This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചേദിവംശം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചേദിവംശം

വൈദികകാലഘട്ടത്തില്‍ ഉത്തരേന്ത്യയിലുണ്ടായിരുന്ന ഒരു ജനവര്‍ഗം. യമുനയ്ക്കും നര്‍മദയ്ക്കും ഇടയില്‍ വസിച്ചിരുന്ന ഈ പുരാതന വംശത്തെക്കുറിച്ച് ഇതിഹാസങ്ങളില്‍ പരാമര്‍ശം കാണാം. ഏതാനും കുടുംബങ്ങള്‍ ഒത്തുചേര്‍ന്ന ഒരു വിഭാഗമായിരുന്നു ഒരു ജനവര്‍ഗം (tribe). പിതാവായിരുന്നു കുടുംബനാഥന്‍. ജനവര്‍ഗത്തിന്റെ നാഥന്‍ 'രാജാവ്' ആയിരുന്നു. രാജാവ് അതിശക്തനായിരുന്നുവെങ്കിലും ഗോത്രസമിതി രാജാധികാരത്തിന് അതിരുകള്‍ കുറിച്ചിരുന്നു.

പൗരാണികചേദിയുടെ രാജധാനി ശുക്തിമതിയായിരുന്നു. പുരാണങ്ങളില്‍ മത്സ്യം, വിദര്‍ഭം, ചേദി, മഗധ എന്നീ രാജ്യങ്ങളെ ഒന്നിച്ചുചേര്‍ത്ത് മത്സ്യം, വിദര്‍ഭം, മഗധ-ചേദി എന്നിങ്ങനെ പരാമര്‍ശിച്ചിരിക്കുന്നതില്‍നിന്നും ഇവയെല്ലാം ഒരേ രാജ്യത്തിന്റെ വിഭാഗങ്ങളോ അല്ലെങ്കില്‍ അയല്‍രാജ്യങ്ങളോ ആയിരുന്നിരിക്കണം എന്നനുമാനിക്കാം. ഈ നാല് രാജ്യങ്ങളും ചേര്‍ന്ന പ്രഥമ രാജ്യം യദുവിന്റെ ഇളയപുത്രന്‍ ആയിരുന്ന ക്രോഷ്ടുവാണ് സ്ഥാപിച്ചത്. ക്രോഷ്ടു സ്ഥാപിച്ച യാദവവംശശാഖയിലെ ഒരു പ്രബല ചക്രവര്‍ത്തിയായ രുഗ്മകവചന് ജ്യാമാഘന്‍ എന്നൊരു പുത്രനുണ്ടായിരുന്നു. ജ്യാമാഘപുത്രന്‍ വിദര്‍ഭനു ക്രഥന്‍, കൈശികന്‍ എന്നിങ്ങനെ രണ്ടു പുത്രന്മാരുണ്ടായി. ക്രഥന്‍ വിദര്‍ഭരാജ്യവും കൈശികന്‍ ചേദിരാജ്യവും സ്ഥാപിച്ചു. ഋഗ്വേദസംഹിതയുടെ എട്ടാം മണ്ഡലത്തില്‍ (VIII-538) പൗരാണിക ചേദിയെപ്പറ്റി പ്രസ്താവിച്ചിട്ടുണ്ട്. ചേദിപുത്രന്‍ കശു പഞ്ചജനങ്ങളെ ഭരിച്ചിരുന്നു എന്നും മറ്റ് രാജ്യക്കാരാരും തന്നെ ചേദിക്ക് തുല്യം കീര്‍ത്തി നേടിയിരുന്നില്ലെന്നും ഇതില്‍ വിവരിച്ചിരിക്കുന്നു.

പൗരവംശ നൃപന്മാരില്‍ ഒരാളായ ഉപരിചരവസു യാദവന്മാരില്‍നിന്ന് ചേദി രാജ്യം പിടിച്ചെടുത്ത് തന്റെ പുത്രനായ പ്രത്യാഗ്രഹനു സമ്മാനിച്ചു. ഉപരിചരവസുവിന്റെ പിന്‍തലമുറക്കാരില്‍ ഒരുവനായ മഹാമേഘവാഹനന്‍ കലിംഗരാജ്യത്ത് ഒരു രാജവംശം സ്ഥാപിക്കുകയുണ്ടായി. ചേദിരാജവംശമെന്ന പേരില്‍ ഇത് അറിയപ്പെട്ടു. വിഖ്യാതനായ കലിംഗരാജാവ് ഖരവേലന്‍ ചേദിവംശജനായിരുന്നു (ബി.സി. 1-ാം ശ.).

ത്രിപുരിയിലെ കാലാചുരികളും ചേദികള്‍ എന്നറിയപ്പെട്ടിരുന്നു. 'നര്‍മദാ തീരം' തങ്ങളുടെ വിഹാരരംഗമാക്കിയതിനെത്തുടര്‍ന്നാണ് ഇവരെ ചേദികള്‍ എന്നുവിളിച്ചത്. കാലാചുരികള്‍ പില്ക്കാലത്ത് ജബല്‍പൂരിലേക്കുമാറി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍