This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചേംബര്‍ലെയ്ന്‍, ഹുസ്റ്റണ്‍ സ്റ്റീവാര്‍ട്ട് (1855 - 1927)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചേംബര്‍ലെയ്ന്‍, ഹുസ്റ്റണ്‍ സ്റ്റീവാര്‍ട്ട് (1855 - 1927)

Chamberlain, Houston Stewart

ആംഗ്ലോ-ജര്‍മന്‍ വംശസൈദ്ധാന്തികനും ചരിത്രകാരനും തത്ത്വശാസ്ത്ര എഴുത്തുകാരനും. 1855-ല്‍ ഇംഗ്ലണ്ടിലെ പോര്‍ട്ട്സ്മൗത്തിന് സമീപമുള്ള സൌത്ത് സീ എന്ന സ്ഥലത്ത് ജനിച്ചു. ബാല്യകാലം മറ്റു ബന്ധുക്കളോടൊപ്പം ഫ്രാന്‍സില്‍ ചെലവഴിച്ചു. ഇത് ഇംഗ്ലണ്ടിനോടും ഇംഗ്ലണ്ടുമായി ബന്ധപ്പെട്ട എല്ലാറ്റിനോടും ഒരു അലക്ഷ്യപ്രകൃതി ആ ബാലനില്‍ ഉളവാക്കി. എന്നിരുന്നാലും സ്കൂള്‍ വിദ്യാഭ്യാസം ഇംഗ്ലണ്ടില്‍ കഴിച്ചുകൂട്ടാന്‍ ചേംബര്‍ലെയ്ന്‍ നിര്‍ബന്ധിതനായി. സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഇംഗ്ലണ്ട് വിട്ടുപോയ ചേംബര്‍ലെയ്ന്‍ പിന്നീട് 1873-ലും 1893-ലും കുറച്ചു ദിവസങ്ങള്‍ മാത്രമേ ഇംഗ്ലണ്ടില്‍ താമസിച്ചിരുന്നുള്ളൂ.

ജോസഫ് ചേംബര്‍ലെയ്ന്‍

സസ്യശാസ്ത്രവും മറ്റു പ്രകൃതിശാസ്ത്രങ്ങളുമാണ് ചേംബര്‍ലെയ്ന്‍ തന്റെ പഠനവിഷയങ്ങളായി ആദ്യകാലത്ത് തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ വളരെവേഗം തത്ത്വശാസ്ത്രം, സാഹിത്യം, ദൈവശാസ്ത്രം, കല, ചരിത്രം എന്നിവയിലും ഇദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. മനുഷ്യവര്‍ഗത്തെ സംബന്ധിച്ചുള്ള പഠനത്തില്‍ രാഷ്ട്രത്തിന്റെ സ്വാധീനതയെയും ചേംബര്‍ലെയ്ന്‍ പരാമര്‍ശിക്കുന്നുണ്ട്. ഒരു രാഷ്ട്രീയ ചട്ടക്കൂട് എന്ന നിലയില്‍ രാഷ്ട്രമാണ് ഒരു വര്‍ഗത്തിന്റെ രൂപീകരണത്തിന് കളമൊരുക്കുന്നത്. ഒരുവന്റെ ശരീരഘടനയ്ക്ക് ഉപരി അവന്റെ വര്‍ഗത്തെപ്പറ്റിയുള്ള ബോധമാണ് ഒരു വര്‍ഗത്തിന്റെ അടിത്തറ. ജനസമൂഹങ്ങളെ 'ഇംഗ്ലീഷ് വര്‍ഗം', 'ജാപ്പനീസ് വര്‍ഗം' എന്നൊക്കെയാണ് ചേംബര്‍ലെയ്ന്‍ വ്യവഹരിച്ചിരുന്നത്. മതവിഭാഗങ്ങളുടെയും അധികാരഗ്രൂപ്പുകളുടെയും അസ്തിത്വം ചേംബര്‍ലെയ്ന്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ വര്‍ഗശക്തികളുടെ വളരെ പിന്നിലാണ് ഇത്തരം ഗ്രൂപ്പുകളുടെ സ്ഥാനം. ജൂതന്മാര്‍ക്ക് തത്ത്വശാസ്ത്രപരമായോ അതിഭൌതികശാസ്ത്രസംബന്ധമായോ എന്തെങ്കിലും സവിശേഷത ഉള്ളതായി ചേംബര്‍ലെയ്ന്‍ കരുതിയിരുന്നില്ല. അതുകൊണ്ട് അവര്‍ക്ക് ഒരു മതത്തെയോ ഒരു യേശുക്രിസ്തുവിനെയോ സൃഷ്ടിക്കാനും കഴിഞ്ഞില്ല. ഭൌതികശാസ്ത്രത്തിലും യുക്തിചിന്തയിലും അവര്‍ക്ക് പ്രാവീണ്യം ഉണ്ടായിരുന്നതായി ഇദ്ദേഹം സമ്മതിച്ചിരുന്നു. ചേംബര്‍ലെയ്ന്റെ അഭിപ്രായത്തില്‍ വിരുദ്ധങ്ങളായ രണ്ടു ജീവിതതത്ത്വശാസ്ത്രത്തിന്റെ-ജൂതവര്‍ഗത്തിന്റെയും ജര്‍മാനിക്-ആര്യന്‍ വര്‍ഗത്തിന്റെയും-സംഘട്ടനമാണ് ചരിത്രം. 1876-ല്‍ ഇദ്ദേഹം ഇപ്രകാരം എഴുതി. 'എന്റെ അഭിപ്രായത്തില്‍ യൂറോപ്പിന്റെ മുഴുവന്‍ ഭാവി-അതായത് ലോകസംസ്കാരം-ജര്‍മനിയുടെ കരങ്ങളില്‍ നിക്ഷിപ്തമാണ് എന്നത് ഒരു യാഥാര്‍ഥ്യമായിത്തീരും'.

കവിയും സംഗീതജ്ഞനുമായ റിച്ചാര്‍ഡ് വാഗ്നറുമായുള്ള കൂടിക്കാഴ്ച ചേംബര്‍ലെയ്ന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. 'എന്റെ ജീവിതത്തിന്റെ സൂര്യന്‍' (The Sun of my life) എന്ന് ചേംബര്‍ലെയ്ന്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നു. പില്ക്കാലത്ത് വാഗ്നറുടെ മകള്‍ ഇവായെയാണ് ചേംബര്‍ലെയ്ന്‍ വിവാഹം കഴിച്ചത്. ചേംബര്‍ലെയ്നെ സ്വാധീനിച്ചിരുന്ന മറ്റൊരു പ്രമുഖവ്യക്തി ഗൊയ്ഥേ ആയിരുന്നു. ലോകത്തെക്കുറിച്ചും ജീവിതസിദ്ധാന്തത്തെക്കുറിച്ചും ഉള്ള ചേംബര്‍ലെയ്ന്റെ കാഴ്ചപ്പാടിനെ ഗൊയ്ഥേ സ്വാധീനിച്ചിരുന്നു.

ഞരമ്പുരോഗം ശാരീരികമായും മാനസികമായും ചേംബര്‍ലെയ്നെ വളരെ ഏറെ ഉപദ്രവിച്ചിരുന്നു. ഇതിന്റെ ചികിത്സയ്ക്കായി പടിഞ്ഞാറന്‍ യൂറോപ്പിലും മധ്യയൂറോപ്പിലുമായി ഒമ്പത് വര്‍ഷം ഇദ്ദേഹം ചെലവഴിച്ചു. ഈ കാലഘട്ടത്തില്‍ ഒരു ജര്‍മന്‍ അധ്യാപകന്‍ ജര്‍മന്‍ സാഹിത്യത്തിലും തത്ത്വചിന്തയിലും ചേംബര്‍ലെയ്ന് താത്പര്യം വളര്‍ത്തി. ഇതാണ് ജര്‍മനിയില്‍ സ്ഥിരതാമസമാക്കാന്‍ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഒന്നാം ലോകയുദ്ധകാലത്ത് ബ്രിട്ടീഷുകാര്‍ക്കെതിരെ ചേംബര്‍ലെയ്ന്‍ എഴുതി. 1901 മുതല്‍ നെതര്‍ലന്‍ഡ്സിലേക്ക് നാടുകടത്തപ്പെടുന്നതുവരെ കൈസര്‍ വില്യം II-നോട് ഇദ്ദേഹം പ്രത്യേക സ്നേഹബന്ധം പുലര്‍ത്തിയിരുന്നു. 1923-ല്‍ ചേംബര്‍ലെയ്ന്‍ ഹിറ്റല്റുമായി പരിചയപ്പെട്ടു. ആര്യവംശ മഹത്ത്വം ഉദ്ഘോഷിച്ച ഹിറ്റ്ലറോട് അനുകമ്പാപൂര്‍ണമായ ഒരു സമീപനമാണ് ചേംബര്‍ലെയ്ന്‍ സ്വീകരിച്ചിരുന്നത്.

കാന്റിനെക്കുറിച്ചും ഗൊയ്ഥേയെക്കുറിച്ചും ചേംബര്‍ലെയ്ന്‍ പഠനഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ദ് ഫൌണ്ടേഷന്‍സ് ഒഫ് ദ് നയന്റീന്‍ത് സെഞ്ച്വറി (1911) ആണ് ഇദ്ദേഹം രചിച്ച പ്രമുഖ ഗ്രന്ഥം. വാഗ്നറെക്കുറിച്ച് ഇദ്ദേഹം രചിച്ച ഗ്രന്ഥങ്ങളാണ് റിച്ചാര്‍ഡ് വാഗ്നര്‍ (1897), ദ് വാഗ്നേറിയന്‍ (ഡ്രാമ, 1915) എന്നിവ. 1927 ജനു. 9-ന് ചേംബര്‍ലെയ്ന്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍