This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെള്ള്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെള്ള്

Ticks and Mites

ആര്‍ത്രോപോഡ ഫൈലത്തിലെ അരാക്നിഡ വര്‍ഗത്തില്‍പ്പെട്ട അകാരിനാ ഗോത്രത്തില്‍ ഉള്‍പ്പെടുന്ന ചെറുജീവി. ഇംഗ്ലീഷില്‍ ടിക്ക്, മൈറ്റ് എന്നീ പേരുകളിലറിയപ്പെടുന്ന ചെറുജീവികളെ മൊത്തത്തില്‍ ചെള്ളുകള്‍ എന്ന് വ്യവഹരിച്ചുവരുന്നു. ലോകമെമ്പാടുമായി ഒരു ദശലക്ഷത്തോളം ചെള്ളിനങ്ങളുണ്ടെന്ന് കരുതപ്പെടുന്നു. ഇവയില്‍ മുപ്പതിനായിരത്തോളം ഇനങ്ങള്‍ക്ക് മാത്രമേ പേരുകള്‍ നല്കിയിട്ടുള്ളൂ.

വളരെ ചെറിയ ജീവികളാണിവ. 1/10 മി.മീ. മുതല്‍ 3 സെ.മീ. വരെ നീളം വരും. ഇവയില്‍ കവകഭോജികളും സസ്യഭോജികളും ഇരപിടിയന്മാരും പരജീവികളും കാണപ്പെടുന്നു. സസ്യഭോജികളായ ചെള്ളിനങ്ങള്‍ കൃഷിക്ക് കനത്ത നാശങ്ങള്‍ വരുത്തിവയ്ക്കുന്നു. മനുഷ്യരിലും വളര്‍ത്തുമൃഗങ്ങളിലും രോഗം പരുത്തുന്നയിനങ്ങളും ധാരാളമായുണ്ട്.

അരാക്നിഡ വര്‍ഗത്തിന്റെ അടിസ്ഥാന ശരീരഘടനതന്നെയാണ് ചെള്ളുകള്‍ക്കും ഉള്ളത്. ശരീരത്തിലെ ആദ്യത്തെ രണ്ട് ഉപാംഗങ്ങള്‍ (appendages) ആയ കീലിസറയും പെഡിപാല്‍പുകളും നാത്തോസോമ (gnathosoma) എന്ന പേരില്‍ ആഹാരസമ്പാദനാംഗങ്ങളായി ചെള്ളുകളില്‍ മാറിയിരിക്കുന്നു. അരാക്നിഡ വര്‍ഗത്തിലെ മറ്റു ജീവികളില്‍നിന്ന് വ്യത്യസ്തമായി ചെള്ളുകളുടെ ആദ്യ ലാര്‍വാഘട്ടമായ ഇന്‍സ്റ്റാറില്‍ (instar) മൂന്നു ജോടി നടക്കും കാലുകള്‍ (walking legs) മാത്രമേ കാണപ്പെടുന്നുള്ളൂ. വികാസത്തിന്റെ അടുത്ത ഘട്ടങ്ങളില്‍ ഇവയുടെ എണ്ണം നാലു ജോടിയായി മാറുന്നു. ശരീരത്തിന്റെ ഖണ്ഡീഭവനവും (segmentation) ചെള്ളുകളില്‍ നാമമാത്രമാണ്. ഇവയുടെ ശരീരത്തിന് വലുപ്പക്കുറവായതിനാല്‍ അതിനനുസരണമായി നാഡീവ്യൂഹം, ദഹനവ്യൂഹം, രക്തചംക്രമണവ്യൂഹം, പേശീവ്യൂഹം എന്നിവയും അല്പവികസിതങ്ങളാണ്. ദ്രവസ്ഥിതിക (hydrostatic) മര്‍ദത്തെ ആധാരമാക്കിയാണ് ശരീരചലനങ്ങള്‍ നടക്കുന്നത്. ശ്വസനകര്‍മം ശ്വാസനാളി (tracheae) വഴിയോ തീരെ ചെറിയ ചെള്ളിനങ്ങളില്‍ ചര്‍മം വഴിയോ നടക്കുന്നു.

ചിത്രം:Pg187 scree01.png

ചെള്ളുകളുടെ പ്രത്യുത്പാദന പ്രക്രിയകളെപ്പറ്റി വിശദ വിവരങ്ങള്‍ ലഭ്യമല്ല. ഇവയുടെ ഇണചേരലിനെപ്പറ്റിയും വളരെ കുറച്ച് പഠനങ്ങളേ നടന്നിട്ടുള്ളൂ. പ്രത്യുത്പാദനഘട്ടത്തില്‍ ചെള്ളുകളില്‍ അനുരഞ്ജനം (courtship) കാണാറില്ല. ജനനേന്ദ്രിയങ്ങള്‍ ചെറിയ കുഴല്‍ രൂപത്തിലോ ജോടിയായോ കാണപ്പെടുന്നു. പെണ്‍ജീവിയിലേക്കുള്ള പുംബീജങ്ങളുടെ പ്രവേശനം പരോക്ഷമോ നേരിട്ടോ ആവാം. താഴ്ന്നയിനം ചെള്ളുകളില്‍ ആണ്‍ജീവി ബീജാണുധരം (spermatophore) എന്ന ചെറിയ ബീജസഞ്ചികളില്‍ ബീജത്തെ തറയില്‍ നിക്ഷേപിക്കുന്നു. പെണ്‍ജീവി ജനനാംഗ രന്ധ്രം വഴി ഈ ബീജത്തെ ഉള്ളിലാക്കുന്നു. പരിണാമപരമായി ഉയര്‍ന്നയിനം ചെള്ളുകളില്‍ ആണ്‍ജീവി പ്രവേശി അംഗം വഴി നേരിട്ട് പെണ്‍ജീവിക്കുള്ളില്‍ ബീജം നിക്ഷേപിക്കുന്നു. കീലിസറ എന്ന ഉപാംഗംവഴി നേരിട്ട് പെണ്‍ജീവിയിലേക്ക് ബീജാണുക്കളെ നിക്ഷേപിക്കുന്ന രീതിയും ചിലയിനങ്ങളില്‍ കണ്ടുവരുന്നു.

ബഹുഭൂരിപക്ഷം ചെള്ളിനങ്ങളിലും പെണ്‍ജീവി മുട്ടയിട്ടാണ് കുഞ്ഞുങ്ങളെ വിരിയിക്കുന്നത്. കുഞ്ഞുങ്ങളെ ഉള്ളില്‍ വച്ചുതന്നെ വിരിയിച്ചു പ്രസവിക്കുന്ന ചെള്ളിനങ്ങളും അപൂര്‍വമായുണ്ട്. ചിലയിനം പട്ടിച്ചെള്ളുകളും മരച്ചെള്ളുകളും ഒരു പ്രാവശ്യം ആയിരക്കണക്കിന് മുട്ടകള്‍ ഉത്പാദിപ്പിക്കാറുണ്ട്. ചിലയിനം ചെള്ളുകളില്‍ ലിംഗനിര്‍ണയം നടത്തുന്നത് ബീജസങ്കലനത്തെ ആധാരമാക്കിയാണ്. ബീജസങ്കലനവിധേയമാകാത്ത അണ്ഡങ്ങളില്‍ അഗുണിത സംഖ്യയിലുള്ള ക്രോമസോമുകളേ കാണുകയുള്ളൂ. ഇത്തരം അണ്ഡങ്ങള്‍ വിരിഞ്ഞ് ആണ്‍ ജീവികളുണ്ടാകുന്നു. ബീജസങ്കലനവിധേയമായ അണ്ഡങ്ങളില്‍ ദ്വിഗുണിത (diploid) സംഖ്യയിലുള്ള ക്രോമസോമുകളുണ്ടായിരിക്കും. ഇത്തരം അണ്ഡങ്ങള്‍ വിരിഞ്ഞ് പെണ്‍ജീവികളുണ്ടാകുന്നു. ചില സ്പീഷീസുകളില്‍ അനിഷേകജനവും (parthenogenesis) നടക്കാറുണ്ട്. ഇവയില്‍ ആണ്‍ചെള്ളുകള്‍ ഉണ്ടാവാറില്ല.

ഒരു ക്ഷുദ്രജീവിയായാണ് ചെള്ളിനങ്ങളെ കണക്കാക്കി വരുന്നത്. വളര്‍ത്തുമൃഗങ്ങളില്‍ ഇവ പെറ്റുപെരുകി നാശം വിതയ്ക്കാറുണ്ട്. രോഗങ്ങള്‍ പരത്തുന്നതിലും ഇവ പങ്കാളികളാവുന്നു. നോ: ടിക്കുകളും മൈറ്റുകളും

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B5%86%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍