This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെസപീക് ഉള്‍ക്കടല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെസപീക് ഉള്‍ക്കടല്‍

Chesapeake Bay

അത്ലാന്തിക് മഹാസമുദ്രത്തിലെ ഒരു ഉള്‍ക്കടല്‍. യു.എസ്സിന്റെ കിഴക്കന്‍തീരത്തായി കാണുന്ന വിശാലമായ ഈ സമുദ്രഭാഗത്തിന് 320 കി.മീ. നീളവും 6.5-7.2 കി.മീ. വീതിയും 9-18 മീ. താഴ്ചയുമുണ്ട്. ഇതിന്റെ പ്രവേശനകവാടം 20 കി.മീറ്ററോളം വീതിയുള്ളതാണ്. കടലില്‍ മുങ്ങിയ താഴ്വരയുടെ ഭാഗമാണിതെന്ന് ഭൂമിശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. ജേംസ്, യോര്‍ക്ക്, റാപ്പഹാനക്ക്, പോട്ടമാക്ക്, സസ്ക്യഹാന എന്നിവ ഈ ഉള്‍ക്കടലിലേക്കു പതിക്കുന്ന പ്രധാന നദികളാണ്. ചെസപീക് ഉള്‍ക്കടല്‍ അത്ലാന്തിക് സമുദ്രവുമായി ചേരുന്ന ഭാഗത്തിനിരുവശത്തുമായാണ് കേപ് ചാള്‍സും കേപ് ഹെന്റിയും സ്ഥിതിചെയ്യുന്നത്. വടക്കുകിഴക്കന്‍ മെറിലാന്‍ഡിലെ ഹാവര്‍-ദ-ഗ്രേസിനടുത്തു നിന്ന് 400 കി.മീറ്ററോളം തെക്കോട്ടു വ്യാപിച്ചിരിക്കുന്ന ചെസപീക് ഉള്‍ക്കടല്‍ വടക്ക് ബാള്‍ട്ടിമൂര്‍ വരെയുള്ള പ്രദേശങ്ങളെ സമുദ്രമാര്‍ഗേണ ബന്ധിപ്പിക്കുന്നു. മെറിലാന്‍ഡ്, വെര്‍ജീനിയ എന്നീ ഭൂപ്രദേശങ്ങളിലേക്കു വ്യാപിച്ചുകിടക്കുന്നതാണ് ഈ ഉള്‍ക്കടല്‍.

യു.എസ്സില്‍ ഏറ്റവുമധികം മുത്തുച്ചിപ്പി ഉത്പാദിപ്പിക്കുന്നത് ഇവിടെ നിന്നുമാണ്. ഇതുകൂടാതെ പലതരം ഞണ്ടുകളും മത്സ്യങ്ങളും ഇവിടെ ധാരാളമായുണ്ട്. തീരദേശാന്തരജലപാതകളില്‍ ഉള്‍പ്പെട്ടതാണ് ഈ ജലാശയം. ഇവിടെ ഉല്ലാസനൌകായാത്രാ സൗകര്യങ്ങളുമുണ്ട്.

ചെസപീക് ഉള്‍ക്കടലിനു കുറുകെയുള്ള 'ലേന്‍ മെമ്മോറിയല്‍' പാലത്തിന്റെ ദൈര്‍ഘ്യം 11 കി.മീറ്ററിലധികമാണ്. മുമ്പ് 'ചെസപീക് ബേ ബ്രിജ്' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ പാലം മെറിലാന്‍ഡിന്റെ കിഴക്കും പടിഞ്ഞാറും കരകളെ യോജിപ്പിക്കുന്നു. 28 കി.മീറ്ററിലധികം നീളമുള്ള ചെസപീക് ബേ ബ്രിജ് ടണലിന്റെ പണി 1964-ല്‍ പൂര്‍ത്തിയായി. ഇത് വന്‍കരയെ വെര്‍ജീനിയയുടെ കിഴക്കുഭാഗവുമായി ബന്ധിപ്പിക്കുന്നു. ലേന്‍ മെമ്മോറിയല്‍ പാലം ഉള്‍പ്പെടെ രണ്ടു പാലങ്ങള്‍ ഈ ജലാശയത്തിനു കുറുകെയായുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍