This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെവിപ്പാമ്പ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെവിപ്പാമ്പ്

ആര്‍ത്രോപ്പോഡ ജന്തുഫൈലത്തിലെ മിറിയാപ്പോഡാ വര്‍ഗത്തിന്റെ ഗോത്രമായ ഡിപ്ലോപ്പോഡയിലെ ജൂലിഡേ (Julidae) കുടുംബത്തില്‍പ്പെട്ട ഇഴഞ്ഞു നടക്കുന്ന ഒരു ചെറുജീവി. ശാസ്ത്രനാമം: അയൂളസ് കോര്‍നിഫെക്സ് (Iulus cornifex). ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ കാണപ്പെടുന്ന അയൂളസ് എന്ന ജീനസ് മുമ്പ് ജൂലസ് (Julus) എന്നാണ് അറിയപ്പെട്ടിരുന്നത്. ചെവിയില്‍ ഇഴഞ്ഞുകയറുമെന്ന വിശ്വാസത്തില്‍ നിന്നാണ് ഇതിനു ചെവിപ്പാമ്പ് അഥവാ കര്‍ണകീടം എന്ന പേരു ലഭിച്ചത്. ചെവിയില്‍ ഈ ജീവി കയറിയാല്‍ ദുന്ദുഭി (പെരുമ്പറ)യുടേതുപോലെയുള്ള മുഴക്കം ഉണ്ടാക്കുന്നതിനാല്‍ കര്‍ണദുന്ദുഭി എന്ന പേരുമുണ്ട്. ഇംഗ്ലീഷില്‍ വയര്‍ വേം (wire worm), ഗ്യാലി വേം (galley worm) എന്നീ പേരുകളിലറിയപ്പെടുന്നു.

ചെവിപ്പാമ്പ്

ചെങ്കല്ല്, വെട്ടുകല്ല് എന്നിവ കൊണ്ടു നിര്‍മിച്ച പഴയ വീടുകളുടെ ചുവരിലെ വിടവുകള്‍, ചാണകം മെഴുകിയ തറ എന്നിവിടങ്ങളിലാണ് ചെവിപ്പാമ്പിനെ കാണാറുള്ളത്. ഏതാണ്ടു കടും ചുവപ്പുകലര്‍ന്ന തവിട്ടു നിറമാണിതിനുള്ളത്. 6-7 സെ.മീ. മാത്രം നീളമുള്ള ഈ ചെറുജീവിയുടെ തലയുടെ മുന്നറ്റത്ത് ഒരു ജോടി സംവേദന ശൃംഗികള്‍ (antennae) കാണപ്പെടുന്നു. നിരവധി ഖണ്ഡങ്ങള്‍ ചേര്‍ന്ന ശരീരത്തിന്റെ മുന്‍ഭാഗം നേര്‍ത്തതും പിന്‍ഭാഗം താരതമ്യേന തടിച്ചതുമാണ്. ഓരോ ശരീരഖണ്ഡത്തിലും ഇരുവശത്തുമായി ഓരോ ജോടി നേര്‍ത്ത പാദങ്ങളുണ്ട്.

അപകടസാധ്യത ഉള്ളപ്പോഴും മറ്റു ജീവികള്‍ സ്പര്‍ശിക്കുമ്പോഴും ചെവിപ്പാമ്പിന്റെ ശരീരത്തില്‍നിന്നും ഒരു സ്രവം ഉണ്ടാവുന്നു. ഈ സ്രവത്തിനു നീലവെളിച്ചമാണുള്ളത്. മറ്റു ജീവികളുടെ ആക്രമണത്തില്‍നിന്നും രക്ഷനേടാനുള്ള ഒരു അനുകൂലനമാണിതെന്നും കരുതപ്പെടുന്നു. ശരീരത്തിലെ ചില ഗ്രന്ഥികളും നാഡീവ്യൂഹവുമാണ് ഈ ജീവദീപ്തിയെ (bioluminescence) നിയന്ത്രിക്കുന്നത്.

ആയുര്‍വേദ ശാസ്ത്രപ്രകാരം വിഷവാഹിയായ ഒരു ക്ഷുദ്രജീവിയാണു ചെവിപ്പാമ്പ്. വിഷവൈദ്യജ്യോത്സ്നിക എന്ന വിഷചികിത്സാഗ്രന്ഥപ്രകാരം ചെവിപ്പാമ്പിന്റെ സ്പര്‍ശം പോലും വിഷഹേതുകമാണ്. ഈ ജീവി ഭക്ഷണത്തിലൂടെ ഉള്ളില്‍ പോയാല്‍ ശരീരത്തില്‍ വ്രണങ്ങളുണ്ടാകുമെന്നു ചില ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ സൂചിപ്പിക്കുന്നുണ്ട്. ചെറുചീര കൊണ്ടുള്ള പാനലേപാദികളും നെന്മേനിവാക സമൂലവും തിപ്പലി, ചുക്ക്, മുളക് എന്നിവയും ചേര്‍ത്ത വിധികളും ചെവിപ്പാമ്പിന്റെ വിഷത്തിന് ഔഷധമായി നിര്‍ദേശിക്കുന്നുണ്ട്. ക്രിയാകൗമുദി എന്ന ഗ്രന്ഥത്തിലും ചെവിപ്പാമ്പുവിഷത്തിന്റെ ലക്ഷണങ്ങളും ചികിത്സാരീതികളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് വളരെ വിരളമായി കാണപ്പെടുന്ന ജീവിയാണിത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍