This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചേംബര്‍ലെയ്ന്‍, ചാള്‍സ് ജോസഫ് (1863 - 1943)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചേംബര്‍ലെയ്ന്‍, ചാള്‍സ് ജോസഫ് (1863 - 1943)

Chamberlain, Charles Joseph

ഇംഗ്ലീഷ് സസ്യശാസ്ത്രകാരന്‍. ഡബ്ള്യു.എസ്. ഡെല്ലിന്റെയും മേരി സ്പെന്‍സര്‍ ചേംബര്‍ലെയ്ന്റെയും പുത്രനായി 1863 ഫെ. 23-ന് ഒഹിയോയിലെ സള്ളിവനില്‍ ജനിച്ചു. ഒബേര്‍ലിന്‍ കോളജിലെ ജ്യോതിശ്ശാസ്ത്രജ്ഞനായ എ.എ. റൈറ്റിന്റെ കീഴില്‍ സസ്യശാസ്ത്രത്തിലും ജന്തുശാസ്ത്രത്തിലും പ്രാവീണ്യം നേടിയ ഇദ്ദേഹം അവിടെനിന്നുതന്നെ 1888-ല്‍ ബിരുദവും നേടി.

ഒഹിയോയിലെയും മിന്നിസോട്ടയിലെയും ഹൈസ്കൂളുകളില്‍ ഇദ്ദേഹം അധ്യാപകനായി ജോലിനോക്കി. അവധിക്കാലങ്ങളില്‍ തന്റെ ശാസ്ത്രപഠനം തുടര്‍ന്ന ചേംബര്‍ലെയ്ന്‍ 1894-ല്‍ ഒബേര്‍ലിനില്‍നിന്ന് ബിരുദാനന്തരബിരുദവും 1897-ല്‍ ഷിക്കാഗോ സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റും നേടി. 45 വര്‍ഷക്കാലത്തോളം ഇദ്ദേഹം ഷിക്കാഗോ സര്‍വകലാശാലയില്‍ സസ്യശാസ്ത്രഗവേഷണശാലകളുടെ ചുമതല വഹിച്ചു.

1901-02-ല്‍ ബോണിലെ സസ്യശാസ്ത്രജ്ഞനായ എഡ്വാര്‍ഡ് സ്ട്രാസ്ബര്‍ഗറിന്റെ പരീക്ഷണശാലയില്‍ അദ്ദേഹത്തോടൊപ്പം ഗവേഷണം നടത്തി.

1915-ല്‍ ഷിക്കാഗോയില്‍ പ്രൊഫസറായി നിയമിതനായ ഇദ്ദേഹം 1929-ല്‍ അവിടെത്തന്നെ എമരിറ്റസ് പ്രൊഫസറായി.

1931-32-ല്‍ അമേരിക്കന്‍ ബൊട്ടാണിക്കല്‍ സൊസൈറ്റിയുടെ പ്രസിഡന്റ് ആയിരുന്നു. സൈക്കാഡുകളുടെ പരിണാമത്തെപ്പറ്റിയും ഇദ്ദേഹം പഠനങ്ങള്‍ നടത്തുകയുണ്ടായി. ജീവിതചക്രത്തില്‍

ഒരിക്കല്‍മാത്രം പുഷ്പിക്കുന്ന സൈക്കാഡുകള്‍ക്ക് നിലനില്പിന്റെ പ്രശ്നം ഗുരുതരമാണെന്ന് ഇദ്ദേഹം കണ്ടെത്തി. 1904 മുതല്‍ 1912 വരെ പല രാജ്യങ്ങളിലും സാഹസികയാത്ര നടത്തി സൈക്കാഡുകളെപ്പറ്റി പഠനം നടത്തിയശേഷം ദ് ലിവിങ് സൈക്കാഡ് എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. നട്ടുവളര്‍ത്താനും മൈക്രോസ്കോപ്പികപഠനങ്ങള്‍ക്കുമായി ഒരോ സ്ഥലത്തുനിന്നും സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ വളരെക്കാലത്തെ പ്രയത്നം ഭൂമിയില്‍ ജീവിച്ചിരിക്കുന്ന സൈക്കാഡുകളുടെ ശേഖരണത്തില്‍ ഷിക്കാഗോ സര്‍വകലാശാലയെ ഒന്നാംസ്ഥാനത്തെത്തിച്ചു. മോര്‍ഫോളജി ഒഫ് ആന്‍ജിയോസ്പേംസ് (1903), മോര്‍ഫോളജി ഒഫ് ജിംനോസ്പേംസ് (1910), മെതേഡ്സ് ഇന്‍ പ്ലാന്റ് ഹിസ്റ്റോളജി (1932), എലിമെന്റ്സ് ഒഫ് പ്ലാന്റ് സയന്‍സസ് (1930) തുടങ്ങിയ പുസ്തകങ്ങളും ഗവേഷണപ്രധാനങ്ങളായ അനേകം ലേഖനങ്ങളും ഇദ്ദേഹത്തിന്റേതായുണ്ട്. 1943 ജനു. 5-ന് ഷിക്കാഗോയിലെ ഇല്ലിനോയില്‍ (Illinois) അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍