This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെറുപയര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെറുപയര്‍

ചെറുപയര്‍

പയറുവിളകളില്‍ ഒരു പ്രധാന ഇനം. 'ഗ്രീന്‍ ഗ്രാം' എന്ന് ഇംഗ്ലീഷില്‍ അറിയപ്പെടുന്ന ഇതു ലെഗൂമിനോസേ (Leguminosae) സസ്യകുടുംബത്തില്‍പ്പെടുന്നു. ശാസ്ത്രനാമം: ഫാസിയോളസ് ഔറിയസ് (Phaseolus aureus). ആഫ്രിക്ക, മ്യാന്മര്‍, ശ്രീലങ്ക, പാകിസ്താന്‍, ചൈന എന്നീ രാജ്യങ്ങളില്‍ ചെറുപയര്‍ കൃഷി ചെയ്യുന്നുണ്ട്. ഇതിന്റെ ജന്മദേശം ഇന്ത്യയാണെന്നു കരുതപ്പെടുന്നു. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ആന്ധ്ര, രാജസ്ഥാന്‍, മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ വന്‍തോതില്‍ ചെറുപയര്‍ കൃഷി ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ ചെറുപയറിന്റെ ഉത്പാദനം ഏകദേശം മൂന്നു ലക്ഷം ടണ്‍ വരും.

ചെറുപയര്‍ ഒരു ഏകവര്‍ഷവിളയാണ്. 30-120 സെ.മീറ്ററോളം ഉയരത്തില്‍ വളരുന്ന ഈ ചെടിക്ക് ഇളം പച്ചനിറമാണുള്ളത്. താരതമ്യേന ബലമുള്ള തണ്ടുകളാണ്. ഇവ തവിട്ടുനിറമുള്ള ലോമങ്ങള്‍കൊണ്ടു പൊതിഞ്ഞിരിക്കും അല്പം പടര്‍ന്നു കയറുന്ന സ്വഭാവമാണു മുകളറ്റത്തെ ശാഖകള്‍ക്കുള്ളത്. ത്രിപാളിക പത്രങ്ങളാണിവയ്ക്ക്. നീളം കൂടിയ പര്‍ണവൃന്തമാണിതിനുള്ളത്. നീളമുള്ള പുഷ്പവൃന്തത്തില്‍ ഇളം മഞ്ഞനിറമുള്ള 10-25 പുഷ്പങ്ങള്‍ വലിയ കുലകളായിട്ട് ഉണ്ടാകുന്നു. ബാഹ്യദളപുടത്തിന്റെ സഹപത്രകങ്ങള്‍ അണ്ഡാകാരത്തിലും ആയതരൂപത്തിലും കാണപ്പെടുന്നു. കായ്കള്‍ക്ക് 6-10 സെ.മീറ്ററോളം നീളം കാണും. കായ്കള്‍ ഉരുണ്ട്, സിലിണ്ടറാകാരത്തിലുള്ളതും ലോമാവൃതവുമാണ്. ഓരോ കായിലും ഗോളാകൃതിയില്‍ പച്ചനിറമുള്ള എട്ടു മുതല്‍ പത്തുവരെ വിത്തുകളുണ്ടാവും. ഭൗമോപരിതല (epigeal) അങ്കുരണമാണ് ചെറുപയറിനുള്ളത്.

സ്വപരാഗണവും സ്വബീജസങ്കലനവുമാണ് ചെറുപയറില്‍ നടക്കുന്നത്. പുഷ്പങ്ങള്‍ വിടരുന്നതിന് തൊട്ടുമുമ്പുള്ള രാത്രിയില്‍ ഒമ്പതുമണിയോടുകൂടി പരാഗരേണുക്കള്‍ പരാഗസഞ്ചിക്കു വെളിയിലെത്തും. അര്‍ധരാത്രിയോടെ വര്‍ത്തികാഗ്രങ്ങളില്‍ പരാഗരേണുക്കള്‍ പതിച്ചിരിക്കുന്നതായി കാണാം. ഒന്നുരണ്ടു മണിക്കൂറിനുള്ളില്‍ പരാഗണം പൂര്‍ത്തിയാവുകയും ചെയ്യും. പരാഗകോശങ്ങള്‍ പൊട്ടി പരാഗരേണുക്കള്‍ പുറത്തുവരുന്നതു മുതല്‍ പൂക്കള്‍ വിടരുന്നതുവരെയുള്ള സമയം ഏകദേശം നാലു മണിക്കൂറായിരിക്കും.

നല്ല ആഴവും നീര്‍വാര്‍ച്ചയുമുള്ള മണ്ണാണ് ചെറുപയര്‍ കൃഷിക്ക് അനുയോജ്യം. ക്ഷാരമണ്ണും ഉപ്പുമണ്ണും ചെറുപയര്‍ കൃഷിക്ക് തീരെ യോഗ്യമല്ല. വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ 65-90 സെ.മീ. മഴ അത്യാവശ്യമാണ്. ഒരു തനിവിളയായി കൃഷിചെയ്യുമ്പോള്‍ നിലം ഒന്നോ രണ്ടോ തവണ ഉഴുതു മണ്ണ് ഒരുക്കിയാല്‍ മതി. മാത്രവിളയായിട്ടാണെങ്കില്‍ പ്രധാന വിളയ്ക്കു ചെയ്യുന്ന മണ്ണൊരുക്കല്‍ ധാരാളം മതിയാകും. വിതച്ച് 20 ദിവസത്തിനുശേഷം ഒരു തവണ കളയെടുത്ത് ഇടയിളക്കണം.

രണ്ടുമാസമാകുമ്പോഴേക്കും പുഷ്പിക്കുന്നു. ഏകദേശം ഒരു മാസത്തിനുള്ളില്‍ കായ്കള്‍ മൂപ്പെത്തുകയും ചെയ്യും. 9-12 ദിവസം മാത്രം മൂപ്പെത്തിയ പച്ചക്കായകള്‍ മലക്കറിയായി ഉപയോഗിക്കാറുണ്ട്. കായ്കള്‍ മൂപ്പെത്തിയാല്‍ ഉണങ്ങിപ്പൊട്ടി വിത്തുകള്‍ നഷ്ടപ്പെട്ടു പോകാതിരിക്കാനായി അവ ഉണങ്ങും മുമ്പുതന്നെ ചെടികൊയ്തെടുക്കുന്നു. ചെടികള്‍ മെതിച്ചെടുക്കുന്ന കളത്തില്‍ ഇവ ഒരാഴ്ചയോളം കൂട്ടിയിടുന്നു. അതിനുശേഷം വടികൊണ്ടടിച്ചോ കന്നുകാലികളെ നടത്തിയോ മെതിച്ചു വിത്തെടുക്കുന്നു. ഉണങ്ങിയ ചെടികളും കായ്കളുടെ തോടും മറ്റവശിഷ്ടങ്ങളും കാലിത്തീറ്റയായി ഉപയോഗിക്കുന്നു. രണ്ടാം വിളയായി ഇതു കൃഷി ചെയ്യുമ്പോള്‍ സാധാരണ ഇവ മാത്രം വിതയ്ക്കുകയാണ് പതിവ്. ചിലയിടങ്ങളില്‍ ഒന്നാം വിളയായ നെല്ല് കൊയ്തശേഷം രണ്ടാം വിളയായി ചെറുപയര്‍ കൃഷി ചെയ്യുന്നു. ചോളം, കൂവരക്, മക്കച്ചോളം തുടങ്ങിയ ധാന്യവിളകളോടൊപ്പം ചെറുപയര്‍ ഒന്നാം വിളയായി വിതയ്ക്കാറുണ്ട്. പയറുചെടിക്ക് ഉയരത്തില്‍ വളരുന്ന പ്രധാന വിള ഒരു തണല്‍ ആയിരിക്കും.

കടലപ്പുഴു, തൂവല്‍ ശലഭം, കടലയീച്ച, നീലദിവിശലഭം തുടങ്ങിയ കീടങ്ങള്‍ ചെറുപയര്‍ ചെടിയെ ആക്രമിക്കാറുണ്ട്. മറ്റു പയര്‍ വര്‍ഗങ്ങളെപ്പോലെ ഇതും ഒരു പച്ചിലവളവിളയായി കൃഷിചെയ്യാം. ചെറുപയര്‍ ചെടി അന്തരീക്ഷ വായുവിലെ വാതകരൂപത്തിലുള്ള സ്വതന്ത്ര നൈട്രജനെ യൌഗികീകരിച്ചു മണ്ണിന്റെ വളക്കൂറു വര്‍ധിപ്പിക്കുന്നു.

ചെറുപയര്‍ പലയിനം കറികളും പലഹാരങ്ങളും ഉണ്ടാക്കാനുപയോഗിക്കുന്നു. പയറുപൊടി സോപ്പിനുപകരം ഉപയോഗിച്ചു വരുന്നുണ്ട്. ചെറുപയര്‍ കൊണ്ടുള്ള ഹല്‍വ (mung halwa) ഒരു പ്രധാന പോഷക സമ്പുഷ്ടമായ പലഹാരമാണ്. ദക്ഷിണേന്ത്യയില്‍ ചെറുപയര്‍ കൊണ്ട് മോദകം ഉണ്ടാക്കാറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍