This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചേന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചേന

അരേസി (Araceae) സസ്യകുടുംബത്തില്‍പ്പെട്ട കിഴങ്ങുവര്‍ഗവിള. അമോര്‍ഫോഫാലസ് കംപാനുലാറ്റസ് (Amorphophallus companulatus), അമോര്‍ഫോഫാലസ് റിവേറി () എന്നീ സ്പീഷീസുകളാണ് ഭക്ഷ്യാവശ്യത്തിന് കൃഷി (Amorphophallus riveri) ചെയ്തുവരുന്നത്. ഇരുപതിലേറെ വന്യസ്പീഷീസുകള്‍ ഇന്ത്യയില്‍ കണ്ടുവരുന്നു. ഇംഗ്ലീഷില്‍ ഇത് എലിഫന്റ് ഫൂട്ട് യാം (Elephant foot yam) എന്നറിയപ്പെടുന്നു. ചേനയുടെ ഭൂകാണ്ഡത്തിന്റെ ആകൃതിയാണ് പേരിന് നിദാനം. ഇന്ത്യയോ ആഫ്രിക്കയോ ആയിരിക്കാം ഇതിന്റെ ജന്മദേശം. ചേനയുടെ പ്രകന്ദം വളരെ നാള്‍ കേടുകൂടാതെ സൂക്ഷിച്ചുവയ്ക്കാവുന്നതാണ്. പ്രകന്ദത്തില്‍നിന്ന് നേരെ മുകളിലേക്ക് വളരുന്ന ഇലത്തണ്ട് ഏകദേശം 120 സെന്റിമീറ്ററോളം ഉയരത്തിലെത്തുമ്പോഴേക്കും മൂന്നായി പിരിഞ്ഞു തുടങ്ങുന്നു. ഇവ വീണ്ടും വീണ്ടും ശാഖിതമായി പടര്‍ന്നു പന്തലിച്ച് ഇല രൂപംകൊള്ളുന്നു. ചേനയ്ക്ക് ഒറ്റ ഇല മാത്രമേയുള്ളൂ. ഇലത്തണ്ട് ഉരുണ്ടതും മാംസളവുമാണ്. ഇലത്തണ്ടിലെ ഇളം പച്ചനിറത്തിലുള്ള പാടുകള്‍ ചേനയുടെ പ്രത്യേകതയാണ്.

ചേന

കേരളത്തില്‍ പ്രധാനമായും കാട്ടുചേന, നെയ്ചേന, നാട്ടുചേന എന്നീ മൂന്നിനങ്ങളാണുള്ളത്. ചെറിയ മുള്ളുകളുള്ള കാട്ടുചേന തരിശു സ്ഥലങ്ങളിലും കാട്ടുപ്രദേശങ്ങളിലും കാട്ടുചെടിയായി മുളച്ചുവളരുന്നു. ഇതിന്റെ മാംസളഭാഗത്തിന് ഇരുണ്ട വെളുപ്പുനിറമാണ്. മധ്യഭാഗം പുറത്തേക്ക് തള്ളിനില്ക്കുന്ന പ്രകന്ദത്തോടുകൂടിയ നാടന്‍ചേനയുടെ മാംസളഭാഗത്തിന്റെ നിറം മഞ്ഞകലര്‍ന്ന വെള്ളയാണ്. നാടന്‍ ചേനയുടെ ചെറു ഘനകന്ദങ്ങളാണ് പ്രവര്‍ധനത്തിനുപയോഗിക്കുന്നത്. ചേനയുടെ കോശങ്ങളില്‍ അടങ്ങിയിട്ടുള്ള കാത്സ്യം ഓക്സലേറ്റ് പരലുകളാണ് ചൊറിച്ചിലുണ്ടാക്കുന്നത്; കാട്ടിനങ്ങളില്‍ ഇത് കൂടുതല്‍ കാണും.

നല്ല മഴയും ചൂടും ലഭിക്കുന്ന ഭൂമധ്യരേഖാപ്രദേശങ്ങളിലെ അയവും നീര്‍വാര്‍ച്ചയുമുള്ള മണ്ണാണ് ചേനക്കൃഷിക്ക് അനുയോജ്യം. കേരളത്തിലെ തെങ്ങിന്‍തോപ്പുകളില്‍ ഉപവിളയായി ചേന കൃഷി ചെയ്യുന്നു. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലാണ് ചേനക്കൃഷി ആരംഭിക്കുന്നത്. ചാണകം കലക്കിയ വെള്ളത്തില്‍ ചേന വിത്ത് മുക്കി ഉണക്കിയ ശേഷമാണ് നടാനുപയോഗിക്കുന്നത്. മണ്ണിന് ഉണക്കു തട്ടാതിരിക്കാനായി തുലാവര്‍ഷത്തിനുശേഷം കൃഷിയിടം ഉഴുതോ കിളച്ചോ ഇളക്കിയിടുന്നു. ഒരു മീ. സമചതുരത്തില്‍ 30-60 സെന്റിമീറ്ററോളം താഴ്ചയുള്ള കുഴികളെടുക്കുന്നു. കുഴികള്‍ തമ്മില്‍ 1.5 മീ. അകലമുണ്ടായിരിക്കണം. കുഴികള്‍ ചപ്പുചവറുകളിട്ട് കത്തിക്കുന്നു. ഇത് ചിതല്‍ ശല്യമൊഴിവാക്കുമെന്ന് മാത്രമല്ല, ചാരം ചേനയ്ക്ക് വളമായും തീരുന്നു. വിത്തുചേന നടുന്ന സമയത്ത് കുഴിയുടെ പകുതിയോളം കാലിവളം നിറയ്ക്കുന്നു. വലിയ കുഴിയുടെ നടുവില്‍ ചെറിയൊരു കുഴി(വിത്തുകുഴി)യെടുത്ത് ഒന്നോ രണ്ടോ മുകുളങ്ങളുള്ള ചെറിയ പ്രകന്ദം നടുന്നു (ചെറിയ ചേനകള്‍ മുറിക്കാതെയും നടാറുണ്ട്).

വിത്തുചേന നട്ടതിനുശേഷം ഉണങ്ങിയ ഇലകളും ചവറും മറ്റും ഇട്ട് കുഴി മൂടുന്നു. ഏപ്രില്‍-മേയ് മാസാരംഭത്തോടെ മുളകള്‍ പുറത്തുവരും. കളകള്‍ മാറ്റി കുഴികളില്‍ പച്ചിലവളം ചേര്‍ക്കണം. നിലക്കടലപ്പിണ്ണാക്ക്, പൊട്ടാഷ്വളങ്ങള്‍ ഇവ ചേര്‍ത്താല്‍ വിളവില്‍ ഗണ്യമായ വര്‍ധനയുണ്ടാകും. മണ്ണില്‍ കുറഞ്ഞ തോതില്‍ ഉപ്പ് ചേര്‍ക്കുന്നത് ചേനയുടെ തൂക്കം വര്‍ധിക്കാനിടയാക്കുന്നു. ഇല ഉണങ്ങി കൊഴിയാറാകുമ്പോള്‍ വിളവെടുക്കാം. ഒന്നാമത്തെ വര്‍ഷം ചേന പുഷ്പിക്കാറില്ല. വിളവെടുപ്പിന് സമയമായിട്ടും ചേന കിളച്ചെടുക്കാതിരുന്നാല്‍ അടുത്ത പുതുമഴയ്ക്കുശേഷം ചേന പുഷ്പിക്കുന്നു. പുഷ്പം കൊഴിഞ്ഞുപോയശേഷം ഇലത്തണ്ടും ഇലയും ഉണ്ടാവുന്നു. സാധാരണ നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ് വിളവെടുപ്പ് നടത്തുന്നത്. ചേനയില്‍ പ്രോട്ടീന്‍, കൊഴുപ്പ്, നാര്, കാര്‍ബോഹൈഡ്രേറ്റ്, കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, എ, ബി ജീവകങ്ങള്‍, ജലാംശം എന്നിവ അടങ്ങിയിട്ടുണ്ട്.

കിഴങ്ങുവര്‍ഗത്തില്‍ ഏറ്റവും ശ്രേഷ്ഠമായ ചേന രോഗമില്ലാത്തവര്‍ക്കും രോഗികള്‍ക്കും ഒരുപോലെ ഹിതകരമാണെന്ന് ആയുര്‍വേദം അനുശാസിക്കുന്നു. ഇത് എളുപ്പത്തില്‍ ദഹിക്കുന്നതും അഗ്നിദീപ്തിയെ ഉണ്ടാക്കുന്നതുമാണ്. ചേന കഫം, അര്‍ശസ്, കാസ (ചുമ) ശ്വാസം, ഗുന്മം (വയറു വീര്‍ക്കുക-വായു വികാരം), ആമവാതം, ആന്ത്രവായുവിന്റെ ഉപദ്രവം എന്നിവയെ ശമിപ്പിക്കുന്നതുമാണ്. പ്ലീഹാവീക്കത്തിനും ഇത് ഫലപ്രദമാണ്. നാടന്‍ ചേനയുടെ വെളുത്ത മാംസളഭാഗം നെയ്യില്‍ ഉറയിട്ടശേഷം ചുടുവാതരോഗത്തിന് ഔഷധമായി ഉപയോഗിക്കാറുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B5%87%E0%B4%A8" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍