This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചേന്നാസു നമ്പൂതിരി (1428 - ?)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചേന്നാസു നമ്പൂതിരി (1428 - ?)

മാനവിക്രമ മഹാരാജാവിന്റെ വിദ്വത്സദസ്സിലെ പതിനെട്ടരക്കവികളില്‍ ഒരാള്‍. ചേന്നാസു നാരായണന്‍ നമ്പൂതിരി എന്നാണ് പൂര്‍ണനാമം. 1428-ല്‍ ജനിച്ചു. ഈ വസ്തുതകള്‍ ഇദ്ദേഹത്തിന്റെ മുഖ്യകൃതിയായ തന്ത്രസമുച്ചയത്തിലെ 12-ാം പടലത്തില്‍നിന്നും ലഭ്യമായവയാണ്. ജനനകാലം ഉള്ളൂര്‍ കണക്കാക്കിയിട്ടുള്ളത് 12-ാം പടലത്തിലെ താഴെപ്പറയുന്ന ശ്ളോകത്തെ അവലംബിച്ചാണ്.

കല്യബ്ദേഷ്വതിയത്സു നന്ദനയനേഷ്വംഭോധിസംഖ്യേഷുയ-

സ്സംഭൂതോ ഭൃഗുവീതഹവ്യമുനിയുങ്മുലേ സവേദോന്വയേ

പ്രാഹുര്യസ്യ ജയന്തമംഗലപദേദ്ധം ധാമനാരായണ-

സ്സോയം തന്ത്രമിദം വ്യധാദ്ബഹുവിധാദുദ്ധ്യത്യ

തന്ത്രാര്‍ണവാല്‍

ഇതിലെ കലിസംഖ്യ കണക്കുകൂട്ടിയാല്‍ ഇദ്ദേഹം ജനിച്ചത് കലി 4529-ാം വര്‍ഷത്തിലാണെന്ന് വ്യക്തമാകും. അത് ക്രിസ്തുവര്‍ഷമാക്കിയാല്‍ 1428 എന്നുവരും. പാലക്കാട് ജില്ലയിലുള്ള വന്നേരിയിലാണ് ഇദ്ദേഹത്തിന്റെ ജന്മഗൃഹമായ ചേന്നാസുമന.

തന്ത്രസമുച്ചയം എന്ന പ്രാമാണിക ഗ്രന്ഥത്തിലൂടെയാണ് ഇദ്ദേഹം പ്രസിദ്ധനായത്. ഇതില്‍ 12 പടലങ്ങളാണുള്ളത്. അവയിലെ 2896 ശ്ളോകങ്ങളിലൂടെ ക്ഷേത്രനിര്‍മാണത്തിന്റെ ശാസ്ത്രീയ രീതികളും വിഷ്ണു, ശിവന്‍, ശങ്കരനാരായണന്‍, ദുര്‍ഗ, സ്കന്ദന്‍, ഗണപതി, ശാസ്താവ് എന്നീ ദേവതമാരുടെ അര്‍ച്ചനാവിധികളും വിവരിക്കുന്നു. മുല്ലപ്പള്ളി ഭട്ടതിരിയും ചേന്നാസ്സും രാജാവിനെ ദുഷിച്ച് ശ്ളോകങ്ങള്‍ രചിച്ചുവെന്നും മുല്ലപ്പള്ളിക്ക് തന്നെക്കാള്‍ യോഗ്യന്മാരുമിരിക്കേ മുമ്പില്‍ കടന്നു കിഴി വാങ്ങണമെന്നും, ചേന്നാസ്സിനു തന്ത്രവിഷയകമായി ഒരു ഗ്രന്ഥം രചിക്കണമെന്നും രാജാവ് ശിക്ഷ വിധിച്ചു എന്നുമാണ് ഇതിന്റെ രചനയെക്കുറിച്ചുള്ള ഐതിഹ്യം.

ഇദ്ദേഹത്തിന്റെ മറ്റൊരു രചനയാണ് മാനവവാസ്തുലക്ഷണം. ഇതിന് മനുഷ്യാലയ ചന്ദ്രിക എന്നും പേരുണ്ട്. കേരളീയ വാസ്തുവിദ്യാഗ്രന്ഥങ്ങളില്‍ മികച്ച സ്ഥാനമാണ് ഇതിനുള്ളത്. ഗൃഹനിര്‍മാണത്തെക്കുറിച്ചുള്ള പ്രാചീന കേരളീയ സങ്കല്പം ഗ്രഹിക്കാന്‍ സഹായിക്കുന്ന ആധികാരിക ഗ്രന്ഥം കൂടിയാണിത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍