This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചേംബര്‍ലെയ്ന്‍, ഓസ്റ്റിന്‍ (1863 - 1937)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചേംബര്‍ലെയ്ന്‍, ഓസ്റ്റിന്‍ (1863 - 1937)

Chamberlain, Austen

ബ്രിട്ടീഷ് രാജ്യതന്ത്രജ്ഞനും നോബല്‍ പുരസ്കാര ജേതാവും. ഹാരിയറ്റ് കെന്റിക്കിന്റെയും ജോസഫ് ചേംബര്‍ലെയ്ന്റെയും പുത്രനായി 1863 ഒ. 16-ന് ബര്‍മിങ്ഹാമില്‍ ജനിച്ചു. കേംബ്രിജ് സര്‍വകലാശാലയിലും ബര്‍ലിനിലും പാരിസിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1892-ല്‍ ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഓസ്റ്റിന്‍ മരണംവരെ ആ സ്ഥാനം നിലനിര്‍ത്തിയിരുന്നു.

ഓസ്റ്റിന്‍ ചേംബര്‍ലെയ്ന്‍

അതിവിപുലമായ ഔദ്യോഗിക ജീവിതത്തിന്റെ ഉടമയാണ് ഓസ്റ്റിന്‍ ചേംബര്‍ലെയ്ന്‍. 1895-1900 കാലയളവില്‍ 'സിവില്‍ ലോഡ് ഒഫ് ദി അഡ്മിറാലിറ്റി'യായും 1900-02 കാലഘട്ടത്തില്‍ 'ഫിനാന്‍ഷ്യല്‍ സെക്രട്ടറി ടു ദ് ട്രഷറി'യായും സേവനം അനുഷ്ഠിച്ചു. തുടര്‍ന്ന് ഏതാനും മാസം പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ആയി പ്രവര്‍ത്തിച്ചു. 1903 മുതല്‍ 05 വരെ ഇദ്ദേഹം ധനകാര്യവകുപ്പുമന്ത്രിയായിരുന്നു.

1906-ലെ തിരഞ്ഞെടുപ്പില്‍ യാഥാസ്ഥിതിക കക്ഷിക്ക് ഭരണം നഷ്ടപ്പെട്ടപ്പോള്‍ ഓസ്റ്റിന്‍ ചേംബര്‍ലെയ്ന്‍ പ്രതിപക്ഷ അംഗം എന്ന നിലയില്‍ പാര്‍ലമെന്റില്‍ സജീവമായി. 1915-ല്‍ എച്ച്.എച്ച്. അസ്ക്വിത്തിന്റെ കൂട്ടുകക്ഷി ഗവണ്‍മെന്റ് അധികാരത്തില്‍ വന്നപ്പോള്‍ ഇദ്ദേഹം ഇന്ത്യയ്ക്കുവേണ്ടിയുള്ള സ്റ്റേറ്റ് സെക്രട്ടറിയായി നിയമിതനായി. ഒരു പാര്‍ലമെന്ററി കമ്മിറ്റി ഇദ്ദേഹത്തിന്റെ വകുപ്പിനെക്കുറിച്ച് പ്രതികൂലമായ റിപ്പോര്‍ട്ട് നല്കിയതിനെത്തുടര്‍ന്ന് 1917-ല്‍ ഈ സ്ഥാനം ഓസ്റ്റിന്‍ രാജിവച്ചു. 1918-ലെ യുദ്ധകാല മന്ത്രിസഭയിലെ അംഗമായിരുന്ന ഇദ്ദേഹം 1919-ല്‍ ലോയ്ഡ് ജോര്‍ജിന്റെ കൂട്ടുകക്ഷിമന്ത്രിസഭയില്‍ ധനകാര്യവകുപ്പുമന്ത്രിയായി വീണ്ടും നിയമിതനായി. 1921-ല്‍ യാഥാസ്ഥിതിക കക്ഷി നേതൃസ്ഥാനം ഓസ്റ്റിന്‍ ചേംബര്‍ലെയ്ന്‍ ഏറ്റെടുത്തു. എന്നാല്‍ പാര്‍ട്ടിയില്‍ ഉണ്ടായ ചില അഭിപ്രായ ഭിന്നതകള്‍ നിമിത്തം 1922 ഒക്ടോബറില്‍ ഈ സ്ഥാനം രാജിവച്ചു.

1924-ല്‍ ബാള്‍ഡ്വിന്‍ ഗവണ്‍മെന്റില്‍ വിദേശകാര്യ സെക്രട്ടറിയായി. 1925-ല്‍ ഒപ്പുവച്ച ലൊക്കാര്‍ണോ ഉടമ്പടി വിദേശകാര്യ സെക്രട്ടറി എന്ന നിലയിലുള്ള ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടമായി കരുതപ്പെടുന്നു. 1925-ല്‍ 'നൈറ്റ്' പദവി നല്കി ഇദ്ദേഹത്തെ ആദരിച്ചു. ഇതേ വര്‍ഷംതന്നെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ചാള്‍സ് ഡേവ്സുമായി ഇദ്ദേഹം പങ്കുവച്ചു. 1931-ല്‍ റാംസേ മക്ഡൊണാള്‍ഡ് ദേശീയ സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ ഓസ്റ്റിന്‍ ചേംബര്‍ലെയ്ന്‍ 'ഫസ്റ്റ് ലോഡ് ഒഫ് ദ അഡ്മിറാലിറ്റി' ആയി. 1937 മാ. 16-ന് ഇദ്ദേഹം ലണ്ടനില്‍ അന്തരിച്ചു. ഡൌണ്‍ ദി ഈയേഴ്സ് (1935), പൊളിറ്റിക്സ് ഫ്രം ഇന്‍സൈഡ് (1936) എന്നീ ഗ്രന്ഥങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍