This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെറുതേക്ക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെറുതേക്ക്

വെര്‍ബനേസി (Verbenaceae) സസ്യകുടുംബത്തില്‍പ്പെടുന്ന ചെറിയ മരം. ശാസ്ത്രനാമം: ക്ളീറോഡെന്‍ഡ്രം സെറേറ്റം (Clerodendrum ceratum). മരത്തൊലിക്കു ചാരനിറമാണ്; പരുപരുത്തതും കോര്‍ക്ക് ഉള്ളതുമാണ്. നക്ഷത്രാകൃതിയില്‍ ചാരനിറത്തിലുള്ള ലോമങ്ങള്‍ തടിയില്‍ മുഴുവനും കാണപ്പെടുന്നു. ഇത് എളുപ്പത്തില്‍ അടര്‍ത്തിമാറ്റാനുമാവും. ഇലകള്‍ ശാഖാഗ്രങ്ങളിലായി കേന്ദ്രീകരിച്ചിരിക്കുന്നു. കടുംപച്ചനിറവും ലോമിലവുമായ ഇലകള്‍ തിളക്കമുള്ളവയാണ്. ഇലകള്‍ക്കടിവശത്തു നക്ഷത്രാകൃതിയിലുള്ള ലോമങ്ങള്‍ വളരെ കട്ടിയില്‍ കാണാം. ഇലയുടെ ചുവടുഭാഗം ഉരുണ്ടിരിക്കും. 6-9 ജോടി പ്രധാനസിരകള്‍ ഇലകള്‍ക്കടിവശത്തു വളരെ വ്യക്തമായി കാണാന്‍ കഴിയും. ജാലികാസിരാവിന്യാസമാണ് ഇവയിലുള്ളത്. ഇല ഞെടുപ്പ് 2.5-4.5 സെ.മീ. നീളമുള്ളതും തടിച്ചതും ലോമിലവുമാണ്. ഇലകളുടെ കക്ഷ്യങ്ങളില്‍ നക്ഷത്രാകൃതിയിലുള്ള കട്ടികൂടിയ ലോമങ്ങള്‍ കാണപ്പെടുന്നു. സഹപത്രത്തിന് 1.2 മി.മീ. നീളമുണ്ടാകും.

ശാഖകളില്‍ അവിടവിടെയായി പുഷ്പങ്ങള്‍ കാണപ്പെടുന്നു. ഞെടുപ്പുകള്‍ ചെറിയവയാണ്. ബാഹ്യദളങ്ങള്‍ക്ക് 2.5 മി.മീ. നീളം വരും. നീലലോഹിത നിറമുള്ള നാലു ദളങ്ങളുണ്ട്. ഇവ 4 മി.മീ. നീളമുള്ളതാണ്. കേസരങ്ങള്‍ വളരെ പ്രവര്‍ത്തനക്ഷമമാണ്. തന്തുക്കള്‍ ലോലവും അലോമിലവുമായിരിക്കും. പരാഗകോശങ്ങള്‍ ക്രീം നിറമുള്ളവയാണ്. അണ്ഡാശയവും വര്‍ത്തികയും അലോമിലവുമായിരിക്കും. 4 മി.മീ. വ്യാസമുള്ള ഡ്രൂപ്പാണു ഫലം. കായ്കള്‍ ഉരുണ്ടതും മാര്‍ദവമുള്ളവയുമാണ്. ഇവയ്ക്കു നല്ല തിളക്കവുമുണ്ടാവും.

ഇലയും മരത്തൊലിയും സുഗന്ധമുള്ളതും കവര്‍പ്പുള്ളതുമാണ്. ഇവ തിളപ്പിച്ചാല്‍ കൂടുതല്‍ മ്യൂസിലേജ് കിട്ടും. പാലില്‍ തിളപ്പിച്ച ഇലകള്‍ വായ് ശുദ്ധീകരിക്കാന്‍ ഉപയോഗിക്കുന്നു. മരത്തൊലിയും വേരും വെള്ളത്തില്‍ തിളപ്പിച്ച് ഉദരരോഗങ്ങള്‍ക്ക് ഔഷധമായുപയോഗിക്കാറുണ്ട്. ഇതു ശ്വാസകോശത്തെ ഉത്തേജിപ്പിക്കുകയും ശരീരവേദന അകറ്റുകയും ജ്വരത്തെ ശമിപ്പിക്കുകയും ചെയ്യും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍