This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചേരാനല്ലൂര്‍ കര്‍ത്താവ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചേരാനല്ലൂര്‍ കര്‍ത്താവ്

അഞ്ചിക്കൈമള്‍മാരില്‍ പ്രമുഖന്‍. ചേരാനല്ലൂര്‍ കര്‍ത്താവിന്റെ ആസ്ഥാനം ചേരാനല്ലൂരായിരുന്നു. കാട്ടുകൈമള്‍ എന്ന പേരിലും ഇദ്ദേഹം അറിയപ്പെട്ടു. (3000 നായന്മാര്‍ക്ക് യജമാനനായിരിക്കുന്ന നാടുവാഴിക്കാണ് അന്ന് കൈമള്‍ എന്ന സ്ഥാനപ്പേര് ഉണ്ടായിരുന്നത്). കൊച്ചിരാജാവിനോടു വിധേയത്വമുണ്ടായിരുന്നെങ്കിലും തക്കംപോലെ സാമൂതിരിപക്ഷത്തു നിലകൊള്ളുന്നതിലും ഇദ്ദേഹം വിരുതു കാണിച്ചു.

ചരിത്രരേഖകളുടെ ദൗര്‍ലഭ്യം നിമിത്തം പോര്‍ച്ചുഗീസ് കാലഘട്ടത്തിനുമുമ്പുള്ള ചേരാനല്ലൂര്‍ കര്‍ത്താവിന്റെ ചരിത്രം ഇരുളടഞ്ഞ അധ്യായമായിരിക്കുന്നു. പോര്‍ച്ചുഗീസ് കാലഘട്ടത്തിനുശേഷമാണ് ചേരാനല്ലൂര്‍ കര്‍ത്താവ് കൊച്ചിരാജാവിനു സമ്മതനായിത്തീര്‍ന്നത്. കൊച്ചിരാജാവിന്റെ കീഴില്‍ സ്ഥാനമാനങ്ങളും പ്രത്യേക ആനുകൂല്യങ്ങളും അനുഭവിക്കാന്‍ തുടങ്ങിയ ചേരാനല്ലൂര്‍ കര്‍ത്താവിനു 'കൊല്ലും കൊലയും' അവകാശങ്ങള്‍ വരെ ഉണ്ടായിരുന്നു. എന്നാല്‍ 1500-നു ശേഷം നടന്ന കോഴിക്കോട്-പെരുമ്പടപ്പു യുദ്ധകാലത്ത് കൊച്ചിരാജാവിനെ വെടിഞ്ഞ് സാമൂതിരിപക്ഷത്തു നിലയുറപ്പിച്ച ചേരാനല്ലൂര്‍ കര്‍ത്താവ് തന്റെസ്ഥലങ്ങളായ വരാപ്പുഴ, കോതാട് എന്നിവിടങ്ങളില്‍ കോട്ടകള്‍ പടുത്തുയര്‍ത്താനുള്ള സൗകര്യങ്ങള്‍ വരെ ഏര്‍പ്പാടാക്കി. കര്‍ത്താവിന്റെ ആസ്ഥാനമന്ദിരത്തിനടുത്തായി കടവില്‍ സാമൂതിരിയുടെ സൈന്യത്തിനു താവളമടിക്കാനുള്ള 'പടപ്പുര'കള്‍ പണിതുയര്‍ത്തിയിരുന്നു. ഇന്ന് 'പടപ്പുരയ്ക്കല്‍' എന്ന ഒരു വീട്ടുപേരായി ഇതു ചുരുങ്ങിയിരിക്കുന്നു. സാമൂതിരിയുടെ പരാജയത്തോടെ ഇദ്ദേഹം തന്ത്രപൂര്‍വം കാലുമാറി വീണ്ടും കൊച്ചിപക്ഷത്തേക്കു നീങ്ങി. ചേരാനല്ലൂര്‍ കര്‍ത്താവിന്റെ ചെയ്തിയില്‍ നീരസം പ്രകടിപ്പിക്കാതെ കൊച്ചി രാജാവ് ഇദ്ദേഹത്തിനു സ്വാഗതമരുളി, മുന്തിയസ്ഥാനങ്ങള്‍ നല്കി ആദരിക്കുകയും ചെയ്തു. കൊച്ചി രാജാക്കന്മാരുടെ അത്തച്ചമയാഘോഷവേളകളില്‍ വാളും പിടിച്ചു മുന്നില്‍ നടക്കാനുള്ള അവകാശവും ഇതില്‍ ഉള്‍പ്പെട്ടതാണ്.

1790-ല്‍ ടിപ്പുവിന്റെ തിരുവിതാംകൂര്‍ ആക്രമണം പറവൂര്‍ കേന്ദ്രീകരിച്ചുകൊണ്ട് ചേരാനല്ലൂര്‍ വഴിയായേക്കാമെന്ന ധാരണയില്‍ അവിടെ വടക്കും തെക്കും ഭാഗങ്ങളില്‍ രണ്ടു കോട്ടകള്‍ നിര്‍മിതമായി. ടിപ്പുവിന്റെ സൈന്യം ചേരാനല്ലൂരെത്തിയപ്പോഴേക്കും കോട്ട വിട്ട് പട്ടാളക്കാരും നാടുവിട്ട് ജനങ്ങളും പോയിക്കഴിഞ്ഞിരുന്നു. ചേരാനല്ലൂരിലെ വാടയ്ക്കല്‍ നിലനിന്ന വിഷ്ണുക്ഷേത്രവും ബ്രാഹ്മണഗൃഹങ്ങളും ആക്രമണത്തിനു വിധേയമായി. തകര്‍ക്കപ്പെട്ട ക്ഷേത്രവും അംഗഭംഗം ഭവിച്ച വിഗ്രഹവും അതേപടി അധികകാലം ശൂന്യതയില്‍ കിടന്നു. ക്രമേണ അവിടെ മുഹമ്മദീയരുടെ അധിവാസകേന്ദ്രമായി. പറവൂര്‍ കേന്ദ്രമാക്കി പല ശാഖകളായി തിരിഞ്ഞു. കൊള്ളയ്ക്കിറങ്ങിയ ടിപ്പുവിന്റെ പടയിലെ ഒരു വിഭാഗം ചേരാനല്ലൂരില്‍ പാളയമടിച്ചു. മൈസൂര്‍പ്പട പാളയമടിച്ചിരുന്ന മൈതാനത്തിന് ഇന്നും 'പാളയത്തില്‍ പറമ്പ്' എന്നു പറഞ്ഞുവരുന്നു. മൈസൂര്‍പ്പട ചേരാനല്ലൂരിന്റെ കിഴക്കെ അതിര്‍ത്തിയില്‍ കിടക്കുന്ന ഏലൂര്‍, മഞ്ഞുമ്മല്‍ എന്നീ സ്ഥലങ്ങള്‍ കൊള്ളയടിച്ചു. ഇങ്ങനെ ചേരാനല്ലൂരും മഞ്ഞുമ്മലും മറ്റും മൈസൂര്‍പ്പടയുടെ ഭാഗങ്ങള്‍ താവളമടിച്ചിരിക്കുമ്പോഴാണ് ശ്രീരംഗപട്ടണം ഇംഗ്ലീഷുകാര്‍ വളഞ്ഞതായ വാര്‍ത്ത ടിപ്പു സുല്‍ത്താനു ലഭിക്കുന്നത്. ടിപ്പു സൈന്യവുമായി നാട്ടിലേക്കു പാഞ്ഞു. അപ്പോഴേക്കും പെരിയാറില്‍ വെള്ളവും പൊങ്ങി. പുഴയ്ക്ക് തെക്കേക്കരയില്‍ കൊള്ളയും കൊള്ളിവയ്പുമായി സമയം കഴിച്ചിരുന്ന ഭടന്മാരില്‍ പലര്‍ക്കും ഉടനടി പുഴ കടന്ന് മറുകര എത്താനോ ടിപ്പുവിനെ പിന്തുടരാനോ കഴിഞ്ഞില്ല. അവരില്‍ പലരും അതിനുശേഷം ഇവിടെത്തന്നെ താമസമുറപ്പിക്കുകയും കാലക്രമേണ ഇവിടത്തുകാരായി മാറുകയും ചെയ്തു. നോ. അഞ്ചിക്കൈമള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍