This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെറുകഥ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ചെറുകഥ

ഒരു സാഹിത്യരൂപം. മനുഷ്യനുണ്ടായ കാലം മുതല്‍ തുടങ്ങിയതാണ് കഥ പറയുവാനും കേള്‍ക്കുവാനുമുള്ള കൗതുകം. അന്യന്റെ അനുഭവങ്ങള്‍ അറിയാനും അതു സ്വന്തം അനുഭവങ്ങളുമായി തട്ടിച്ചുനോക്കാനും അതിലൂടെ തന്റെ തന്നെ മുഖം കുറേക്കൂടി വ്യക്തമായി കാണാനുമുള്ള അദമ്യമായ തൃഷ്ണയാണ് ഈ കഥാകൗതുകത്തിന്റെ പിന്നിലുള്ളത്. മുത്തശ്ശിക്കഥകള്‍ മുതല്‍ ആധുനിക വിശ്ളഥബോധധാരാകഥകള്‍ വരെ ഈ ഗണത്തില്‍പ്പെടുന്നു. "ഒരാള്‍ മറ്റു ചിലരോടു ചെയ്യുന്ന അതിദീര്‍ഘമായ സംവാദം-ചെറുകഥയ്ക്കു വില്യം സാരോയന്‍ നല്‍കുന്ന ഈ നിര്‍വചനം കൂടുതല്‍ അര്‍ഥമുള്ളതായി തോന്നുന്നതും ഇതുകൊണ്ടുതന്നെയാണ്.

പ്രാരംഭം

ആധുനിക പത്രപ്രവര്‍ത്തനത്തിന്റെ സന്തതിയാണു ചെറുകഥയെന്നാണ് സോമര്‍സെറ്റ് മോമിന്റെ അഭിപ്രായം. കഥകള്‍ കേള്‍ക്കുന്നതില്‍ അതീവ തത്പരരും നോവല്‍ പ്രിയരുമായ വായനക്കാര്‍ക്കു പത്രസ്ഥലത്തിന്റെ പരിമിതികള്‍ക്കകത്തു നിന്നുകൊണ്ട് പകര്‍ന്നുകൊടുക്കാന്‍ പറ്റുന്ന ഒരാഖ്യാനശില്പം അവതരിപ്പിക്കേണ്ടത് ആവശ്യമായി വന്നു. അങ്ങനെ ഇപ്പോഴത്തെ ചെറുകഥ രൂപപ്പെട്ടു. നോവലുകള്‍ക്കുമുമ്പേ കഥകളുണ്ടായിരുന്നെങ്കിലും ചെറുകഥ നോവലിന്റെ അനുജത്തിയാണ്. ചോസറിന്റെ കാലത്തും (കാന്റര്‍ബറി കഥകള്‍) ബൊക്കാച്ചിയോയുടെ കാലത്തും (ഡെകാമറോണ്‍ കഥകള്‍) കഥയുടെ പ്രാഗ്രൂപങ്ങള്‍ നിലവിലുണ്ടായിരുന്നു. 1824-ല്‍ സ്കോട്ട് എഴുതിയ വോണ്ടറിങ് വില്ലീസ് ടെയ്ല്‍ നവീനരീതിയിലുള്ള ചെറുകഥയോട് ഏറ്റവും അടുത്തു നില്ക്കുന്നതാണ്. ലക്ഷണമൊത്ത ചെറുകഥകള്‍ ആദ്യം രൂപപ്പെട്ടത് യു.എസ്സിലാണ്. 1830-ല്‍ നഥാനിയേല്‍ ഹോത്തോണും എഡ്ഗാര്‍ അലന്‍ പോയും സ്വന്തം സൃഷ്ടികളിലൂടെ ഈ രംഗത്തു മാര്‍ഗദര്‍ശികളായി. 1842-ല്‍ ഹോത്തോണിന്റെ കഥകളെക്കുറിച്ച് എഡ്ഗാര്‍ അലന്‍ പോ എഴുതിയ ഉപന്യാസത്തിലൂടെയാണു ചെറുകഥ എന്ന സാഹിത്യരൂപത്തിന് ഏറെ പ്രചാരവും അംഗീകാരവും ഉണ്ടായത്. നവീന ചെറുകഥയുടെ രൂപഭാവങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുള്ള ബ്രാന്‍ഡര്‍ മാത്യൂസിന്റെ ചെറുകഥയുടെ തത്ത്വശാസ്ത്രം എന്ന പ്രബന്ധവും ഈ രംഗത്തെ ഒരു നാഴികക്കല്ലാണ്.

തലമുറതലമുറയായി പാടിപ്പതിഞ്ഞ കഥകള്‍ ഓരോ ജനതയ്ക്കുമുണ്ട്. അവ മിക്കവാറും ഗാനരൂപത്തിലായിരുന്നു. ഹോമര്‍, ഹെസിയോഡ്, ഈസോപ്പ്, ഒവിഡ് മുതലായ യവനപൗരാണികര്‍, ഫ്രാന്‍സിലെ ട്രൂബഡോര്‍സ്, ജര്‍മനിയിലെ മിന്നെസിംഗേഴ്സ് മുതലായവര്‍ പ്രാതഃസ്മരണീയരാണ്. വേദങ്ങളിലും ഉപനിഷത്തുകളിലും ഉള്ള കൊച്ചുകൊച്ചുകഥകള്‍ മുതല്‍ പഞ്ചതന്ത്രം, ജാതകകഥകള്‍, വിക്രമാദിത്യചരിത്രം, കഥാസരിത്സാഗരം മുതലായവയെല്ലാം ഈ രംഗത്തെ ഭാരതീയ പാരമ്പര്യം വിളിച്ചറിയിക്കുന്നവയാണ്. മലയാളത്തിലെ വടക്കന്‍പാട്ടുകളും തെക്കന്‍പാട്ടുകളും ഈ കൂട്ടത്തില്‍പ്പെടുന്നു.

ചെറുകഥയും നോവലും.

നോവലിനെയും ചെറുകഥയെയും വേര്‍തിരിക്കുന്ന ഘടകം രൂപമല്ല, ഉള്ളടക്കത്തിന്റെ അഥവാ ആശയത്തിന്റെ സ്വഭാവമാണ്. ഇതിവൃത്തം, കഥാപാത്രങ്ങള്‍, അന്തരീക്ഷം തുടങ്ങിയ ഘടകങ്ങള്‍ നോവലിനെന്നപോലെ ചെറുകഥയിലും ആവശ്യമാണ്. എങ്കിലും നോവല്‍ ചുരുക്കിയെഴുതിയാല്‍ ചെറുകഥയാവില്ല. 'ഒറ്റയിരുപ്പില്‍ വായിച്ചുതീര്‍ക്കാവുന്ന കഥയാണ് ചെറുകഥ' എന്ന ഹഡ്സന്റെ വിലയിരുത്തല്‍ ശ്രദ്ധേയമാണ്. ആദിമധ്യാന്തങ്ങളോടുകൂടിയ സുഘടിതരൂപം കഥയ്ക്കു കൂടിയേ കഴിയൂ. പാത്രപ്രധാനമായ കഥ, സംഭവപ്രധാനമായ കഥ, അന്തരീക്ഷപ്രധാനമായ കഥ എന്നിങ്ങനെ മൂന്നു രീതിയിലുള്ള കഥകള്‍ പിന്നീട് പ്രചാരത്തില്‍ വന്നു.

ഇന്നു ചെറുകഥയ്ക്കു കഥയോ ഇതിവൃത്തമോ വേണമെന്നില്ല. ഏതെങ്കിലുമൊരു വികാരം, ഒരു മനോഭാവം ഒപ്പിയെടുത്തവതരിപ്പിച്ചാല്‍ ഒന്നാംതരം കഥയായി. പുതിയ കഥാകൃത്തുകള്‍ കഥ പറയുകയല്ല, നമ്മെ അനുഭവിപ്പിക്കുകയാണ് ചെയ്യുന്നത്. പ്രാചീന മാതൃകകളില്‍ പ്രധാനമായും രണ്ടുതരം കഥകളുണ്ട്. രസിപ്പിക്കാന്‍ വേണ്ടിപ്പറയുന്നവ, തത്ത്വോദ്ബോധനം സുഗമവും സഫലവുമാക്കുവാന്‍ വേണ്ടി ചമയ്ക്കുന്നവ എന്നിങ്ങനെ. ബൈബിളില്‍ത്തന്നെ ഇത്തരം ഗുണപാഠകഥകള്‍ വളരെയധികമുണ്ട്. ഇതിനെ സാരോപദേശകഥകള്‍ (പാരബിള്‍) എന്നു പറയുന്നു. ഈ ഗുണപാഠകഥകളില്‍ പാത്രങ്ങള്‍ പക്ഷിമൃഗാദികളാകയാല്‍ 'ഫേബിള്‍' എന്നാകും പേര്. മതപാഠങ്ങള്‍ പഠിപ്പിക്കാനുതകുന്ന അര്‍ഥവാദകഥകള്‍ക്കു പൊതുവേ 'എക്സംപ്ല' എന്നു പറയുന്നു. ഇത്തരത്തില്‍ ഏറ്റവും പഴക്കമുള്ള കഥകള്‍ ഇന്ത്യയിലുണ്ടായ ജാതകകഥകളാണ്. നീതിപാഠമരുളുന്നതിനുവേണ്ടി പക്ഷിമൃഗാദികളെക്കൊണ്ടു സംസാരിപ്പിക്കുന്ന പാരമ്പര്യത്തിന്റെ വിശിഷ്ടമാതൃകകളാണ് പഞ്ചതന്ത്രകഥകള്‍. ഗുണാഢ്യന്റെ ബൃഹത്കഥാ പരമ്പരയും വിക്രമാദിത്യനോട് വേതാളം പറയുന്ന കഥകളുടെ സമാഹാരമായ വേതാള പഞ്ചവിംശതിയും യജമാനത്തിയോട് തത്ത പറയുന്ന രീതിയിലുള്ള ശുകസപ്തസതിയും സാലഭഞ്ജികമാര്‍ വിക്രമാദിത്യമാഹാത്മ്യത്തെ ആസ്പദമാക്കിപ്പറയുന്ന വിക്രമാദിത്യചരിതവും ദണ്ഡിയുടെ ദശകുമാരചരിതവും ഭാരതീയ കഥാപാരമ്പര്യത്തിലെ ശ്രേഷ്ഠസംഭാവനകളാണ്. വീരസാഹസികകഥകളുടെ കേദാരമാണ് അറേബ്യന്‍ രാത്രികളും വിക്രമാദിത്യചരിതവും ദശകുമാരചരിതവും. മധ്യകാലഘട്ടങ്ങള്‍ മുതല്‍ തന്നെ പൗരസ്ത്യ കഥകള്‍ ഫ്രഞ്ച്, ഇംഗ്ലീഷ് കഥാസാഹിത്യത്തെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്.

19-ാം ശതകത്തിന്റെ പ്രഥമാര്‍ധത്തില്‍ ജീവിച്ചിരുന്ന ശ്രദ്ധേയരായ മൂന്നു കഥാകാരന്മാരാണ് വാഷിങ്ടണ്‍ ഇര്‍വിങ്, നഥാനിയേല്‍ ഹാത്തോണ്‍, എഡ്ഗാര്‍ അല്ലന്‍ പോ എന്നിവര്‍. നോവലുകളില്‍ നിന്നു ചെറുനോവലുകളിലേക്കും പിന്നീട് ചെറുകഥകളിലേക്കുമാണ് ഫ്രാന്‍സിലുണ്ടായ പരിവര്‍ത്തനം. മോപ്പസാങ്ങും ബരമിയുമാണ് 19-ാം ശതകത്തിലെ ഏറ്റവും മികച്ച ചെറുകഥാകൃത്തുകള്‍. ചൈതന്യവത്തായ അന്തരീക്ഷസൃഷ്ടിയിലും ജീവസ്സുറ്റ പാത്രനിര്‍മാണത്തിലും മോപ്പസാങ്ങിനുള്ള സ്ഥാനം സമുന്നതമാണ്. ക്രമേണ ചെറുകഥ എന്ന സാഹിത്യരൂപത്തിന് ലോകമെങ്ങും അനുകരണങ്ങളുണ്ടായി. യു.എസ്സിലെന്ന പോലെ റഷ്യയിലും കഥകള്‍ രൂപംകൊണ്ടു. ചെക്കോവ് എന്ന വിശ്വസാഹിത്യകാരനെ സൃഷ്ടിച്ചത് റഷ്യന്‍ ചെറുകഥയാണ്. യഥാര്‍ഥ റിയലിസ്റ്റ് എന്നു വിശേഷിപ്പിക്കാവുന്ന ചെക്കോവ് കഥാസാഹിത്യത്തിലെ ഇംപ്രഷണിസത്തിന്റെ പ്രതിനിധി കൂടിയാണ്. സുദൃഢമായ ഒരു കഥാതന്തു കഥയില്‍ ഉണ്ടായിരിക്കണമെന്ന നിര്‍ബന്ധക്കാരായിരുന്നു മോപ്പസാങ്, ഒ. ഹെന്റി, സ്റ്റീവന്‍സണ്‍ തുടങ്ങിയവര്‍. ഫ്രാന്‍സില്‍ അല്ലന്‍ പോവിന്റെ കഥകള്‍ വിവര്‍ത്തനങ്ങളിലൂടെ പ്രചാരത്തിലെത്തിയ കാലത്തു ബല്‍സാക്കും ഫ്ളോബറും മറ്റും വളരെയധികം റിയലിസ്റ്റിക് കഥകള്‍ എഴുതുകയുണ്ടായി.

അമേരിക്കന്‍ കഥാസാഹിത്യത്തിലെ നവോത്ഥാന ശില്പികള്‍ എന്ന വിശേഷണത്തിന് അര്‍ഹരാണ് ഹെമിങ്വേയും ഫോക്നറും വില്യം സരോയനും. ഫ്രഞ്ചുകാരനായ സാര്‍ത്രും ജര്‍മന്‍കാരനായ കാഫ്കയും ലോകകഥാസാഹിത്യത്തിനുതന്നെ പുതിയ മുഖച്ഛായ നല്കിയവരാണ്. ജീവിതത്തിന്റെ അര്‍ഥശൂന്യതയും സ്വയം ഒന്നുമായിത്തീരാനാകാത്ത മനുഷ്യാവസ്ഥയും ചിത്രീകരിക്കുന്നതാണ് സാര്‍ത്രിന്റെ കഥകള്‍. അബോധമനസ്സിന്റെ അജ്ഞാത ശക്തികളെ അതേപടി പകര്‍ത്തുന്ന സര്‍റിയലിസ്റ്റ് രീതിയും എക്സിസ്റ്റന്‍ഷ്യലിസവും കൂട്ടിക്കലര്‍ത്തിയ കാഫ്കയുടെ രചനകള്‍ മികവുറ്റതാണ്. ബോധധാരാവിഷ്കരണ രീതിയില്‍ ആത്മപ്രകാശനത്തിനു വളരെയധികം സാധ്യതകളുണ്ട്. പ്രൂസ്റ്റ്, ജെയിംസ് ജോയ്സ്, വെര്‍ജീന വൂള്‍ഫ് തുടങ്ങിയവര്‍ ബോധധാരാസമ്പ്രദായത്തിന്റെ പ്രധാന വക്താക്കളും പ്രയോക്താക്കളുമാണ്. ഇവിടെ കഥാകാരന്‍ തന്നെ കഥാപാത്രമായി മാറുന്നു. കഥ ആത്മാവില്‍ നിന്ന് ഒഴുകുന്നു. സ്ഥൂലത്തില്‍ നിന്നു സൂക്ഷ്മത്തിലേക്കും സംഭവങ്ങളില്‍ നിന്നു വികാരത്തിലേക്കും ശരീരത്തില്‍ നിന്നു ആത്മാവിലേക്കും വാചാലതയില്‍ നിന്ന് വാചംയമിത്വത്തിലേക്കും കഥ മാറുന്നു. ഫലത്തില്‍ ചെറുകഥ ഒരു ഭാവഗീതത്തിന്റെ തലത്തിലേക്കുയരുകയാണ്.

'കഥാകാരന്‍ സ്വയം പാത്രമായി കഥപറയുക, ഏതെങ്കിലും പാത്രത്തിലാവേശിച്ച് അയാളെക്കൊണ്ടു പറയിക്കുക, അകന്നു നിന്നു പാത്രങ്ങളുടെ ക്രിയകളെ മാത്രം കാണിച്ചുതരിക-ഇതില്‍ ആദ്യത്തെ രണ്ടുരീതിയുമാണ് ആധുനികര്‍ക്കു കൂടുതല്‍ ഇഷ്ടം. അനുഭവിക്കുന്ന ജീവിതത്തിന്റെ തീവ്രതയെ ഏറ്റവും അനുകൂലമായ വീക്ഷണകോടിയില്‍ക്കൂടി അതിവിദഗ്ധമായി ആവിഷ്കരിക്കുന്ന നിരവധി കഥകള്‍ ഇക്കൂട്ടരുടേതായിട്ടുണ്ട്. നമ്മുടെയൊക്കെ മനസ്സിലുള്ള അസ്പഷ്ടമോ അര്‍ധസ്പഷ്ടമോ ആയതും ആവിഷ്കരിക്കാനാവാത്തതുമായ സൂക്ഷ്മങ്ങളും സങ്കീര്‍ണങ്ങളുമായ ഭാവഗതികള്‍ക്കും നിനവുകള്‍ക്കും ആധുനിക ചെറുകഥകളില്‍ ആവിഷ്കാരം കണ്ടെത്തുന്നു.


ചെറുകഥ ഇന്ത്യയില്‍.

ബ്രിട്ടീഷ് ഭരണത്തിന്റെ ഫലമായി ഇംഗ്ലീഷ് ഭാഷയും ഇംഗ്ലീഷ് സാഹിത്യവും ഇന്ത്യയില്‍ പ്രചരിച്ചതോടെ പുതിയ സാഹിത്യരൂപങ്ങളും പ്രവണതകളും പ്രചാരത്തിലായി. ഇംഗ്ലീഷ് വിദ്യാഭ്യാസം കിട്ടിയ പുതിയ തലമുറ അതിന്റെ ആസ്വാദകരും അനുകര്‍ത്താക്കളുമായി. മാനസോല്ലാസത്തിനുതകുന്ന സംഘര്‍ഷരഹിതങ്ങളായ കഥാഗ്രന്ഥങ്ങളാണ് ആദ്യം പ്രചാരത്തിലായത്. പിന്നീട് ജെയ്ന്‍ ഓസ്റ്റിന്റെയും ബ്രോണ്ടി സഹോദരിമാരുടെയും ജോര്‍ജ് എലിയറ്റിന്റെയും കൃതികള്‍ ലഭ്യമായി. കുറേക്കൂടി കഴിഞ്ഞപ്പോള്‍ ഡി.എച്ച്. ലോറന്‍സ്, ആല്‍ഡസ് ഹക്സ്ലി, ടോള്‍സ്റ്റോയ്, തുര്‍ഗനേവ്, ചെക്കോവ്, ഗോര്‍ക്കി മുതലായ വിശ്വസാഹിത്യകാരന്മാരുടെ കൃതികളെല്ലാം ഭാരതീയ വായനക്കാരനു പരിചിതമായിത്തുടങ്ങി. സാര്‍ത്രിന്റെയും കാഫ്കയുടെയും കാമുവിന്റെയും കൃതികളും ദര്‍ശനങ്ങളും ഇന്നാട്ടുകാര്‍ക്ക് അന്യമല്ലെന്നു വന്നു.

ഇത്തരത്തില്‍ സാഹിത്യത്തിലെ കഥാപ്രപഞ്ചം ആസ്വദിച്ചറിഞ്ഞ മിക്ക ഭാരതീയ ഭാഷകളിലെയും ബുദ്ധിജീവികള്‍ അനുകരണങ്ങളായും തങ്ങളുടെ ഭാവനയ്ക്കനുസരണമായും കഥകളെഴുതി പരീക്ഷണങ്ങള്‍ നടത്തി. രത്തന്‍നാഥ് സര്‍ക്കാര്‍, ബങ്കിംചന്ദ്ര ചാറ്റര്‍ജി, കെ.എം. മുന്‍ഷി മുതലായവര്‍ ഈ രംഗത്തു പ്രാതഃസ്മരണീയരാണ്.

'ടൈപ്പ് കഥാപാത്രം നിലനിന്നുപോരുന്ന നവരസസിദ്ധാന്തത്തിന്റെ അമൂര്‍ത്ത സ്ഥായിഭാവങ്ങള്‍, ബാഹ്യസ്ഥിതിഗതികള്‍, ധര്‍മോപദേശകഥകള്‍ എന്നിവയില്‍ നിന്നു പുതിയ മനഃശാസ്ത്രത്തിന്റെ ലോകത്തിലേക്കു മാറിയ ചുറ്റുപാടുകളില്‍ വര്‍ത്തിക്കുന്ന മനുഷ്യവ്യക്തിയിലേക്കുള്ള ചെറുകഥയെ ചെറുകഥയാക്കി മാറ്റുന്ന സംക്രമണത്തില്‍ ആധുനികരും സമകാലികരുമായ എഴുത്തുകാര്‍ക്കു വളരെ പാടുപെട്ടിട്ടാണെങ്കിലും ഗണ്യമായ നേട്ടങ്ങള്‍ ഉണ്ടായി.' ഭാരതീയ ചെറുകഥയെക്കുറിച്ചുള്ള മുല്‍ക്ക് രാജ് ആനന്ദിന്റെ ഈ വിലയിരുത്തല്‍ വളരെ ശ്രദ്ധേയമാണ്.

മറ്റു സാഹിത്യശാഖകളിലെന്നപോലെ ചെറുകഥാരംഗത്തും ഏറെ വിജയകരമായ പരീക്ഷണങ്ങള്‍ നടന്നത് ബംഗാളിയിലാണ്. അതിലെ അഗ്രഗാമി രവീന്ദ്രനാഥ ടാഗോറായിരുന്നു. ബങ്കിംചന്ദ്ര ചാറ്റര്‍ജിയുടെയും മറ്റും റൊമാന്റിക് സ്വഭാവമുള്ള വ്യാജകഥാനായകനെ ഒഴിവാക്കി, ആന്തരചാലകശക്തിയെ ചെറുകഥയിലെ വ്യതിയാനബിന്ദുവായി കണ്ടെത്താന്‍ ടാഗോര്‍ യത്നിച്ചു. ടാഗോറിനെത്തുടര്‍ന്നു ശരത്ചന്ദ്ര ചാറ്റര്‍ജിയും താരാശങ്കര്‍ ബാനര്‍ജിയും മറ്റും ഈ രംഗത്തു പുതിയ പരീക്ഷണങ്ങളുമായി മുന്നോട്ടുപോയി. സമൂഹത്തിലെ അവഗണിക്കപ്പെട്ട വിഭാഗങ്ങളുടെ, ജീവിതസാഹചര്യങ്ങളെക്കുറിച്ചും മാനസികപരിതോവസ്ഥകളെക്കുറിച്ചുമായിരുന്നു ഈ ആദ്യകാല ബംഗാളി സാഹിത്യകാരന്മാര്‍ക്കു പറയാനുണ്ടായിരുന്നത്.

ഉര്‍ദു-ഹിന്ദി എഴുത്തുകാരനായ പ്രേംചന്ദ് ഇന്ത്യന്‍ ചെറുകഥാരംഗത്തെ മറ്റൊരു കുലപതിയാണ്. സമൂഹമനസ്സിന്റെ ആഴക്കയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതിനായിരുന്നു അദ്ദേഹത്തിന് അധികം താത്പര്യം. ഉര്‍ദു സാഹിത്യത്തിലെ തന്നെ സജ്ജാത് സഹര്‍, അഹമ്മദ് അലി, റഷീദ് ജഹാന്‍ മുതലായ പേരുകളും പരാമര്‍ശമര്‍ഹിക്കുന്നതാണ്. കിഷന്‍ ചന്ദര്‍, ഇസ്മത് ചുഗ്തായി, രാജീന്ദര്‍ സിങ് ബേദി തുടങ്ങിയവരും ആധുനിക ഉര്‍ദു ചെറുകഥാരംഗത്തു നിസ്തുലമായ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുള്ളവരാണ്. മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്റുവും രവീന്ദ്രനാഥ ടാഗോറും പ്രതിനിധാനം ചെയ്ത സ്വാതന്ത്ര്യബോധം-ഓരോ ആത്മാവിന്റെയും വിമോചനം-ലക്ഷ്യം വച്ചുകൊണ്ടുള്ള സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ ആദര്‍ശങ്ങള്‍ ഈ കാലഘട്ടത്തിലെ മുഴുവന്‍ എഴുത്തുകാരെയും ആവേശം കൊള്ളിച്ചു. സ്വാതന്ത്ര്യസമരത്തിനു കൂടുതല്‍ ആവേശം പകരാന്‍ പോന്ന സൃഷ്ടികള്‍ ഈ കാലഘട്ടത്തില്‍ എല്ലാ ഭാരതീയ ഭാഷകളിലും ഉണ്ടായി.

ഭാരതീയ ചെറുകഥയുടെ വളര്‍ച്ചയില്‍ മിക്കവാറും എല്ലാ പ്രാദേശിക ഭാഷകളിലും സമാന്തരമായ പ്രസ്ഥാനങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നു പറയാം. അസമിയയില്‍ ലക്ഷ്മിനാഥ് ബസ്ബറുവ, ഗുജറാത്തിയില്‍ രമണ്‍ഭായ് നീലകണ്ഠ, തെലുഗുവില്‍ സത്യനാരായണ, തമിഴില്‍ വി.എസ്.എസ്. അയ്യര്‍, കന്നഡയില്‍ കെ.വി. പുട്ടപ്പ മുതലായ പേരുകള്‍ റൊമാന്റിസിസത്തിന്റെ പതാകവാഹകരുടെ കൂട്ടത്തില്‍ അഗ്രിമസ്ഥാനം അര്‍ഹിക്കുന്നവരാണ്. യാഥാതഥ്യവാദികളായ ശരത്ചന്ദ്ര ചാറ്റര്‍ജി (ബംഗാളി), പ്രേംചന്ദ് (ഹിന്ദി), ഗുഡിപതി വേങ്കടാചലം (തെലുഗ്), എന്‍.എസ്. ഫ്രഡ്കെ, വി.എസ്. സുഖ്തങ്കര്‍ (മറാഠി), കാളിന്ദീചരണ്‍ പാണിഗ്രാഹി (ഒറിയ) തുടങ്ങിയവരും തങ്ങളുടെ ഭാഷകളില്‍ പ്രാഗല്ഭ്യം തെളിയിച്ചു എന്നതിനപ്പുറം ഭാരതീയ ചെറുകഥാരംഗത്തെ വഴികാട്ടികളാണ്. പരീക്ഷണവാദികളെന്നു വിശേഷിപ്പിക്കാവുന്ന അടുത്ത തലമുറയിലെ ഉത്തിഷ്ഠമാനരായ കഥാകാരന്മാരാണ് ബംഗാളിയിലെ സന്ദീപന്‍ ചാറ്റര്‍ജി, മോത്തിലാല്‍ നന്ദ, ശ്യാമള്‍ ഗാംഗുലി, അമലേന്ദു ചക്രവര്‍ത്തി; സിന്ധിയിലെ കിരാത് ബേബാനി, ആനന്ദ് ഖേമാനി, വിഷ്ണു ഭാട്ടിയ; ഹിന്ദിയിലെ മനു ഭണ്ഡാരി, മംഗിലാ ഭഗത്; കന്നഡത്തിലെ യു.ആര്‍. അനന്തമൂര്‍ത്തി, രാമചന്ദ്രദേവ്, രാജശേഖര്‍ നീര്‍മനവീ, തമിഴിലെ ജയകാന്തന്‍, രാജംകൃഷ്ണന്‍, ആര്‍ ചൂഡാമണി; ഉര്‍ദുവിലെ ജോഗീന്ദര്‍ പാല്‍; കാശ്മീരിയിലെ രതന്‍ലാല്‍ സന്ത് മുതലായവര്‍.

ചെറുകഥ മലയാളത്തില്‍.

മലയാളത്തിലെ ഏറ്റവും സമ്പന്നമായ സാഹിത്യശാഖയാണ് ചെറുകഥ. ഒരു നൂറ്റാണ്ടിന്റെ വളര്‍ച്ചയും ചരിത്രവുമുള്ള മലയാള കഥാപ്രപഞ്ചം മറ്റേതുഭാഷയിലെ കഥാസാഹിത്യത്തോടും കിടനില്‍ക്കുന്നതാണ്. മലയാളത്തിലെ ഒട്ടുമിക്ക സാഹിത്യസംരംഭങ്ങളുടെയും ദിശാപരിണാമം ആദ്യം തമിഴിന്റെയും പിന്നീട് സംസ്കൃതത്തിന്റെയും പ്രഭാവലയത്തിലായിരുന്നുവെന്നു കാണാം. എന്നാല്‍ മലയാള ചെറുകഥാപ്രസ്ഥാനത്തിന്റെ പിന്നിലെ ചാലകശക്തി ഇംഗ്ലീഷ് ഭാഷയിലൂടെ കിട്ടിയ അറിവും പരിജ്ഞാനവും ആശയസംഹിതകളും ആണെന്നത് എടുത്തു പറയേണ്ടിയിരിക്കുന്നു. വ്യാവസായിക വിപ്ലവം, ഫ്രഞ്ച് വിപ്ലവം, ഒക്ടോബര്‍ വിപ്ലവം, മഹായുദ്ധങ്ങള്‍ തുടങ്ങിയ ലോകസംഭവങ്ങള്‍ പുതിയ കാഴ്ചപ്പാടുകള്‍ക്കും ജീവിതചര്യകള്‍ക്കും വഴിയൊരുക്കി. ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും തത്ഫലമായി നാട്ടിലുണ്ടായ ഉണര്‍വും ഊര്‍ജസ്വലതയും നവോത്ഥാനത്തിന്റെ അലകള്‍ സൃഷ്ടിച്ചു. പുതിയ ജീവിതസാഹചര്യങ്ങള്‍ നല്കിയ അനുഭവപാഠങ്ങള്‍ ഉള്‍ക്കൊണ്ടും ആംഗലസാഹിത്യത്തില്‍ നിന്നു കിട്ടിയ രൂപമാതൃകകള്‍ സ്വീകരിച്ചും ചെറുകഥ പോലെയുള്ള സാഹിത്യപ്രസ്ഥാനങ്ങള്‍ ഇവിടെ തഴച്ചുവളര്‍ന്നു. മനുഷ്യസ്നേഹത്തിന്റെയും മാനവികതയുടെയും സന്ദേശവാഹകരായ പുതിയ എഴുത്തുകാര്‍ രംഗപ്രവേശം ചെയ്തു. ബഹുജനവിദ്യാഭ്യാസത്തിനുണ്ടായ മാറ്റം, പ്രസിദ്ധീകരണങ്ങള്‍, പത്രമാസികകള്‍, റേഡിയോ തുടങ്ങിയ ഘടകങ്ങള്‍ കഥാസാഹിത്യത്തിന്റെ വളര്‍ച്ചയെ വളരെയധികം സഹായിച്ചിട്ടുണ്ട്.

ആദ്യകാല കഥാകാരന്മാര്‍.

ആദ്യകാല മലയാള ചെറുകഥാകാരന്മാരില്‍ പ്രഥമഗണനീയരാണ് മൂര്‍ക്കോത്തു കുമാരനും വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരും. ഭാഷാപോഷിണിയുടെ ഒന്നാം ലക്കത്തില്‍ (1072) കുമാരന്‍ പേരുവച്ച് ചെറുകഥയെഴുതിയിട്ടുണ്ട്. തുടര്‍ന്ന് നൂറിലധികം ചെറുകഥകള്‍ അദ്ദേഹം എഴുതുകയുണ്ടായി. ഇതിനുമുമ്പുതന്നെ 1894-ല്‍ കുമാരന്‍ മലയാള മനോരമയില്‍ കഥകളെഴുതിയിരുന്നു. ഈ കഥ സ്വീകരിച്ചുകൊണ്ട് പത്രാധിപര്‍ കണ്ടത്തില്‍ വര്‍ഗീസ് മാപ്പിള 'ഇത്തരം കഥകളെഴുതാന്‍ കഴിയുന്നവരെ കുറച്ചുനാളായി അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു'വെന്ന് മറുപടിയില്‍ പറഞ്ഞിരിക്കുന്നു. ഇതില്‍ നിന്നൊക്കെ മലയാള ചെറുകഥയുടെ ഉപജ്ഞാതാവ് അല്ലെങ്കില്‍ ഉപജ്ഞാതാക്കളില്‍ പ്രമുഖന്‍ മൂര്‍ക്കോത്താണെന്നു കാണാം. ഒടുവില്‍ കുഞ്ഞികൃഷ്ണമേനോന്‍, ചെറിയ കുഞ്ഞിരാമമേനോന്‍ (എം.ആര്‍.കെ.സി.), സി.എസ്. ഗോപാലപ്പണിക്കര്‍, അമ്പാടി നാരായണപ്പൊതുവാള്‍, കെ. സുകുമാരന്‍ (മലബാര്‍), ഇ.വി. കൃഷ്ണപിള്ള മുതലായവരും ഈ രംഗത്തെ ശ്രദ്ധേയരാണ്.

സംഭവപ്രധാനമായ കഥകള്‍ പറയുന്നതിലും ഗുണപാഠങ്ങളോ സദാചാരനിഷ്ഠകളോ പ്രതിഫലിപ്പിക്കുന്നതിലുമായിരുന്നു ഇക്കൂട്ടര്‍ക്ക് ഏറെ താത്പര്യം. 1889-ല്‍ ഇന്ദുലേഖ വഴി ചന്തുമേനോന്‍ തുടങ്ങിവച്ച സാമൂഹ്യവിമര്‍ശനപരതയും യാഥാതഥ്യദീക്ഷയും ഏറെ മുന്നോട്ടുകൊണ്ടുപോയവരാണ് മൂര്‍ക്കോത്തു കുമാരനും ഇ.വി. കൃഷ്ണപിള്ളയും. മൂര്‍ക്കോത്തു കുമാരന്റെ 'ജ്യേഷ്ഠത്തിയുടെ ആഭരണങ്ങള്‍' എന്ന കഥയിലെ പ്രതിപാദ്യം സ്ത്രീകള്‍ക്ക് ആഭരണങ്ങളിലുള്ള കമ്പത്താല്‍ സംഭവിക്കുന്ന തര്‍ക്കങ്ങളും കുടുംബകലഹങ്ങളുമാണ്. താലികെട്ടുകല്യാണം നടത്തി നശിക്കുക എന്ന ദുഷിച്ച വഴക്കത്തിന്റെ അനിഷ്ടഫലങ്ങളെ ചിത്രീകരിക്കുന്ന 'ഒരൊറ്റ നോക്ക്' ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നടന്ന സാമൂഹ്യപരിഷ്കരണ പ്രവര്‍ത്തനങ്ങളുടെ പ്രചാരണം കൂടി ലക്ഷ്യം വച്ച് കുമാരന്‍ എഴുതിയതായിരിക്കണം. നര്‍മരസമാധുര്യംകൊണ്ട് ബഹുജനങ്ങളെ ആകര്‍ഷിക്കുന്നതായിരുന്നു മലബാര്‍ കെ. സുകുമാരന്റെയും ഇ.വി. കൃഷ്ണപിള്ളയുടെയും കഥകള്‍. ചെറുകഥയെ പാശ്ചാത്യരീതിയിലുള്ള കലാരൂപങ്ങളുമായി ഏറെ അടുപ്പിച്ചത് ഇ.വി. കൃഷ്ണപിള്ളയാണ്. ഇദ്ദേഹത്തിന്റെ 'പ്രേമദാസ്യം' പോലെയുള്ള കഥകള്‍ ഇതിനു മകുടോദാഹരണമാണ്. സമൂഹത്തില്‍ നിലനില്‍ക്കുന്ന ദുരാചാരങ്ങളെ നിശിതമായി വിമര്‍ശിക്കുന്ന വി.ടി. ഭട്ടതിരിപ്പാട്, മുത്തിരിങ്ങോട്ട് ഭവത്രാതന്‍ നമ്പൂതിരിപ്പാട്, എം.ആര്‍. ഭട്ടതിരിപ്പാട് എന്നിവരുടെ കഥകളും ഇവിടെ പരാമര്‍ശം അര്‍ഹിക്കുന്നു.

ആധുനികര്‍.

1930-കളില്‍ ലോകത്താകമാനമുണ്ടായ മാറ്റങ്ങള്‍ ഭാരതത്തിലും കേരളത്തിലുമുണ്ടായി. ഇവിടത്തെ സാമൂഹ്യജീവിതത്തില്‍ മാത്രമല്ല, സാഹിത്യ-സാംസ്കാരിക രംഗങ്ങളിലും ഇതിന്റെ സ്വാധീനം പ്രകടമാണ്. കമ്യൂണിസ്റ്റ് ആശയങ്ങളുടെ വളര്‍ച്ച, ഫ്യൂഡലിസവും അതുപോലെയുള്ള മറ്റ് ഉച്ചനീചത്വങ്ങളും കൊണ്ട് സമൂഹത്തിലുണ്ടായ ജീര്‍ണത, ദാരിദ്യ്രം, കഷ്ടപ്പാട്, ചൂഷണം മുതലായ അരുതായ്മകളില്‍ നിന്നെല്ലാമുള്ള മോചനം ലക്ഷ്യംവച്ചുകൊണ്ടുള്ള സ്വാതന്ത്ര്യസമരസംരംഭങ്ങള്‍, തൊഴിലാളി പ്രസ്ഥാനങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ വലിയ രീതിയിലുള്ള പരിവര്‍ത്തനങ്ങള്‍ക്ക് കളമൊരുക്കി. ഫ്രോയിഡിന്റെയും യുങ്ങിന്റെയും മനഃശാസ്ത്രവും ഫ്രഞ്ച് നാച്വറലിസ്റ്റിക് കൃതികളും ഇവിടത്തെ ബുദ്ധിജീവികള്‍ക്കും എഴുത്തുകാര്‍ക്കും സുപരിചിതമായി. ഇതിനെക്കാളേറെ മലയാള ചെറുകഥയുടെ വളര്‍ച്ചയില്‍ ചാലകശക്തിയായി വര്‍ത്തിച്ചത് കേസരി ബാലകൃഷ്ണപിള്ളയുടെ സാന്നിധ്യമായിരുന്നു. ആധുനിക വിജ്ഞാനത്തിന്റെ ചക്രവാളങ്ങളെക്കുറിച്ച് അറിവു പകര്‍ന്നു കൊടുക്കുന്നതിലും പാശ്ചാത്യരാജ്യങ്ങളിലുണ്ടായ സാഹിത്യപ്രവണതകളും പ്രസ്ഥാനങ്ങളും പരിചയപ്പെടുത്തുന്നതിലും യുവാക്കള്‍ക്ക് ആശയും ആത്മവിശ്വാസവും പകര്‍ന്നുകൊടുത്ത് അവരെക്കൊണ്ട് എഴുതിക്കുന്നതിലും അവരുടെ സംരക്ഷകനായി മാറുന്നതിലും കേസരി ബാലകൃഷ്ണപിള്ള കാട്ടിയ തന്റേടവും ആത്മാര്‍ഥതയും മലയാള ചെറുകഥാ പ്രസ്ഥാനത്തിനു മാത്രമല്ല, മലയാള സാഹിത്യത്തില്‍ തന്നെ ഒരു നവോത്ഥാനത്തിന് ഇടനല്കി. അതോടൊപ്പം ഒന്നിനൊന്ന് മാറ്റുരയ്ക്കുന്ന പ്രതിഭാശാലികളായ പി. കേശവദേവ്, തകഴി ശിവശങ്കരപ്പിള്ള, പൊന്‍കുന്നം വര്‍ക്കി, വൈക്കം മുഹമ്മദ് ബഷീര്‍, എസ്.കെ. പൊറ്റെക്കാട്ട്, ലളിതാംബികാ അന്തര്‍ജനം, കാരൂര്‍ നീലകണ്ഠപ്പിള്ള, പി.സി. കുട്ടിക്കൃഷ്ണന്‍ (ഉറൂബ്) തുടങ്ങിയ എഴുത്തുകാരുടെ ഒരു നീണ്ട നിര ഇക്കാലത്തുണ്ടായി എന്നതും ഒരു സവിശേഷതയാണ്. ആകെക്കൂടി നോക്കുമ്പോള്‍ മലയാള ചെറുകഥയുടെ സമ്പന്നമായ ഒരു കാലം-സുവര്‍ണയുഗം-സംജാതമായി. ഏതാണ്ട് 1935 മുതല്‍ 50 വരെയുള്ള ഈ കാലഘട്ടം കൂടുതല്‍ പഠനം അര്‍ഹിക്കുന്നു.

തകഴിയും മറ്റും.

കൃത്രിമത്വമില്ലാത്ത ലളിത പദങ്ങളിലൂടെ, കൊച്ചു കൊച്ചു വാക്യങ്ങളിലൂടെ, പരുക്കന്‍ ജീവിത യാഥാര്‍ഥ്യങ്ങളെ നിറക്കൂട്ടില്ലാതെ യഥാതഥമായി ചിത്രീകരിക്കുന്നതില്‍ തകഴിക്കുള്ള പാടവം അസാമാന്യമാണ്. വേദന അനുഭവിക്കുന്ന മനുഷ്യനോടുള്ള സഹാനുഭൂതി തകഴിക്കഥകളുടെ മുഖമുദ്രയാണ്. ഒട്ടൊരു മനഃശാസ്ത്രബോധത്തോടുകൂടി, പലരും പറയാന്‍ മടിക്കുന്ന, കണ്ടാലും കണ്ടില്ലെന്നു നടിക്കുന്ന ജീവിത യാഥാര്‍ഥ്യങ്ങളെ യഥാതഥമായി ഇദ്ദേഹം അവതരിപ്പിച്ചു. അനീതിക്കെതിരായ പോരാട്ടം, അധഃസ്ഥിതവിഭാഗങ്ങളുടെ വിമോചനം മുതലായ വിഷയങ്ങള്‍ കൈകാര്യം ചെയ്തതോടൊപ്പം അനശ്വര പ്രേമത്തിന്റെ ഗാഥാകാരനായി മാറുന്നതിനും തകഴിക്ക് അനായാസം സാധിച്ചു. ഭാവവ്യഞ്ജകശക്തിയുള്ള രൂപശില്പം തകഴിക്കഥകളുടെ എടുത്തു പറയേണ്ട സവിശേഷതയാണ്. കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികളുടെയും ഇടത്തരം കുടുംബങ്ങളിലെയും ജീവിതം ചിത്രീകരിക്കുമ്പോള്‍ തകഴിയുടെ തൂലികയ്ക്ക് ഓജസ്സേറുന്നു. 'താസില്‍ദാരുടെ അച്ഛന്‍', 'കൃഷിക്കാരന്‍', 'ഭാഗം', മുതലായ കഥകള്‍ അത്യന്തം ഹൃദയസ്പര്‍ശിയാണ്. കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികളുടെയും ഇടത്തരം കുടുംബങ്ങളിലെയും ജീവിതം ചിത്രീകരിക്കുമ്പോള്‍ തകഴിയുടെ തൂലികയ്ക്ക് ഓജസ്സേറുന്നു. 'തഹസില്‍ദാരുടെ അച്ഛന്‍', 'കൃഷിക്കാരന്‍', 'ഭാഗം' മുതലായ കഥകള്‍ അത്യന്തം ഹൃദയസ്പര്‍ശിയാണ്. കുട്ടനാടന്‍ കര്‍ഷകന്റെ ആത്മസത്തയെ ആവാഹിച്ചൊതുക്കിയിട്ടുള്ള ഉജ്ജ്വലസൃഷ്ടിയാണ് 'താസില്‍ദാരുടെ അച്ഛന്‍'. തകഴിയുടെ, 'വെള്ളപ്പൊക്കത്തില്‍' എന്ന കഥ ഒരു നായയുടെ ജീവിത ചിത്രീകരണത്തിലൂടെ മഹത്തായ ജീവിതമൂല്യങ്ങളിലേക്കു വെളിച്ചം വീശുന്ന ഭാവോജ്ജ്വലമായ കലാസൃഷ്ടിയാണ്.

കേരളീയ ജീവിതത്തിന്റെ സമസ്തമണ്ഡലങ്ങളെയും പിടിച്ചുകുലുക്കിയ ഗര്‍ജനത്തിന്റെ ഘനീഭൂതരൂപമാണ് പി. കേശവദേവിന്റെ കഥകള്‍. ഒരു തൊഴിലാളിപ്രവര്‍ത്തകനായി ജീവിതം ആരംഭിച്ച ദേവ് സമരശബ്ദം മുഴക്കുന്ന എഴുത്തുകാരനാണ്. തൊഴിലാളിയുടെയും സാമാന്യക്കാരന്റെയും ജീവിത ചിത്രീകരണത്തില്‍ ഉത്സുകനായിട്ടാണ് രംഗപ്രവേശം ചെയ്തതെങ്കിലും പിന്നീട് ദേവിന്റെ ഭാവനാമണ്ഡലം ജീവിതത്തിന്റെ വിശാലപരിധികളെ ഉള്‍ക്കൊള്ളത്തക്കവിധം പരപ്പാര്‍ന്നു. ദേവിനെക്കുറിച്ചുള്ള ഈ വിലയിരുത്തല്‍ അക്ഷരാര്‍ഥത്തില്‍ ശരിയാണ്. ഒരു റിയലിസ്റ്റിന്റെ നിസ്സംഗത തകഴിയില്‍ കാണാമെങ്കില്‍ സമസൃഷ്ടിസ്നേഹത്തിന്റെ അഗാധതയില്‍ നിന്നു പൊന്തിവരുന്ന ധാര്‍മികരോഷത്തിന്റെ അഗ്നിജ്വാലകളാണ് ദേവിന്റെ കഥകള്‍. 'പ്രതിജ്ഞ', 'അയല്‍ക്കാരി', 'കൂള്‍ഡ്രിങ്സ്', 'ഒളിവില്‍' മുതലായ കഥകള്‍ ഉദാഹരണങ്ങള്‍. കാറല്‍ മാര്‍ക്സിന്റെയും ലെനിന്റെയും തത്ത്വസംഹിതകളെ രചനകളിലൂടെ പ്രചരിപ്പിക്കുന്നതില്‍ അതീവ തത്പരനായിരുന്നു സോഷ്യലിസ്റ്റ് റിയലിസത്തിന്റെ വക്താവായ കേശവദേവ്.

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക വിപ്ലവത്തിന്റെ മുന്‍നിരയില്‍ നിന്നു പ്രവര്‍ത്തിച്ച എഴുത്തുകാരില്‍ പ്രമുഖനാണ് പൊന്‍കുന്നം വര്‍ക്കി. സ്നേഹത്തിന്റെ മാഹാത്മ്യത്തെ പ്രകീര്‍ത്തിക്കുന്ന വളരെയധികം കഥകള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. പ്രതിബന്ധങ്ങളെ അതിജീവിച്ചു മുന്നോട്ടു കുതിക്കുന്ന മനുഷ്യര്‍ക്ക് എക്കാലവും പ്രചോദനമായിരിക്കും വര്‍ക്കിയുടെ പൗരുഷശോഭയാര്‍ന്ന കഥാപാത്രങ്ങളുടെ ഉള്‍ക്കരുത്ത്. ദൈവത്തിന്റെ പേരില്‍ പള്ളിയും പുരോഹിതവര്‍ഗവും മുതലാളിമാരും ചേര്‍ന്ന് സമൂഹത്തില്‍ നടത്തുന്ന തേര്‍വാഴ്ചയെ തൊലിയുരിച്ചുകാണിക്കുന്നതിലും നിശിതമായി വിമര്‍ശിക്കുന്നതിലും വര്‍ക്കി അസാമാന്യമായ തന്റേടം കാട്ടി. 'അന്തോനീ, നീയുമച്ചനായോടാ', 'ഒരു പിശാശുകൂടി', 'പാളേങ്കോടന്‍' തുടങ്ങിയ കഥകള്‍ ഇക്കൂട്ടത്തില്‍പ്പെട്ടതാണ്. സാമ്പത്തിക പരാധീനതകളാല്‍ ക്ളേശമനുഭവിക്കുന്ന മലയോര കര്‍ഷകരുടെ ജീവിതപരിണാമങ്ങളെ സഹാനുഭൂതിയോടെ ചിത്രീകരിക്കുന്ന കഥയാണ് 'ശബ്ദിക്കുന്ന കലപ്പ'.

സ്വന്തം ആത്മാവില്‍ നിന്ന് അടര്‍ത്തിയെടുത്ത വികാരാര്‍ദ്രമായ ജീവിതചിത്രങ്ങള്‍ കൊണ്ടു സമ്പന്നമാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപ്രപഞ്ചം. മൂര്‍ച്ചകൂട്ടിയ പരിഹാസത്തിന്റെ മേമ്പൊടി ചേര്‍ത്ത് ആത്മാര്‍ഥതയില്‍ സ്ഫുടം ചെയ്തെടുത്ത ഈ കഥകള്‍ വിചിത്രാനുഭൂതി പകരുന്നതാണ്. പട്ടിണി, തൊഴിലില്ലായ്മ, ചൂഷണം, യുദ്ധത്തിന്റെ കെടുതികള്‍-ഇത്തരം ദൂഷിതമായ ജീവിതസാഹചര്യങ്ങളുടെ സജീവസാന്നിധ്യം ഈ കഥകള്‍ നമ്മെ അനുഭവപ്പെടുത്തുന്നു. ഒരനുഭവത്തെ അതിനു വിരുദ്ധമായ മറ്റൊന്നിനെ സന്നിവേശിപ്പിച്ച് ജീവിതത്തിലെ 'ഐറണി'കളെ വെളിപ്പെടുത്തുന്ന ധാരാളം കഥകള്‍ ബഷീറിന്റേതായുണ്ട്. ഒരേ സമയം ഹ്യൂമനിസ്റ്റും ഹ്യൂമറിസ്റ്റുമാണ് അദ്ദേഹം. 'വിഡ്ഢികളുടെ സ്വര്‍ഗം', 'വിശപ്പ്', 'ആദ്യത്തെ ചുംബനം' മുതലായ കഥകള്‍ ഉദാഹരണങ്ങളാണ്. പാത്രസൃഷ്ടിയിലും വിവരണത്തിലും മാത്രമല്ല, സംഭാഷണങ്ങളില്‍പ്പോലും അന്യാദൃശമായ നര്‍മബോധം പ്രകടമാണ്. മുസ്ലിം സമുദായത്തിലെ വീര്‍പ്പുമുട്ടുന്ന മനുഷ്യരുടെ മൌനനൊമ്പരങ്ങളും സാമൂഹ്യജീര്‍ണതകളില്‍പ്പെട്ട് എരിപൊരി കൊള്ളുന്ന അശരണരുടെ ദൈന്യസ്വരങ്ങളും വിഷാദച്ഛവി കലര്‍ന്ന ഭാഷയില്‍ അവതരിപ്പിക്കുന്നതിന് ബഷീറിനുള്ള സാമര്‍ഥ്യം ഒന്നുവേറെ തന്നെയാണ്. കേരളീയ ജീവിതത്തിന്റെ ഹൃദയത്തുടിപ്പുകള്‍ ബഷീറിന്റെ കഥാപ്രപഞ്ചത്തിലുണ്ട്.

പുരോഗമനപ്രസ്ഥാനം.

മലയാളത്തിലെ ചെറുപ്പക്കാരായ സാഹിത്യകാരന്മാര്‍ ചേര്‍ന്ന് 1937-ല്‍ 'ജീവല്‍ സാഹിത്യസംഘടന' രൂപീകരിച്ചു. ഇതില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ തന്നെയാണ് പിന്നീട് 'പുരോഗമനസാഹിത്യസംഘടന' (1944) സ്ഥാപിച്ചതും. 'കല ജീവിതത്തിനുവേണ്ടിയാണ്, അതു ബഹുജനങ്ങളിലേക്കിറങ്ങിവരണം; സാഹിത്യസൃഷ്ടി സാമൂഹ്യപുരോഗതിയെയും സോഷ്യലിസ്റ്റ് സാമൂഹ്യവ്യവസ്ഥിതിയെയും ലക്ഷ്യമാക്കിയുള്ള സോദ്ദേശ്യകൃത്യമാകണം' ഇതെല്ലാമായിരുന്നു ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. തകഴിയും ദേവും വര്‍ക്കിയും എല്ലാം ഇതിന്റെ മുന്നണിപ്പടയാളികളായിരുന്നു.

കവിയും കഥാകാരനുമായ എസ്.കെ. പൊറ്റെക്കാട്ട്, മനുഷ്യ സ്വഭാവവൈവിധ്യങ്ങളുടെ സൂക്ഷ്മനിരീക്ഷകനാണ്. കവിയുടെ സ്വപ്നംമയങ്ങുന്ന മനസ്സും നാടന്‍ രസികത്തം കലര്‍ന്ന നര്‍മവും സരസസംഭാഷണ ചാതുരിയും ആണ് ഇദ്ദേഹത്തിന്റെ കഥകളുടെ മുഖമുദ്ര. ജീവിതസത്യങ്ങള്‍ക്ക് റൊമാന്റിക് പരിവേഷം ചാര്‍ത്തുന്ന രചനാരീതിയുടെ ഉടമയായ പൊറ്റെക്കാട്ട്, കഥാശില്പം ഭദ്രമാക്കുന്നതിലും ചിന്തോദ്ദീപകമായ പര്യവസാനം ഒരുക്കുന്നതിലും ഏറെ തത്പരനായിരുന്നു. 'സ്ത്രീ', 'വിധി', 'പുള്ളിമാന്‍', 'തിരുവാതിര', 'ആതിഥേയന്‍' മുതലായ കഥകള്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നതാണ്.

ഒരു ഭാവഗീതം പോലെ കഥയെ ആത്മനിയോഗത്തിന്റെ വാങ്മയമാക്കി മാറ്റാന്‍ കഴിഞ്ഞ മാസ്മരരചനയുടെ ഉടമയാണ് ഉറൂബ് എന്ന പി.സി. കുട്ടിക്കൃഷ്ണന്‍. തന്റെ കഥകള്‍ ധ്വനിമധുരമാക്കാന്‍ കഴിഞ്ഞ ഈ കഥാകാരന് ജീവിതത്തിലെ കയ്പും മധുരവും നറിഞ്ഞ അനുഭവങ്ങളെ ഒരു പോലെ ലഹരിയായി കാണാനും സാധിച്ചിരുന്നു. 'ചെറിയൊരു മനസ്സില്‍ സുഖമുണ്ടാക്കാന്‍ അത്രയധികം വേണോ കൊച്ചമ്മേ' എന്നു ചോദിക്കുന്ന വീട്ടു വേലക്കാരി (ഗ്ലാസ് വിത്ത് കെയര്‍) മലയാള കഥാരംഗത്തെ തന്നെ ഒരു അപൂര്‍വ അനുഭവമാണ്. താന്‍ ഉണ്ണുമ്പോള്‍ ലോകം മുഴുവന്‍ അറിയിക്കുകയും താന്‍ പട്ടിണി കിടക്കുമ്പോള്‍ സ്വയം അറിയാതിരിക്കുകയും ചെയ്യുന്ന മൌലവിയും (പടച്ചോന്റെ ചോറ്) ശക്തിയുടെ സ്രോതസ്സായ സ്ത്രീജീവിതം ആവിഷ്കരിക്കുന്ന 'രാച്ചിയമ്മ'യും മറ്റും അനുവാചകന്റെ ഉള്ളിന്റെയുള്ളില്‍ തറഞ്ഞുനില്ക്കുന്ന കഥാപാത്രങ്ങളാണ്.

കരളില്‍ പതിയത്തക്കവിധം കദനം മുറ്റിയ കഥകള്‍-അധ്യാപക കഥകള്‍-പറയുന്നതിലായിരുന്നു കാരൂര്‍ നീലകണ്ഠപ്പിള്ളയ്ക്കു താത്പര്യം. അനുഭവതീവ്രമായ ഹൃദയത്തിന്റെ വികാരസാന്ദ്രമായ തലം ഈ കഥകളില്‍ അനാവൃതമാകുന്നു. അതോടൊപ്പം മേമ്പൊടിയായി ചെറിയ തോതിലുള്ള ആക്ഷേപഹാസവും നര്‍മരസവും. മലയാളകഥാസാഹിത്യത്തിലെ ശുദ്ധകഥാസാഹിത്യത്തിന്റെ മുഖത്രയമാണ് പൊറ്റെക്കാട്ടും ബഷീറും കാരൂരും എന്നുപറയുന്നതില്‍ തെറ്റില്ല. 'മരപ്പാവകള്‍', 'ഉതുപ്പാന്റെ കിണര്‍', 'പൊതിച്ചോറ്' തുടങ്ങിയ കഥകള്‍ കാരൂരിന്റെ അനുപമമായ കലാചാതുരിക്കു നിദര്‍ശനങ്ങളാണ്.

അന്തപ്പുരജീവിതത്തിന്റെ യാതനകളും വേദനകളും ധര്‍മരോഷത്തോടെ സഹാനുഭൂതിതീക്ഷ്ണമായ ഭാഷയില്‍ അവതരിപ്പിക്കുന്ന കഥകളാണ് ലളിതാംബികാ അന്തര്‍ജനത്തിന്റേത്. നമ്പൂതിരി സമുദായത്തില്‍ തലമുറകളായി നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മറനീക്കിക്കാണിക്കുന്നതിന് അവര്‍ തയ്യാറായി. അമ്മ, മകള്‍, ഭാര്യ എന്നീ തലങ്ങളില്‍ നിന്നുകൊണ്ട് സ്ത്രീത്വത്തിന്റെ അതിസങ്കീര്‍ണമായ ഭാവങ്ങള്‍ അനിതരമായ ഉള്‍ക്കാഴ്ചയോടെ അപഗ്രഥിക്കുന്നതില്‍ അന്തര്‍ജനം വിജയിച്ചു.

കുറഞ്ഞ വരുമാനക്കാരായ ഉദ്യോഗസ്ഥന്മാരുടെ ജീവിതദുരിതങ്ങള്‍ വിവരിക്കുന്ന ഇ.എം. കോവൂരും ഇടത്തരം ക്രിസ്തീയ കുടുംബങ്ങളിലെ ബന്ധങ്ങള്‍ പ്രതിപാദിക്കുന്ന പോഞ്ഞിക്കര റാഫിയും മുസ്ലിം കുടുംബങ്ങളിലെ അന്തര്‍നാടകങ്ങള്‍ പ്രതിപാദിക്കുന്ന പി.എ. സെയ്ദു മുഹമ്മദും ഇടത്തരം നായര്‍ തറവാടുകളുടെ അകത്തളങ്ങളിലെ സംഭവഗതികള്‍ പരിചയപ്പെടുത്തുന്ന വെട്ടൂര്‍ രാമന്‍ നായരും ഒക്കെ മലയാള ചെറുകഥയില്‍ ഒരു കാലഘട്ടത്തിന്റെ പ്രാതിനിധ്യം അവകാശപ്പെടുന്നവരാണ്. അക്ഷേപഹാസ്യപ്രധാനവും സാമൂഹ്യവിമര്‍ശനപരവുമാണ് മലയാറ്റൂര്‍ രാമകൃഷ്ണന്റെ കഥകളിലധികവും. മൌലികത്വമുള്ള നര്‍മത്തിന്റെ ഉടമയാണ് വി.കെ.എന്‍. അദ്ദേഹത്തിന്റെ പയ്യന്‍കഥകള്‍ പ്രസിദ്ധമാണ്.


ടി. പദ്മനാഭന്‍.

മലയാള ചെറുകഥയുടെ വികാസപരിണാമ ചരിത്രത്തിലെ സുപ്രധാനഘട്ടം ആരംഭിക്കുന്നത് ടി. പദ്മനാഭന്‍, എം.ടി. വാസുദേവന്‍ നായര്‍ മുതലായവരുടെ രംഗപ്രവേശത്തോടെയാണ്. ഏകാകികളുടെ വൈയക്തികമായ വിചാരവികാരങ്ങളുടെയും സംവേദനങ്ങളുടെയും ആവിഷ്കാരമാണ് ഈ തലമുറയില്‍ പെട്ടവര്‍ക്ക് കഥയും സാഹിത്യവും. ജയിംസ് ജോയിസിന്റെയും ഹെന്റി ജയിംസിന്റെയും മറ്റും കഥനശൈലികള്‍, ഇക്കൂട്ടര്‍ തങ്ങളുടെ അന്തഃസംഘര്‍ഷങ്ങളും ആശയങ്ങളും പൂര്‍ണമായി പ്രകാശിപ്പിക്കുന്നതിനുതകുന്ന ആഖ്യാനരീതികളും സങ്കേതങ്ങളും രൂപപ്പെടുത്തുന്നതിനു പ്രയോജനപ്പെടുത്തിയിട്ടുണ്ട്. അനുകരണാത്മകമായ റിയലിസമല്ല, കാവ്യാത്മകമായ റിയലിസമാണ് ഇവര്‍ ആവിഷ്കരിച്ചത്. കഥാപാത്രത്തിന്റെ മനസ്സിലേക്കുള്ള കവാടം തുറന്നിടുകയാണ് തങ്ങളുടെ കര്‍ത്തവ്യമെന്ന് ഇക്കൂട്ടര്‍ വിശ്വസിക്കുന്നു.

ആദര്‍ശങ്ങളുടെ തകര്‍ച്ച കണ്ട് വേദനിക്കുന്ന ഒരു ഏകാകിയുടെ മനസ്സാണ് ടി. പദ്മനാഭന്റെ കഥകളില്‍ സ്പന്ദിക്കുന്നത്. മാനവവര്‍ഗത്തെ ഒന്നാകെ ആശ്ളേഷിക്കുന്ന സ്നേഹവും സഹാനുഭൂതിയും അവയില്‍ തുടിക്കുന്നു. പരോക്ഷമായ നിശിത പരിഹാസത്തിന്റെ മുന പല കഥകളിലും കാണാം. നിസ്വാര്‍ഥമായ സ്നേഹത്തിനും നിഷ്കളങ്കമായ സൗന്ദര്യത്തിനും ദാഹിക്കുന്ന ഹൃദയമാണ് ഈ കഥാകാരന്റേത്. 'പ്രകാശം പരത്തുന്ന പെണ്‍കുട്ടി', 'സ്റ്റീഫന്‍ ഫെര്‍ണാണ്ടസ്', 'മഖന്‍സിംഗിന്റെ മരണം' മുതലായ കഥകളില്‍ പദ്മനാഭന്റെ കഥകളുടെ സവിശേഷധര്‍മങ്ങള്‍ പ്രകടമാകുന്നു. സ്വാതന്ത്ര്യസമരത്തിനും ഇന്ത്യയുടെ വിഭജനത്തിനും വര്‍ഗീയ കലാപങ്ങള്‍ക്കും സാക്ഷിയായ കാലഘട്ടത്തിലെ ഭാരതീയ ജീവിതമാണ് പദ്മനാഭന്റെ കഥകളുടെ പശ്ചാത്തലം. കഥ പറഞ്ഞുപോകുന്നതിലല്ല, കഥാപാത്രങ്ങളുടെ മാനസിക ജീവിതം അനുഭൂതമാക്കിത്തരുന്നതിലാണ് കഥാകൃത്തിന്റെ ശ്രദ്ധ. വിലയില്ലാതാകുന്ന മനുഷ്യത്വത്തെ ചൊല്ലിയുള്ള ദുഃഖം പദ്മനാഭന്റെ കഥകളിലെ സാമാന്യഭാവമാണ്. മഖന്‍സിംഗിന്റെ മരണം കഥാകൃത്തവതരിപ്പിച്ചു കഴിയുമ്പോള്‍ തീവ്രമായ ഒരു ദുഃഖസത്യമായി അതു നമുക്ക് അനുഭവപ്പെടുന്നു. 'സമൂഹത്തിലെ മൂല്യക്ഷയത്തിന്റെയും ധര്‍മച്യുതിയുടെയും വിവിധമുഖങ്ങളെ ഗൂഢോപഹാസത്തോടെ ചിത്രീകരിക്കുന്ന നിരവധി കഥകള്‍ പദ്മനാഭന്‍ രചിച്ചിട്ടുണ്ട്' എന്ന പ്രൊഫ. എം. അച്യുതന്റെ വിലയിരുത്തല്‍ അസ്ഥാനത്തല്ല. തന്റെ മനസ്സിന്റെ വ്യാമിശ്രങ്ങളായ ഭാവഗതികളെ വ്യഞ്ജിപ്പിക്കുന്ന ആത്മോപാഖ്യാനങ്ങളിലെത്തുമ്പോള്‍ പദ്മനാഭന്റെ രചനകള്‍ ഉദാത്തങ്ങളാകുന്നു. മലയാള സാഹിത്യത്തിലെയെന്നല്ല, വിശ്വസാഹിത്യത്തിലെ തന്നെ ഏതു കഥാകാരന്റെയും രചനയോടു കിടനില്ക്കുന്നതാണ് പദ്മനാഭന്റെ 'ഗൌരി' എന്ന കഥ. ആത്മനിഷ്ഠതയില്‍ ഭാവഗീതത്തോട് ഏറ്റവും അടുത്തു നില്ക്കുന്നു ഇവിടെ ചെറുകഥ എന്ന സാഹിത്യരൂപം.

എം.ടി. വാസുദേവന്‍ നായര്‍.

തകരുന്ന നായര്‍ തറവാടുകളിലെ ബാല്യം നല്കിയ അനുഭവങ്ങളുടെ ആവിഷ്കരണമാണ് എം.ടി. വാസുദേവന്‍ നായരുടെ ആദ്യകാലകഥകളധികവും. ബാലമനസ്സിന്റെ കൗതുകങ്ങള്‍, കൊച്ചു കൊച്ചു മോഹങ്ങള്‍, മോഹഭംഗങ്ങള്‍, വിവേകരഹിതമായ രാഗാവേഗങ്ങള്‍ മുതലായവ പുതിയ സംവേദനങ്ങള്‍ പകരുന്ന കവിത തുളുമ്പുന്ന ശൈലിയില്‍ എം.ടി. അവതരിപ്പിക്കുമ്പോള്‍ നാമറിയാതെ വേറൊരു ലോകത്തിലെത്തുന്നു. 'ഇരുട്ടിന്റെ ആത്മാവും' 'കുട്ട്യേടത്തി'യും 'വിത്തുകളും' 'ബന്ധന'വും ഇദ്ദേഹത്തിന്റെ ആദ്യകാലകഥകളില്‍ ഏറെ പരാമര്‍ശം അര്‍ഹിക്കുന്നതാണ്. തറവാടിന്റെ വേലിക്കെട്ടുകള്‍വിട്ട് ആധുനികലോകത്തിലേക്കു കടന്ന യുവത്വത്തിന്റെ മോഹഭംഗങ്ങളുടെയും ഏകാന്തതയുടെയും കഥകളാണ് പിന്നീട് എം.ടി. എഴുതിയത്. മൂല്യങ്ങളുടെയും ആദര്‍ശങ്ങളുടെയും തകര്‍ച്ചയില്‍ വ്യാകുലവും വിഭക്തവുമായ മനസ്സിന്റെ ആഴക്കയങ്ങള്‍ ആവിഷ്കരിക്കുമ്പോള്‍ എം.ടി. കഥകള്‍ക്ക് മിഴിവ് ഏറുന്നു. വിഷാദച്ഛായ കലര്‍ന്ന ഭാവസാന്ദ്രിമയുടെ മാധുര്യം, നഷ്ടസൗഭാഗ്യ സ്മൃതികളുണര്‍ത്തുന്ന ആത്മാവിന്റെ വിയോഗതപ്തമായ ഏകാന്ത ഭീതി, അനിതരസാധാരണമായ ആഖ്യാനഭംഗി ഇതെല്ലാം കൂടി ഒത്തുചേരുമ്പോള്‍ എം.ടി.യുടെ കഥകള്‍ ധ്വനിമധുരമായ കാവ്യം പോലെ നൂതനാനുഭൂതികള്‍ നമ്മിലേക്കാവാഹിക്കുന്നു. അടുത്തകാലത്തെഴുതിയ 'വാനപ്രസ്ഥം' പോലെയുള്ള കഥകള്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു.

സമ്പന്നമായ നാഗരിക ജീവിതത്തിന്റെ അസംതൃപ്തികളും തൃഷ്ണകളും കൈകാര്യം ചെയ്യന്നതിലാണ് മാധവിക്കുട്ടിക്കു താത്പര്യമധികം. തികച്ചും മൌലികത്വമുള്ളതാണ് അവരുടെ ശൈലിയും സമീപനവും. 'ചതുരംഗം', 'ഇടനാഴിയിലെ കണ്ണാടികള്‍', 'ചതി' മുതലായ കഥകള്‍ മാധവിക്കുട്ടിയുടെ ആദ്യകാലകഥകളില്‍ മികച്ചുനില്ക്കുന്നതാണ്. സാങ്കല്പിക സംഭവങ്ങളെ പ്രതീകാത്മകമായി അവതരിപ്പിക്കുന്ന പുതിയ സംവേദനങ്ങള്‍ പകരുന്നതാണ് 'പക്ഷിയുടെ മണം', 'മലഞ്ചെരുവില്‍', 'ഉണ്ണി' മുതലായ കഥകള്‍. നൂതനമായ ആശയങ്ങളുടെ വൈദ്യുതി പ്രസരിപ്പിക്കുന്ന ആത്മനിഷ്ഠത മുറ്റിയ സമ്പ്രദായം മാധവിക്കുട്ടിയെ മറ്റു കാഥികരില്‍ നിന്നു വ്യതിരിക്തയാക്കുന്നു.

മാപ്പിള സമുദായത്തിലെ ഗൃഹാന്തര്‍ഭാഗങ്ങളാണ് എന്‍.പി. മുഹമ്മദിന്റെ ഇഷ്ടവിഷയങ്ങള്‍. മാമൂലുകളില്‍പ്പെട്ട് ഞെരിഞ്ഞമരുന്ന മാനുഷിക ചോദനകള്‍, വിശേഷിച്ചും സ്ത്രീകളുടെ മൌനനൊമ്പരങ്ങള്‍-ആത്മാര്‍ഥതയോടെ അവതരിപ്പിക്കുന്നതില്‍ അദ്ദേഹം വിജയിച്ചിരിക്കുന്നു.

പട്ടാളക്കഥകള്‍.

മലയാള ചെറുകഥാരംഗത്ത് പ്രത്യേകപരാമര്‍ശം അര്‍ഹിക്കുന്ന ഒരു വിഭാഗമാണ് പട്ടാളക്കഥകള്‍. മനുഷ്യത്വത്തിന്റെ വീര്‍പ്പുമുട്ടലുകളും നൊമ്പരങ്ങളും അനുഭവപ്പെടുത്തുന്ന ഈ കഥകളുടെ രചനയില്‍ കോവിലന്‍ (വി.വി. അയ്യപ്പന്‍), നന്തനാര്‍ (പി.സി. ഗോപാലന്‍), പാറപ്പുറത്ത് (കെ.ഇ. മത്തായി) മുതലായവരാണ് മുന്‍നിരക്കാര്‍. പട്ടാളക്കഥകളോടൊപ്പം മറ്റു ജീവിതപ്രശ്നങ്ങളും ഇവര്‍ കൈകാര്യം ചെയ്തിട്ടുണ്ട്. വ്യക്ത്യധിഷ്ഠിതമായ തീവ്രവ്യഥകളും തിക്താനുഭവങ്ങളും കടിച്ചിറക്കുന്ന ഗ്രാമീണകഥാപാത്രങ്ങളെ അവതരിപ്പിച്ച കോവിലന്‍ പിന്നീട് ആധുനിക സമൂഹ്യപ്രശ്നങ്ങളെ വിപ്ലവകരമായ ദാര്‍ശനികബോധത്തോടെ വീക്ഷിക്കുന്ന കഥാകൃത്തായി മാറി. ആഭിജാത്യത്തിന്റെ മുഖംമൂടിയണിഞ്ഞു നില്ക്കുന്ന ഗ്രാമത്തറവാടുകളുടെ കഥ പറയുന്നതില്‍ നന്തനാരുടെ പ്രതിഭ വിജയിച്ചിരിക്കുന്നു. മധ്യതിരുവിതാംകൂറിലെ ക്രിസ്ത്യന്‍ കുടുംബാന്തരീക്ഷത്തിലെ നാനാവിധപ്രശ്നങ്ങള്‍ പാറപ്പുറത്ത് കൈകാര്യം ചെയ്തിട്ടുണ്ട്.

ആത്മവത്തയുടെ ഋതുഭംഗികളുള്ള കഥകള്‍കൊണ്ട് മനുഷ്യമനസ്സിന്റെ അദൃഷ്ടപൂര്‍വമായ തലങ്ങളെ സ്പര്‍ശിക്കുന്ന പുതിയ സംവേദനപ്രപഞ്ചം സൃഷ്ടിച്ച് മലയാളസാഹിത്യത്തെ സമ്പന്നമാക്കിയ പ്രതിഭാശാലികളാണ് ജി. വിവേകാനന്ദന്‍, പി. പദ്മരാജന്‍, ജോര്‍ജ് ഓണക്കൂര്‍, പി. വത്സല, ജി.എന്‍. പണിക്കര്‍, എന്‍. മോഹനന്‍, യു.എ. ഖാദര്‍, പെരുമ്പടവം ശ്രീധരന്‍, ഉണ്ണിക്കൃഷ്ണന്‍ പുതൂര്‍, സി.വി. ശ്രീരാമന്‍ മുതലായവര്‍.

പ്രക്ഷോഭകാരികള്‍.

മലയാള ചെറുകഥയിലെ അടുത്തഘട്ടം പ്രക്ഷോഭകാരികളെന്നു വിശേഷിപ്പിക്കാവുന്ന ഒ.വി. വിജയന്‍, എം. മുകുന്ദന്‍, കാക്കനാടന്‍, എം.പി. നാരായണപിള്ള, സക്കറിയ തുടങ്ങിയവരിലൂടെയാണു മുന്നേറുന്നത്. എസ്റ്റാബ്ലിഷ്മെന്റിനെ, അതായത് അംഗീകൃതമൂല്യങ്ങളെയും സാഹിത്യതത്ത്വങ്ങളെയും ഇവര്‍ ചോദ്യം ചെയ്യുന്നു. മൂല്യങ്ങള്‍ തകര്‍ന്ന യാന്ത്രിക ലോകത്തില്‍ ലക്ഷ്യരഹിതരായി, സ്വാവലംബികളായി അസ്തിത്വത്തിന്റെ പ്രശ്നങ്ങള്‍ പേറുന്ന കഥാപാത്രങ്ങള്‍ മലയാള വായനക്കാരന്റെ മനസ്സില്‍ സ്ഥാനം പിടിച്ചു. സാര്‍ത്ര്, കാഫ്ക, കാമു, അയനസ്കോ, ഷെനെ മുതലായവരുടെ സാഹിത്യസൃഷ്ടികളും സിദ്ധാന്തങ്ങളും ഇക്കൂട്ടരെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്; പ്രത്യേകിച്ച് അസ്തിത്വവാദവും അബ്സേഡിസവും മറ്റും. നൂതനമായ അന്തഃസംവേദനങ്ങളുളവാക്കുന്ന ബിംബകല്പനകളും പൗരാണികവും ആധുനികവുമായ സാഹിതീയ-വൈജ്ഞാനിക മേഖലകളില്‍ നിന്ന് ആവാഹിച്ചിണക്കുന്ന സൂചകഘടകങ്ങളും ഇക്കൂട്ടരുടെ കഥകളുടെ സവിശേഷതകളാണ്. ഈ എഴുത്തുകാരോ അവരുടെ കഥാപാത്രങ്ങളോ സ്വകീയാസ്തിത്വത്തെയോ സമൂഹത്തെയോ പരിഷ്കരിക്കാനൊരുങ്ങുന്നില്ല എന്നതും ഇവരുടെ പ്രത്യേകതയാണ്.

ക്രിയാരഹിതമായി എല്ലാം അറിയുകയും അനുഭവിക്കുകയും ചെയ്യുന്ന ഈ കഥാകാരന്മാര്‍ കഥാപാത്രങ്ങളുടെ സ്ഥാനത്ത് പലപ്പോഴും ശിഥിലമായ ഒരവബോധത്തിന്റെ സാന്നിധ്യമാണ് അനുഭൂതമാക്കുന്നത്. കാക്കനാടന്റെ 'ശ്രീ ചക്രം', 'പ്രവാചകന്‍', 'അശ്വത്ഥാമാവിന്റെ ചിരി' മുതലായ കഥകള്‍ മുന്‍പറഞ്ഞ രീതിയുടെ പ്രാതിനിധ്യസ്വഭാവം ഉള്ളതാണ്. ജീവിതത്തിന്റെ നിഗൂഢതകളിലേക്കുള്ള അന്വേഷണമാണ് എം. മുകുന്ദന്റെ മിക്കകഥകളും. 'വേശ്യകളെ നിങ്ങള്‍ക്കൊരമ്പലം', 'അഞ്ചരവയസ്സുള്ള കുട്ടി', 'പ്രഭാതം മുതല്‍ പ്രഭാതം വരെ', 'രാധ, രാധമാത്രം' മുതലായ കഥകള്‍ മുകുന്ദന്റെ ശ്രേഷ്ഠരചനകളാണ്. ആഴത്തില്‍ പതിഞ്ഞ മാനസികാനുഭവങ്ങളെ മൌലികമായ രീതിയില്‍ അപഗ്രഥിക്കുന്ന കഥാകാരനാണ് എം.പി. നാരായണപിള്ള. ഇദ്ദേഹത്തിന്റെ 'മുരുകന്‍ എന്ന പാമ്പാട്ടി' എന്ന കഥ ഏറെ ശ്രദ്ധേയമാണ്. ആക്ഷേപഹാസ്യപ്രധാനവും പ്രതീകാത്മകവുമാണ് ഒ.വി. വിജയന്റെ കഥകളധികവും. ഉദാത്തവും അഭൂതപൂര്‍വവുമായ മനോവൃത്തികളുടെയും ആശയങ്ങളുടെയും ലോകത്തിലേക്ക് ഒട്ടൊരു ദാര്‍ശനിക ഭാവത്തോടെ നയിക്കുന്ന കഥകളാണ് വിജയന്റെ 'പാറകള്‍', 'എട്ടുകാലി' മുതലായവ. നൂതനങ്ങളായ ബിംബങ്ങളിലൂടെയും കല്പനകളിലൂടെയും രാഷ്ട്രീയവും സാമൂഹ്യവും സാംസ്കാരികവുമായ ജീവിതമേഖലകളിലെ മൂല്യത്തകര്‍ച്ചകളിലേക്കു വിജയന്‍ വിരല്‍ ചൂണ്ടുന്നു. തികഞ്ഞ നിസ്സംഗതയോടെ അസാമാന്യമായ മനുഷ്യാവസ്ഥകളെയും മാനസികസ്ഥിതികളെയും ഒരു സ്വപ്നാനുഭൂതിയിലെന്നപോലെ പകര്‍ന്നു തരുന്നതാണ് സക്കറിയയുടെ കഥകള്‍. സേതു, എം. സുകുമാരന്‍, പട്ടത്തുവിള കരുണാകരന്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള, ആനന്ദ്, വി.പി. ശിവകുമാര്‍, പായിപ്ര രാധാകൃഷ്ണന്‍, യു.കെ. കുമാരന്‍, മേതില്‍ രാധാകൃഷ്ണന്‍, കെ.പി. രാമനുണ്ണി, എന്‍.പി. ഹാഫീസ് മുഹമ്മദ്, ടി.പി. കൊച്ചുബാവ, അക്ബര്‍ കക്കട്ടില്‍, എസ്.വി. വേണുഗോപന്‍ നായര്‍, സാറാ ജോസഫ് മുതലായവര്‍ ഈ തലമുറയുടെ തന്നെ അനന്തരഗാമികളാണെന്നു പറയാം.

സാധാരണക്കാരനു ദഹിക്കാത്ത ബുദ്ധിപരതയും വൈയക്തികതയും അതിനെക്കാള്‍ കൂടുതല്‍ പാശ്ചാത്യസംസ്കാരവും ചിന്താഗതികളുമായുള്ള ആധമര്‍ണ്യവും ഒക്കെക്കൂടി ആയപ്പോള്‍ ചെറുകഥയ്ക്ക് വായനക്കാരില്‍നിന്നും ചെറിയതോതിലുള്ള അകല്‍ച്ച ഇന്ന് ഉണ്ടായിട്ടുണ്ട്. ഒരു പക്ഷേ, കുറച്ചുകൂടി ആയാസരഹിതവും സ്വതന്ത്രവും വിശാലവുമായ ക്യാന്‍വാസിലുള്ളതുമായ നോവലുകളും നോവലെറ്റുകളും രംഗം പിടിച്ചടക്കുന്നതുമാകാം കാരണം. എങ്കില്‍ തന്നെയും വൈയക്തികാനുഭവങ്ങളുടെയും നൂതനാശയങ്ങളുടെയും തീവ്രമായ ആവിഷ്കരണത്തിലൂടെ അനുഭൂതിധന്യമായ കഥകള്‍ രചിക്കുന്ന പരീക്ഷണോത്സുകരായ പുതിയ ഒരു തലമുറ രംഗത്തുണ്ട്. അവരുടെ സൃഷ്ടികളെക്കുറിച്ച് വിലയിരുത്തലിനു സമയം ആകുന്നതേയുള്ളൂ.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B5%86%E0%B4%B1%E0%B5%81%E0%B4%95%E0%B4%A5" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍