This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചേംബര്‍ ഒഫ് കോമേഴ്സ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചേംബര്‍ ഒഫ് കോമേഴ്സ്

ഒരു രാജ്യത്തിലെയോ മേഖലയിലെയോ വ്യാപാരികളും വ്യവസായികളും ബാങ്കര്‍മാരും വാണിജ്യ-വ്യവസായമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മറ്റുള്ളവരുംകൂടി തങ്ങളുടെ പൊതുവായ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി രൂപീകരിക്കുന്ന സംഘടന. വാണിജ്യമണ്ഡലം എന്നും അറിയപ്പെടുന്നു. ഓരോ പ്രദേശത്തെയും പ്രശ്നങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്കാനാവുംവിധം പ്രാദേശിക തലത്തിലാണ് കൂടുതല്‍ വാണിജ്യമണ്ഡലങ്ങളും രൂപീകരിക്കപ്പെട്ടിട്ടുള്ളത്.

വാണിജ്യമണ്ഡലങ്ങളും വ്യാപാരസംഘടനകളും (Trade Associations) തമ്മില്‍ അടിസ്ഥാനപരമായ വ്യത്യാസങ്ങളുണ്ട്. പ്രത്യേക മേഖലകളില്‍ വ്യാപാരവ്യവസായ സംരംഭങ്ങള്‍ നടത്തുന്നവരുടെ സംഘടനയാണ് വ്യാപാരസംഘടന. ഇന്ത്യന്‍ ജൂട്ട് മില്‍സ് അസോസിയേഷന്‍, ബോംബെ മില്‍ ഓണേഴ്സ് അസോസിയേഷന്‍ തുടങ്ങിയവ വ്യാപാരസംഘടനകളാണ്. ഒരു പ്രത്യേക വ്യവസായത്തിന്റെ അല്ലെങ്കില്‍ വ്യാപാരത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുകയാണ് വ്യാപാരസംഘടനകളുടെ ലക്ഷ്യം. എന്നാല്‍, വാണിജ്യമണ്ഡലങ്ങള്‍ക്ക് കുറേക്കൂടി വിപുലമായ ലക്ഷ്യമാണുള്ളത്. വാണിജ്യമണ്ഡലങ്ങളിലെ അംഗത്വം ഏതെങ്കിലും വ്യവസായത്തിലോ വ്യാപാരത്തിലോ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്താറില്ല. എല്ലാ തുറയിലുമുള്ള വാണിജ്യ-വ്യവസായസംരംഭകര്‍ക്കും ഇതില്‍ അംഗങ്ങളാകാം.

ഘടനയുടെയും ചുമതലകളുടെയും കാര്യത്തില്‍ പല രാജ്യങ്ങളിലെയും വാണിജ്യമണ്ഡലങ്ങള്‍ തമ്മില്‍ പ്രകടമായ വ്യത്യാസങ്ങള്‍ കാണാം. ഉദാഹരണമായി, ഫ്രാന്‍സില്‍ വ്യവസായ പ്രതിനിധികളും സര്‍ക്കാര്‍ പ്രതിനിധികളും അംഗങ്ങളായുള്ള അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളാണ് വാണിജ്യമണ്ഡലങ്ങള്‍. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി മാത്രമാണ് ഇവ പ്രവര്‍ത്തിക്കുന്നത്. തുറമുഖങ്ങള്‍, പണ്ടകശാലകള്‍ തുടങ്ങിയ പൊതുതാത്പര്യമുള്ള സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതിനും നികുതി പിരിക്കുന്നതിനും ഈ വാണിജ്യമണ്ഡലങ്ങള്‍ക്ക് അധികാരമുണ്ട്. യു.എസ്., ഇംഗ്ളണ്ട്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ വാണിജ്യമണ്ഡലങ്ങള്‍ തികച്ചും സ്വകാര്യസംഘടനകളാണ്. അംഗത്വഫീസും വരിസംഖ്യയുമല്ലാതെ അവയ്ക്ക് മറ്റു വരുമാനമാര്‍ഗങ്ങളില്ല.

ചരിത്രം. റോമാസാമ്രാജ്യത്തോളം പഴക്കമുള്ളതാണ് ചേംബര്‍ ഒഫ് കോമേഴ്സ് എന്ന ആശയം. ബോര്‍ഡ് ഒഫ് ട്രേഡ്, മര്‍ച്ചന്റ്സ് അസോസിയേഷന്‍ ഒഫ് കോമേഴ്സ് തുടങ്ങിയ വിവിധ പേരുകളില്‍ അറിയപ്പെടുന്ന സംഘടനകളെല്ലാം ചേംബര്‍ ഒഫ് കോമേഴ്സ് എന്ന ആശയമാണ് ഉള്‍ക്കൊള്ളുന്നത്. ചില സന്ദര്‍ഭങ്ങളില്‍ ചേംബര്‍ ഒഫ് കോമേഴ്സിന്റെ പര്യായപദങ്ങളായും ഇവ ഉപയോഗിക്കാറുണ്ട്. ചേംബര്‍ ഒഫ് കോമേഴ്സ് എന്ന പദം ആദ്യമായി പ്രചാരത്തില്‍ വന്നത് 1599-ലാണ്. ഫ്രാന്‍സിലെ മാര്‍സില്ലിയില്‍ ചേംബര്‍ ഒഫ് കോമേഴ്സ് രൂപീകൃതമായത് ആ വര്‍ഷത്തിലാണ്. ഇതിനെത്തുടര്‍ന്ന് മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ ചേംബര്‍ ഒഫ് കോമേഴ്സുകള്‍ രൂപീകരിക്കാന്‍ തുടങ്ങി. വ്യവസായവിപ്ലവം ശക്തി പ്രാപിച്ചതോടെ വാണിജ്യമണ്ഡലങ്ങളുടെ പ്രസക്തി വര്‍ധിക്കുകയും ചെയ്തു.

ഇന്ത്യയില്‍ വാണിജ്യമണ്ഡലങ്ങള്‍ ആരംഭിക്കുവാന്‍ മുന്‍കൈ എടുത്തത് യൂറോപ്യന്‍ കച്ചവടക്കാരാണ്. 1834-ല്‍ ബംഗാളില്‍ ഒരു വാണിജ്യമണ്ഡലം രൂപീകരിച്ചുകൊണ്ടാണ് ഇന്ത്യയില്‍ ഇതിന് നാന്ദി കുറിച്ചത്. തുടര്‍ന്ന് 1836-ല്‍ ബോംബെയിലും വാണിജ്യമണ്ഡലം നിലവില്‍വന്നു. ഉറച്ച വാണിജ്യതത്പരരായിരുന്ന യൂറോപ്യന്‍ വ്യാപാരികള്‍ ഇന്ത്യയില്‍ അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് വാണിജ്യമണ്ഡലങ്ങള്‍ സ്ഥാപിക്കാനൊരുമ്പെട്ടത്. ബ്രിട്ടീഷ് സര്‍ക്കാരുമായി ഉറ്റബന്ധം പുലര്‍ത്തിക്കൊണ്ടായിരുന്നു വാണിജ്യമണ്ഡലങ്ങളുടെ പ്രവര്‍ത്തനം ചിട്ടപ്പെടുത്തിയിരുന്നത്. രാഷ്ട്രീയ-സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കുവാന്‍ ഈ വാണിജ്യമണ്ഡലങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

ഇന്ത്യന്‍ ചേംബര്‍ ഒഫ് കോമേഴ്സ് എന്ന തദ്ദേശീയ വാണിജ്യമണ്ഡലം 1885-ലാണ് രൂപീകരിക്കപ്പെട്ടത്. എങ്കിലും വ്യാപാര-വാണിജ്യമണ്ഡലങ്ങളുമായി ഏകോപിപ്പിച്ച് ക്രമബദ്ധമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് 20-ാം ശതകത്തിന്റെ തുടക്കത്തോടെയാണ്. സ്വദേശിപ്രസ്ഥാനം എന്ന ആശയം ഇതിനെ പ്രത്യക്ഷമായി സ്വാധീനിക്കുകയും ചെയ്തു. 1907-ല്‍ ഇന്ത്യന്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ സ്ഥാപിതമായത് ഈ പശ്ചാത്തലത്തിലായിരുന്നു. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുകൊണ്ട്, വാണിജ്യമണ്ഡലങ്ങള്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി ഇഴുകിച്ചേര്‍ന്നു. പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് ഇതു സഹായകരവുമായി. വ്യാപാരവ്യവസായ മേഖലയുടെ ഉള്‍ത്തുടിപ്പ് പ്രകാശിപ്പിക്കാനുള്ള ഒരു പൊതുവേദി എന്ന നിലയിലാണ് വാണിജ്യമണ്ഡലങ്ങള്‍ രൂപീകരിക്കപ്പെട്ടതുതന്നെ.

ഇപ്പോള്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും വാണിജ്യകേന്ദ്രങ്ങളിലും വാണിജ്യമണ്ഡലങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. അഖിലേന്ത്യാതലത്തില്‍ത്തന്നെ ഒരു ഡസനിലധികം വാണിജ്യമണ്ഡലങ്ങളും രണ്ട് പ്രമുഖ ഫെഡറേഷനുകളുമുണ്ട്. 1920-ല്‍ കല്‍ക്കത്തയില്‍ സ്ഥാപിതമായ അസോസിയേറ്റഡ് ചേംബര്‍ ഒഫ് കോമേഴ്സും 1926-ല്‍ ഡല്‍ഹിയില്‍ സ്ഥാപിതമായ ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ ചേംബര്‍ ഒഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുമാണ് ഈ രണ്ട് ഫെഡറേഷനുകള്‍. മുംബൈ ആസ്ഥാനമാക്കിയുള്ള ഇന്ത്യന്‍ മര്‍ച്ചന്റ്സ് ചേംബര്‍ (1907) വാണിജ്യ-സാങ്കേതിക വിഷയങ്ങളില്‍ പരീക്ഷ നടത്തുകയും ചെയ്യുന്നതിനാല്‍ ദേശീയ-അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തി നേടിയിട്ടുണ്ട്. കയറ്റുമതി ചെയ്യുന്ന ചരക്കുകള്‍ക്ക് ഉദ്ഭവ സാക്ഷിപത്രം (Certificate of Origin) നല്കുവാന്‍ ഈ സംഘടനയെ കേന്ദ്ര സര്‍ക്കാര്‍ അധികാരപ്പെടുത്തിയിട്ടുണ്ട്.

പ്രത്യേകതകള്‍. വാണിജ്യമണ്ഡലങ്ങളുടെ പ്രത്യേകതകള്‍ ചുവടേ ചേര്‍ക്കുന്നു. സ്വമേധയാ സംഘടിപ്പിക്കപ്പെടുന്ന വാണിജ്യമണ്ഡലങ്ങളില്‍ ഈ രംഗവുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും അംഗത്വം നല്കുന്നു. ലാഭേച്ഛ കൂടാതെ പൊതു താത്പര്യസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്നു.

സാധനങ്ങളുടെ ഉത്പാദനമോ വിതരണമോ വാണിജ്യമണ്ഡലങ്ങള്‍ നേരിട്ട് ഏറ്റെടുക്കുന്നില്ല. അതേ സമയം അംഗങ്ങള്‍ക്ക് സ്വന്തം നിലയില്‍ വാണിജ്യ-വ്യവസായമേഖലകളില്‍ പ്രവര്‍ത്തിക്കാനാവുന്നു. അംഗങ്ങള്‍ക്ക് സേവനം പകര്‍ന്നുകൊടുക്കുകയും കാര്യക്ഷമമായി വാണിജ്യവ്യവസായ സംരംഭങ്ങള്‍ നടത്താനുള്ള സൗകര്യം ലഭ്യമാക്കുകയും ചെയ്യുന്നു. അംഗത്വഫീസും വരിസംഖ്യയും മുഖ്യവരുമാനമാര്‍ഗങ്ങളായി അവലംബിക്കുന്നു.

രൂപീകരണം. കമ്പനി നിയമപ്രകാരമോ ട്രേഡ് യൂണിയന്‍ നിയമപ്രകാരമോ വാണിജ്യമണ്ഡലങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം. അംഗമാകാന്‍ താത്പര്യമുള്ളവര്‍ അതിനുള്ള അപേക്ഷ നല്കുകയും അംഗത്വം ലഭിക്കുന്ന മുറയ്ക്ക് അംഗത്വഫീസും വരിസംഖ്യയും അടയ്ക്കുകയും വേണം. ഓഹരി മൂലധനമുള്ള വാണിജ്യമണ്ഡലങ്ങളില്‍ അംഗങ്ങളാകാന്‍ ഓഹരികള്‍ എടുക്കണം. ഓഹരിമൂലധനത്തിന് പകരമായി അംഗങ്ങള്‍ അവരുടെ ബാധ്യത ഉറപ്പായി വാഗ്ദാനം ചെയ്തുകൊണ്ട് (Limited by Guarantee) രൂപീകരിക്കുന്ന സമ്പ്രദായമാണ് മിക്ക വാണിജ്യമണ്ഡലങ്ങളും അനുവര്‍ത്തിക്കാറുള്ളത്. അംഗങ്ങള്‍ അംഗീകരിച്ച ഭരണഘടനയ്ക്കും (Memorandum of Association) നിയമാവലിക്കും (Articles of Association) വിധേയമായാണ് ഇവയുടെ ഭരണനിര്‍വഹണം നടക്കുന്നത്. അംഗങ്ങളുടെ ഇടയില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട ഡയറക്ടര്‍ ബോര്‍ഡാണ് ഭരണസമിതി, അധ്യക്ഷന്‍, ഉപാധ്യക്ഷന്‍, സെക്രട്ടറി (കാര്യദര്‍ശി), ഉപകാര്യദര്‍ശി, ഖജാന്‍ജി തുടങ്ങിയവര്‍ ഉള്‍ക്കൊള്ളുന്നതാണ് ഡയറക്ടര്‍ ബോര്‍ഡ്. ഭാരവാഹികളുടെ അവകാശങ്ങളും അധികാരങ്ങളും ചുമതലകളും നിയമാവലിക്കനുസൃതമായിരിക്കും.

ലക്ഷ്യങ്ങള്‍. ഓരോ രാജ്യത്തെയും പ്രദേശത്തെയും വാണിജ്യമണ്ഡലങ്ങള്‍ക്ക് വ്യത്യസ്തങ്ങളായ ലക്ഷ്യങ്ങളാവും ഉണ്ടാവുക. എങ്കിലും എല്ലാ വാണിജ്യമണ്ഡലങ്ങള്‍ക്കും ചുവടേ ചേര്‍ക്കുന്ന പൊതുലക്ഷ്യങ്ങള്‍ ഉണ്ടാവും. വാണിജ്യ-വ്യവസായമേഖലകളുടെ പൊതുവായ വികസനവും താത്പര്യസംരക്ഷണവും മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുക; സര്‍ക്കാരുമായും തൊഴിലാളികളുമായും പൊതുജനങ്ങളുമായും സൗഹൃദബന്ധം സ്ഥാപിക്കുകയും നിലനിര്‍ത്തുകയും ചെയ്യുക; സര്‍ക്കാരിന്റെ നിയമനിര്‍മാണസമിതികളിലും മറ്റും വ്യാപാരവ്യവസായമേഖലകളെ പ്രതിനിധീകരിക്കുക; സര്‍ക്കാര്‍ കമ്മിറ്റികളിലേക്കും അന്താരാഷ്ട്ര സമിതികളിലേക്കും പ്രതിനിധികളെ നിര്‍ദേശിക്കുക; ദേശീയ അന്തര്‍ദേശീയ വാണിജ്യ കൂടിയാലോചന സമിതികള്‍ അംഗീകരിച്ച തീരുമാനങ്ങള്‍ നടപ്പിലാക്കുക; സര്‍ക്കാര്‍ നടപ്പാക്കുന്ന നിയമനടപടികളോട് ക്രിയാത്മകമായി പ്രതികരിക്കുക; വ്യാപാര-വ്യവസായമേഖലകളുടെ താത്പര്യത്തിനനുസൃതമായി നിയമനിര്‍മാണം നടത്തുന്നതിന് സര്‍ക്കാരിനെ പ്രേരിപ്പിക്കുക; അംഗങ്ങള്‍ക്കുവേണ്ട സേവനം പ്രദാനം ചെയ്യുക; വാണിജ്യമണ്ഡലത്തിന്റെ ലക്ഷ്യങ്ങള്‍ നേടി എടുക്കുന്നതിനുവേണ്ടി സമൂഹത്തിലെ ഇതരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുക.

ചുമതലകള്‍. ബ്രിട്ടന്‍, യു.എസ്., ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ വാണിജ്യമണ്ഡലങ്ങളുടെ ചുമതലകള്‍ ഇനി പറയുന്ന വിധമാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. വാണിജ്യ ഇടപാടുകളെയും വിപണിയുടെ ഉള്‍ത്തുടിപ്പുകളെയും സംബന്ധിച്ച പൊതുവിവരങ്ങള്‍ ശേഖരിക്കുകയും അംഗങ്ങളെ അറിയിക്കുകയും ചെയ്യുക; ഇടപാടുകാരുടെ വിശ്വസ്തതയെ സംബന്ധിച്ച വിവരങ്ങള്‍ അംഗങ്ങള്‍ തമ്മില്‍ കൈമാറാന്‍ അവസരം ഒരുക്കുക; കാര്യക്ഷമവും ചെലവ് കുറഞ്ഞതുമായ ഗതാഗതസൗകര്യങ്ങള്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ നടത്തുക; രാജ്യാന്തര ക്രയവിക്രയ ഇടപാടുകളെക്കുറിച്ച്, വിശിഷ്യാ പാക്കിങ്, ട്രാന്‍സ്പോര്‍ട്ട് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അംഗങ്ങളെ ബോധവാന്മാരാക്കുക; തര്‍ക്കപരിഹാരങ്ങളിലും മറ്റും കണക്കുകള്‍ ഒത്തുതീര്‍ക്കുന്നതിനുള്ള കേന്ദ്രസ്ഥാപനമായി പ്രവര്‍ത്തിക്കുക; ഗവേഷണസ്ഥാപനങ്ങള്‍ നടത്തുകയും ഗവേഷണഫലങ്ങള്‍ ഏകോപിപ്പിച്ച് അംഗങ്ങളെ അറിയിക്കുകയും ചെയ്യുക; വ്യാപാര ഇടപാടുകള്‍ ക്രമീകരിക്കുകയും കിടമത്സരങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യുക; അവകാശത്തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് അനുരഞ്ജനമാര്‍ഗങ്ങള്‍ ഉപയോഗിക്കുക; പൊതുതാത്പര്യം മുന്‍നിര്‍ത്തി പരസ്യം ഉള്‍പ്പെടെയുള്ള ബോധവത്കരണമാര്‍ഗങ്ങള്‍ ആരാഞ്ഞ് നടപ്പിലാക്കുക; ഏകീകൃത അക്കൗണ്ടിങ് രീതികള്‍ നടപ്പിലാക്കുന്നതിന് അംഗങ്ങളെ സഹായിക്കുക; കോണ്‍ഫറന്‍സുകളും സെമിനാറുകളും സംഘടിപ്പിക്കുകയും അതുവഴി പുതിയ ആശയങ്ങളും മറ്റും ഉരുത്തിരിച്ചെടുക്കാനാവും വിധമുള്ള അവസരങ്ങളുണ്ടാക്കുകയും ചെയ്യുക; ആനുകാലിക പ്രസിദ്ധീകരണങ്ങളും മറ്റും സ്വന്തമായി ആസൂത്രണം ചെയ്ത് അംഗങ്ങളെയും പൊതുജനങ്ങളെയും വ്യാപാരവ്യവസായ മേഖലകളെക്കുറിച്ച് ബോധവാന്മാരാക്കുക; കയറ്റുമതി സാധനങ്ങള്‍ക്ക് ഉദ്ഭവ സാക്ഷിപത്രം (Certificate of Origin) നല്കുക; അനഭിമതമായ വ്യാപാരരീതികള്‍ ഇല്ലായ്മ ചെയ്യുന്നതിനും പൊതുവായ ധാര്‍മികമൂല്യം, നിയമസംഹിത, ശ്രേഷ്ഠചര്യ (Ethics, Code and Conduct) എന്നിവയ്ക്ക് രൂപം നല്കുന്നതിനുള്ള നേതൃത്വം ഏറ്റെടുക്കുക; വാണിജ്യവ്യവസായ മേഖലകളുടെ ഔദ്യോഗിക വക്താവായി പ്രവര്‍ത്തിക്കുക; സര്‍ക്കാര്‍ രൂപം നല്കുന്ന നിയമസംഹിതകളെക്കുറിച്ച് അഭിപ്രായരൂപീകരണം നടത്തുക; വാണിജ്യ-വ്യവസായ മേഖലകളുടെ ഉന്നതി ലക്ഷ്യമാക്കി നിയമനിര്‍മാണം നടത്തുന്നതിന് സര്‍ക്കാരിനെ രാഷ്ട്രീയതലത്തിലും ഇതരതലങ്ങളിലും സഹായിക്കുക; പരിശീലനം, പരീക്ഷകള്‍ എന്നിവ നടത്തുകയും സര്‍ട്ടിഫിക്കറ്റുകള്‍ നല്കുകയും ചെയ്യുക.

ഫ്രാന്‍സിലും മറ്റു ചില രാജ്യങ്ങളിലും വാണിജ്യമണ്ഡലങ്ങള്‍ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരം വാണിജ്യമണ്ഡലങ്ങള്‍ക്ക് ഭരണപരവും നിയമപരവുമായ ചില ചുമതലകള്‍ കൂടി നിര്‍വഹിക്കാനുണ്ട്. ഫ്രാന്‍സിലെ വാണിജ്യമണ്ഡലങ്ങളുടെ പ്രവര്‍ത്തനത്തെ അടിസ്ഥാനമാക്കി ഈ വിധത്തിലുള്ള ചുമതലകളെ ഇങ്ങനെ ക്രോഡീകരിക്കാം: സ്റ്റോക്ക് എക്സ്ചേഞ്ച്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, പണ്ടകശാലകള്‍, തുറമുഖങ്ങള്‍, വാണിജ്യശാസ്ത്ര പഠന കേന്ദ്രങ്ങള്‍, വായനശാലകള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ ഭരണനിര്‍വഹണം നടത്തുക; വ്യവസായവാണിജ്യമേഖലകളുടെ പ്രശ്നങ്ങളെയും വികസനകാര്യങ്ങളെയുംകുറിച്ച് പഠനങ്ങള്‍ നടത്തുകയും റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുകയും ചെയ്യുക. വ്യാപാര സമൂഹത്തിനുവേണ്ടി വിദഗ്ധരെയും അക്കൗണ്ടന്റ്, അധ്യാപകര്‍ തുടങ്ങിയവരെയും തിരഞ്ഞുപിടിക്കുക; സര്‍ക്കാര്‍ സമിതികളിലേക്ക് പ്രതിനിധികളെ അയയ്ക്കുകയും വാണിജ്യവ്യവസായ കാര്യങ്ങളെക്കുറിച്ച് സര്‍ക്കാരിനെ ഉപദേശിക്കുകയും ചെയ്യുക.

യൂറോപ്യന്‍ വാണിജ്യമണ്ഡലങ്ങളും ഇന്ത്യന്‍ വാണിജ്യമണ്ഡലങ്ങളും തമ്മില്‍ ഘടനയിലും ഭരണനിര്‍വഹണത്തിലും പ്രകടമായ വ്യത്യാസങ്ങളുണ്ട്. യൂറോപ്യന്‍ വാണിജ്യമണ്ഡലങ്ങളിലെ അംഗത്വം പരിമിതമാണ്. രാജ്യാന്തരബന്ധങ്ങളുള്ള കമ്പനികള്‍ മാത്രമാണ് അവയിലെ അംഗങ്ങള്‍. ഭരണനിര്‍വഹണം മാനേജിങ് കമ്മിറ്റിയാണ് നടത്തുന്നത്. മാനേജിങ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് വോട്ടിങ്ങിലൂടെയല്ല. ഭരണമൊഴിയുന്ന കമ്മിറ്റി നിര്‍ദേശിക്കുന്നവരാണ് പുതിയ മാനേജിങ് കമ്മിറ്റിയംഗങ്ങള്‍. 'മാന്യന്മാരുടെ കൂട്ടം' എന്ന നിലയില്‍ ഇതിനെ ആരും ചോദ്യം ചെയ്യുകയോ മറ്റു വിധത്തില്‍ എതിര്‍ക്കുകയോ പതിവില്ല.

ഇന്ത്യന്‍ വാണിജ്യമണ്ഡലങ്ങളില്‍ ധാരാളം അംഗങ്ങളുണ്ടാകും. രാജ്യാന്തരബന്ധങ്ങളില്ലാത്ത ചെറുകിടക്കാര്‍ക്കുപോലും അംഗങ്ങളാകാം. മിക്കപ്പോഴും ഭൂരിപക്ഷം പേരും ഇക്കൂട്ടരായിരിക്കും. ഭരണനിര്‍വഹണം നടത്തുന്നത് ബോര്‍ഡുകളോ കമ്മിറ്റികളോ ആണ്. രാഷ്ട്രീയ പ്രേരിതമായ തിരഞ്ഞെടുപ്പുകള്‍ ഇക്കാര്യത്തിലുണ്ടാകുക സ്വാഭാവികം തന്നെ. വോട്ട് ക്യാന്‍വാസിങ് വരെ എത്തുന്ന തലത്തില്‍ ചൂടുപിടിച്ച തിരഞ്ഞെടുപ്പ് പ്രചാരണവും അസാധാരണമല്ല.

പ്രവര്‍ത്തനരീതിയില്‍ യൂറോപ്യന്‍ രാജ്യങ്ങളിലെയും ഇന്ത്യയിലെയും വാണിജ്യമണ്ഡലങ്ങള്‍ തമ്മില്‍ ചില അടിസ്ഥാന വ്യത്യാസങ്ങളുണ്ട്.

വിദേശരാജ്യങ്ങളിലെ വാണിജ്യമണ്ഡലങ്ങള്‍ ഉപദേശത്തിനോ സഹായത്തിനോവേണ്ടി സര്‍ക്കാരിനെ സമീപിക്കുന്നത് വിരളമാണ്. വിഭവസമാഹരണത്തില്‍ സ്വയം പര്യാപ്തത നേടാന്‍ ത്രാണിയുള്ളതുകൊണ്ട് നയരൂപീകരണം തികച്ചും സ്വകാര്യം എന്ന നിലപാടാണ് ഇവരുടേത്. പരസഹായം കൂടാതെ തങ്ങളുടെ മേഖലയുടെ പരിപോഷണത്തിനുവേണ്ടിയാണ് വാണിജ്യമണ്ഡലങ്ങള്‍ പ്രവര്‍ത്തനം ക്രമീകരിക്കുന്നത്. എന്നാല്‍ ഇന്ത്യയിലെ വ്യാപാര വ്യവസായമേഖലകളിലെ വികസനപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വാണിജ്യമണ്ഡലങ്ങള്‍ മുഖ്യമായി ആശ്രയിക്കുന്നത് സര്‍ക്കാരിനെയാണ്.

വ്യാപാര വ്യവസായ മേഖലകളുടെ ഉന്നതിക്കുതകുന്ന വിവരങ്ങള്‍ ശേഖരിക്കുകയും അംഗങ്ങള്‍ക്ക് അവ എത്തിച്ചുകൊടുക്കുകയുമാണ് വിദേശരാജ്യങ്ങളിലെ വാണിജ്യമണ്ഡലങ്ങളുടെ ജോലി. ഒപ്പം അംഗങ്ങളുടെ വാണിജ്യ ഇടപാടുകളെ നേരിട്ട് ബാധിക്കുന്ന നിയമവ്യവസ്ഥകളെക്കുറിച്ച് ആഴത്തില്‍ വിശകലനം നടത്തുകയും ശ്രദ്ധ പതിപ്പിക്കുകയും ചെയ്യുന്നു. അംഗങ്ങള്‍ക്ക് കണക്കുകള്‍ എഴുതുന്നതിലും ആഫീസ് പ്രവര്‍ത്തിപ്പിക്കുന്നതിലും നിയമപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും സഹായം നല്കുന്നതിന് ഓരോ രംഗത്തും വിദഗ്ധസമിതികളുടെ പ്രവര്‍ത്തനം ലഭ്യമാകുന്നുവെന്നതുകൊണ്ട്, വാണിജ്യമണ്ഡലങ്ങള്‍ക്ക് ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട് ഒന്നും ചെയ്യാനില്ല. ഇന്ത്യയില്‍ ഒടുവില്‍ പ്രതിപാദിച്ച കാര്യങ്ങളില്‍ അംഗങ്ങളെ സഹായിക്കുക എന്നതിലാണ് വാണിജ്യമണ്ഡലങ്ങള്‍ ശ്രദ്ധ പതിപ്പിക്കേണ്ടിവരുന്നത്.

വിദേശരാജ്യങ്ങളിലെ വാണിജ്യമണ്ഡലങ്ങള്‍ക്ക് വിഭവസമാഹരണത്തില്‍ മേല്‍ക്കോയ്മ ഉള്ളതുകൊണ്ട് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനും അംഗങ്ങള്‍ക്ക് ഉപകാരപ്രദമാകുംവിധം അവയെ ഉപയോഗപ്പെടുത്തുന്നതിനും കഴിയുന്നു. വിഭവപരിമിതിമൂലം ഇന്ത്യയിലെ വാണിജ്യമണ്ഡലങ്ങള്‍ ഇക്കാര്യത്തിലും പിന്നോക്കം തള്ളപ്പെട്ടിരിക്കുന്നു.

അന്തര്‍ദേശീയ വാണിജ്യമണ്ഡലം. അന്തര്‍ദേശീയതലത്തില്‍ ഏറ്റവും കൂടുതല്‍ അംഗീകാരമുള്ള വാണിജ്യമണ്ഡലമാണ് പാരിസ് ആസ്ഥാനമാക്കിയുള്ള ഇന്റര്‍നാഷണല്‍ ചേംബര്‍ ഒഫ് കോമേഴ്സ്. ഇത് ഇംഗ്ളണ്ട്, ഫ്രാന്‍സ്, ബല്‍ജിയം, ഇറ്റലി, യു.എസ്. തുടങ്ങിയ രാജ്യങ്ങള്‍ മുന്‍കൈ എടുത്ത് സ്ഥാപിച്ചതാണ്. ഇന്ത്യ ഉള്‍പ്പെടെ അമ്പതിലധികം രാജ്യങ്ങള്‍ ഇതില്‍ അംഗത്വം നേടിയിട്ടുണ്ട്. അന്തര്‍ദേശീയതലത്തില്‍ വാണിജ്യഇടപാടുകള്‍ ശക്തിപ്പെടുത്തുകയും രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുകയുമാണ് ഈ സംഘടനയുടെ മുഖ്യലക്ഷ്യം. അംഗരാജ്യങ്ങളിലെ വ്യാപാരികള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിനുവേണ്ടി ഭരണസമിതി അംഗങ്ങള്‍ ഉള്‍ക്കൊണ്ട 'കോര്‍ട്ട് ഒഫ് കോമേഴ്സ്യല്‍ ആര്‍ബിട്രേഷന്‍' ഈ സംഘടനയുടെ സവിശേഷതയായി ചൂണ്ടിക്കാണിക്കാറുണ്ട്. ഇറക്കുമതിക്കും കയറ്റുമതിക്കുമുള്ള ധനസഹായം, വിദേശചരക്കുകള്‍ക്കുള്ള ചുങ്കം, ഇറക്കുമതി, കയറ്റുമതി നിയമങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചുകൊണ്ടാണ് ഈ സംഘടനയുടെ പ്രവര്‍ത്തനം ചിട്ടപ്പെടുത്തിയിട്ടുള്ളത്.

(ഡോ. എം. ശാര്‍ങ്ഗധരന്‍; ഡോ. എന്‍. ദയാനന്ദന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍