This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചേംബര്‍ലെയ്ന്‍, ജോസഫ് (1836 - 1914)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചേംബര്‍ലെയ്ന്‍, ജോസഫ് (1836 - 1914)

Chamberlain, Joseph

ജോസഫ് ചേംബര്‍ലെയ്ന്‍

ബ്രിട്ടീഷ് രാഷ്ട്രീയ നേതാവ്. ജോസഫ് ചേംബര്‍ലെയ്നിന്റെ മകനായി 1836 ജൂല. 8-ന് ഇദ്ദേഹം ലണ്ടനില്‍ ജനിച്ചു. 1852-ല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം കുറച്ചുകാലം വ്യവസായരംഗത്ത് പ്രവര്‍ത്തിച്ചു. 1868 മുതല്‍ ഇദ്ദേഹം ബര്‍മിങ്ഹാമില്‍ തദ്ദേശ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ മുഴുകി ലിബറല്‍ പാര്‍ട്ടി പ്രവര്‍ത്തകനായി. 1869-ല്‍ ബര്‍മിങ്ഹാമില്‍ ടൌണ്‍ കൗണ്‍സില്‍ അംഗമായി. 1873 വരെ ഈ സ്ഥാനത്ത് തുടര്‍ന്നു. 1873 മുതല്‍ 76 വരെ ഇദ്ദേഹം ബര്‍മിങ്ഹാമിലെ മേയറായി പ്രവര്‍ത്തിച്ചു. മുനിസിപ്പല്‍ ഭരണം കാര്യക്ഷമമാക്കുന്നതിനും ബര്‍മിങ്ഹാം നഗരപരിഷ്കരണത്തിനുംവേണ്ടി ഇദ്ദേഹം ഇക്കാലത്ത് പല പരിപാടികളും ആവിഷ്കരിച്ചു നടപ്പിലാക്കിയിരുന്നു.

1876-ല്‍ ലിബറല്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി ഇദ്ദേഹം പാര്‍ലമെന്റംഗമായി. 1880-ല്‍ ഗ്ലാഡ്സ്റ്റന്റെ ഗവണ്‍മെന്റില്‍ ബോര്‍ഡ് ഒഫ് ട്രേഡിന്റെ പ്രസിഡന്റ് ആയി. പല സാമൂഹിക പരിഷ്കാരങ്ങള്‍ക്കും ഇക്കാലത്ത് ഇദ്ദേഹം നേതൃത്വം നല്കി. ഐറിഷ് പ്രശ്നത്തില്‍ അയര്‍ലന്‍ഡിന്റെയും മാതൃരാജ്യത്തിന്റെയും സമീപനത്തില്‍നിന്ന് വ്യത്യസ്തമായിരുന്നു ഇദ്ദേഹത്തിന്റെ സമീപനം. ഈ പ്രശ്നത്തിന്മേല്‍ 1885 മേയില്‍ ഇദ്ദേഹം രാജിവച്ചു. 1885 നവംബറില്‍ ചേംബര്‍ലെയ്ന്‍ വീണ്ടും പാര്‍ലമെന്റംഗമാവുകയും ഗ്ലാഡ്സ്റ്റന്റെ ഗവണ്‍മെന്റില്‍ മന്ത്രിസ്ഥാനം വഹിക്കുകയും ചെയ്തു. അയര്‍ലന്‍ഡിനുവേണ്ടി ഗ്ലാഡ്സ്റ്റണ്‍ രൂപകല്പന ചെയ്ത ഹോം റൂള്‍ പദ്ധതിയോടുള്ള വിയോജിപ്പിനെത്തുടര്‍ന്ന് 1886 മാ. 15-ന് മന്ത്രിസ്ഥാനം രാജിവച്ചു. പാര്‍ലമെന്റില്‍ ഹോം റൂള്‍ ബില്ലിനെ പരാജയപ്പെടുത്താന്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട ലിബറല്‍ യൂണിയനിസ്റ്റ് എന്ന ലിബറല്‍ കക്ഷിയിലെ വിമതഗ്രൂപ്പിനു കഴിഞ്ഞു. 1891-ല്‍ ചേംബര്‍ ലെയ്ന്‍ ലിബറല്‍ യൂണിയനിസ്റ്റുകളുടെ കോമണ്‍സ് സഭയിലെ നേതാവായി. 1895-ല്‍ സാലിസ്ബറിയുടെ നേതൃത്വത്തിലുള്ള യാഥാസ്ഥിതികകക്ഷി ഗവണ്‍മെന്റില്‍ ചേംബര്‍ലെയ്ന്‍ കോളനികള്‍ക്കുവേണ്ടിയുള്ള മന്ത്രിയായി. താരിപ്പുനയത്തില്‍ മാറ്റം വരുത്തണമെന്ന ഇദ്ദേഹത്തിന്റെ നിര്‍ദേശം ബ്രിട്ടനില്‍ വിവാദമായി. തുടര്‍ന്ന് 1903-ല്‍ ചേംബര്‍ലെയ്ന്‍ രാജിവച്ചു. തുടര്‍ന്നുള്ള മൂന്നുവര്‍ഷം താരിഫ് റിഫോം ലീഗിലൂടെ തന്റെ നയം നടപ്പിലാക്കുന്നതിനായി പ്രവര്‍ത്തിച്ചു. ഇതിന്റെ ഫലമായി ലിബറല്‍ യൂണിയനിസ്റ്റുകളും കണ്‍സര്‍വേറ്റീവ് കക്ഷിയുമായുള്ള കൂട്ടുകെട്ട് തകര്‍ന്നു. 1906-ല്‍ അനാരോഗ്യംമൂലം ഇദ്ദേഹം പൊതുപ്രവര്‍ത്തനം ഉപേക്ഷിച്ചു. 1914 ജൂല. 2-ന് ചേംബര്‍ലെയ്ന്‍ അന്തരിച്ചു. ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ അതികായനായിരുന്ന ഓസ്റ്റിന്‍ ചേംബര്‍ലെയ്നും പ്രധാനമന്ത്രിയായിരുന്ന നെവില്‍ ചേംബെര്‍ലെയ്നും ഇദ്ദേഹത്തിന്റെ പുത്രന്മാരാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍