This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെസ്സ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ചെസ്സ്

ഒരു മത്സരക്കളി. ചെസ്സ് ബോര്‍ഡില്‍ (Chess Board) വരച്ചിട്ടുള്ള കളത്തിലൂടെ രണ്ടാളുകള്‍ കരുക്കള്‍ നീക്കിയാണ് ഇതു കളിക്കുന്നത്. എതിരാളിയുടെ 'കിങ്' (King) എന്ന കരുവിനെ വെട്ടിലാക്കുകയാണ് കളിയിലെ ലക്ഷ്യം. കുശാഗ്രബുദ്ധിയും ഏകാഗ്രതയും ഓര്‍മശക്തിയും ആവശ്യപ്പെടുന്ന ചെസ്സ് ഗൌരവമേറിയ കളികളില്‍ ഒന്നാണ്. ബുദ്ധിശാലികളുടെ വിനോദം എന്ന ബഹുമതി ചെസ്സിനുണ്ട്.

ചരിത്രം

ചെസ്സിന്റെ ഉത്പത്തിയെക്കുറിച്ച് പല രാജ്യങ്ങളും അവകാശവാദം ഉന്നയിക്കുന്നുണ്ട്. ഈജിപ്ത്, ഗ്രീസ്, റോം എന്നിവിടങ്ങളില്‍ വളരെപ്പണ്ടു മുതല്ക്കേ ഇതു നിലനിന്നിരുന്നു എന്നതിനു തെളിവുകളുണ്ട്. യഹൂദര്‍, ചൈനക്കാര്‍, പേര്‍ഷ്യക്കാര്‍, അയര്‍ലന്‍ഡുകാര്‍ എന്നിവരുടെയിടയിലെല്ലാം തങ്ങളുടെ രാജ്യത്താണ് ഇത് ആവിര്‍ഭവിച്ചത് എന്നു സൂചിപ്പിക്കുന്ന നിരവധി ഐതിഹ്യങ്ങളുണ്ട്. അത്തരം പരാമര്‍ശങ്ങള്‍ക്കു പിന്‍ബലം നല്കുന്ന ചില ചരിത്ര വസ്തുതകളും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും ഭാരതത്തിലാണ് ഈ കളി ആവിര്‍ഭവിച്ചതെന്ന വാദത്തിനാണ് പ്രാമാണ്യമുള്ളത്. ഭാരതത്തില്‍ വളരെ പണ്ടു മുതല്ക്കേ നിലനിന്നിരുന്ന 'ചതുരംഗ'ത്തോടു ബന്ധമുള്ള നിരവധി വിനോദങ്ങള്‍ ലോകത്തിന്റെ പല ഭാഗത്തും ഉണ്ടായിരുന്നു. അക്കൂട്ടത്തില്‍ എ.ഡി. 6-ാം ശ.-ല്‍ ഉത്തരേന്ത്യയില്‍ നിലനിന്നിരുന്ന ചതുരംഗത്തില്‍ നിന്നാണ് ചെസ്സ് രൂപം കൊണ്ടതെന്നു കരുതപ്പെടുന്നു.

മത്സരത്തിനു തയ്യാറാക്കിയിരിക്കുന്ന ചെസ്സ് കരുക്കള്‍

1964-ല്‍ ബ്രിട്ടീഷ് ചരിത്രകാരനായ ഡോ. തോമസ് ഹൈഡ് ആണ് ചതുരംഗത്തിന്റെ ജന്മഭൂമി ഭാരതമാണെന്ന അഭിപ്രായം ആദ്യം പുറപ്പെടുവിച്ചത്. പില്ക്കാലത്ത് സംസ്കൃതപണ്ഡിതനായ വില്യം ജോണ്‍സ് ഈ വാദത്തെ പിന്താങ്ങി. 1913-ല്‍ എച്ച്.ജെ.ആര്‍. മുറെ ഹിസ്റ്ററി ഒഫ് ചെസ്സ് എന്ന ഗ്രന്ഥത്തിലൂടെ ചെസ്സിന്റെ ഭാരതീയ പൈതൃകത്തിനു സ്ഥിരീകരണം നല്കി.

പേര്‍ഷ്യ, അറേബ്യ എന്നീ രാജ്യങ്ങളിലേക്കാണ് ഈ കളി ആദ്യം കുടിയേറിയതെന്നു കരുതപ്പെടുന്നു. ഫിര്‍ദൌസിയുടെ ഷാനാമ എന്ന ഇതിഹാസകാവ്യത്തില്‍ ഖുസ്രു I-ന്റെ കാലത്ത് ചതുരംഗം ഇന്ത്യയില്‍ നിന്നും പേര്‍ഷ്യയിലെത്തിയതായി പരാമര്‍ശമുണ്ട്. പേര്‍ഷ്യയില്‍ 'ചത്-രംഗ്' എന്ന പേരിലും അറേബ്യയില്‍ 'ശത്-രഞ്ജ്' എന്ന പേരിലുമാണ് ഇതു പ്രചരിച്ചിരുന്നത്. അറബികള്‍ പേഴ്സ്യ ആക്രമിച്ചു കീഴടക്കിയതോടെ (640-650) ഇസ്ലാം രാജ്യങ്ങളിലെല്ലാം ഈ വിനോദം പ്രചുരപ്രചാരം നേടി. യൂറോപ്പിലേക്കുള്ള അറബികളുടെ കുടിയേറ്റം (8-ാം ശ.) ചെസ്സ് അവിടങ്ങളിലും എത്തിച്ചേരുന്നതിനു കാരണമായി. യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്പെയിനിലാണ് ഇത് ആദ്യം വേരുപിടിച്ചത്. അവിടെ നിന്നുമാണ് ചെസ്സിനെക്കുറിച്ചുള്ള ഏറ്റവും പഴക്കമുള്ള സമ്പൂര്‍ണ കൈയെഴുത്തുപ്രതി ലഭിച്ചിട്ടുള്ളതും. 1905-ലെ കുരിശുയുദ്ധത്തിനു മുമ്പുതന്നെ യൂറോപ്പിലെ പരിഷ്കൃത ജനതയുടെയിടയില്‍ ഈ കളി പരക്കെ അംഗീകാരം നേടുകയുണ്ടായി. 12-ാം ശ.-ല്‍ ബാള്‍ട്ടിക് തീരം, ഐസ്ലന്‍ഡ് എന്നിവിടങ്ങളിലും തുടര്‍ന്ന് ബൊഹിമിയയിലും ഹംഗറിയിലും ഇത് എത്തിച്ചേര്‍ന്നു. ഇന്ന് ഒട്ടുമിക്ക രാജ്യങ്ങളിലും ചെസ്സ് ശ്രദ്ധേയമായൊരു മത്സരക്കളിയായി പ്രചാരം നേടിയിട്ടുണ്ട്.

ഈ കാലയളവിനിടെ ഭാരതത്തിന്റെ ചതുരംഗ വിനോദം നിരവധി പരിഷ്കാരങ്ങള്‍ക്കു വിധേയമായി ചെസ്സ് എന്ന പുതിയ രൂപം കൈവരിച്ചുകഴിഞ്ഞിരുന്നു. ചതുരംഗത്തിലെ മന്ത്രി ചെസ്സില്‍ ക്വീന്‍ (Queen) ആയി; ആന ബിഷപ്പും (Bishop). തേരും കുതിരയുമൊഴിച്ചുള്ള കരുക്കളുടെയെല്ലാം നീക്കങ്ങളില്‍ ഗണ്യമായ മാറ്റമുണ്ടായി. കിങ്, ക്വീന്‍, പാണ്‍ എന്നിവയുടെ നീക്കങ്ങള്‍ യൂറോപ്യന്മാര്‍ പല വട്ടം പരിഷ്കരിച്ചു. 12, 13, 14 ശ.-ങ്ങളിലാണ് നിറഭേദമുള്ള ബോര്‍ഡുപയോഗിച്ചു തുടങ്ങിയത്. വലത്തെ അറ്റത്ത് വെള്ളക്കളം വരത്തക്ക വിധമാണ് ബോര്‍ഡു വയ്ക്കേണ്ടത് എന്ന നിബന്ധന മധ്യകാലത്ത് ഉണ്ടായിരുന്നില്ല. ഇതിനിടെ ഈ കളിക്ക് നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ആദ്യകാലത്ത് ഒരു വിഭാഗം പള്ളി മേധാവികള്‍ ഇതിനെ തള്ളിപ്പറഞ്ഞിരുന്നു. ഫ്രാന്‍സില്‍ ഫിലിപ്പ് അഗസ്റ്റിന്റെ കാലത്ത് ചെസ്സ് നിരോധിക്കുകയുണ്ടായി.

ഈ രംഗത്ത് (12 മുതല്‍ 16 വരെ ശ.ങ്ങള്‍) ശ്രദ്ധേയരായിരുന്ന കളിക്കാരാണ് പോപ് ഗ്രിഗറി, രാജാക്കന്മാരായ ജോണ്‍, എഡ്വേര്‍ഡ്-I, ഫെഡറിക്-II തുടങ്ങിയവര്‍. തുടര്‍ന്നുള്ള മൂന്നു ശതകങ്ങളില്‍ ചെസ്സ് രംഗത്തെ അനശ്വര പ്രതിഭകളായി ഉയര്‍ന്നു വന്നവരില്‍ പ്രമുഖര്‍ സ്പെയിനിലെ റൂയി ലോപ്പസ്, ഫ്രാന്‍സിലെ ഫിലോസോര്‍, ഇംഗ്ളണ്ടിലെ സ്റ്റോണ്‍ടന്‍, ചിനൊഗ്രെക്കോ, ലിയോനാര്‍ഡോ പോളോ ബോയ് എന്നിവരാണ്.

18-ാം ശ.വും 19-ാം ശ.-ന്റെ ആദ്യപാദവും ആധുനിക ചെസ്സിന്റെ നവോത്ഥാന കാലമായിരുന്നു. അക്കാലത്ത് ഹേഗ് ആസ്ഥാനമാക്കി നിരവധി പരിഷ്കരണശ്രമങ്ങള്‍ നടക്കുകയുണ്ടായി. ആ കാലയളവില്‍ റോമിലും മാഡ്രിഡിലുമായി നിരവധി പ്രദര്‍ശനമത്സരങ്ങള്‍ അരങ്ങേറുകയും ചെയ്തു. 19-ാം ശ.-ന്റെ അന്ത്യമായപ്പോഴേക്കും ചെസ്സ് ഗൌരവമുള്ള ഒരു ജനകീയ കളി ആയി വളര്‍ച്ച പ്രാപിച്ചു. അപ്പോഴേക്കും സ്ത്രീകളും ചെസ്സ് കളിച്ചു തുടങ്ങുകയും 'വനിതാ ചെസ്സ്' എന്ന പ്രത്യേക വിഭാഗമായി അതു വികസിക്കുകയും ചെയ്തു.

ആധുനിക കാലത്ത് ചെസ്സിന്റെ പ്രസക്തിയും പ്രാധാന്യവും തിരിച്ചറിഞ്ഞുകൊണ്ട് അതിനെ വേണ്ടവിധത്തില്‍ പരിപോഷിപ്പിക്കുന്നതിന് മുന്‍കൈയെടുത്തതു റഷ്യയാണ്. വളരെ വേഗത്തില്‍ ചെസ്സ് റഷ്യക്കാരുടെ ദേശീയ വിനോദമായി അംഗീകാരം നേടി. 'ചെസ്സിന്റെ മോസ്കോ' എന്ന് റഷ്യ അറിയപ്പെടുകയും ചെയ്തു. 1950-ല്‍ മോസ്കോയിലെ കായിക സംസ്കാരത്തിനായുള്ള കേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു ചെസ്സ് ഡിപ്പാര്‍ട്ടുമെന്റു തന്നെ തുറന്നു. അവിടെ ചെസ്സ് പഠനത്തിനും ചെസ്സുകളിയില്‍ ബിരുദം നേടുന്നതിനുമുള്ള സൗകര്യങ്ങളുണ്ട്. മിഖായേല്‍ ചഗോറിനെ (1850-1908) ആണ് റഷ്യന്‍ ചെസ്സിന്റെ പിതാവ്.

1886 മുതല്‍ ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ തുടങ്ങി. അത് ചെസ്സിനെ ഒരു വിശ്വവിനോദമാക്കി ഉയര്‍ത്തി. 1924 ജൂല.-ല്‍ പാരിസില്‍ ലോകചെസ്സ് സംഘടനയായ ഫിഡേ (Federation International Des Eches) രൂപം കൊണ്ടു. 1946 മുതല്‍ ഈ സംഘടന ലോകചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ ഏറ്റെടുത്തു നടത്തിത്തുടങ്ങി. 1950 മുതല്‍ അന്താരാഷ്ട്രപദവികള്‍ നല്കുന്ന ചുമതല ഫിഡേ ഏറ്റെടുത്തതോടെ ചെസ്സ് മത്സരങ്ങള്‍ക്കു കൂടുതല്‍ ആധികാരികതയും അംഗീകാരവും ഉണ്ടായി. അത് ദേശീയ മത്സരങ്ങളെയും പ്രാദേശിക മത്സരങ്ങളെയും കൂടുതല്‍ ഊര്‍ജസ്വലമാക്കി. 1927-ല്‍ തുടങ്ങിയ 'ചെസ്സ് ഒളിമ്പ്യാഡ്' ചെസ്സിന്റെ ലോകം വിപുലമാക്കി. അത് ലോകമാസകലമുള്ള ചെസ്സുകളിക്കാരെ ഒന്നിപ്പിക്കുന്ന മഹത്തായ കായിക സംരംഭം ആയി അംഗീകാരം നേടുകയും ചെയ്തു.

സാങ്കേതിക വിവരണം

ചെസ്സ് ബോര്‍ഡ്

ചെസ്സ് ബോര്‍ഡ് (Chess Board) ചെസ്സ് കളിക്കാന്‍ ഉപയോഗിക്കുന്ന ചതുരത്തിലുള്ള ബോര്‍ഡ്. 8 കളങ്ങള്‍ വീതമുള്ള 8 നിരകളിലായി ആകെ 64 കളങ്ങള്‍ ഇതില്‍ വരച്ചിരിക്കും. ഒന്നിടവിട്ടുള്ള കളങ്ങള്‍ കറുപ്പും വെളുപ്പും നിറത്തിലാണ്. മുഖാമുഖമിരിക്കുന്ന കളിക്കാര്‍ക്ക് നടുവിലായാണ് ചെസ്സ് ബോര്‍ഡ് വയ്ക്കുക. വലത്തേ അറ്റത്ത് വെളുത്തകളം വരത്തക്കവിധമാണ് ബോര്‍ഡ് സ്ഥാപിക്കേണ്ടത്. കളിക്കാര്‍ക്ക് ലംബമായുള്ള നിര ഫയല്‍ (File) എന്നും എതിരെയുള്ളവ റാങ്ക് (Rank) എന്നും അറിയപ്പെടുന്നു. പരസ്പരം തൊടുന്ന ഒരേ നിറത്തിലുള്ള കളങ്ങള്‍ ഡയഗണലുകള്‍ (Diagonals) എന്നാണ് അറിയപ്പെടുന്നത്.

കരുക്കളും നീക്കങ്ങളും

കരുക്കളും നീക്കങ്ങളും (Pieces and Movements) 16 വെള്ള, 16 കറുപ്പ് എന്നിങ്ങനെ കളി തുടങ്ങുമ്പോള്‍ ആകെ 32 കരുക്കളാണ് ഉപയോഗിക്കുന്നത്. ഒരു കളിക്കാരന് ഒരേ നിറത്തിലുള്ള കരുക്കളാണ് നല്കുക. ഓരോ സെറ്റിലും ഒരു കിങ് (King), ഒരു ക്വീന്‍ (Queen), രണ്ട് റൂക്ക് അഥവാ കാസില്‍ (Rock/castle), രണ്ട് നൈറ്റ് (Knight), എട്ട് പാണ്‍ (Pawn), എന്നീ കരുക്കളാണുള്ളത്.

വിശ്വനാഥ് ആനന്ദും ഗാരി കാസ്പറോറും ലോക ചെസ്സ് മത്സരവേളയില്‍

ചെസ്സിലെ ഏറ്റവും പ്രധാനപ്പെട്ട കരു 'കിങ്' ആണ്. ചതുരംഗത്തിലെ ദേവന്റെ സ്ഥാനമാണിതിനുള്ളത്. റഷ്യയില്‍ ഇത് 'കരോള്‍' എന്ന പേരിലാണ് അറിയപ്പെടുന്നത്. എതിരാളിയുടെ കരു ഇല്ലാത്തതും ആക്രമണവിധേയമാകാന്‍ സാധ്യതയില്ലാത്തതുമായ, തൊട്ടടുത്തുള്ള ഏതു കളത്തിലേക്കും കിങ്ങിന് നീങ്ങാം. ഈ നീക്കത്തിന് പുറമേ, കിങ്ങും റൂക്കും ഒരുമിച്ച് നീങ്ങുന്ന ഒരു സവിശേഷ സന്ദര്‍ഭം കൂടിയുണ്ട്. അത് കാസ്ലിങ് (castling) എന്നറിയപ്പെടുന്നു.

ചതുരംഗത്തിലെ മന്ത്രിക്കു പകരം ചെസ്സിലുള്ള കരുവാണ് ക്വീന്‍. എന്നാല്‍ മന്ത്രിക്കുള്ളതിനെക്കാള്‍ സ്വാതന്ത്യ്രം ഇതിനുണ്ട്. യൂറോപ്പില്‍ വച്ചാണ് ക്വീന്‍ ഇങ്ങനെ ഏറ്റവും കരുത്തുള്ള കരുവായി മാറിയത്. ഇപ്പോള്‍ ക്വീനിന് ഡയഗണലിലൂടെയും റാങ്കിലൂടെയും ഫയലിലൂടെയും ഏതു കളത്തിലേക്കും നീങ്ങാം.

ചതുരംഗത്തിലെ തേരി(രഥം)നുപകരം ചെസ്സിലുള്ള കരുവാണ് റൂക്ക്. ഇരിക്കുന്ന കളം ഉള്‍പ്പെടുന്ന റാങ്കിലോ ഫയലിലോ തടസ്സമില്ലാത്തിടത്തോളം ഇതിന് നീങ്ങാം. റൂക്ക് കിങ്ങുമായി ചേര്‍ന്നു നടത്തുന്ന സവിശേഷമായൊരു നീക്കം കൂടിയുണ്ട്. അത് കാസ്ലിങ് (promotion) എന്നറിയപ്പെടുന്നു.

ചതുരംഗത്തിലെ ആനയ്ക്കു പകരം വന്ന ബിഷപ്പ് എന്ന കരുവിന് ഇരിക്കുന്ന കളത്തിന്റെ അതേ നീളമുള്ള ഡയഗണലുകളിലൂടെ എത്രവേണമെങ്കിലും നീങ്ങാം. നൈറ്റ് എന്ന കരു ചതുരംഗത്തിലെ കുതിരയ്ക്ക് സമാനമാണ്. രണ്ട് ചുവടുകളായിട്ടാണ് നീക്കം. ആദ്യം ഫയലിലൂടെയോ റാങ്കിലൂടെയോ രണ്ടു കളം നീങ്ങുന്നു. അവിടെനിന്ന് 90o ഇടത്തേക്കോ വലത്തേക്കോ ഉള്ള കളത്തിലേക്കാണ് അടുത്ത നീക്കം. ഇതനുസരിച്ച് ഒരു കറുത്ത കളത്തില്‍നിന്നും പുറപ്പെടുന്ന നൈറ്റ് വെളുത്തകളത്തിലെത്തിച്ചേരും. ഇതിനിടയ്ക്കുള്ള കളങ്ങളില്‍ കരുക്കള്‍ ഉണ്ടെങ്കിലും നൈറ്റിന് അതൊരു തടസ്സമല്ല. മറ്റൊരു കരുവിന് മുകളിലൂടെ ചാടിക്കടന്ന് പോകാവുന്ന ചെസ്സിലെ ഏക കരു ഇതാണ്.

ചെസ്സിലെ ഏറ്റവും ദുര്‍ബലനായ കരുവാണ് പാണ്‍. അതിന് ഫയലിലൂടെ ഓരോ കളം മുന്നോട്ടുനീങ്ങുവാന്‍ മാത്രമേ കഴിയൂ. ആദ്യ നീക്കത്തില്‍ മാത്രം രണ്ട് കളം മുന്നോട്ടു നീങ്ങും. ഇരിക്കുന്ന കളത്തിനോട് ചേര്‍ന്നുവരുന്ന ഡയഗണലിലെ കരുവിനെ ഇതിനു വെട്ടാനാകും എന്നതാണ് പ്രത്യേകത. ആക്രമിക്കപ്പെടാതെ ഒരു പാണ്‍ 8 കളങ്ങളും താണ്ടി മറ്റേ അറ്റത്തെത്തിയാല്‍ അതേ നിറമുള്ള മറ്റേതെങ്കിലും കരുകൊണ്ട് (ക്വീന്‍/ബിഷപ്പ്/നൈറ്റ്/റൂക്ക്) അതിനെ വച്ചുമാറ്റാം. ഈ പ്രത്യേക നീക്കം പ്രമോഷന്‍ (Promotion) എന്നറിയപ്പെടുന്നു.

കാസ്ലിങ്

കാസ്ലിങ് (Castling) കിങ്ങും റൂക്കും ഉള്‍പ്പെടുന്ന ഒരു നീക്കമാണ് കാസ്ലിങ്. ഇതില്‍ കിങ്ങിനെ ഇരിക്കുന്നിടത്തുനിന്നും അതേ റാങ്കിലെ ഏറ്റവും അടുത്ത സമാനനിറത്തിലുള്ള കളത്തിലേക്ക് മാറ്റുന്നു. ഈ നീക്കം ഏതു റൂക്കിനടുത്തേക്കായിരുന്നുവോ ആ റൂക്ക് കിങ്ങിനെ മറികടന്ന് അതിരിക്കുന്നതിന് തൊട്ടു പിന്നിലുള്ള കളത്തിലേക്ക് മാറുന്നു. കിങ്ങും റൂക്കും തങ്ങളുടെ ആദ്യസ്ഥാനത്തുനിന്നും മാറാതിരുന്നാല്‍ മാത്രമേ ഈ നീക്കം സാധ്യമാവൂ. ഇവയ്ക്കിടയില്‍ മറ്റേതെങ്കിലും കരു ഉണ്ടായിരിക്കാനും പാടില്ല. ഒരു ഗെയിമില്‍ ഒരു കളിക്കാരന് ഒരിക്കല്‍ മാത്രമേ കാസ്ലിങ് നീക്കം നടത്താനാകൂ.

ചെക്ക്

ചെക്ക് (Check) എതിരാളിയുടെ കിങ്ങിനെ ഏതെങ്കിലും കരുകൊണ്ട് വെട്ടിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് കളിക്കാര്‍ കരു നീക്കങ്ങള്‍ നടത്തുന്നത്. കിങ്ങിനെ വെട്ടിലാക്കുന്നതാണ് 'ചെക്ക്' എന്നറിയപ്പെടുന്നത്. കിങ്ങിനെ വെട്ടുന്നതിനുമുമ്പ് മുന്നറിയിപ്പ് നല്കണം. ഏതെങ്കിലും ദിശയില്‍ സുരക്ഷിതമായ തൊട്ടടുത്ത കളത്തിലേക്ക് കിങ്ങിനെ മാറ്റി ചെക്ക് നീക്കാം. ചെക്ക് പറയുന്നതിനുപയോഗിച്ച കരുവിനെ മറ്റൊരു കരുകൊണ്ട് വെട്ടിയും കിങ്ങിനും ചെക്കുപറയാനുപയോഗിച്ച കരുവിനും ഇടയ്ക്ക് മറ്റൊരു കരുവച്ചും ചെക്കുനീക്കാം. ഇങ്ങനെ ഏതെങ്കിലും തരത്തില്‍ അത് തരണം ചെയ്യാനായില്ലെങ്കില്‍ 'ചെക്ക്മേറ്റ്' ആയി എന്നുപറയും. ഇതാണ് കളിയുടെ അവസാനം. ഇതൊന്നുമില്ലാതെ എതിരാളി സ്വയം രാജിവച്ചൊഴിയുമ്പോഴും കളി അവസാനിക്കാറുണ്ട്.

തുടക്കവും ഒടുക്കവും

കളി തുടങ്ങുമ്പോള്‍ കളിക്കാരോടടുത്ത രണ്ട് റാങ്കുകളിലായി ഒരേ നിറമുള്ള കരുക്കള്‍ നിരത്തുന്നു. ആദ്യനിരയില്‍ റൂക്ക്, നൈറ്റ്, ബിഷപ്പ്, ക്വീന്‍, കിങ്, ബിഷപ്പ്, നൈറ്റ്, റൂക്ക് എന്ന ക്രമത്തിലാണ് കരുക്കള്‍ വയ്ക്കുക. അതിന് തൊട്ടുമുന്നിലുള്ള നിരയില്‍ 8 പാണ്‍ ഒരു കളത്തിലൊന്ന് എന്ന നിലയില്‍ വയ്ക്കും. ഓരോ കളിക്കാരും ഒന്നിടവിട്ട് ഓരോ നീക്കം നടത്തിയാണ് കളിക്കുന്നത്. ആദ്യം വെള്ളക്കരുക്കള്‍ ഉള്ളയാളാണ് കളിക്കുക.

ഒരു കരു എതിരാളിയുടെ കരുവിരിക്കുന്ന കളത്തിലേക്ക് നീക്കിവച്ചാല്‍ എതിരാളിയുടെ കരുവിനെ ബോര്‍ഡില്‍നിന്നും എടുത്തുമാറ്റാവുന്നതാണ്. അത് അതിന് കാരണമായ നീക്കം നടത്തിയ കളിക്കാരന് ലഭിക്കുന്നു. എതിരാളിയുടെ കിങ്ങിനെ 'മേറ്റ്' ചെയ്യുന്നവനാണ് വിജയി. എതിരാളി രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചാലും ഒരാള്‍ വിജയിയാകും. കളി 'ഡ്രാ' ആകുന്നത് രണ്ടു കളിക്കാരും സമ്മതിക്കുമ്പോഴോ അടുത്ത നീക്കം നടത്തേണ്ടയാള്‍ ചെക്കിലല്ലാതിരിക്കുകയും അയാള്‍ക്ക് നീക്കം നടത്താന്‍ പറ്റാതാവുകയും ചെയ്യുമ്പോഴോ ആണ്. രണ്ടാമത്തെ സാധ്യത വരുന്ന സന്ദര്‍ഭം സ്റ്റെയില്‍മേറ്റ് (stalemate) എന്നാണറിയപ്പെടുന്നത്.

ചെസ്സ് ക്ലോക്ക്

ചെസ്സ് ക്ലോക്ക് (Chess Clock) ഓരോ കളിക്കാരനും നിശ്ചിത സമയത്തിനുള്ളില്‍ നിശ്ചിതനീക്കങ്ങള്‍ നടത്തണം എന്ന നിയമമുണ്ട്. ഇതിനുപയോഗിക്കുന്ന പ്രത്യേകസംവിധാനമുള്ള ക്ലോക്കാണ് ചെസ്സ് ക്ലോക്ക്. ഓരോ കളിക്കാരന്റെ മുന്നിലും ഇതുണ്ടാകും. ഓരോ കളിക്കാരനും തന്റെ നീക്കം കഴിഞ്ഞശേഷം ക്ലോക്ക് ഓഫാക്കി അടുത്തവന്റേത് തുറക്കുന്നു. ഏതെങ്കിലും തരത്തില്‍ കളി തടസ്സപ്പെട്ടാല്‍ ഇത് നിര്‍ത്തിവയ്ക്കും.

രേഖപ്പെടുത്തല്‍.

ചെസ്സ് മത്സരങ്ങളില്‍ ഓരോ നീക്കവും രേഖപ്പെടുത്തുന്നതിനായി രണ്ടുതരം സംവിധാനങ്ങളുണ്ട്.

ബീജഗണിത സമ്പ്രദായം

ബീജഗണിത സമ്പ്രദായം (Algebraic Notation) ഇതില്‍ പാണ്‍ ഒഴിച്ചുള്ള കരുക്കളെയെല്ലാം ആദ്യാക്ഷരംകൊണ്ട് സൂചിപ്പിക്കും. പാണിന് പ്രത്യേക സൂചകമില്ല. നൈറ്റിനെ K1 എന്നോ N എന്നോ ആണ് സൂചിപ്പിക്കുക. ഇടത്തേ അറ്റത്തെ വെള്ള തുടങ്ങി വലത്തോട്ടുള്ള ഫയലുകളെ യഥാക്രമം a, b, c, d, e, f, g, h എന്നിങ്ങനെയും മുകളിലേക്കുള്ള റാങ്കുകളെ 1, 2, 3, 4, 5, 6, 7, 8 എന്നിങ്ങനെയുമാണ് സൂചിപ്പിക്കുന്നത്. നീക്കത്തിന് വിധേയമായ കരുവിന്റെ ആദ്യാക്ഷരത്തോടൊപ്പം ഏതു കളത്തില്‍നിന്ന് ഏതു കളത്തിലേക്കുപോയി എന്നതിന്റെ സൂചകവും ചേര്‍ത്താണ് ഒരു നീക്കം രേഖപ്പെടുത്തുന്നത്.

ഉദാ. Bfi - d3

ഇവിടെ ഒന്നാം ഫയലിലെ ആറാമത് റാങ്കില്‍നിന്നും ബിഷപ്പ് മൂന്നാം ഫയലിലെ 4-ാം റാങ്കിലേക്ക് മാറി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

വിവരണാത്മക സമ്പ്രദായം

വിവരണാത്മക സമ്പ്രദായം (Descriptive Notation). ഇതില്‍ കിങ്ങിന്റെ വശത്തെ കരുക്കളെ KB, KN, KR എന്നിങ്ങനെയും ക്വീനിന് ഇടത്തേ കരുക്കളെ QB, QN, QR എന്നും പാണുകളെ KP,QP, BP, NP, RP എന്നും സൂചിപ്പിക്കുന്നു. Kp4 എന്നാണ് രേഖപ്പെടുത്തിയതെങ്കില്‍ അതിനര്‍ഥം കിങ്ങിന്റെ പാണ്‍ 4-ാം കളത്തിലേക്ക് മാറുന്നു എന്നാണ്.

വനിതാ ചെസ്സ്

ചെസ്സ് പുരുഷന്മാരുടെ വിനോദമായാണ് പൊതുവേ കണക്കാക്കപ്പെടുന്നതെങ്കിലും സ്ത്രീകളും ഈ കളിയില്‍ പങ്കെടുക്കാറുണ്ട്. ആദ്യകാല ചെസ്സുകളിക്കാരിലൊരാളായ വീരമെഞ്ചിക് ആണ് ആദ്യത്തെ ലോകവനിതാചെസ്സ് ചാമ്പ്യന്‍ (1927). അവര്‍ 1944 വരെ ആ കിരീടം നിലനിര്‍ത്തി. പിന്നീട് വനിതാ ചെസ്സില്‍ മിന്നിത്തിളങ്ങിയ താരം റഷ്യക്കാരിയായ നോനയാണ്. 1962-ലാണ് അവര്‍ ആദ്യത്തെ ചാമ്പ്യന്‍ഷിപ്പ് നേടിയത്. ചരിത്രത്തിലാദ്യമായി ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി നേടിയ വനിതയും ഇവരാണ്. 17-ാം വയസ്സില്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ മായയാണ് ചെസ്സ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ചാമ്പ്യന്‍.

കംപ്യൂട്ടര്‍ ചെസ്സ്.

ചെസ്സ് കളിക്കുന്ന കംപ്യൂട്ടര്‍ നിര്‍മിക്കാന്‍ ആദ്യമായി ശ്രമം തുടങ്ങിയത് സ്പെയിന്‍കാരനായ ക്വെവെഡൊ ആണ്. പ്രഥമ അമേരിക്കന്‍ കംപ്യൂട്ടര്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പ് 1970-ല്‍ ന്യൂയോര്‍ക്കില്‍ നടന്നു. 1974-ല്‍ സ്റ്റോക്ഹോമില്‍ ലോക കംപ്യൂട്ടര്‍ ചെസ്സ് മത്സരവും നടക്കുകയുണ്ടായി. ഇതിലും റഷ്യയ്ക്കു തന്നെയാണ് മുന്‍കൈ ലഭിച്ചത്.

പദവികള്‍.

'ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പ്' ആണ് ചെസ്സ് മത്സരരംഗത്തെ പരമോന്നത ബഹുമതി. ലോകചാമ്പ്യനോട് കിടപിടിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലെ ഒന്നാംകിട കളിക്കാര്‍ക്ക് നല്കുന്ന പദവിയാണ് 'ഗ്രാന്‍ഡ് മാസ്റ്റര്‍'. റഷ്യയിലെ നിക്കോളസ്കക ആണ് ഈ ബഹുമതി ഏര്‍പ്പെടുത്തിയത്. ഇവര്‍ക്ക് ചുവടെയുള്ള റേഞ്ചില്‍ ഉള്‍പ്പെടുന്നവര്‍ക്ക് 'അന്താരാഷ്ട്ര മാസ്റ്റര്‍' പദവിയാണ് നല്കുക. വനിതാ ചെസ്സിനും ഇതേ രീതിയില്‍ ലോക വനിതാ ചെസ്സ് ചാമ്പ്യന്‍, വനിതാ ഗ്രാന്‍ഡ് മാസ്റ്റര്‍, അന്താരാഷ്ട്ര വനിതാ മാസ്റ്റര്‍ എന്നീ പദവികളുണ്ട്. അന്താരാഷ്ട്ര നിലവാരമുള്ള ഏറ്റവും ചെറിയ ചെസ്സ് ബഹുമതിയാണ് 'ഫിഡേ മാസ്റ്റര്‍'.

ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പ്.

വില്‍ഹെം സ്റ്റൈനിറ്റ്സ് (ആസ്ട്രിയ) 1866-ല്‍ അഡോള്‍ഫ് ആന്‍ഡേഴ്സനുമായി നടത്തിയ വിജയകരമായ മത്സരത്തിനുശേഷം സ്വയം 'ലോകചാമ്പ്യനെ'ന്ന് വിശേഷിപ്പിച്ചതോടെയാണ് ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പ് എന്ന ആശയം ആവിര്‍ഭവിച്ചത്. 1866-ല്‍ ലോക ചെസ്സ് കിരീടത്തിനുവേണ്ടിയുള്ള പ്രഥമ ഔദ്യോഗിക മത്സരം നടന്നു. വില്‍ഹെം സ്റ്റൈനിറ്റ്സ് തന്നെയായിരുന്നു പ്രഥമ ചാമ്പ്യന്‍. 1894 വരെ അദ്ദേഹം ആ സ്ഥാനം നിലനിര്‍ത്തി. 1894-ല്‍ ഇമ്മാനുവല്‍ ലാസ്കര്‍ (ജര്‍മനി) ആണ് ചാമ്പ്യനായത്. 1908-നുശേഷമാണ് ലാസ്കര്‍ക്ക് ശക്തരായ എതിരാളികളുണ്ടായത്. റൂബിന്‍സ്റ്റീനും (പോളണ്ട്) ജോസ് ആര്‍. കാപ്പാബ്ളാങ്ക(ക്യൂബ)യുമായിരുന്നു അവരില്‍ പ്രമുഖര്‍. എങ്കിലും 1921 വരെ ലാസ്കര്‍ ആര്‍ക്കും വഴങ്ങിയില്ല. 1921-ല്‍ കാപ്പാബ്ളാങ്ക ചാമ്പ്യന്‍ഷിപ്പ് കിരീടം കരസ്ഥമാക്കി. തുടര്‍ന്ന് 1927-ല്‍ ജന്മനാ റഷ്യനെങ്കിലും ഫ്രഞ്ച് പൗരത്വം സ്വീകരിച്ച അലക്സാണ്ടര്‍ എ. അലഖീന്‍ നേതാവായി. ആപത്കരമായ ആക്രമണരീതി കൊണ്ട് ചടുലമായ അലഖീന്റെ കാലം ചെസ്സ് ചരിത്രത്തിലെ സുവര്‍ണ കാലഘട്ടമാണ്. 1935-ല്‍ ഡോ. മാക്സ് ഇയുവെ (ഡച്ച്) ചാമ്പ്യനായെങ്കിലും 1937-ല്‍ അലഖീന്‍ ശക്തമായ തിരിച്ചുവരവുനടത്തി. രണ്ടാം ലോകയുദ്ധകാലത്ത് മത്സരങ്ങളൊന്നും നടന്നില്ല. 1946-ല്‍ 'ഫിഡേ' ഏറ്റെടുത്തതോടെയാണ് ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പ് മത്സരം പുനര്‍ജനിച്ചത്.

ലോകത്തെ 12 ഭാഗങ്ങളായി തിരിച്ച് മേഖലാടിസ്ഥാനത്തിലുള്ള മത്സരവും തുടര്‍ന്ന് അന്തര്‍മേഖലാമത്സരവും തുടര്‍ന്ന് അന്തര്‍മേഖലയില്‍ മുന്‍നിരയിലെത്തിയ ആറുപേരെയും മുന്‍ലോകമത്സരത്തില്‍ രണ്ടും മൂന്നും സ്ഥാനം നേടിയവരെയും ഉള്‍പ്പെടുത്തി 'നോക്ഔട്ട്' അടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥി മത്സരവും (Candidates tournament) നടത്തും. അതിലെ വിജയിയാണ് ലോക ചാമ്പ്യന്‍. ഫിഡേ ഈ സമ്പ്രദായം കൊണ്ടുവന്നു.

ഫിഡേ നടത്തിയ പ്രഥമ മത്സരത്തില്‍ (1948) വിജയിച്ചുകൊണ്ട് ബോട്വിനിക് ലോക ചെസ്സിലെ ആദ്യത്തെ റഷ്യന്‍ ചക്രവര്‍ത്തിയായി. തുടര്‍ന്നിങ്ങോട്ട് 24 വര്‍ഷം ലോക ചെസ്സില്‍ റഷ്യയ്ക്കായിരുന്നു ആധിപത്യം. ബോട്വിനിക്കി(1948, 51, 54, 58, 61)നു പുറമേ ഈ കാലയളവിനുള്ളില്‍ ചാമ്പ്യന്മാരായ റഷ്യക്കാര്‍ സ്മൈസ് ലോവ് (57), മിഖായേല്‍ തല്‍ (60), പെട്രോഷ്യന്‍ (63, 66), ബോറിസ് സ്പാസ്കി (69) എന്നിവരാണ് ഈ അനിഷേധ്യമായ റഷ്യന്‍ മേല്‍ക്കോയ്മ തകര്‍ത്തത്. 1972-ല്‍ 15 വയസ്സിനുള്ളില്‍ അമേരിക്കന്‍ ചാമ്പ്യനും ഗ്രാന്‍ഡ് മാസ്റ്ററുമായ ബോബി ഫിഷറാണ്. 1975, 78, 81 വര്‍ഷങ്ങളില്‍ റഷ്യ വീണ്ടും ആധിപത്യം പുലര്‍ത്തി. ഈ മൂന്ന് ചാമ്പ്യന്‍ഷിപ്പുകളിലും റഷ്യക്കാരനായ അനറ്റോളി കാര്‍പ്പോവ് ആയിരുന്നു ഒന്നാമന്‍. 1983, 86, 87 കൊല്ലങ്ങളില്‍ റഷ്യക്കാരനായ ഗാരി കാസ്പറോവ് ആയിരുന്നു ചാമ്പ്യന്‍. 1993-ലും 95-ലും കാസ്പറോവ് തന്നെ കിരീടം നിലനിര്‍ത്തി. ഈ രംഗത്തെ ഭാവിവാഗ്ദാനങ്ങളാണ് ഗാട്ടാ കാംസ്കി (റഷ്യ), വിശ്വനാഥ് ആനന്ദ് (ഇന്ത്യ) എന്നിവര്‍.

ചെസ്സ് ഇന്ത്യയില്‍.

ചെസ്സിന്റെ ജന്മഭൂമിയാണ് ഭാരതം എങ്കിലും ആധുനിക ചെസ്സില്‍ ഈ നൂറ്റാണ്ടോടുകൂടി മാത്രമേ ഇന്ത്യക്കാര്‍ക്ക് കമ്പം തോന്നിയുള്ളൂ. 20-ാം ശതകത്തിന്റെ ആദ്യദശകങ്ങളിലാണ് ഇന്ത്യയില്‍ ചെസ്സ് മത്സരങ്ങള്‍ ആരംഭിച്ചത്. 1959-ലാണ് 'അഖിലേന്ത്യാ ചെസ്സ് ഫെഡറേഷന്' സ്പോര്‍ട്സ് കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചത്. 1960-ല്‍ പ്രഥമ ഇന്ത്യന്‍ ഔദ്യോഗികസംഘം ചെസ്സ് ഒളിമ്പ്യാഡില്‍ പങ്കെടുത്തു. 1972-78 കാലയളവില്‍ ലോകമെങ്ങുമുണ്ടായ ചെസ്സ് ഉണര്‍വ് ഇന്ത്യയിലും അലയടിച്ചു. അപ്പോഴാണ് ഇന്ത്യന്‍ ചെസ്സ് ചരിത്രത്തിലാദ്യമായി ഒരു അന്താരാഷ്ട്ര മത്സരം നടത്തപ്പെട്ടത്. തിരുച്ചിയില്‍ വച്ചായിരുന്നു ആ കന്നി മത്സരം. അതില്‍ രവികുമാറിനും ജയശ്രീക്കും അന്താരാഷ്ട്ര മാസ്റ്റര്‍ പദവി ലഭിച്ചു.

ഇന്ത്യയിലെ ആദ്യത്തെ പ്രശസ്തനായ കളിക്കാരന്‍ വി. ഖാദില്‍ക്കര്‍ (1882-1944) ആണ്. ഇദ്ദേഹം 1942-ല്‍ ബ്രിട്ടീഷ് ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു. കടല്‍ കടന്ന് ചെസ്സ് മത്സരത്തിനുപോയ ആദ്യത്തെ ഇന്ത്യക്കാരന്‍ ഇദ്ദേഹമാണ്. തുടര്‍ന്നുവന്ന മീര്‍ സുല്‍ത്താന്‍ ഖാന്‍ (1905-96) ഇന്ത്യന്‍ ചെസ്സിന്റെ പ്രഥമാചാര്യന്‍ എന്ന നിലയില്‍ ആദരിക്കപ്പെടുന്നയാളാണ്. ഇദ്ദേഹം 9 തവണ ദേശീയ ചാമ്പ്യനായിട്ടുണ്ട്. ഇന്ത്യന്‍ ചെസ്സിലെ ആദ്യത്തെ ഗ്രാന്‍ഡ് മാസ്റ്റര്‍ മനുവേല്‍ ആരന്‍ ആണ്. വനിതാ ചെസ്സിലെ മികവുകാട്ടിയവരില്‍ ചെസ്സ് രംഗത്തെ അപൂര്‍വ സഹോദരികളായ വാസന്തി, ജയശ്രീ, രോഹിണി എന്നിവരാണ് ഏറ്റവും മുന്നില്‍. ഇവര്‍ക്ക് അന്താരാഷ്ട്ര മാസ്റ്റര്‍ പദവി ലഭിച്ചിട്ടുണ്ട്. മുഹമ്മദ് വിസന്‍, (ആന്ധ്ര), നസീറലി (ഉത്തര്‍പ്രദേശ്), രവിശേഖര്‍ (തമിഴ്നാട്), പ്രവീണ്‍ തീപ്സേ (മഹാരാഷ്ട്ര), ഗാലിബ് (ആന്ധ്ര) എന്നിവരാണ് ഇന്ത്യന്‍ ചെസ്സിലെ മറ്റു പ്രമുഖര്‍.

15-ാത്തെ വയസ്സില്‍ 'ഗ്രാന്‍ഡ് മാസ്റ്റര്‍' ആയി വിസ്മയം സൃഷ്ടിച്ച വിശ്വനാഥ് ആനന്ദില്‍ (തമിഴ്നാട്) ആണ് ഇന്ത്യന്‍ ചെസ്സിന്റെ ഇപ്പോഴത്തെ പ്രതീക്ഷകളെല്ലാം അര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. 16-ാമത്തെ വയസ്സില്‍ ആനന്ദ് അര്‍ജുന അവാര്‍ഡ് നേടി. 23-ാമത്തെ വയസ്സില്‍ ലോകത്തിലെ മികച്ച രണ്ടാമത്തെ കളിക്കാരനായി.

ഇപ്പോള്‍ ഇന്ത്യന്‍ ചെസ്സിനെ നിയന്ത്രിക്കുന്നത് ആള്‍ ഇന്ത്യ ചെസ്സ് ഫെഡറേഷന്‍ ആണ്. മുംബൈ ആണ് ഇതിന്റെ ആസ്ഥാനം.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B5%86%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍