This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചേംബര്‍ സംഗീതം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചേംബര്‍ സംഗീതം

തിയെറ്റര്‍, ചര്‍ച്ച് ഹാള്‍ മുതലായ വലിയ ഹാളുകളിലല്ലാതെ പരിമിതമായ അംഗങ്ങളുള്ള ഒരു ചെറിയ ഹാളില്‍ നടത്തുന്ന സംഗീത പരിപാടി. പാശ്ചാത്യരാജ്യങ്ങളിലാണ് ഇത് ആരംഭിച്ചത്. ബാറോക്ക് സംഗീതം പ്രചാരത്തിലുണ്ടായിരുന്ന കാലഘട്ടത്തില്‍ ചേംബര്‍ സൊണാറ്റ, ചര്‍ച്ച് സൊണാറ്റ എന്നിവയെക്കുറിച്ചു താരതമ്യേന പഠനം നടത്തുകയുണ്ടായി. 17,18 ശതകങ്ങളില്‍ മോണ്ടവേര്‍ഡി തുടങ്ങിയവര്‍ രചിച്ച സംഗീതകൃതികളാണ് ബറോക്ക് സംഗീതം എന്നറിയപ്പെടുന്നത്. 18-ാം ശതകത്തിന്റെ അവസാനമായപ്പോഴേക്കും വാദ്യവൃന്ദത്തിന് ഒരു പ്രത്യേക രൂപം ഉണ്ടായി. ഹൈഡന്‍, മൊസാര്‍ട്ട്, ബീഥോവെന്‍ എന്നിവര്‍ പിയാനോത്രയം (പിയാനോ, വയലിന്‍, സെല്ലോ) സംവിധാനം ചെയ്തു. കൂടാതെ വയലിന്‍, പിയാനോ എന്നീ വാദ്യങ്ങള്‍ ചേര്‍ത്ത് സൊണാറ്റാദ്വയം തന്ത്രിവാദ്യങ്ങളില്‍ നാലെണ്ണം ചേര്‍ത്ത് ഒരു വാദ്യസമൂഹം (ഇതില്‍ രണ്ട് വയലിന്‍, ഒരു വയോള, ഒരു സെല്ലോ) എന്നിവയും ആവിഷ്കരിച്ചു. ഓബോ, ഫ്ളൂട്ട്, ക്ലാരനറ്റ്, ഹോണ്‍, ബാസൂണ്‍ എന്നീ വാദ്യങ്ങളില്‍ വായിക്കാനുതകുന്ന പ്രത്യേക സംഗീതരചനയും ചേംബര്‍ സംഗീതത്തിലുണ്ട്. ബീഥോവെന്‍, ഹൈഡന്‍ എന്നീ സംഗീതരചയിതാക്കളെക്കൂടാതെ ഷൂബര്‍ട്ട്, ഡ്വേറക് തുടങ്ങിയവരും ചേംബര്‍ സംഗീത രചനകള്‍ നടത്തിയിട്ടുണ്ട്. ഇവരില്‍ ഫ്രാന്‍സ് ജോസഫ് ഹൈഡന്‍ (1732-1809) ആസ്റ്റ്രിയന്‍ സംഗീതരചയിതാവാണ്. ഇദ്ദേഹം 104 സിംഫണികള്‍ രചിച്ചിട്ടുണ്ട്. വാദ്യസംഗീതത്തില്‍ വൃന്ദവാദ്യത്തിനുവേണ്ടി പ്രത്യേകം സംവിധാനം ചെയ്തു രചിച്ച കൃതികളാണ് സിംഫണികള്‍. ഇദ്ദേഹം സംഗീതനാടകങ്ങളും രചിച്ചിട്ടുണ്ട്. 1791-ലും 94-ലും ലണ്ടന്‍ സന്ദര്‍ശിച്ച സമയത്ത് രചിച്ച 12 സിംഫണികള്‍ ലണ്ടന്‍ സിംഫണി, ഓക്സ്ഫഡ് സിംഫണി എന്നീ പേരുകളില്‍ അറിയപ്പെടുന്നു. ഇറ്റലിയിലാണ് സൊണാറ്റ എന്നറിയപ്പെടുന്ന സംഗീതം നിലവിലിരുന്നത്. ഡൊമനിക്കൊ സ്ക്വാര്‍ലാറ്റി (1685-1757) ഇറ്റലിയിലെ സംഗീതരചയിതാവായിരുന്നു. വാദ്യോപകരണങ്ങള്‍ വായിക്കാനും വിദഗ്ധനായിരുന്ന ഇദ്ദേഹം 600-ഓളം സൊണാറ്റകള്‍ രചിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പിതാവ് അലസ്സാണ്ട്രോ സ്കാര്‍ലാറ്റിയും സംഗീതരചനകള്‍ നടത്തിയിട്ടുണ്ട്. ബീഥോവെനും അദ്ദേഹത്തിന്റെ പിന്‍ഗാമികളും 'സൊണാറ്റ' എന്ന കൃതിയെ വികസിപ്പിക്കുകയും 20-ാം ശ. ആയപ്പോഴേക്കും സൊണാറ്റയ്ക്ക് പുതിയൊരു ഭാവം ഉണ്ടാകുകയും ചെയ്തു. സൊണാറ്റയ്ക്ക് ചേംബര്‍ സംഗീതത്തില്‍ പ്രധാനമായ സ്ഥാനമാണുള്ളത്.

(പ്രൊ. എം.കെ. മോഹനചന്ദ്രന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍