This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചേരി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചേരി

സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്ക്കുന്ന ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നതും അവരുടെ പ്രാഥമിക ആവശ്യങ്ങള്‍ പോലും നിറവേറ്റുന്നതിനു സൗകര്യമില്ലാത്തതുമായ പാര്‍പ്പിടങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രദേശം. നഗരങ്ങളിലാണു ചേരികള്‍ കൂടുതലായി കണ്ടുവരുന്നത്. കൂലിത്തൊഴിലാളികള്‍, താഴ്ന്ന വരുമാനക്കാര്‍ തുടങ്ങിയവരാണ് പ്രധാനമായും ചേരികളിലെ ചെറ്റക്കുടിലുകളില്‍ വസിക്കുന്നത്. മറ്റുള്ളവര്‍ ചെയ്യാന്‍ മടിക്കുന്ന പല ജോലികളും ചേരിനിവാസികള്‍ ഏറ്റെടുക്കുന്നു. കീറിപ്പറിഞ്ഞ ചാക്കുകള്‍, തുണികള്‍, തകരത്തുണ്ടുകള്‍, പഴയ ഓല, ഈറ എന്നിവ ഉപയോഗിച്ചാണ് അവര്‍ പാര്‍പ്പിടങ്ങള്‍ നിര്‍മിക്കുന്നത്.

അനാരോഗ്യത്തിന്റെ ഇരിപ്പിടങ്ങളായ ചേരികളില്‍ ശുചിത്വം തീണ്ടിയിട്ടുണ്ടാവുകയില്ല, നഗരങ്ങളിലെ ഏറ്റവും കൂടിയ ജനനനിരക്കും മരണനിരക്കും ചേരികളിലാണു കണ്ടുവരുന്നത്. വൈദ്യുതി, ശുദ്ധജലം, ശുചിയായ പരിസരം എന്നുവേണ്ട ജീവിക്കാനാവശ്യമായ സൗകര്യങ്ങള്‍ ഒട്ടുമുക്കാലും ചേരി നിവാസികള്‍ക്കു നിഷേധിക്കപ്പെട്ടിരിക്കുന്നു. ഇവിടത്തെ ചുറ്റുപാടുകള്‍ കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് അനുയോജ്യമല്ല. പൊതുനിരത്തുകളെ വ്യവഹാരകേന്ദ്രങ്ങളായി ഉപയോഗിക്കുന്ന കുട്ടികളില്‍ സാമൂഹ്യവിരുദ്ധവും ക്രിമിനലും ആയ സ്വഭാവങ്ങള്‍ വളര്‍ന്നു വരാനുള്ള സാധ്യതകള്‍ കൂടുതലാണ്.

ആധുനികകാലത്തെ മാത്രം ഒരു സാമൂഹിക പ്രശ്നമല്ല ചേരികളുടെ ആവിര്‍ഭാവവും ചേരി ജീവിതവും. വളരെ പണ്ടുതന്നെ പട്ടണങ്ങളിലെ ജനനിബിഡമായ വ്യാപാരകേന്ദ്രങ്ങളിലും മറ്റും ചേരി ജീവിതമുണ്ടായിരുന്നതായി കാണുന്നു. പുരാതന ഗ്രീസിലെ നഗരങ്ങളിലും റോമന്‍ പട്ടണങ്ങളിലും ചേരികള്‍ ഉണ്ടായിരുന്നതായി തെളിവുകളുണ്ട്. ജൂതന്മാരുടെ ചേരികള്‍ അതിപുരാതനങ്ങളാണ്. 19-ാം ശതകത്തില്‍ ഇംഗ്ലണ്ടിലുണ്ടായിരുന്ന ചേരികളുടെ ശോച്യാവസ്ഥ ചാള്‍സ് ഡിക്കന്‍സിന്റെ നോവലുകളില്‍ പ്രതിഫലിച്ചിട്ടുണ്ട്. ഇംഗ്ലണ്ടില്‍ വ്യാവസായിക വിപ്ലവത്തിനുശേഷമാണ് ചേരികളുടെ എണ്ണം വര്‍ധിച്ചതും അവ ഒരു സാമൂഹിക പ്രശ്നമായി മാറിയതും.

പട്ടണങ്ങളില്‍ മാത്രമല്ല ചേരിപ്രദേശങ്ങള്‍ രൂപം കൊള്ളുന്നത്. നഗരങ്ങളില്‍ നിന്ന് അകന്ന് പുതുതായി ആരംഭിക്കുന്ന വ്യവസായ ശാലകള്‍ക്കു സമീപവും ചേരികള്‍ ഉണ്ടാകുന്നുണ്ട്. വ്യവസായസ്ഥാപനങ്ങളിലെ തൊഴിലാളികളെ ആശ്രയിച്ചു ജീവിക്കുന്ന വീട്ടുജോലിക്കാര്‍, അലക്കുകാര്‍, ചുമട്ടുതൊഴിലാളികള്‍, ചെരുപ്പുകുത്തികള്‍ തുടങ്ങിയവരാണ് ചേരിവാസികളായി മാറുന്നത്. 'ഭാഗികമായി പൊളിഞ്ഞതും വളരെയധികം അംഗസംഖ്യയുള്ളതും വേണ്ടരീതിയില്‍ സംവിധാനം ചെയ്യപ്പെടാത്തതും വായുവും വെളിച്ചവും കടക്കാത്തതും ശുചീകരണസൗകര്യങ്ങള്‍ വേണ്ടുവോളമില്ലാത്തതും താമസം, സുരക്ഷിതത്വം, ആരോഗ്യം, സദാചാരം എന്നിവയ്ക്ക് അനുചിതവുമായ മനുഷ്യവാസസ്ഥലം' എന്നാണ് 1956-ലെ ഇന്ത്യന്‍ ചേരിപ്രദേശനിയമം ചേരിയെ നിര്‍വചിച്ചിരിക്കുന്നത്. ഇവിടെയുള്ള ഭവനങ്ങള്‍ അടുത്തടുത്തായി സ്ഥിതിചെയ്യുന്നതുകൊണ്ടും അവയിലെ അംഗസംഖ്യ കൂടുതലായതുകൊണ്ടും ഇവിടെ പകര്‍ച്ചവ്യാധികള്‍ വേഗത്തില്‍ പടര്‍ന്നുപിടിക്കുന്നു. യാചകവൃത്തി, വീട്ടുജോലി, പേപ്പര്‍ കച്ചവടം, ചെരുപ്പു പോളിഷ് ചെയ്യല്‍, കൂലിപ്പണി മുതലായവയാണ് ചേരി നിവാസികളുടെ മുഖ്യ തൊഴിലുകള്‍. കുട്ടികള്‍ ചെറുപ്പം മുതലേ തൊഴിലുകളില്‍ ഏര്‍പ്പെടുന്നതുമൂലം വിദ്യാഭ്യാസകാര്യത്തില്‍ വളരെ പിന്നിലാണ്.

തൊഴിലന്വേഷിച്ച് പട്ടണങ്ങളിലേക്കുള്ള ജനപ്രവാഹം, അഭയാര്‍ഥി പ്രവാഹം, താമസസൗകര്യങ്ങളുടെ അഭാവം തുടങ്ങിയവയാണു ചേരിപ്രദേശങ്ങള്‍ രൂപം കൊള്ളുന്നതിനു കാരണം. ലോകത്തെ ബഹുഭൂരിപക്ഷം നഗരങ്ങളിലും ചേരികള്‍ കണ്ടുവരുന്നു. മറ്റു രാജ്യങ്ങളിലെന്നപോലെ ഇന്ത്യയിലെ നഗരങ്ങളിലും ചേരികള്‍ ഉണ്ടാകുകയും വിപുലപ്പെടുകയും ചെയ്യുന്നുണ്ട്. ഇന്ത്യയിലെ വന്‍നഗരങ്ങളിലെല്ലാം കൂടി ഒരു കോടിയിലേറെ ചേരിനിവാസികളുണ്ട്. കല്‍ക്കത്ത, മുംബൈ, ചെന്നൈ, ഡല്‍ഹി എന്നീ വന്‍ നഗരങ്ങളിലെല്ലാം തന്നെ അനേകം ചേരിപ്രദേശങ്ങളുണ്ട്. ഡല്‍ഹിയിലെ മുനിസിപ്പല്‍ പ്രദേശത്തുമാത്രം ഏഴായിരത്തില്‍ പ്പരം ചേരികളുള്ളതായി ഒരു സര്‍വേയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ നഗരത്തില്‍ രണ്ടു ലക്ഷത്തോളം പേര്‍ പുറംപോക്കുഭൂമി കൈയേറി കുടിലുകള്‍ കെട്ടി ജീവിച്ചുപോരുന്നു. വൃത്തിഹീനമായ ജീവിതരീതിയും പരിസരം വൃത്തിയാക്കി സൂക്ഷിക്കാനുള്ള അനാസ്ഥയുമാണ് ഇന്ത്യയിലെ ചേരികള്‍ ലോകത്തു വച്ച് ഏറ്റവും മോശപ്പെട്ടവയാകാന്‍ കാരണം. കേരളത്തില്‍ ചേരികള്‍ കൂടുതലായി കണ്ടുവരുന്നത് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തലശ്ശേരി തുടങ്ങിയ പട്ടണപ്രദേശങ്ങളിലാണ്.

ചേരി നിര്‍മാര്‍ജനത്തിനായി നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നുണ്ടെങ്കിലും ചേരികളും ചേരിജീവിതവും ഇന്നും പരിഹരിക്കപ്പെടാത്ത ഒരു സാമൂഹിക പ്രശ്നമായിത്തന്നെ അവശേഷിക്കുന്നു. ചേരി നിര്‍മാര്‍ജനത്തിനുവേണ്ടി പ്രധാനമായും രണ്ടു മാര്‍ഗങ്ങളാണു സ്വീകരിച്ചുവരുന്നത്: (i) ചേരിനിവാസികളെ സൗകര്യപ്രദമായ മറ്റു വാസസ്ഥലങ്ങളിലേക്കു പുനരധിവസിപ്പിച്ചുകൊണ്ട് ചേരിപ്രദേശങ്ങളെ ഇതര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുക, ഇപ്രകാരം ചെയ്യുമ്പോള്‍ മറ്റാളുകള്‍ വന്നു താമസിക്കാനിടകൊടുക്കാതെ ചേരികളിലെ വീടുകളും മറ്റു നശിപ്പിച്ചു കളയേണ്ടതാണ്, (ii) ചേരി പരിഷ്കരണമാണ് മറ്റൊരു മാര്‍ഗം. ചേരിപ്രദേശങ്ങളില്‍ത്തന്നെ ചേരിനിവാസികള്‍ക്കു താമസിക്കാനായി കെട്ടിടങ്ങള്‍ പണിതുകൊടുക്കുക, ശുദ്ധജല ലഭ്യതയ്ക്കായി കിണറുകളോ ടാപ്പുകളോ വച്ചു കൊടുക്കുക, കുളിമുറികളും മറ്റും സൗകര്യപ്പെടുത്തുക, മലിനജല നിര്‍ഗമന പദ്ധതികള്‍ നടപ്പാക്കുക, ചേരിനിവാസികളുടെ കുട്ടികള്‍ക്കായി കുളിസ്ഥലങ്ങളും ബാലവാടികളും നിര്‍മിക്കുക, നിരക്ഷരതാ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക, ആരോഗ്യപരിപാലനം ലക്ഷ്യമാക്കി വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ മാര്‍ഗങ്ങള്‍ സ്വീകരിച്ച് ചേരിപരിഷ്കരണം സാധ്യമാക്കാവുന്നതാണ്. ചേരി നിവാസികളെ പുനരധിവസിപ്പിക്കുന്നത് അവരുടെ ജീവിതത്തെ അപ്പാടെ മാറ്റിമറിക്കുന്ന വിധത്തിലായിരിക്കരുത്. ചേരി നിലനിന്നിരുന്ന സ്ഥലത്തോ അടുത്തെവിടെയെങ്കിലുമോ ആയിരിക്കണം അവരെ പുനരധിവസിപ്പിക്കേണ്ടത്. എങ്കിലേ അവര്‍ ചെയ്തിരുന്ന തൊഴിലുകളില്‍ നിന്നും പരിസരത്തില്‍ നിന്നും ഏറെ അകറ്റിയിട്ടില്ലെന്ന ബോധം അവരില്‍ ഉളവാക്കാന്‍ കഴിയൂ.

ചേരിനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്കും ചേരിനിവാസികളുടെ ഉദ്ധാരണത്തിനുമായി കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളും സന്നദ്ധസംഘടനകളും ഒട്ടനവധി പരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നു. ലയണ്‍സ് ക്ളബ്, റോട്ടറി ക്ളബ്, ഭാരത് സേവക് സമാജ് തുടങ്ങിയ സന്നദ്ധസംഘടനകളെ കൂടാതെ പല ലോക സംഘടനകളും ചേരിനിര്‍മാര്‍ജനത്തിനായി ധനസഹായം നല്കുന്നുണ്ട്. ചേരിജീവിതത്തിന്റെ പ്രധാന കാരണമായ പാര്‍പ്പിട പ്രശ്നം പരിഹരിക്കുന്ന കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കുന്നു. എല്ലാ പഞ്ചവത്സരപദ്ധതികളിലും ചേരിനിര്‍മാര്‍ജന പരിപാടിക്കായി നല്ല വിഹിതം മാറ്റി വയ്ക്കുന്നുണ്ടെങ്കിലും ഈ പ്രശ്നം അത്ര എളുപ്പം പരിഹരിക്കാവുന്ന ഒന്നല്ലെന്നും ആധുനിക നാഗരിക വ്യവസ്ഥിതിയുടെ കൂടപ്പിറപ്പാണ് ചേരികള്‍ എന്നുമുള്ള വസ്തുത ആസുത്രകര്‍ക്കും ബോധ്യമായിക്കഴിഞ്ഞിട്ടുണ്ട്.

(എസ്. കൃഷ്ണയ്യര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B5%87%E0%B4%B0%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍