This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചേര

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചേര

Rat Snake

വിഷമില്ലാത്ത ഒരിനം പാമ്പ്. എലിപ്പിടിയന്‍ എന്നര്‍ഥത്തില്‍ 'റാറ്റ് സ്നേക്ക്' എന്ന് ഇംഗ്ലീഷില്‍ അറിയപ്പെടുന്ന ചേരയുടെ വിവിധ ഇനങ്ങള്‍ ലോകത്തെമ്പാടും കാണപ്പെടുന്നു.

ടയാസ് മൂക്കോസസ് (Ptyas mucosus), ടയാസ് കൊറോസ് (Ptyas korros), സയോസിസ് കരിനേറ്റസ് ( Zaocys carinatus) എന്നിവയെകൂടാതെ എലാഫി (Elaphe) ജനുസില്‍പ്പെട്ട പാമ്പുകളും ചേരയുടെ വര്‍ഗത്തില്‍പ്പെട്ടതാണ്.

ചേര

പൂര്‍ണവളര്‍ച്ചയെത്തിയ ചേരയ്ക്ക് 1.65-2.25 മീ. വരെ നീളമുണ്ടാകും. ആണ്‍ പാമ്പിനു താരതമ്യേന നീളം കൂടുതലാണ്. ആണ്‍ ചേരയ്ക്ക് 2.25 മീറ്ററും പെണ്‍ ചേരയ്ക്ക് 1.80 മീറ്ററുമാണു സാധാരണ നീളം. സു. 3.60 മീ. നീളമുള്ള ഒരു ചേരയെ വില്ലാര്‍ഡ് എന്ന ജന്തുശാസ്ത്രജ്ഞന്‍ 1906-ല്‍ കണ്ടെത്തിയിരുന്നു.

ഉരുണ്ടുപരന്ന ശരീരഘടനയുള്ള ചേരയുടെ മുകള്‍ഭാഗത്തിനു പച്ചകലര്‍ന്ന തവിട്ടുനിറമാണ്. മഞ്ഞ, സെപ്പിയാ നീല എന്നീ നിറങ്ങളുള്ള ചേരകളെയും കാണാറുണ്ട്. ഉദരഭാഗത്തിനു ചാരനിറം കലര്‍ന്ന വെളുപ്പോ ഇളം മഞ്ഞനിറമോ ആയിരിക്കും. പിന്നറ്റത്തുള്ള ശല്ക്കങ്ങളുടെ വശങ്ങളില്‍ ക്രമരഹിതമായി കാണപ്പെടുന്ന കറുപ്പുരാശി ചേരയുടെ പ്രത്യേകതയാണ്. പിന്നറ്റത്തുതന്നെ വിലങ്ങനെ അടുക്കിയിരിക്കുന്ന ശല്ക്കങ്ങള്‍ വലക്കണ്ണിപോലെ കാണപ്പെടുന്നു. ആന്‍ഡമാന്‍, ചിന്‍കുന്നുകള്‍, തൗങ്കി, മണ്ടാലേ എന്നിവിടങ്ങളില്‍ കാണുന്ന ചേരയുടെ ശല്ക്കങ്ങള്‍ക്ക് ഈ കറുപ്പുനിറമില്ല. വാള്‍ എന്ന ഉരഗശാസ്ത്രജ്ഞന്‍ കൂടുതല്‍ ഇരുണ്ട നിറത്തിലുള്ള ചേരകളെ 1909-ല്‍ അസമില്‍ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ ചിലഭാഗങ്ങളിലും ഇരുണ്ട നിറത്തിലുള്ള ചേരകളുണ്ട്. ഇവയ്ക്ക് പ്രാദേശികമായി കരിഞ്ചേര, കാട്ടുപാമ്പ്, എന്നിങ്ങനെ പേരുകളുണ്ട്.

ഇന്ത്യയില്‍ പൊതുവേ കണ്ടുവരുന്ന ടയാസ് മൂക്കോസസ് ഇനം ചേരകള്‍ക്കു താരതമ്യേന നീളം കൂടിയ തലയാണുള്ളത്. തിളക്കമുള്ള വലിയ കണ്ണുകളും, വൃത്താകാരമായ കൃഷ്ണമണിയും സ്വര്‍ണവര്‍ണമുള്ള നേത്രപടലവും മഞ്ഞനിറമുള്ള ഉടലും ഇവയുടെ പ്രത്യേകതയാണ്. ഏകദേശം ഉരുണ്ടുപരന്നു ദൃഢതയാര്‍ന്ന ശരീരത്തിന്റെ രണ്ടറ്റവും കനം കുറഞ്ഞിട്ടാണ്. വാലിനു മൊത്തം ശരീരത്തിന്റെ നാലിലൊന്നു നീളം വരും.

സമതലങ്ങളില്‍ വസിക്കാനാണു ചേരകള്‍ സാധാരണയായി ഇഷ്ടപ്പെടുന്നതെങ്കിലും സമുദ്രനിരപ്പില്‍ നിന്നും 1800 മീ. ഉയര്‍ന്ന സ്ഥലങ്ങളില്‍ വരെ ഇവയെ കണ്ടെത്തിയിട്ടുണ്ട്. മരത്തില്‍ കയറുവാനും വെള്ളത്തിലൂടെ ഊളിയിട്ടു നീന്തുവാനും ചേരയ്ക്കുകഴിയും. പകല്‍ സമയത്താണു ചേരകള്‍ ഊര്‍ജസ്വലരാകാറുള്ളത്. പഥ്യാഹാരം തവളയാണ്. എന്നാല്‍ എലി, ചെറിയ ഇഴജന്തുക്കള്‍, പക്ഷികള്‍, കുളയാമ, ചിലതരം പാമ്പുകള്‍, വവ്വാലുകള്‍ തുടങ്ങിയവയെയും ചേര ഭക്ഷിക്കാറുണ്ട്. ഇരയെ ജീവനോടെ വിഴുങ്ങുകയാണു പതിവ്. അപൂര്‍വമായി തറയില്‍ വച്ചു ഞെരിച്ചു കൊന്നും ഭക്ഷിക്കാറുണ്ട്. വാലിന്റെ അടിഭാഗത്തു മലദ്വാരത്തിനടുത്തുള്ള ഒരു ഗ്രന്ഥിയില്‍ നിന്നും ദുര്‍ഗന്ധമുള്ള ഒരു ദ്രവം സ്രവിച്ചാണ് ചേര സാധാരണയായി ശത്രുക്കളെ അകറ്റുന്നത്. പ്രകോപനമേറിയാല്‍ ചേര ആക്രമിക്കുകയും കടിച്ചു രക്തം കുടിക്കുകയും ചെയ്യാറുണ്ടെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. തല ഉയര്‍ത്തി ശരീരം വളച്ചുപിടിച്ച് ശത്രുവിനെ നേരിടാനൊരുമ്പെടുന്ന ഇവ പൂച്ചയെപ്പോലെ ശബ്ദം പുറപ്പെടുവിക്കാറുണ്ട്.

കാലാവസ്ഥയുടെ മാറ്റം അനുസരിച്ച് പ്രജനനകാലത്തിനും വ്യത്യാസമുണ്ട്. സമതലങ്ങളില്‍ മേയ്-ജൂണ്‍ മാസങ്ങളിലാണ് ഇവ ഇണ ചേരുന്നത്. ഇവ 6 മുതല്‍ 14 വരെ മുട്ടകളിടും. ഇരുവശവും ഉരുണ്ടിരിക്കുന്ന മുട്ടകള്‍ക്കു നല്ല മിനുസവും വെള്ള നിറവുമാണ്. സെപ്തംബര്‍ അവസാനത്തോടെ മുട്ടവിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവരും. ചേരക്കുഞ്ഞുങ്ങള്‍ക്ക് 37-47 സെ.മീ. നീളമുണ്ടായിരിക്കും. ഇവയുടെ നിറം പച്ച കലര്‍ന്ന മഞ്ഞയാണ്. മുന്നറ്റത്തെ ശല്ക്കങ്ങളുടെ വശങ്ങളിലെ കറുപ്പുനിറം വ്യക്തമാണ്. മൂന്നുവര്‍ഷംകൊണ്ട് ഇവ ലൈംഗിക പക്വത ആര്‍ജിക്കും. കൂട്ടിനുള്ളില്‍ വളര്‍ത്തിയ ചേര 11 വര്‍ഷം വരെ ജീവിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.

യു.എസ്സില്‍ ആറ് ഇനത്തിലുള്ള ചേരകള്‍ ഉണ്ട്. ഒന്റാരിയോ മുതല്‍ മധ്യ അമേരിക്ക വരെയുള്ള പ്രദേശമാണ് ഇവയുടെ വിഹാര ഭൂമി. കറുത്ത കോഴിപ്പാമ്പ് എന്നറിയപ്പെടുന്ന കറുത്ത ചേരയ്ക്ക് (Elaphe obsolela) സു. 1.5 മീ. നീളമുണ്ട്. കറുത്ത പൈലറ്റ് പാമ്പെന്നും ഇവയ്ക്കു പേരുണ്ട്.

സു. 1.5 മീ. വലുപ്പമുള്ള ഒരിനം മഞ്ഞച്ചേര (Elaphe quadrivittata) തെക്കു-കഴക്കന്‍ യു.എസ്സില്‍ കണ്ടുവരുന്നു. ഇവയെക്കാള്‍ ദൃഢമായ ശരീരവും ഊളന്റെ ഗന്ധവുമുള്ള ഒരിനമാണ് ഊളന്‍ ചേര (Fox snake - Elaphe vulpina). യൂറോപ്യന്‍ ജനുസിലെ ചേരവര്‍ഗത്തെ പ്രതിനിധീകരിക്കുന്ന എസ്കുലാപ്പിയന്‍ (Elaphe longissima) പാമ്പുകള്‍ തെക്ക് കിഴക്കെ യൂറോപ്പിലും ഏഷ്യാമൈനറിലും ഉണ്ട്. എസ്കുലാപ്പിയന്‍ പാമ്പുകളുടെ ഇണചേരല്‍ കൗതുകകരമാണ്. ആണ്‍ പാമ്പ് പെണ്‍ പാമ്പിനെ പിന്തുടര്‍ന്നു ചെന്ന് ഏറെ നേരം ചുറ്റിപ്പിണഞ്ഞശേഷം വേര്‍പിരിയുകയും തുടര്‍ന്ന് ഒരു മണിക്കൂറോളം ഇരുവരും നൃത്തത്തില്‍ മുഴുകുകയും ചെയ്യുന്നു.

ചേരയെ ചൂഴ്ന്ന് അനേകം വിശ്വാസങ്ങള്‍ നിലനില്ക്കുന്നുണ്ട്. ചേരയെ ആരാധിക്കുന്നവരും ഭക്ഷിക്കുന്നവരുമുണ്ട്. ഗ്രീക്കുദേവതയായ എസ്കുലാപ്പിയസിന്റെ പ്രതീകമായി എസ്കുലാപ്പിയന്‍ ചേരകളെ കരുതിപ്പോന്നിരുന്നു. ഇവയ്ക്ക് രോഗശാന്തി നല്കാന്‍ കഴിവുണ്ടെന്നു റോമാക്കാര്‍ വിശ്വസിക്കുകയും യാത്രയില്‍പ്പോലും ചേരകളെ കൂട്ടുകയും ചെയ്തിരുന്നു.

മൂര്‍ഖന്റെ ആണ്‍ തരമാണു ചേരയെന്നൊരു തെറ്റായ ധാരണയും പണ്ടുണ്ടായിരുന്നു പശുവിന്റെ അകിടില്‍ നിന്നും ഇവ പാലു ചുരന്നു കുടിക്കുമെന്നും ചേര വീട്ടില്‍ ചേക്കേറിയാല്‍ ഐശ്വര്യമാണെന്നും ഒക്കെ പല വിശ്വാസങ്ങളും നിലവിലുണ്ട്. ചേരയ്ക്കു വിഷമില്ലാത്തതിനാല്‍ 'മഞ്ഞച്ചേര മലര്‍ന്നു കടിച്ചാല്‍ മലയാളത്തില്‍ മരുന്നില്ല'. എന്നൊരു നാടന്‍ ചൊല്ലും നിലവിലുണ്ട്. ഇന്ത്യ, ഇന്തോചൈന, ചൈന തുടങ്ങിയ രാജ്യങ്ങളിലെ ചില പ്രദേശങ്ങളില്‍ ചേരയെ ഭക്ഷിക്കാറുണ്ട്. മലബാറിലെ ചില സ്ഥലങ്ങളില്‍ ചേരയെ ഭക്ഷിച്ചിരുന്നതായി ജെ.സി. ഡാനിയല്‍ രേഖപ്പെടുത്തിക്കാണുന്നു. ചിരട്ടയുടെ കണ്ണു വലുതാക്കി അതിലൂടെ ചേരയുടെ വാല്‍ ഭാഗം കയറ്റി വലിച്ചെടുത്തശേഷം വൃത്തിയാക്കിയാണു പാകം ചെയ്തിരുന്നത്. ഇതിന്റെ വെളുത്ത മാംസത്തിനു കോഴിയിറച്ചിയുടെ സ്വാദാണത്രേ.

(ഡോ. ആര്‍. രാജേന്ദ്രന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B5%87%E0%B4%B0" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍