കിളുകളായി ഇളം മഞ്ഞനിറമുള്ള ചെറു പുഷ്പങ്ങളുണ്ടാകുന്നു. അഞ്ചോ ആറോ ബാഹ്യദളങ്ങളുണ്ടായിരിക്കും. ഇവ വളരെ വേഗം കൊഴിഞ്ഞുപോകും. ദളങ്ങള്‍ അഞ്ചോ ആറോ എണ്ണമായിരിക്കും. ആണ്‍ പുഷ്പങ്ങളില്‍ 5-6 കേസരങ്ങളുണ്ടാവും. പെണ്‍ പുഷ്പങ്ങളില്‍ കേസരങ്ങള്‍ ചിലപ്പോള്‍ വളര്‍ച്ചയെത്താത്തവയായിരിക്കും. ഒരു കോശവും മൂന്നു വര്‍ത്തികകളുമുള്ള അണ്ഡാശയമാണ് ഇതിനുള്ളത്. കാറ്റുമൂലം പരാഗണം നടക്കുന്നു 2.5 സെ.മീ. നീളമുള്ള ഡ്രൂപ്പ് ആണ് ഫലം. അണ്ഡാകാരമോ ദീര്‍ഘായതമോ ആയ ഫലങ്ങള്‍ മിനുസമുള്ളതും തിളങ്ങുന്നതും മാംസളവുമായ പുഷ്പാസനത്തില്‍ ഉറപ്പിച്ചിരിക്കുന്നു. കായ്കള്‍ പഴുത്തു പാകമാകുമ്പോള്‍ കറുപ്പു നിറമാകുന്നു. വിത്തുകള്‍ മൂലമാണു പ്രവര്‍ധനം നടത്തുന്നത്.

ചേരിന്റെ കവര്‍പ്പുള്ളതും സാന്ദ്രതയുള്ളതുമായ നീരില്‍ നിന്ന് വാര്‍ണിഷ് ഉണ്ടാക്കുന്നു. ഇതിന്റെ നീര് മനുഷ്യശരീരത്തില്‍ പൊള്ളലുണ്ടാക്കും. കായില്‍ നിന്നു കിട്ടുന്ന ചവര്‍പ്പുള്ള, വീര്യമുള്ള കറ അലക്കുകാര്‍ തുണിക്ക് അടയാളമിടുന്ന മഷിക്കു പകരമായി ഇന്ത്യയില്‍ എല്ലാഭാഗങ്ങളിലും ഉപയോഗിക്കുന്നു. അതിനാല്‍ ഇതിന് 'ഡോബി നട്ട്' എന്നും പേരുണ്ട്. ഇതു പരുത്തിത്തുണികള്‍ക്കു കറുത്തനിറം കൊടുക്കുന്നു. ഈ കറ ഉപയോഗിക്കുന്നതിനു മുമ്പ് ചുണ്ണാമ്പുവെള്ളവുമായി ചേര്‍ത്ത് ഇളക്കണം. ഇതിന്റെ ഫലങ്ങളും ചായമായി ഉപയോഗിക്കുന്നുണ്ട്. ധാരാളം ഔഷധങ്ങളുടെ നിര്‍മാണത്തിനും ഈ ഫലങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. വാതം, കഫം, മൂലക്കുരു, പനി, ട്യൂമര്‍, വിശപ്പില്ലായ്മ, ആസ്ത്മ തുടങ്ങിയ രോഗങ്ങള്‍ക്കെല്ലാം ഇതിന്റെ ഫലത്തില്‍ നിന്നുണ്ടാക്കുന്ന മരുന്നുകള്‍ ഉത്തമമാണ്. ഫലത്തിന്റെ ചാറ് മുടി കറുപ്പിക്കാനുപയോഗിക്കുന്നു. ഫലത്തിന്റെ ചുവട്ടിലുള്ള മാംസളമായ ഭാഗവും പരിപ്പും ഭക്ഷ്യയോഗ്യമാണ്. കായകളുടെയും തടിയുടെയും നീരിന്റെ രാസഘടനയും അതിനെപ്പറ്റിയുള്ള വിശദവിവരങ്ങളും ഇന്നും ഗവേഷണ വിഷയങ്ങളാണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B5%87%E0%B4%B0%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍