This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചേംബര്‍ലെയ്ന്‍, ഓവെന്‍ (1920 - 2006)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചേംബര്‍ലെയ്ന്‍, ഓവെന്‍ (1920 - 2006)

Chamberlain, Owen

അമേരിക്കന്‍ ഭൗതികശാസ്ത്രജ്ഞന്‍. ആന്റിപ്രോട്ടോണ്‍ കണ്ടുപിടിച്ചതിന് 1959-ലെ ഊര്‍ജതന്ത്രത്തിനുള്ള നോബല്‍ സമ്മാനം പങ്കിട്ടു.

ഓവെന്‍ചേംബര്‍ലെയ്ന്‍

ചേംബര്‍ലെയ്ന്‍ 1920 ജൂല. 10-ന് റേഡിയോളജിസ്റ്റ് എഡ്വേഡ് ചേംബര്‍ലെയ്ന്റെ പുത്രനായി സാന്‍ഫ്രാന്‍സിസ്കോയില്‍ ജനിച്ചു. രണ്ടാം ലോകയുദ്ധകാലത്ത് പഠനം നിര്‍ത്തിവച്ച് ബോംബുനിര്‍മാണവുമായി ബന്ധപ്പെട്ട മന്‍ഹാട്ടന്‍ പ്രോജക്റ്റില്‍ ജോലിചെയ്തു. എന്റിക്കോ ഫെര്‍മിയുടെ കീഴില്‍ ഗവേഷണം നടത്തി 1949-ല്‍ ഷിക്കാഗോ യൂണിവേഴ്സിറ്റിയില്‍നിന്ന് പിഎച്ച്.ഡി. ബിരുദം നേടി. ഷിക്കോഗോ, റോം, ഹാര്‍വാഡ് എന്നീ യൂണിവേഴ്സിറ്റികളില്‍ പഠിപ്പിച്ചതിനുശേഷം 1948-ല്‍ ബര്‍ക്കിലിയിലെ കാലിഫോര്‍ണിയാ യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നു. 1958-ല്‍ അവിടെ ഊര്‍ജതന്ത്ര പ്രൊഫസറായി.

ലോറന്‍സ് റേഡിയേഷന്‍ ലബോറട്ടറിയിലെ ഗവേഷണം വഴി ബെവാട്രോണ്‍ കണികാ ത്വരകത്തിന്റെ സഹായത്തോടെ ചേംബര്‍ലെയ്നും കൂട്ടരും ആന്റിപ്രോട്ടോണ്‍ നിര്‍മിക്കുന്നതില്‍ വിജയിച്ചു. പ്രോട്ടോണിന്റെ തുല്യദ്രവ്യമാനവും എതിര്‍ചാര്‍ജും ഉള്ളവയാണ് ആന്റിപ്രോട്ടോണുകള്‍. ഈ കണ്ടുപിടിത്തം ചേംബര്‍ലെയ്ന്‍, എമിലിയോ സെഗ്രെ എന്നിവരെ 1959-ലെ നോബല്‍ സമ്മാനജേതാക്കളാക്കി. ഹൈഡ്രജനും ഡ്യുട്ടീരിയവുമായി ആന്റിപ്രോട്ടോണുകളുടെ പ്രതിപ്രവര്‍ത്തനം, ആന്റിപ്രോട്ടോണുകളില്‍നിന്ന് ആന്റിന്യൂട്രോണുകളുടെ ഉത്പാദനം, പയോണുകളുടെ പ്രകീര്‍ണനം (scattering), ഘനമൂലകങ്ങളുടെ സ്വമേധയായുള്ള വിഖണ്ഡനം (fission), ദ്രാവകങ്ങള്‍ വഴിയുള്ള ന്യൂട്രോണ്‍ വിഭംഗനം (diffraction) എന്നീ വിവിധമേഖലകളില്‍ ഇദ്ദേഹം ഗവേഷണം നടത്തിയിട്ടുണ്ട്. 1960-ല്‍ ഇദ്ദേഹം നാഷണല്‍ അക്കാദമി ഒഫ് സയന്‍സസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2006 ഫെ. 28-ന് ബര്‍ക്കിലിയില്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍