This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചേരമണ്ഡലം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചേരമണ്ഡലം

വേണാട് തുടങ്ങി നാലു നാടുകള്‍ ചേര്‍ന്ന ചേരസാമ്രാജ്യം, കുടകുലം എന്ന പുരാതന തമിഴ് ഗ്രന്ഥത്തില്‍ ഇപ്പോഴത്തെ സേലം, കോയമ്പത്തൂര്‍, നീലഗിരി എന്നീ ജില്ലകളും കടലും മലയും ചേര്‍ന്ന മലയാളനാടും ചേര്‍ന്നതാണ് ചേരമണ്ഡലമെന്നു വിവരിച്ചിരിക്കുന്നു. കുട്ടം, കുടം, കര്‍ക്ക, പൂഴി എന്നിവയാണ് നാടിന്റെ പേരുകളായി പറയപ്പെടുന്നത്. കുട്ടുവന്‍, കുടക്കോ, പൂഴിയന്‍ എന്നീ പഴയപേരുകള്‍ ചേരന്മാരെ സൂചിപ്പിക്കുന്നു. സേലം, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ 'കൊങ്കുനാട്' എന്നാണ് പുരാതന ഗ്രന്ഥങ്ങളില്‍ വിവരിക്കപ്പെടുന്നത്. 'കൊങ്കുനാടിന്റെ അവകാശി' എന്ന അര്‍ഥത്തിലാണ് കൊങ്കന്‍, കോങ്കര്‍കോ എന്നിങ്ങനെ ചേരന്മാരെ വിശേഷിപ്പിച്ചിരുന്നത്.

വഞ്ചി ആയിരുന്നു ചേരസാമ്രാജ്യത്തിന്റെ ആസ്ഥാനം. ക്രിസ്ത്വബ്ദാരംഭത്തില്‍ ഉദയം ചെയ്ത സംഘകാല സാഹിത്യത്തിലാണ് ചേരസാമ്രാജ്യത്തെപ്പറ്റി ആദ്യ സൂചനയുള്ളത്. ആദിചേരസാമ്രാജ്യമെന്നും രണ്ടാം ചേരസാമ്രാജ്യമെന്നും രണ്ടായി വിഭജിക്കപ്പെട്ടിട്ടുള്ള ചേരസാമ്രാജ്യകാലഘട്ടത്തിന്റെ ആരംഭം ഇന്നും ഇരുളടഞ്ഞ അധ്യായമാണ്. സംഘകാലസാഹിത്യകൃതികളുടെ ചരിത്രപശ്ചാത്തലത്തില്‍ വേണാട്, കര്‍ക്കനാട്, കുട്ടനാട്, പൂഴിനാട് എന്നിവ ഉള്‍പ്പെട്ടതായിരുന്നു ചേരസാമ്രാജ്യം എന്നു വ്യക്തമാകുന്നു. ഉതിയന്‍ ചേരലാതന്‍, നെടും ചേരലാതന്‍, പല്‍യാനൈചെല്‍കെട്ടുകുട്ടവന്‍, നാര്‍മുടിച്ചേരന്‍, ആടുകോട്ടുലാട്ടുച്ചേരലാതന്‍, മാന്തരന്‍ ചേരന്‍ എന്നീ ഭരണാധികാരികളെക്കുറിച്ച് ഇതില്‍ വിശദമായ വിവരണമുണ്ട്. ജാതിവ്യവസ്ഥയുടെ കലര്‍പ്പില്ലാത്ത ഒരു സമൂഹമായിരുന്നു അന്നത്തേത്.

മലകളും ആറുകളും തുറമുഖങ്ങളും ഇവിടെ സമൃദ്ധമായുണ്ടായിരുന്നു. അയിരമല, കൊല്ലിമല എന്നിവയാണ് കൂട്ടത്തില്‍ പ്രധാനപ്പെട്ട മലനിരകള്‍. 'പൊറയന്‍ കൊല്ലി', 'അയിരൈ പൊരുന' എന്നിങ്ങനെ ഇവ അകനാനൂറ്, പതിറ്റുപ്പത്ത്, എന്നീ കൃതികളില്‍ പരാമൃഷ്ടമായിരിക്കുന്നു. 'ചേരര്‍ കൊങ്കു വൈകാവൂര്‍ നന്നാട്' എന്നിങ്ങനെ അരുണഗിരിനാഥര്‍ ഇതിനെ വിവരിക്കുന്നു. കാവേരി നദിയുടെ ആദ്യപകുതിയും ആണ്‍പൊരുനൈ, കുടവനാറ്, കാഞ്ചി, കാരിയാറ്, പെരിയാറ്, ചുള്ളിയംപെരിയാറ് തുടങ്ങിയ നദികളും ചേരമണ്ഡലത്തെ ഫലസമൃദ്ധമാക്കുന്നു. പ്ലിനി, പെരിപ്ലസ് തുടങ്ങിയ സഞ്ചാരസാഹിത്യകാരന്മാര്‍ ഇവയെപ്പറ്റി വിവരിച്ചിട്ടുണ്ട്. ഓരോ ഭരണാധികാരിയുടെ കാലത്തുമുള്ള സാമ്രാജ്യാതിരുകള്‍ കൃത്യമായി നിര്‍വചിക്കാനാവുന്നില്ലെങ്കിലും വടക്ക് പഴനി, കിഴക്ക് തെങ്കാശി, പടിഞ്ഞാറ് കോഴിക്കോട്, തെക്ക് കടല്‍ ഇവയായിരുന്നു അതിരുകള്‍ എന്ന് ഒരു പാട്ട് സൂചിപ്പിക്കുന്നു. ചേരന്‍ ചെങ്കുട്ടുവന്റെ കാലത്ത് ചേരനാടിന്റെ അതിര്‍ത്തി അതിവിസ്തൃതമായിരുന്നു. മൈസൂര്‍, കുടക് എന്നിവിടങ്ങളില്‍ വരെ ഈ സാമ്രാജ്യം വ്യാപിച്ചിരുന്നു. സാമ്രാജ്യത്തിന് വിദേശവ്യാപാരബന്ധങ്ങളുമുണ്ടായിരുന്നു.

തലസ്ഥാനമായ വഞ്ചി തിരുച്ചിറപ്പള്ളി ജില്ലയിലെ കരൂര്‍ ആണെന്നും അതല്ല, മലനാട്ടിലെ കൊടുങ്ങല്ലൂര്‍ (തിരുവഞ്ചിക്കുളം) ആണെന്നും രണ്ടഭിപ്രായമുണ്ട്. പഴനിമലനിരകള്‍ പണ്ട് ചേരനാടിന്റെതായിരുന്നു.

മഹോദയപുരം ആസ്ഥാനമായി 800 മുതല്‍ 1100 വരെ ഉണ്ടായിരുന്നതാണ് രണ്ടാം ചേരസാമ്രാജ്യം. കുലശേഖര ആഴ്വാര്‍, സ്ഥാണുരവി, രാമവര്‍മ, കോതരവിവര്‍മ, ഇന്ദുകോതവര്‍മ, ഭാസ്കര രവിവര്‍മ ക, ഭാസ്കര രവിരാമവര്‍മ കക, വീരകേരളവര്‍മ, രാജസിംഹന്‍, ഭാസ്കര രവിവര്‍മ കകക, രവിരാമവര്‍മ, രാമവര്‍മ കുലശേഖരന്‍ എന്നീ ഭരണാധികാരികള്‍ ഇക്കാലത്ത് ചേരസാമ്രാജ്യം വാണിരുന്നു. ഓടനാട്, നന്റുഴൈനാട്, കീഴ്മലൈനാട്, കാല്‍ക്കരൈനാട്, നെടുപുറൈയൂര്‍നാട്, വള്ളുവനാട്, ഏറനാട്, ചോളനാട്, കുറുംപുറൈയൂര്‍നാട്, പുറൈക്കിഴനാട് എന്നിങ്ങനെ ചേരസാമ്രാജ്യം വിഭജിതമായിരുന്നു. നോ. കേരളം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍