This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെലവും പ്രദാനവും

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെലവും പ്രദാനവും

Cost and Supply

ചരക്കുകളുടെ ഉത്പാദനത്തിനുവേണ്ടി ഉത്പാദകര്‍ ചെലവഴിക്കുന്ന ആകെത്തുകയെ ചെലവ് (cost of production) എന്നു പറയുന്നു. ചരക്കുകളുടെ വിലയുടെ അടിസ്ഥാനത്തില്‍ കമ്പോളത്തില്‍ വില്പനയ്ക്കായി ലഭ്യമാകുന്ന സാധനങ്ങളുടെ അളവിനെയാണ് പ്രദാനം (supply) എന്ന സംജ്ഞ കൊണ്ടര്‍ഥമാക്കുന്നത്.

ചെലവ് എന്ന പദം കൊണ്ട് അര്‍ഥമാക്കുന്നത് സാധാരണ പണച്ചെലവിനെയാണ്. കൂലി, ശമ്പളം, ഉത്പാദനോപകരണങ്ങള്‍, അസംസ്കൃതപദാര്‍ഥങ്ങള്‍, വിദ്യുച്ഛക്തി, ഗതാഗതം, വെള്ളം എന്നിവയ്ക്കുവേണ്ടി ചെലവഴിക്കുന്ന തുകയെ പണച്ചെലവ് എന്നു പറയുന്നു. വാടക, ഇന്‍ഷുറന്‍സ്, നികുതി എന്നിവയും പണച്ചെലവില്‍ ഉള്‍പ്പെടുന്ന ഘടകങ്ങളാണ്. ഉത്പാദനപ്രക്രിയയില്‍ ഓരോ ഘടകവും വഹിക്കുന്ന പങ്കിനു നല്കുന്ന പ്രതിഫലത്തിന്റെ ആകെത്തുകയാണ് യഥാര്‍ഥചെലവ് (real cost). അതായത് ഉത്പാദനപ്രക്രിയയില്‍ ഉപയോഗിക്കപ്പെടുന്ന വിഭവങ്ങള്‍ സഹിക്കുന്ന 'ത്യാഗത്തിനും ചെലവഴിക്കുന്ന പ്രയത്നത്തിനും പ്രതിഫലമായി നല്കുന്ന തുക, എന്നര്‍ഥം. ഉത്പാദന പ്രക്രിയയില്‍ ഘടകങ്ങള്‍ സംയോജിപ്പിക്കുമ്പോള്‍, പ്രസ്തുത ഘടകങ്ങള്‍ക്ക് ഉപയുക്തതയില്ലായ്മ ഉണ്ടാകുന്നു. അതിനു നഷ്ടപരിഹാരമായി നല്കുന്നതാണ് യഥാര്‍ഥത്തില്‍ ചെലവ്. ഉദാഹരണത്തിന്, ഒരു തൊഴിലാളിയെ ജോലിക്കെടുക്കുമ്പോള്‍ അയാള്‍ക്ക് ഉപയുക്തതയില്ലായ്മ തോന്നുകയും അയാളുടെ പൂര്‍ണമായ വിശ്രമം നഷ്ടപ്പെടുകയും ചെയ്യുന്നു. ഇതിനു പ്രതിഫലമായി അയാള്‍ക്കു കൂലി ലഭിക്കുന്നു.

ആഡം സ്മിത്തിന്റെ (1723-90) അഭിപ്രായത്തില്‍ ഉത്പാദന പ്രക്രിയയില്‍ ഉപയോഗിക്കപ്പെടുന്ന ഭൂമിയുടെ നികുതി, തൊഴിലിന്റെ കൂലി, മുതല്‍മുടക്കിന്റെ പലിശ, സംരംഭകന്റെ ലാഭം എന്നിവയുടെ മൊത്തം തുകയാണ് ഉത്പാദനച്ചെലവ്. ഏതൊരു ചരക്കിന്റെയും വില അതിന്റെ ഉത്പാദനച്ചെലവിനു തുല്യമായിരിക്കുമെന്ന് സ്മിത്ത് സിദ്ധാന്തിച്ചു. ചരക്കിന്റെ മൂല്യം എന്ന അര്‍ഥത്തിലാണ് ഡേവിഡ് റിക്കാര്‍ഡോ (1772-1823) ചെലവ് എന്ന സംജ്ഞ ഉപയോഗിച്ചത്. ഒരു ചരക്ക് ഉത്പാദിപ്പിക്കാനാവശ്യമായ അധ്വാനത്തിന്റെ ആപേക്ഷികമായ അളവ് എന്നാണ് റിക്കാര്‍ഡോ മൂല്യത്തിനു നല്കിയ നിര്‍വചനം. അതിനാല്‍ മൂല്യത്തെ സംബന്ധിച്ച ക്ലാസിക്കല്‍ സിദ്ധാന്തം 'ഉത്പാദനച്ചെലവു സിദ്ധാന്തം' (cost production theory) എന്നും അറിയപ്പെടുന്നു.

ഏകാന്തരച്ചെലവ് (Opportunity cost). ഒരു സാധനം നിര്‍മിക്കുന്നതിനുവേണ്ടി ഉത്പാദനഘടകങ്ങള്‍ ഉപയോഗിക്കുമ്പോള്‍ മറ്റു സാധനങ്ങള്‍ ഉത്പാദിപ്പിക്കാനായി അതേ ഘടകങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയില്ല. അതായത്, ഒരു ചരക്ക് ഉത്പാദിപ്പിക്കുമ്പോള്‍ മറ്റേതെങ്കിലുമൊരു ചരക്കിന്റെ ഉത്പാദനം ത്യജിക്കേണ്ടിവരും എന്നര്‍ഥം. അതിനാല്‍ ഒരു ചരക്കിന്റെ ചെലവ് എന്നത് ത്യജിക്കപ്പെടുന്ന ചരക്കുകളുടെ മൂല്യമാണ്. ഇതിന് ഏകാന്തരച്ചെലവ് എന്നു പറയുന്നു. ഒരു ഉദാഹരണം കൊണ്ട് ഏകാന്തരച്ചെലവ് എന്താണെന്നു വ്യക്തമാക്കാം. ഒരു കൃഷിക്കാരന് ഒരേക്കര്‍ ഭൂമിയുണ്ടെന്നു വിചാരിക്കുക. അതില്‍ ഒരേസമയം രണ്ടു വിളകള്‍ കൃഷി ചെയ്യുക സാധ്യമല്ല. നെല്ലും കപ്പയും ഒരുമിച്ചു വിളയിക്കുക അസാധ്യമാണ്. നെല്ല് കൃഷി ചെയ്യണമെങ്കില്‍ കപ്പ ക്കൃഷി ഉപേക്ഷിക്കണം. അല്ലെങ്കില്‍ കപ്പ കൃഷി ചെയ്യണമെങ്കില്‍ നെല്‍ക്കൃഷി ത്യജിക്കേണ്ടിവരും. നെല്‍ക്കൃഷിയുടെ ഏകാന്തരച്ചെലവ്, കപ്പ കൃഷി ചെയ്താല്‍ കിട്ടുമായിരുന്ന ആകെ വരുമാനമാണ്. കപ്പക്കൃഷിയുടെ ഏകാന്തരച്ചെലവ്, നെല്ല് കൃഷി ചെയ്താല്‍ കിട്ടുമായിരുന്ന വരുമാനമാണ്.

സ്ഥിരച്ചെലവും (Fixed cost) ചലനാങ്കച്ചെലവും (Variable cost). ഉത്പാദനത്തിലെ മാറ്റങ്ങള്‍ക്കനുസരിച്ച് മാറാത്ത ചെലവിനെ സ്ഥിരച്ചെലവ് എന്നു പറയുന്നു. ചരക്കുത്പാദനം ഒരു നിശ്ചിത കാലത്തേക്കു നിര്‍ത്തിവച്ചാലും സ്ഥിരച്ചെലവ് ഉണ്ടാകും. ഉത്പാദനപ്രക്രിയയിലെ സ്ഥിരഘടകങ്ങളായ കെട്ടിടം, യന്ത്രങ്ങള്‍, ഭൂമി എന്നിവയ്ക്കുള്ള ചെലവ്, സ്ഥിരമൂലധനനിക്ഷേപത്തിന്റെ പലിശ, ഇന്‍ഷുറന്‍സ് തുടങ്ങിയവയാണു സ്ഥിരച്ചെലവുകള്‍. സ്ഥിരച്ചെലവില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ചെലവുകള്‍ ഉത്പാദന പ്രക്രിയയുമായി ബന്ധപ്പെട്ടതായതുകൊണ്ട് അവയെ അനുബന്ധച്ചെലവുകള്‍ അഥവാ പരിശിഷ്ടച്ചെലവുകള്‍ (Supplementary costs) എന്നു പറയുന്നു. ഉത്പാദനത്തിലെ മാറ്റങ്ങള്‍ക്കനുസരിച്ചു മാറുന്ന ചെലവാണ് ചലനാങ്കച്ചെലവ്. കൂലി, ശമ്പളം, അസംസ്കൃത സാധനങ്ങളുടെ വില, ജല-വൈദ്യുതിച്ചെലവുകള്‍, നികുതികള്‍, ഹ്രസ്വകാലവായ്പയ്ക്കുള്ള പലിശ എന്നിവയാണ് ചലനാങ്കച്ചെലവുകള്‍. ചലനാങ്കച്ചെലവ് ഉത്പാദനത്തിന്റെ അളവിനൊത്തു മാറുന്നതുകൊണ്ട് അതിനെ ഉത്പാദനത്തിന്റെ അടിസ്ഥാന ചെലവ് അഥവാ മുഖ്യച്ചെലവ് (prime cost) എന്നു പറയുന്നു. ഉത്പാദനം നിര്‍ത്തിവച്ചാല്‍ സാധാരണഗതിയില്‍ ചലനാങ്കച്ചെലവ് ഒട്ടും ഉണ്ടാവുകയില്ല. എന്നാല്‍ വര്‍ത്തമാനകാലത്ത് തൊഴിലാളി സംഘടനകളുടെ കൂട്ടായ വിലപേശല്‍, തൊഴില്‍ നിയമങ്ങള്‍, തൊഴിലാളിക്ഷേമനടപടികള്‍ എന്നിവയുടെയൊക്കെ ഫലമായി താത്കാലികമായി ഉത്പാദനം നിര്‍ത്തിവച്ചാലും കൂലിയും ശമ്പളവും മറ്റും നല്കേണ്ടതുണ്ട്.

ശരാശരിച്ചെലവും (Average cost) സീമാന്തച്ചെലവും (Marginal cost). ഒരു യൂണിറ്റ് ചരക്ക് ഉത്പാദിപ്പിക്കുന്നതിനാവശ്യമായ ചെലവാണ് ശരാശരിച്ചെലവ്. ആകെച്ചെലവിനെ ഉത്പന്നത്തിന്റെ യൂണിറ്റുകളുടെ എണ്ണം കൊണ്ടു വിഭജിച്ചാല്‍ കിട്ടുന്നതാണ് ശരാശരിച്ചെലവ്. ചലനാങ്കച്ചെലവിനെയും സ്ഥിരച്ചെലവിനെയും ഉത്പന്നത്തിന്റെ അളവുകൊണ്ട് വിഭജിച്ചാല്‍ ശരാശരി ചലനാങ്കച്ചെലവും ശരാശരി സ്ഥിരച്ചെലവും ലഭിക്കും. ഉത്പാദനം വര്‍ധിക്കുന്നതിന് ആനുപാതികമായി ശരാശരി സ്ഥിരച്ചെലവ് കുറയും. എന്നാല്‍, ഉത്പാദനവര്‍ധനവിനനുസരിച്ച് ശരാശരി ചലനാങ്കച്ചെലവ് കുറയുകയോ സ്ഥിരമായി നില്ക്കുകയോ കൂട്ടുകയോ ചെയ്യുക എന്നത് ഉത്പാദനപ്രക്രിയയുടെ സാങ്കേതികനിലവാരത്തെ ആശ്രയിച്ചാണിരിക്കുന്നത്. സാധാരണ ഗതിയില്‍, ശരാശരിചലനാങ്കച്ചെലവ് ആദ്യം കുറയുകയും ഒരു ഘട്ടത്തില്‍ സ്ഥിരമായി നില്ക്കുകയും പിന്നീട് ക്രമേണ വര്‍ധിക്കുകയും ചെയ്യുന്നു. ഉത്പാദനം വര്‍ധിക്കുമ്പോള്‍ ആകെ ശരാശരിച്ചെലവ് ആദ്യം കുറയുകയും പിന്നീട് കൂടുകയും ചെയ്യുന്നു എന്ന് സാമാന്യമായി പറയാം.

മൊത്തം ഉത്പന്നത്തിന്റെ അളവില്‍ ഒരു യൂണിറ്റ് കൂടുതലായി ഉത്പാദിപ്പിക്കുന്നതിനു വേണ്ടിവരുന്ന ചെലവിനെയാണ് സീമാന്തച്ചെലവ് (marginal cost) എന്നു പറയുന്നത്. ഉത്പാദനപ്രക്രിയയിലെ മാറ്റത്തിനനുസരിച്ച് സ്ഥിരച്ചെലവില്‍ ഗണ്യമായ മാറ്റമുണ്ടാകാത്തതിനാല്‍ ശരാശരിച്ചെലവിനെയും ശരാശരി ചലനാങ്കച്ചെലവിനെയും നിര്‍ണയിക്കുന്നത് വാസ്തവത്തില്‍ സീമാന്തച്ചെലവിലുണ്ടാകുന്ന വ്യതിയാനങ്ങളാണ്. സീമാന്തച്ചെലവിലുണ്ടാകുന്ന കുറവ്, ശരാശരി ചലനാങ്കച്ചെലവ് കുറയുന്നതിനിടയാക്കും. ചരക്കുകളുടെ വില നിര്‍ണയിക്കുന്നത് ഫലത്തില്‍ ശരാശരിച്ചെലവും സീമാന്തച്ചെലവുമാണ്. ചിത്രം ഈ രണ്ടു ചെലവുകള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ വ്യക്തമാക്കും.

ചിത്രം:Quantity.png

X അക്ഷം ഉത്പന്നത്തിന്റെ അളവിനെയും Y അക്ഷം ചെലവിനെയും പ്രതിനിധാനം ചെയ്യുന്നു (AC-ശരാശരിച്ചെലവ്, MC-സീമാന്തച്ചെലവ്). ശരാശരിച്ചെലവ് ഏറ്റവും കുറവ് ആയിരിക്കുന്ന ബിന്ദുവില്‍ ശരാശരിച്ചെലവും സീമാന്തച്ചെലവും തുല്യമായിരിക്കുമെന്ന് ചിത്രം വ്യക്തമാക്കുന്നു. അതായത് ശരാശരിച്ചെലവ് ഏറ്റവും കുറവ് ആയിരിക്കുന്ന ബിന്ദുവിലാണ് സീമാന്തച്ചെലവ് അതിനെ ഖണ്ഡിക്കുന്നത്. ഈ ബിന്ദുവില്‍ എത്തുന്നതിനുമുമ്പുവരെ ശരാശരിച്ചെലവ് സീമാന്തച്ചെലവിനെക്കാള്‍ കൂടുതലായിരിക്കും. ഈ ബിന്ദുവിനുശേഷം സീമാന്തച്ചെലവ് ശരാശരി ചെലവിനെക്കാള്‍ വര്‍ധിക്കുകയും ചെയ്യുന്നു.

പ്രദാനം (Supply). പ്രദാനവും ചോദന(demand)വും 19-ാം ശ.-ല്‍ പ്രചാരത്തിലായ സാമ്പത്തികശാസ്ത്ര പരികല്പനകളാണ്. 19-ാം ശ.-ന്റെ രണ്ടാം ദശകത്തിനു മുമ്പുവരെ ഈ സംജ്ഞകള്‍ക്ക് സാമ്പത്തികശാസ്ത്രത്തില്‍ വലിയ പ്രാധാന്യമില്ലായിരുന്നു. സ്കോട്ടിഷ് ധനശാസ്ത്രചിന്തകനായ സര്‍ ജയിംസ് സ്റ്റ്യുവര്‍ട്ട് (1712-80) വിലനിര്‍ണയത്തെക്കുറിച്ചുള്ള തന്റെ രചനകളില്‍ പ്രദാനം, ചോദനം എന്നീ രണ്ടു സംജ്ഞകള്‍ ഉപയോഗിക്കുന്നുണ്ട്. അര്‍ഥശാസ്ത്രതത്ത്വങ്ങളെക്കുറിച്ചുള്ള ഒരന്വേഷണം (An Enquiry in to the Principles of Political Economy, 1767)എന്ന കൃതിയില്‍ 'പ്രചോദനത്തെക്കുറിച്ച്' (of demand) എന്ന അധ്യായത്തില്‍ സ്റ്റ്യുവര്‍ട്ട് ഇങ്ങനെ പറയുന്നു: 'ഉത്പാദനത്തിനു പ്രചോദനമാവുകയെന്നതാണ് ചോദനത്തിന്റെ പ്രകൃതം തന്നെ. സാധനങ്ങളുടെ പ്രദാനം ചോദനത്തിന് ആനുപാതികമായിരിക്കുകയും ചെയ്യും'. സ്റ്റ്യുവര്‍ട്ടിന്റെ സ്വാധീനതമൂലമാണ് ആഡം സ്മിത്ത്, തോമസ് റോബര്‍ട്ട് മാല്‍ത്തസ് (1766-1834), ജയിംസ് മില്‍ (1773-1836) തുടങ്ങിയവരൊക്കെ ഈ പദങ്ങള്‍ ഉപയോഗിക്കുന്നത്. ഡേവിഡ് റിക്കാര്‍ഡോ, ആന്റോ അഗസ്റ്റിന്‍ കോര്‍ണോ (1801-77), ജോണ്‍ സ്റ്റ്യുവര്‍ട്ട് മില്‍ (1806-73) തുടങ്ങിയ സാമ്പത്തിക ശാസ്ത്രചിന്തകരുടെ കൃതികളിലൂടെ ഈ പരികല്പനകള്‍ കൂടുതല്‍ പ്രചാരം നേടി. എന്നാല്‍ കമ്പോളത്തിലെ ഉപഭോക്തൃപ്രതികരണത്തെയും വില സംവിധാനത്തെയും അധിഷ്ഠിതമാക്കി സാമ്പത്തികാപഗ്രഥനം നടത്തിയ നിയോക്ലാസ്സിക്കല്‍ സാമ്പത്തികശാസ്ത്രത്തിന്റെ ആവിര്‍ഭാവത്തോടെയാണ് ചെലവ്, പ്രദാനം, ചോദനം തുടങ്ങിയ പരികല്പനകള്‍ ആധുനിക ധനതത്ത്വശാസ്ത്രത്തിന്റെ ആധാരശിലകളായി മാറുന്നത്. ആല്‍ഫ്രഡ് മാര്‍ഷല്‍ (1842-1924) തന്റെ ദ പ്രിന്‍സിപ്പിള്‍സ് ഒഫ് ഇക്കണോമിക്സ് എന്ന വിഖ്യാത കൃതിയില്‍ പ്രദാനം, ചോദനം, മൂല്യം എന്നിവ തമ്മിലുള്ള ബന്ധം വിശദമായി വിശകലനം ചെയ്യുന്നുണ്ട്. ആധുനിക സൂക്ഷ്മ സാമ്പത്തികാപഗ്രഥന (micro-economics)ത്തില്‍ 'പ്രദാനം' എന്ന പരികല്പനയ്ക്ക് ഇന്നത്തെ പ്രാധാന്യം ലഭിച്ചതിനു മുഖ്യകാരണം യഥാര്‍ഥത്തില്‍ മാര്‍ഷലിന്റെ സിദ്ധാന്തങ്ങളാണ്.

ചരക്കിന്റെ ഉത്പാദനച്ചെലവ് വര്‍ധിച്ചാല്‍ മറ്റു പരിതഃസ്ഥിതികള്‍ക്ക് മാറ്റമില്ലെങ്കില്‍ പ്രദാനം ചുരുങ്ങും. ചെലവും ആദായ (returns)വും തുല്യമാണെങ്കില്‍ മാത്രമേ ഉത്പാദനം സുഗമമായി നടക്കുകയുള്ളൂ. ചെലവ് ആദായത്തെക്കാള്‍ കൂടിയാല്‍ ഉത്പാദകര്‍ക്ക് നഷ്ടം ഉണ്ടാവുകയും പ്രദാനം കുറയുകയും ചെയ്യും. ചെലവ് ആദായത്തെക്കാള്‍ കുറഞ്ഞാല്‍ ലാഭമുണ്ടാവുകയും പ്രദാനം വര്‍ധിക്കുകയും ചെയ്യുന്നു.

ചെലവും പ്രദാനവും തമ്മിലുള്ള ബന്ധത്തെ ചെലവു ധര്‍മം (cost function) എന്നു വിളിക്കുന്നു. നിയോക്ലാസ്സിക്കല്‍ വില സിദ്ധാന്തം ചെലവുധര്‍മത്തെ ഹ്രസ്വകാല ചെലവുധര്‍മം, ദീര്‍ഘകാലചെലവുധര്‍മം എന്നിങ്ങനെ രണ്ടായി വിഭജിക്കുന്നു. ഒരു നിശ്ചിത സമയത്ത് കമ്പോളവിലകളും അതിന്റെയടിസ്ഥാനത്തില്‍ ലഭ്യമാകുന്ന ചരക്കുകളുടെ അളവും തമ്മിലുള്ള ബന്ധത്തെയാണ് പ്രദാനപ്പട്ടിക (demand schedule) എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. കമ്പോളവില ചെലവിനു തുല്യമോ കൂടുതലോ ആയാല്‍, ഉത്പാദകര്‍ കൂടുതല്‍ ചരക്കുകള്‍ വില്ക്കാന്‍ തയ്യാറാവും. വില കുറഞ്ഞാല്‍, പ്രദാനം കുറയ്ക്കുകയും ചെയ്യും. കമ്പോളത്തില്‍ വില്പനയ്ക്കുവേണ്ടി ലഭ്യമാവുന്ന ചരക്കിന്റെ അളവിനെ മാത്രമേ കമ്പോളപ്രദാനത്തില്‍ ഉള്‍പ്പെടുത്തുകയുള്ളൂ.

പ്രദാനനിയമം. കമ്പോളവില വര്‍ധിക്കുന്നതിനനുസരിച്ച് പ്രദാനം വികസിക്കുകയും കുറയുന്നതിനനുസരിച്ച് പ്രദാനം സങ്കോചിക്കുകയും ചെയ്യുന്നു. ഇതാണ് പ്രദാനനിയമം. ഉത്പാദനത്തെ സ്വാധീനിക്കുന്ന ഇതര പരിതഃസ്ഥിതികള്‍ മാറ്റമില്ലാതെ നിന്നെങ്കില്‍ മാത്രമേ പ്രദാനനിയമം യാഥാര്‍ഥ്യമാവുകയുള്ളൂ. ചരക്കിനോടു സാദൃശ്യമുള്ള ഇതര ചരക്കുകളുടെ വിലയും പ്രദാനവും, ഭാവിയില്‍ വിലയിലുണ്ടാകാവുന്ന മാറ്റങ്ങളെക്കുറിച്ച് ഉപഭോക്താക്കള്‍ക്കുണ്ടാകാവുന്ന പ്രതീക്ഷകള്‍, സാങ്കേതിക പുരോഗതി, ജനസംഖ്യാമാറ്റങ്ങള്‍, കാലാവസ്ഥ, തൊഴില്‍ബന്ധങ്ങള്‍, രാഷ്ട്രീയമാറ്റങ്ങള്‍ എന്നിവ പ്രദാനത്തെ സ്വാധീനിക്കുന്ന മറ്റു ഘടകങ്ങളാണ്. വിലയിലുണ്ടാകുന്ന മാറ്റത്തിന്റെ ഫലമായി പ്രദാനത്തിലുണ്ടാകുന്ന വികാസസങ്കോചങ്ങളെ അളക്കുന്നതിനുപയോഗിക്കുന്ന പരികല്പനയെ ഇലാസ്തികത (elasticity) എന്നു വിളിക്കുന്നു.

ചിത്രം:Pg178 scree.png

പ്രദാനത്തിലെ മാറ്റം 20 ശ.മാനവും വിലയിലെ മാറ്റം 5 ശ.മാനവുമാണെങ്കില്‍ പ്രദാനത്തിന്റെ ഇലാസ്തികത 20  5 = 4 ആയിരിക്കും.

സാമൂഹികച്ചെലവ് (Social cost). ഏതെങ്കിലുമൊരു വസ്തുവിന്റെയോ സേവനത്തിന്റെയോ ഉത്പാദനം മൂലം സമൂഹത്തിനുണ്ടാകുന്ന മൊത്തം ചെലവിനെയാണ് സാമൂഹികച്ചെലവ് എന്നു പറയുന്നത്. ഒരു ഫാക്ടറിയില്‍ നിന്നുണ്ടാകുന്ന അന്തരീക്ഷ-ജലമലിനീകരണത്തിന്റെ ഫലമായി സമൂഹത്തിനുണ്ടാകുന്ന കഷ്ട-നഷ്ടങ്ങള്‍ കൂടി കണക്കെടുത്താലേ ഫാക്ടറിയിലെ ഉത്പാദനപ്രക്രിയയുടെ യഥാര്‍ഥ സാമൂഹികച്ചെലവ് ലഭിക്കുകയുള്ളൂ. അതായത്, ഉത്പാദനച്ചെലവിനോടൊപ്പം മലിനീകരണ നിവാരണപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ചെലവഴിക്കുന്ന തുക കൂടി കൂട്ടുമ്പോള്‍ സാമൂഹികച്ചെലവ് ലഭിക്കുന്നു. ആധുനിക പാരിസ്ഥിതിക വിജ്ഞാനത്തിന്റെ സ്വാധീനത കാരണം സാമൂഹികച്ചെലവ് എന്ന പരികല്പനയ്ക്ക് ഇന്നു സാമ്പത്തിക ശാസ്ത്രത്തില്‍ ഗണ്യമായ സ്ഥാനം ലഭിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍