This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചേരിചേരാനയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചേരിചേരാനയം

രണ്ടാം ലോകയുദ്ധാനന്തരം പുതുതായി സ്വാതന്ത്ര്യം പ്രാപിച്ച ഏഷ്യന്‍-ആഫ്രിക്കന്‍ രാജ്യങ്ങള്‍ വന്‍ശക്തികള്‍ക്കെതിരെ, തങ്ങളുടെ സാമ്പത്തികവും രാഷ്ട്രീയവുമായ താത്പര്യങ്ങള്‍ പരിരക്ഷിക്കുന്നതിനും വേണ്ടി രൂപം നല്കിയ സ്വതന്ത്രമായ വിദേശനയം. വന്‍ ശക്തികളായ അമേരിക്കയ്ക്കും സോവിയറ്റ് യൂണിയനും ഇടയില്‍ ഉയര്‍ന്നുവന്ന ശീതസമരത്തിന്റെ പശ്ചാത്തലത്തിലാണ് ഇത് ഉടലെടുത്തത്. ചേരിചേരാനയം നിഷ്പക്ഷതയാണെന്നു പലരും തെറ്റിധരിച്ചിട്ടുണ്ട്. എന്നാല്‍ അതു ശരിയല്ലെന്നു ചേരിചേരാപ്രസ്ഥാനത്തിന്റെ മുഖ്യശില്പികളിലൊരാളായ ജവാഹര്‍ലാല്‍ നെഹ്റു വ്യക്തമാക്കിയിരുന്നു.

അന്തര്‍ദേശീയ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുകയും അത്തരം സംഘര്‍ഷങ്ങള്‍ ഉടലെടുക്കുന്നതു തടയുകയും ചെയ്യുകയാണ് ചേരിചേരായ്മയുടെ പ്രധാന കര്‍ത്തവ്യം. പരസ്പരം മത്സരിക്കാനിടയുള്ള വന്‍ശക്തികള്‍ ലോകസമാധാനത്തിനും സുരക്ഷിതത്വത്തിനും നേരെ ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് പുതുതായി സ്വാതന്ത്ര്യം പ്രാപിച്ച മൂന്നാം ലോകരാഷ്ട്രങ്ങള്‍ക്കുള്ള ഉത്കണ്ഠയുടെ പ്രതീകമാണു ചേരിചേരാനയം. സമത്വത്തിലും നീതിയിലും അധിഷ്ഠിതമായ ഒരു ആഗോള രാഷ്ട്രീയ-സാമ്പത്തികക്രമമാണു ചേരിചേരാനയത്തിന്റെ ലക്ഷ്യം. ചേരിചേരാനയം സ്വാശ്രയത്തിനു പ്രാധാന്യം നല്കിക്കൊണ്ടു സാമ്പത്തികരംഗത്തു കൂട്ടായ സ്വാശ്രയത്വം വിഭാവന ചെയ്യുന്നു. അന്തര്‍ദേശീയരംഗത്ത് പരസ്പരാശ്രയത്വത്തിനും സമത്വാധിഷ്ഠിതമായ സഹവര്‍ത്തിത്വത്തിനും പ്രാധാന്യം നല്കുന്ന ചേരിചേരാനയം എല്ലാ തരത്തിലുമുള്ള വിദേശാധിപത്യത്തിനും എതിരാണ്.

1954-ല്‍ ഇന്ത്യ സന്ദര്‍ശിച്ച യൂഗോസ്ളാവിയന്‍ പ്രസിഡന്റ് ജോസഫ് ബ്രോസ് ടിറ്റോ ഇന്ത്യന്‍ പ്രധാനമന്ത്രി നെഹ്റുവുമായി ചേര്‍ന്ന് ചേരിചേരാനയത്തിന്റെ കാലിക പ്രസക്തിയെക്കുറിച്ചു പ്രസ്താവന നടത്തി. 1955 ഏ. മാസത്തില്‍ ബന്ദുങ്ങില്‍ ചേര്‍ന്ന ഏഷ്യന്‍-ആഫ്രിക്കന്‍ രാഷ്ട്രങ്ങളുടെ സമ്മേളനമാണ് ചേരിചേരാപ്രസ്ഥാനത്തിന് ഔപചാരികമായി തുടക്കംകുറിച്ചത്. 23 ഏഷ്യന്‍ രാഷ്ട്രങ്ങളുടെയും 6 ആഫ്രിക്കന്‍ രാഷ്ട്രങ്ങളുടെയും പ്രതിനിധികള്‍ പങ്കെടുത്ത ബന്ദൂങ് സമ്മേളനം അന്താരാഷ്ട്രബന്ധങ്ങളില്‍ വഴിത്തിരിവായിരുന്നു. കൊളോണിയസത്തിനെതിരായി ആഫ്രിക്കന്‍ ജനത നടത്തുന്ന ഐതിഹാസികമായ സ്വാതന്ത്ര്യസമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രസ്തുത സമ്മേളനം കൊളോണിയലിസത്തിനെതിരെ സുശക്തമായ നിലപാട് സ്വീകരിച്ചു. 1956 ജൂലായില്‍ ബ്രായോണില്‍ വച്ച് നെഹ്റു, നാസര്‍, ടിറ്റോ എന്നീ നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ച ചേരിചേരാപ്രസ്ഥാനത്തിന് ആക്കംകൂട്ടി. ചേരിചേരാനയത്തോട് ആഭിമുഖ്യമുള്ള രാഷ്ട്രങ്ങളുടെ ഒരു സമ്മേളനം നടത്തുന്നതിനോടു യോജിപ്പ് പ്രകടിപ്പിച്ച പല ഏഷ്യനാഫ്രിക്കന്‍ രാഷ്ട്ര നേതാക്കളുമായി യൂഗോസ്ളാവിയ ബന്ധപ്പെട്ടു. ഏഷ്യയിലെയും ആഫ്രിക്കയിലെയും 21 വിദേശകാര്യമന്ത്രിമാര്‍ 1961 ജൂണ്‍ 21-ന് കെയ്റോയില്‍ സമ്മേളിച്ച് ചേരിചേരായ്മയുടെ പ്രത്യേകതകള്‍ വ്യക്തമാക്കി. അവ ഇപ്രകാരമാണ്:

(1) രാഷ്ട്രത്തിനു സ്വതന്ത്രമായ വിദേശനയം ഉണ്ടായിരിക്കണം. (2) ദേശീയ സ്വാതന്ത്ര്യസമരങ്ങളെ പിന്താങ്ങുന്ന രാഷ്ട്രമായിരിക്കണം. (3) വന്‍ ശക്തികള്‍ തമ്മിലുള്ള സംഘട്ടനത്തിന്റെ പശ്ചാത്തലത്തില്‍ രൂപീകരിക്കപ്പെട്ട സൈനിക സഖ്യങ്ങളില്‍ രാഷ്ട്രം അംഗമായിരിക്കരുത്. (4) മറ്റു രാഷ്ട്രങ്ങള്‍ക്ക് സൈനികത്താവളം അനുവദിക്കരുത്.

25 രാഷ്ട്രങ്ങള്‍ പങ്കെടുത്ത ചേരിചേരാ രാഷ്ട്രങ്ങളുടെ പ്രഥമ ഉച്ചകോടി 1961 സെപ്.1 മുതല്‍ 6 വരെ ബല്‍ഗ്രേഡില്‍ ചേര്‍ന്നു. കെയ്റോ സമ്മേളനം അംഗീകരിച്ച മാനദണ്ഡങ്ങള്‍ സ്വീകരിച്ച രാഷ്ട്രങ്ങള്‍ക്കു മാത്രമാണ് ആദ്യ ഉച്ചകോടിയില്‍ അംഗത്വം നല്കിയത്. യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും 5 രാജ്യങ്ങള്‍ കൂടി സമ്മേളനത്തില്‍ പങ്കെടുത്തു. ചേരിചേരായ്മയുടെ ലക്ഷ്യങ്ങളും കര്‍ത്തവ്യങ്ങളും വ്യക്തമായി നിര്‍വചിച്ച പ്രസ്തുത ഉച്ചകോടി വന്‍ശക്തികളുടെ നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുള്ള സൈനിക സഖ്യങ്ങളില്‍ ചേരാതിരിക്കുകയാണു ചേരിചേരായ്മയുടെ അടിസ്ഥാനതത്ത്വമെന്നു പ്രഖ്യാപിച്ചു. പ്രഥമ ഉച്ചകോടി കൈക്കൊണ്ട നാലു സുപ്രധാന തീരുമാനങ്ങള്‍ ഇവയാണ്:

1. ശീതസമരം യഥാര്‍ഥ യുദ്ധമായി മാറാനുള്ള അപകടസാധ്യത ഒഴിവാക്കുന്നതിനുവേണ്ടി വിവിധ സാമൂഹിക-സാമ്പത്തിക ഘടനകളുള്ള രാജ്യങ്ങള്‍ക്കിടയില്‍ സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെ പ്രായോഗിക പരിശീലനവും അതിന്റെ ഏറ്റെടുക്കലും നടത്തുന്നതിന്റെ ആവശ്യകത.

2. പുതുതായി സ്വാതന്ത്ര്യം പ്രാപിച്ച രാഷ്ട്രങ്ങളുടെ പുരോഗതി ഉറപ്പാക്കിക്കൊണ്ട് ഭൗതിക-സാംസ്കാരിക രംഗങ്ങളിലുള്ള അന്താരാഷ്ട്ര സഹകരണ വ്യാപനം.

3. കൊളോണിയലിസത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും അനന്തരഫലമായി രൂപംകൊണ്ട സാമ്പത്തിക-അസന്തുലിതാവസ്ഥയുടെ ഉന്മൂലനം.

4. വ്യത്യസ്ത സാമൂഹിക വ്യവസ്ഥകളുടെ ഫലമായി ഉടലെടുത്ത പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കല്‍.

ചേരിചേരാരാഷ്ട്രങ്ങളുടെ ഒന്നാം ഉച്ചകോടിയും സമ്മേളനം മുന്നോട്ടുവച്ച തീരുമാനങ്ങളും അന്താരാഷ്ട്രബന്ധങ്ങളില്‍ പുതിയ വഴിത്തിരിവുകള്‍ സൃഷ്ടിക്കുകയും ശാക്തികചേരികള്‍ തമ്മിലുള്ള മനോഭാവത്തിന് അയവു വരുത്തുകയും ഉണ്ടായി. നിരായുധീകരണത്തിന്റെ മുന്നോടിയായി 1963-ല്‍ മോസ്കോയില്‍ 'ഭാഗിക നിരായുധീകരണക്കരാര്‍' നിലവില്‍ വന്നു.

ചേരിചേരാപ്രസ്ഥാനത്തിന്റെ അടിസ്ഥാനതത്ത്വങ്ങള്‍. ബന്ദൂങ് സമ്മേളനം കൈക്കൊണ്ടതും ബല്‍ഗ്രേഡില്‍ ചേര്‍ന്ന ഒന്നാം ഉച്ചകോടി അംഗീകരിച്ചതും ആയ ചേരിചേരായ്മയുടെ അടിസ്ഥാനതത്ത്വങ്ങള്‍ 'പഞ്ചശീലതത്ത്വങ്ങള്‍' എന്ന പേരില്‍ പ്രസിദ്ധമാണ്. ഇവ:

(1) ചേരിചേരാരാഷ്ട്രങ്ങള്‍ തമ്മില്‍ പ്രാദേശിക സമഗ്രതയെയും (territorial integrity) പരമാധികാരത്തെയും കുറിച്ചുള്ള പരസ്പരധാരണ. (2) പരസ്പര - അനാക്രമണം. (3) പരസ്പരം ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കല്‍. (4) സമത്വവും പരസ്പരനന്മചെയ്യലും. (5) സമാധാനപരമായ സഹവര്‍ത്തിത്വം.

ചേരിചേരാരാഷ്ട്രങ്ങളുടെ രണ്ടാം ഉച്ചകോടി ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോയില്‍ ചേര്‍ന്നു. 47 രാജ്യങ്ങള്‍ പങ്കെടുത്ത പ്രസ്തുത ഉച്ചകോടി 1964 ഒ. 5 മുതല്‍ 10 വരെയായിരുന്നു. സാമ്രാജ്യത്വവും പുത്തന്‍ കൊളോണിയലിസവുമാണ് അന്തര്‍ദേശീയ സംഘര്‍ഷത്തിനു കാരണമെന്ന് ഈ സമ്മേളനം വ്യക്തമാക്കി. മാത്രമല്ല, ചേരിചേരായ്മയുടെ തത്ത്വങ്ങള്‍ മനുഷ്യരാശിയുടെ ഇടയില്‍ സമാധാനവും ക്ഷേമവും പരിപോഷിപ്പിക്കുന്നതിനുള്ള ഒരു നിര്‍ണായകശക്തിയാണെന്ന് ഊന്നിപ്പറയുകയും ചെയ്തു. ലാല്‍ ബഹദൂര്‍ ശാസ്ത്രിയാണ് രണ്ടാം ഉച്ചകോടിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്.

1970-ല്‍ സാംബിയയുടെ തലസ്ഥാനമായ ലുസാക്കയില്‍ ചേര്‍ന്ന മൂന്നാം ഉച്ചകോടിയില്‍ 54 രാഷ്ട്രങ്ങള്‍ പങ്കെടുത്തു. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ് ഇന്ത്യന്‍ പ്രതിനിധിസംഘത്തെ നയിച്ചത്. സമാധാനം, സ്വാതന്ത്ര്യം, വികസനം, സഹകരണം, അന്താരാഷ്ട്രബന്ധങ്ങളിലെ ജനാധിപത്യവത്കരണം മുതലായവയെ സംബന്ധിച്ച വ്യക്തമായ പ്രഖ്യാപനം ഈ സമ്മേളനം നടത്തുകയുണ്ടായി. ഐക്യരാഷ്ട്രങ്ങള്‍, സാമ്പത്തികപുരോഗതി, നിരായുധീകരണം, സമുദ്രാന്തരിക വിഭവങ്ങളുടെ ചൂഷണം, വര്‍ണവിവേചനം, അധിനിവേശ-ഉന്മൂലനം, ദക്ഷിണ റൊഡേഷ്യ, സൈപ്രസ്. പശ്ചിമേഷ്യ, ഇന്തോചൈന എന്നിവിടങ്ങളിലെ അവസ്ഥകള്‍ തുടങ്ങിയവയെക്കുറിച്ചും അഭിപ്രായങ്ങള്‍ കൈക്കൊണ്ടു. ഈ സമ്മേളനത്തില്‍ 11 നിരീക്ഷകര്‍ പങ്കെടുത്തിരുന്നു.

ചേരിചേരാ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ ഒരു നാഴികക്കല്ലായി തീര്‍ന്ന നാലാം ഉച്ചകോടി 1973-ല്‍ അള്‍ജിയേഴ്സിലാണ് ചേര്‍ന്നത്. 75 രാഷ്ട്രങ്ങള്‍ പങ്കെടുത്ത പ്രസ്തുത സമ്മേളനത്തില്‍ 24 നിരീക്ഷകര്‍ ഉണ്ടായിരുന്നു. ഇന്ത്യന്‍ പ്രതിനിധിസംഘത്തെ നയിച്ചത് ഇന്ദിരാഗാന്ധിയാണ്. ചേരിചേരാരാഷ്ട്രങ്ങള്‍ തമ്മിലുള്ള വര്‍ധിച്ച സഹകരണത്തിന് ഈ സമ്മേളനം ഊന്നല്‍ നല്കി. കൊളോണിയലിസത്തിന്റെ പതനത്തെക്കുറിച്ചു ബോധ്യം വന്ന സമ്മേളനം സാമ്രാജ്യത്വത്തിനെതിരെ ജാഗ്രത പുലര്‍ത്തേണ്ടതിന്റെ ആവശ്യകത ഉദ്ബോധിപ്പിച്ചു. ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചനത്തെപ്പറ്റി അഗാധമായ ഉത്കണ്ഠയും സമ്മേളനവും രേഖപ്പെടുത്തി. മാത്രമല്ല, കൊളോണിയലിസവും ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചനം അവസാനിപ്പിക്കുന്നതില്‍ ചേരിചേരാരാഷ്ട്രങ്ങള്‍ക്കുള്ള പ്രതിജ്ഞാബദ്ധതയും അസന്ദിഗ്ധമായ രീതിയില്‍ വ്യക്തമാക്കി.

1976-ല്‍ ആഗ.-ല്‍ ശ്രീലങ്കാതലസ്ഥാനമായ കൊളംബോയില്‍ ചേരിചേരാരാഷ്ട്രങ്ങളുടെ അഞ്ചാം ഉച്ചകോടി ചേര്‍ന്നു. ഇതില്‍ 86 അംഗരാഷ്ട്രങ്ങളും 10 നിരീക്ഷകരാഷ്ട്രങ്ങളും 12 നിരീക്ഷക സംഘടനകളും 7 പ്രതിനിധി സംഘങ്ങളും പങ്കെടുക്കുകയുണ്ടായി. അഞ്ചാം ഉച്ചകോടിയിലും ഇന്ത്യന്‍ പ്രതിനിധി സംഘ നേതാവ് ഇന്ദിരാഗാന്ധിയായിരുന്നു. കൊളംബോ ഉച്ചകോടിക്കു മുമ്പായി 1976-ല്‍ത്തന്നെ ചേരിചേരാരാഷ്ട്രങ്ങളുടെ രണ്ടു സുപ്രധാന സമ്മേളനങ്ങള്‍ ചേര്‍ന്നിരുന്നു. ഇവയില്‍ ചേരിചേരായ്മയുടെ വിശ്വാസ്യതയും ചേരിചേരാരാഷ്ട്രങ്ങള്‍ക്കിടയിലെ ഐക്യത്തിനും പരസ്പരാശ്രയത്വത്തിനും ലോകകാര്യങ്ങളില്‍ ചെലുത്തുവാന്‍ കഴിയുന്ന സ്വാധീനവും ചര്‍ച്ചചെയ്യപ്പെടുകയുണ്ടായി. 17 രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാര്‍ സംബന്ധിച്ച പ്രഥമ സമ്മേളനം 1976 മേയ് 30 മുതല്‍ ജൂണ്‍ 2 വരെ അള്‍ജിയേഴ്സില്‍ ചേര്‍ന്നു. ചേരിചേരാരാഷ്ട്രങ്ങളിലെ വാര്‍ത്താവിനിമയ മന്ത്രിമാരുടേതായിരുന്നു ദ്വീതീയ സമ്മേളനം. 1976 ജൂല. 8 മുതല്‍ 13 വരെ ഇത് ന്യൂഡല്‍ഹിയിലാണു ചേര്‍ന്നത്. ചേരിചേരാരാഷ്ട്രങ്ങളുടെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹികമേഖലകളുടെ വികസനത്തില്‍ അവഗണിക്കാനാകാത്ത ഒന്നാണ് ദേശീയ വാര്‍ത്താവിനിമയ മാധ്യമത്തിന്റെ വളര്‍ച്ച എന്ന ഈ സമ്മേളനം വ്യക്തമാക്കി.

സാമ്രാജ്യത്വം, കൊളോണിയലിസം, പുത്തന്‍ കൊളോണിയലിസം, വര്‍ണവിവേചനം, സയണിസം തുടങ്ങി എല്ലാത്തരത്തിലുമുള്ള വിദേശാധിപത്യത്തിനും അടിച്ചമര്‍ത്തലിനുമെതിരെ നടന്ന പോരാട്ടങ്ങളില്‍ ചേരിചേരാനയം കൈവരിച്ച നേട്ടങ്ങളെ കൊളംബോ ഉച്ചകോടി പുനഃപരിശോധിക്കുകയും നാലാം ഉച്ചകോടിക്കു ശേഷം ചേരിചേരാരാഷ്ട്രങ്ങള്‍ കൈവരിച്ച നേട്ടങ്ങളെ പ്രകീര്‍ത്തിക്കുകയുമുണ്ടായി. സാമ്രാജ്യത്വത്തിനും കൊളോണിയലിസത്തിനും എതിരെയുള്ള ചേരിചേരാരാഷ്ട്രങ്ങളുടെ ഐക്യദാര്‍ഢ്യത്തെയും പ്രവര്‍ത്തനത്തെയും സമ്മേളനം ശ്ളാഘിച്ചു. ദക്ഷിണാഫ്രിക്കയിലെ പോരാട്ടങ്ങള്‍ക്കു പിന്തുണ പ്രഖ്യാപിക്കുന്നതിനനുയോജ്യമായ നടപടികള്‍ കൈക്കൊള്ളുവാന്‍ ചേരിചേരാ രാഷ്ട്രത്തലവന്മാര്‍ തീരുമാനിച്ചു. ലോകസമാധാനത്തിനും സുരക്ഷിതത്വത്തിനും വേണ്ടിയുള്ള മാനവരാശിയുടെ അന്വേഷണമാണ് ചേരിചേരായ്മയെന്ന് കൊളംബോ ഉച്ചകോടി വ്യക്തമാക്കി.

1979-ല്‍ ക്യൂബന്‍ തലസ്ഥാനമായ ഹവാനയിലായിരുന്നു ആറാം ഉച്ചകോടി സമ്മേളനം. 92 രാഷ്ട്രങ്ങള്‍ പങ്കെടുത്ത പ്രസ്തുത ഉച്ചകോടിയില്‍ വച്ചാണ് സോവിയറ്റ് രാഷ്ട്രങ്ങള്‍ ചേരിചേരാരാഷ്ട്രങ്ങളുടെ സ്വാഭാവിക മിത്രങ്ങളാണെന്ന് ക്യൂബന്‍ പ്രസിഡന്റ് ഫിഡല്‍ കാസ്റ്റ്രോ പ്രഖ്യാപിച്ചത്. ചേരിചേരാരാഷ്ട്രങ്ങളുടെ അംഗസംഖ്യയിലുണ്ടായ വര്‍ധനവിലൂടെ ലോകരാഷ്ട്രങ്ങള്‍ക്ക് ചേരിചേരാപ്രസ്ഥാനത്തോടുള്ള അഭിനിവേശവും ഈ സമ്മേളനത്തില്‍ വ്യക്തമായി. ഈ ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രതിനിധി സംഘ നായകന്‍ വിദേശകാര്യമന്ത്രിയായിരുന്ന എല്‍.എന്‍. മിശ്ര ആയിരുന്നു.

1983-ല്‍ ന്യൂഡല്‍ഹിയില്‍ സമ്മേളിച്ച ഏഴാം ഉച്ചകോടിയുടെ അധ്യക്ഷ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിരുന്നു. പ്രസ്ഥാനത്തെ മധ്യമാര്‍ഗത്തിലൂടെ തിരിച്ചുവിടാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചു. പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം സഖ്യകക്ഷികള്‍, ശത്രുക്കള്‍ തുടങ്ങിയ സങ്കേതങ്ങള്‍ ഉപേക്ഷിച്ചത് ശ്രദ്ധേയമായി. ഈ സമ്മേളനത്തില്‍ വച്ചാണ് ആണവായുധനിയന്ത്രണം സംബന്ധിച്ച് ആറു രാഷ്ട്രങ്ങള്‍ സംയുക്തമായി അഭ്യര്‍ഥന പുറപ്പെടുവിച്ചത്.

1986-ല്‍ എട്ടാം ഉച്ചകോടി സമ്മേളിച്ചത് ഹരാരേയിലായിരുന്നു. ഈ സമ്മേളനത്തില്‍ വച്ച് രാജീവ്ഗാന്ധിയുടെ നേതൃത്വത്തില്‍ ദക്ഷിണാഫ്രിക്കയുടെ സഹായാര്‍ഥം 25 കോടി ഡോളര്‍ മൂലധനമുള്ള ആഫ്രിക്കാ ഫണ്ടിന് രൂപം നല്കുകയും ചെയ്തിരുന്നു. 1989-ല്‍ ബല്‍ഗ്രേഡില്‍ വച്ച് രണ്ടാം തവണ 102 രാഷ്ട്രങ്ങള്‍ പങ്കെടുത്ത ഒമ്പതാം ഉച്ചകോടി സമ്മേളിച്ചു.

1992-ല്‍ ജക്കാര്‍ത്തയില്‍ വച്ചായിരുന്നു 108 രാഷ്ട്രങ്ങള്‍ പങ്കെടുത്ത 10-ാം ഉച്ചകോടി സമ്മേളനം. മനുഷ്യാവകാശ സംരക്ഷണത്തിന്റെ ആവശ്യകത, ശീതയുദ്ധാനന്തര കാലഘട്ടത്തില്‍ ഐക്യരാഷ്ട്രസഭയുടെ പുനഃസംഘടന എന്നീ വിഷയങ്ങളെപ്പറ്റി ഈ സമ്മേളനം സമഗ്രമായി ചര്‍ച്ചചെയ്തു. ആണവായുധങ്ങള്‍ ഭൂമുഖത്തുനിന്നു പൂര്‍ണമായി തുടച്ചുനീക്കണമെന്ന അഭ്യര്‍ഥനയോടുകൂടിയാണ് 1995 ഒക്ടോബറില്‍ കൊളംബിയയിലെ കാര്‍ത്തജീനയില്‍ കൂടിയ 11-ാം ഉച്ചകോടി സമാപിച്ചത്. ഭീകരപ്രവര്‍ത്തനം, ദാരിദ്യ്രം, മയക്കുമരുന്ന് കടത്ത്, പരിസ്ഥിതി നാശം, മനുഷ്യാവകാശലംഘനം എന്നീ വിപത്തുകള്‍ക്കെതിരായി സുശക്തമായ നിലപാട് സ്വീകരിക്കുന്നതാണെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത രാഷ്ട്രത്തലവന്മാര്‍ പ്രതിജ്ഞയെടുത്തു. ഉച്ചകോടിയില്‍ സംബന്ധിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരസിംഹറാവു ചേരിചേരാപ്രസ്ഥാനത്തിന്റെ ആനുകാലിക പ്രസക്തിക്ക് ഊന്നല്‍ നല്കി സംസാരിച്ചു. ഐക്യരാഷ്ട്രസംഘടനയുടെ പുനഃസംവിധാനം 11-ാം ഉച്ചകോടിയിലെ സജീവ ചര്‍ച്ചാവിഷയമായിരുന്നു. പ്രസ്ഥാനത്തിന്റെ പുതിയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട കൊളംബിയന്‍ പ്രസിഡന്റ് എര്‍നെറ്റോ സാമ്പര്‍ റിസാനോ പ്രസ്ഥാനത്തിന്റെ പ്രസക്തിയെ ഇങ്ങനെ വിലയിരുത്തി: 'ശീതസമരം അവസാനിച്ച ശേഷം ചേരിചേരാപ്രസ്ഥാനം തുടരുന്നതില്‍ എന്തര്‍ഥമാണുള്ളതെന്ന് പലരും എന്നോടു ചോദിക്കുകയുണ്ടായി. പ്രസ്ഥാനം തുടരണമെന്നു തന്നെയാണ് എന്റെ വ്യക്തമായ അഭിപ്രായം. ശീതസമരം അവസാനിച്ചുവെങ്കിലും ലോകത്ത് ദാരിദ്യ്രം അവസാനിച്ചിട്ടില്ല; നാം നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടെത്താനോ ഉത്പാദനരംഗം നേരിടുന്ന വെല്ലുവിളികളെ നേരിടാനോ കഴിഞ്ഞിട്ടില്ല'.

രാഷ്ട്രത്തലവന്മാര്‍ ഒത്തു കൂടുന്ന ചേരിചേരാ ഉച്ചകോടിക്കു പുറമേ പ്രസ്ഥാനത്തിന്റെ സംഘടനാപരമായ കാര്യങ്ങള്‍ക്കു നേതൃത്വം നല്കുവാനായി അംഗരാഷ്ട്രങ്ങളുടെ വിദേശകാര്യമന്ത്രിമാരടങ്ങുന്ന ഒരു കോ-ഓര്‍ഡിനേറ്റിങ് ബ്യൂറോ രൂപീകരിച്ചിട്ടുണ്ട്. ഈ ബ്യൂറോ കാലാകാലങ്ങളില്‍ സമ്മേളിച്ച് ഉച്ചകോടിയുടെ അജണ്ട തീരുമാനിക്കുന്നു. ഇതിനും പുറമേ, മൂന്നുവര്‍ഷത്തിലൊരിക്കല്‍ കൂടുന്ന വിദേശകാര്യമന്ത്രിമാരുടെ കോണ്‍ഫറന്‍സ് അന്താരാഷ്ട്ര സംഭവവികാസങ്ങളോടു ചേരിചേരാപ്രസ്ഥാനത്തിന്റെ പൊതുവായ സമീപനം, സംഘടനാപരമായ പ്രശ്നങ്ങള്‍, ഭാവി പരിപാടികള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നുമുണ്ട്.

1961 മുതല്‍ 95 വരെയുള്ള കാലഘട്ടത്തിനുള്ളില്‍ ലോകസമാധാനരംഗത്ത് നിര്‍ണായക സംഭാവനകള്‍ നല്കുവാന്‍ ചേരിചേരാപ്രസ്ഥാനത്തിനു കഴിഞ്ഞു. നിരായുധീകരണരംഗത്ത് ചേരിചേരാപ്രസ്ഥാനത്തിന്റെ സംഭാവനകള്‍ എടുത്തു പറയത്തക്കതാണ്. ഫലപ്രദമായ അന്തര്‍ദേശീയ നിയന്ത്രണത്തിനു വിധേയമായ സമ്പൂര്‍ണനിരായുധീകരണം, പ്രത്യേകിച്ച് ആണവായുധനിരായുധീകരണം കൊണ്ടു മാത്രമേ ലോകസമാധാനവും സുരക്ഷിതത്വവും ഉറപ്പുവരുത്തുവാന്‍ കഴിയുകയുള്ളൂവെന്ന് ലൂസാക്ക, അള്‍ജിയേഴ്സ്, കൊളംബോ എന്നിവിടങ്ങളില്‍ കൂടിയ ഉച്ചകോടി സമ്മേളനങ്ങള്‍ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു.

മനുഷ്യരാശിയുടെ നിലനില്പിന് ഭീഷണി ഉയര്‍ത്തുന്ന ആയുധപ്പന്തയത്തിന് അടിയന്തരമായി വിരാമമിടണമെന്ന് ഡല്‍ഹി ഉച്ചകോടി ലോകരാഷ്ട്രങ്ങളോട് അഭ്യര്‍ഥിക്കുകയുണ്ടായി. യു.എസ്സിന്റെ 'താരയുദ്ധ' പരിപാടിക്ക് ബദലായി ബഹിരാകാശം സമാധാനപരമായ പ്രവര്‍ത്തനങ്ങള്‍ക്കുമാത്രം ഉപയോഗിക്കാനുദ്ദേശിച്ചുള്ള 'താരസമാധാന' പദ്ധതി ചേരിചേരാരാഷ്ട്രങ്ങള്‍ മാനവരാശിയുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചു. ഒപ്പം ആണവായുധവിമുക്തമേഖലകള്‍ കൂടുതലായി സൃഷ്ടിക്കണമെന്നും നിര്‍ദേശിക്കുകയുണ്ടായി. 1974-ല്‍ മധ്യേഷ്യയില്‍ ഒരു ആണവായുധ വിമുക്തമേഖല സൃഷ്ടിക്കണമെന്ന് ചേരിചേരാരാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടു, മൂന്നു പ്രധാന ഉപാധികളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. (1) ഈ മേഖലയിലുള്ള രാഷ്ട്രങ്ങള്‍ ആണവായുധങ്ങള്‍ ഉത്പാദിപ്പിക്കുകയോ സമ്പാദിക്കുകയോ സ്വന്തമാക്കുകയോ ചെയ്യാതിരിക്കുക; (2) ആണവായുധങ്ങള്‍കൈവശമുള്ള രാഷ്ട്രങ്ങള്‍ അവ ഈ മേഖലയില്‍ ഉപയോഗിക്കാതിരിക്കുക; (3) ഈ പ്രദേശമാസകലമുള്ള രാഷ്ട്രങ്ങള്‍ക്കു ബാധകമാകത്തക്കവണ്ണം ഫലപ്രദമായ ആയുധനിയന്ത്രണക്കരാര്‍ ഏര്‍പ്പെടുത്തുക.

ഇന്ത്യന്‍ മഹാസമുദ്രം സമാധാനമേഖലയായി പ്രഖ്യാപിക്കണമെന്നുള്ള പ്രമേയം 1970-ലെ ലുസാക്കാ ഉച്ചകോടിയില്‍ അവതരിപ്പിച്ചെങ്കിലും ഇന്നും അത് ഐക്യരാഷ്ട്രസംഘടനയുടെ അജണ്ടയില്‍ ഒതുങ്ങിയിരിക്കുന്നതേയുള്ളൂ. എന്നാല്‍ അംഗരാഷ്ട്രങ്ങളുടെ സുരക്ഷിതത്വത്തെ ബാധിക്കുന്ന പ്രശ്നങ്ങള്‍ ചേരിചേരാപ്രസ്ഥാനം ഗൗരവമായി കണക്കിലെടുത്തിട്ടുണ്ട്. 1982-ല്‍ ഫാക്ലന്‍ഡില്‍ ബ്രിട്ടന്‍ നടത്തിയ ആക്രമണത്തിനെതിരായ ചേരിചേരാപ്രസ്ഥാനത്തിന്റെ പ്രതികരണം ഇതിനു തെളിവാണ്.

സാമ്പത്തിക സഹകരണത്തിന്റെ മേഖലയിലും ചേരിചേരാപ്രസ്ഥാനം ഗണ്യമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. 1973-ല്‍ അള്‍ജിയേഴ്സ് ഉച്ചകോടിയിലാണ് 'വികസ്വരരാഷ്ട്രങ്ങള്‍ക്കിടയിലുള്ള കൂട്ടായ സ്വയംപര്യാപ്തത' എന്ന ആശയം ഉടലെടുത്തത്. പില്ക്കാലത്ത് ലോകവ്യാപകമായ അംഗീകാരം ലഭിച്ച ഈ ആശയം ഒരു പുത്തന്‍ അന്തര്‍ദേശീയ സാമ്പത്തികക്രമത്തിന്റെ അവിഭാജ്യഘടകമായിത്തീരുകയും ചെയ്തു. സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും അടിസ്ഥാനത്തില്‍ വികസ്വരരഷ്ട്രങ്ങളും വ്യാവസായിക മുതലാളിത്തരാഷ്ട്രങ്ങളും തമ്മിലുള്ള വിദേശ സാമ്പത്തിക ബന്ധങ്ങള്‍ പുനഃസംഘടിപ്പിക്കുകയെന്നതാണ് ഈ പുതിയ സാമ്പത്തികക്രമത്തിന്റെ പൊരുള്‍. ആഗോള സാമ്പത്തിക പ്രശ്നങ്ങളെ സംബന്ധിച്ച ചര്‍ച്ചകളില്‍ വികസ്വര രാഷ്ട്രങ്ങള്‍ തുല്യ പങ്കാളികള്‍ എന്ന നിലയില്‍ ഭാഗഭാക്കാകുന്നതിന് ഈ വ്യവസ്ഥ ഉപകരിക്കും.

ചേരിചേരാ ഉച്ചകോടിയില്‍ അംഗീകരിക്കപ്പെട്ട പുതിയ അന്തര്‍ദേശീയ സാമ്പത്തികക്രമത്തിന്റെ അടിസ്ഥാനതത്ത്വങ്ങള്‍ ഇവയാണ്: (1) അസംസ്കൃത പദാര്‍ഥങ്ങളുടെ വ്യാപാരം സാധാരണ നിലയിലാക്കുക; (2) വ്യവസായവത്കരണവും ഉത്പന്നങ്ങളുടെ കയറ്റുമതിയും വികസിപ്പിക്കുക; (3) വികസ്വരരാഷ്ട്രങ്ങളിലെ ഉത്പന്നങ്ങള്‍ക്ക് വ്യവസായവത്കൃത രാഷ്ട്രങ്ങളിലെ കമ്പോളങ്ങളില്‍ പ്രവേശിക്കാനുള്ള സൗകര്യം വര്‍ധിപ്പിക്കുക; (4) വികസ്വരരാഷ്ട്രങ്ങള്‍ക്ക് ആവശ്യമായ സാങ്കേതിക വിദ്യ വികസിതരാഷ്ട്രങ്ങളില്‍ നിന്നു ലഭ്യമാക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുക; (5) വികസ്വര രാഷ്ട്രങ്ങളില്‍ ബഹുരാഷ്ട്രകുത്തകകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുക; (6) അവികസിത രാഷ്ട്രങ്ങള്‍ക്ക് പ്രത്യേകം അവകാശങ്ങള്‍ അനുവദിക്കുക; (7) വികസ്വര രാഷ്ട്രങ്ങള്‍ക്കിടയിലുള്ള സാമ്പത്തിക സഹകരണം പ്രോത്സാഹിപ്പിക്കുക; (8) അന്തര്‍ദേശീയ നാണയപരിഷ്കാരം നടപ്പിലാക്കുക.

ചുരുക്കത്തില്‍ സമാധാനത്തിനുവേണ്ടിയുള്ള പരിശ്രമങ്ങള്‍, ആഗോളസംഘര്‍ഷ ലഘൂകരണം, ആയുധപ്പന്തയ നിയന്ത്രണം എന്നിവയുമായി ബന്ധപ്പെടുത്തി വികസ്വരരാഷ്ട്രങ്ങളുടെ സാമ്പത്തിക വികസനം അഭിവൃദ്ധിപ്പെടുത്തി അന്തര്‍ദേശീയ സാമ്പത്തിക ബന്ധങ്ങളുടെ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുവാനുള്ള മൂന്നാം ലോകരാഷ്ട്രങ്ങളുടെ ദൃഢനിശ്ചയത്തെ വിളംബരം ചെയ്യുന്നതാണ് ചേരിചേരാപ്രസ്ഥാനത്തിന്റെ സാമ്പത്തിക പരിപാടി.

ചേരിചേരാപ്രസ്ഥാനം നേരിടുന്ന ദൗര്‍ബല്യങ്ങള്‍ പലതാണ്. പ്രസ്ഥാനത്തില്‍ അംഗമാകുന്നതിനായി നിര്‍ദേശിക്കപ്പെട്ടിട്ടുള്ള മാനദണ്ഡങ്ങള്‍ കണക്കിലെടുക്കാതെ പല രാഷ്ട്രങ്ങളെയും അംഗങ്ങളാക്കിയിട്ടുണ്ട്: മലേഷ്യ, സിംഗപ്പൂര്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍ എന്നിവ ഉദാഹരണങ്ങള്‍. രാഷ്ട്രങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കുക എന്ന അടിസ്ഥാനപ്രമാണം വിഘടിച്ചുകൊണ്ട് അംഗരാഷ്ട്രങ്ങള്‍ മറ്റംഗരാഷ്ട്രങ്ങളെ ആക്രമിച്ചിട്ടുണ്ട് (ഉദാ. ഇറാന്‍-ഇറാഖ് യുദ്ധം). രാഷ്ട്രങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതില്‍ പ്രസ്ഥാനത്തിനു പറ്റിയ പാളിച്ചകള്‍, പരസ്പര സാമ്പത്തിക സഹകരണരംഗത്തുള്ള മോശമായ പ്രകടനം, ആയുധപ്പന്തയം, മറ്റു രാഷ്ട്രങ്ങളുടെ ആഭ്യന്തരകാര്യത്തിലുള്ള അനാവശ്യമായ ഇടപെടല്‍ എന്നിവ ചേരിചേരാപ്രസ്ഥാനം നേരിടുന്ന ആഭ്യന്തര വെല്ലുവിളികളാണ്. പ്രാദേശികതയും പ്രാദേശികമായ സമ്മര്‍ദങ്ങളുമാണ് പ്രസ്ഥാനത്തെ തളര്‍ത്തുന്ന മറ്റു പ്രശ്നങ്ങള്‍.

അംഗരാഷ്ട്രങ്ങളുടെ രാഷ്ട്രീയ-സൈനിക-സാമ്പത്തിക മേഖലകളില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന കാര്യത്തില്‍ പ്രസ്ഥാനത്തിനു വലിയ നേട്ടം അവകാശപ്പെടാനാവില്ല. കഴിഞ്ഞ മൂന്നുദശകങ്ങളിലേറെയായി പ്രസ്ഥാനം അംഗീകരിച്ച സമയാധിഷ്ഠിതമായ പല തീരുമാനങ്ങളും ശിപാര്‍ശകളും പ്രഖ്യാപനങ്ങളും പ്രാവര്‍ത്തികമാക്കാനും കഴിഞ്ഞിട്ടില്ല. ഈ പരാജയങ്ങള്‍ക്ക് പ്രസ്ഥാനത്തെ പഴിചാരിയിട്ടു കാര്യമില്ല. ഇവയെല്ലാം ഐക്യരാഷ്ട്രസംഘടനയുടെയും അന്തര്‍ദേശീയ സമൂഹത്തിന്റെയും പരാജയം കൂടിയാണെന്നു സമ്മതിച്ചേ മതിയാകൂ. ചേരിചേരാപ്രസ്ഥാനം പ്രവര്‍ത്തിക്കുന്ന അന്തര്‍ദേശീയ സാഹചര്യങ്ങളെ അതിജീവിക്കുവാന്‍ അതിനു കഴിയുകയില്ല.

ഹരാരെ ഉച്ചകോടിക്കുശേഷം സുപ്രധാനമായ പല സംഭവവികാസങ്ങള്‍ക്കും പ്രസ്ഥാനം സാക്ഷ്യം വഹിക്കുകയുണ്ടായി. ആണവായുദ്ധ വിജയം അസാധ്യമാണെന്നും അതുകൊണ്ട് അതിലേര്‍പ്പെട്ടിട്ടു കാര്യമില്ലെന്നും വന്‍ശക്തികള്‍ സംയുക്തമായി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ മധ്യദൂര മിസൈലുകള്‍ നിയന്ത്രിച്ചുകൊണ്ടുള്ള ഉടമ്പടിയില്‍ യു.എസ്സും സോവിയറ്റ് യൂണിയനും ഒപ്പുവച്ചതാണ് ഇതില്‍ പ്രധാനം.

ഏകലോകമെന്ന ആശയത്തിലേക്കു ലോകരാഷ്ട്രങ്ങളെ നയിക്കുക എന്നതാണ് ചേരിചേരായ്മയുടെ അടിസ്ഥാനം. ആദര്‍ശപരമായ വൈജാത്യം, സൈനിക സഖ്യങ്ങള്‍ എന്നിവ സംബന്ധിച്ച ചേരിചേരാരാഷ്ട്രങ്ങളുടെ നിലപാട് ശരിയാണെന്ന് ഇതിനകം ബോധ്യപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ പ്രസ്ഥാനത്തിന്റെ മറ്റു ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനായി ബഹുദൂരം പോകേണ്ടിയിരിക്കുന്നു. ഈ അര്‍ഥത്തില്‍ ചിന്തിക്കുമ്പോഴാണ് ചേരിചേരായ്മയ്ക്കു പ്രസക്തി ഉണ്ടെന്നും ചേരിചേരാ രാഷ്ട്രങ്ങള്‍ക്കു വമ്പിച്ച ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനുണ്ടെന്നും ബോധ്യപ്പെടുന്നത്. ചേരിചേരാരാഷ്ട്രങ്ങളുടെ അജണ്ടയില്‍ മുന്‍ഗണനാക്രമത്തില്‍ രണ്ടിനങ്ങള്‍ കൂടി സ്ഥാനം പിടിച്ചിട്ടുണ്ട്: (i) സാമ്പത്തികപ്രശ്നം (ii) പരിസ്ഥിതിപ്രശ്നം. ഇന്നോളം ഈ രണ്ടു പ്രശ്നങ്ങളും പ്രത്യേകം പ്രത്യേകമായാണ് പരിഗണിച്ചു പോന്നത്. എന്നാല്‍ ഇന്ന് ആഗോള വികസനത്തിന്റെ ഭാഗമായി ഇവ രണ്ടും സമന്വയിപ്പിക്കേണ്ടിവന്നിരിക്കുന്നു. ഉത്തര-ദക്ഷിണസംവാദം, കടക്കെണി, പുത്തന്‍സാമ്പത്തികക്രമം എന്നിവയാണ് സാമ്പത്തിക പ്രശ്നത്തിന്റെ ഭാഗമായി ചര്‍ച്ച ചെയ്തിരുന്നത്. ഇന്ന് ഇതിന് സമൂലമായ മാറ്റം വന്നിരിക്കുന്നു. പരിസ്ഥിതി പ്രശ്നങ്ങള്‍ക്കുവേണ്ടത്ര പ്രാധാന്യം കല്പിച്ചിരുന്നില്ല. വ്യവസായവത്കൃത ലോകത്തില്‍ സാമ്പത്തികവും സാങ്കേതികവുമായ ശക്തികളുടെ ഒരു കൂട്ടുചേരല്‍ അനിവാര്യമായിത്തീര്‍ന്നിട്ടുണ്ട്. വന്‍ശക്തികളുടെ അധികാരത്തിന് ഉടവു തട്ടിയതോടുകൂടി തീരുമാനമെടുക്കുന്നതില്‍ ഇടത്തരം രാഷ്ട്രങ്ങള്‍ക്ക് നിര്‍ണായകമായ പങ്കുവഹിക്കേണ്ടി വന്നിരിക്കുന്നു. ഈ മാറ്റങ്ങള്‍ കണ്ടില്ലെന്നു നടിക്കുവാന്‍ ചേരിചേരാരാഷ്ട്രങ്ങള്‍ക്കു സാധ്യമല്ല. രാഷ്ട്രങ്ങള്‍ നേരിടുന്ന പരിസ്ഥിതിശോഷണ പ്രശ്നങ്ങള്‍ക്ക് ചേരിചേരാരാഷ്ട്രങ്ങള്‍ പ്രാമുഖ്യം നല്കണം. ഏകപക്ഷീയമായ രീതിയില്‍ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താനാവില്ല. ആഗോളതലത്തിലുള്ള പൊതുവായ പ്രവര്‍ത്തനത്തിനു മാത്രമേ ഈ വക പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടെത്താനാവൂ.

അപ്രസക്തമായ സൈനിക സഖ്യങ്ങളില്‍ അംഗങ്ങളായിരുന്നാല്‍പ്പോലും സാമ്പത്തിക-പാരിസ്ഥിതിക പ്രശ്നങ്ങളില്‍ സമാനചിന്താഗതിയുള്ള രാഷ്ട്രങ്ങളെ ഒരേ കുടക്കീഴില്‍ കൊണ്ടുവരേണ്ടത് ചേരിചേരാപ്രസ്ഥാനത്തിന്റെ കരുത്തുറ്റ വളര്‍ച്ചയ്ക്കാവശ്യമാണ്. നാം അധിവസിക്കുന്ന ഭൂമി മനുഷ്യവാസയോഗ്യമാക്കിത്തീര്‍ക്കുന്നതിനാവണം അധികാര രാഷ്ട്രീയത്തെക്കാള്‍ മുന്‍തൂക്കം നല്‍കേണ്ടത്.

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടുകൂടി സംജാതമായ ഏക ധ്രുവലോകത്തില്‍ ചേരിചേരാപ്രസ്ഥാനത്തിന്റെ പ്രസക്തി ഒട്ടേറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നു: പ്രത്യേകിച്ച് യു.എസ്സിന്റെ സര്‍വാധിപത്യത്തിന്റെ പശ്ചാത്തലത്തില്‍. ശരിയായ അര്‍ഥത്തില്‍ ചേരിചേരാനയം വന്‍ശക്തികളുടെ നേതൃത്വത്തിലുള്ള ശാക്തികചേരിയുമായി മാത്രം ബന്ധപ്പെട്ടു കിടക്കുന്ന ഒന്നല്ല. ഏതാണ്ട് 350-ല്‍പ്പരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഉദയം ചെയ്ത 'പരമാധികാര രാഷ്ട്രസിദ്ധാന്ത'ത്തോടൊപ്പം വളര്‍ന്നുവന്ന, അതിനെതിരായ ചെറിയ രാഷ്ട്രങ്ങളുടെ ചെറുത്തു നില്പാണ് രണ്ടാംലോക യുദ്ധാനന്തരം ചേരിചേരായ്മ എന്ന പേരില്‍ പ്രത്യക്ഷപ്പെട്ടത്. അതുകൊണ്ട് ലോകം ഏകധ്രുവമോ ബഹുധ്രുവമോ എന്തായിരുന്നാലും ചേരിചേരായ്മ ശക്തികുറഞ്ഞ ചെറുരാഷ്ട്രങ്ങളുടെ വിദേശനയത്തിന്റെ ഭാഗമായിത്തീര്‍ന്നുവെങ്കില്‍ അതില്‍ അദ്ഭുതപ്പെടേണ്ടതില്ല. പരമാധികാര രാഷ്ട്രങ്ങള്‍ നിലനില്ക്കുന്നിടത്തോളം ചേരിചേരായ്മയുടെ പ്രസക്തി നഷ്ടപ്പെടുകയില്ല. വന്‍ശക്തികളുടെ മേല്‍ക്കോയ്മയ്ക്കെതിരായിട്ടാണ് ചേരിചേരാനയം നിലനില്ക്കുന്നത്.

ഗള്‍ഫ് യുദ്ധത്തില്‍ ചേരിചേരാപ്രസ്ഥാനത്തിന്റെ ശക്തി തെളിയിക്കുവാന്‍ കഴിഞ്ഞില്ല എന്നതു സത്യമാണ്, ആ ഒറ്റക്കാരണത്താല്‍ പ്രസ്ഥാനത്തിനു പ്രസക്തിയില്ലെന്നു വാദിക്കുന്നത് യുക്തിക്കു ചേര്‍ന്നതല്ല. ഐക്യരാഷ്ട്രസംഘടന, ചേരിചേരാപ്രസ്ഥാനം എന്നിവയുടെ തത്ത്വങ്ങളുടെ പരസ്യമായ ലംഘനമായിരുന്നു കുവൈത്തിന്റെ മേലുള്ള ഇറാക്കിന്റെ ആക്രമണം. അന്തര്‍ദേശീയ ബന്ധങ്ങള്‍ ജനാധിപത്യവത്കരിക്കുക എന്നാതാണ് ഇന്നത്തെ ആവശ്യം.

ശാക്തിക ചേരികള്‍ തമ്മിലുള്ള സംഘട്ടനത്തിന് അയവുവരുത്തുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ചേരിചേരായ്മയുടെ ശ്രദ്ധ പിന്നീട് പതിഞ്ഞത് ആയുധമത്സരങ്ങളുടെ നിയന്ത്രണത്തിലായിരുന്നു. വന്‍തോതില്‍ നശീകരണശക്തിയുള്ള മാരകായുധങ്ങള്‍ ആഗോളതലത്തില്‍നിയന്ത്രിക്കുന്ന കാര്യത്തില്‍ ചേരിചേരായ്മ ശ്രദ്ധിച്ചു. പാശ്ചാത്യ പൗരസ്ത്യസംഘട്ടനം ഒരളവുവരെ ഒഴിവാക്കുന്നതിലും വന്‍ശക്തികള്‍ തമ്മിലുള്ള ആണവായുധമത്സരം കുറയ്ക്കുന്നതിലും പ്രസ്ഥാനം കാര്യമായ പങ്കു വഹിച്ചിട്ടുണ്ട്.

(പ്രൊഫ. കെ. രാമന്‍പിള്ള; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍