This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെറിയാന്‍ മാപ്പിള, കട്ടക്കയത്തില്‍ (1859 - 1936)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെറിയാന്‍ മാപ്പിള, കട്ടക്കയത്തില്‍ (1859 - 1936)

കട്ടക്കയത്തില്‍ ചെറിയാന്‍ മാപ്പിള

മലയാളകവിയും സാഹിത്യകാരനും. 1859 ഫെ. 24-ന് പാലായിലെ കട്ടക്കയം കുടുംബത്തില്‍ ഉലഹന്നാന്‍ മാപ്പിളയുടെയും സിസിലി അമ്മയുടെയും മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം നേടിയശേഷം കൃഷിക്കാരനായി ജീവിതമാരംഭിച്ചു. കുട്ടിക്കാലം മുതലേ കവിതാരചനയില്‍ താത്പര്യമുണ്ടായിരുന്നു. സ്വപ്രയത്നം കൊണ്ട് സംസ്കൃതത്തിലും തമിഴിലും പ്രാവീണ്യം നേടിയ ഇദ്ദേഹം കവി എന്ന നിലയിലാണ് സാഹിത്യരംഗത്ത് പ്രവേശിച്ചത്. മലയാള മനോരമ, നസ്രാണി ദീപിക, സത്യനാദ കാഹളം, കേരളമിത്രം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലൂടെയാണ് ആദ്യകാല കവിതകള്‍ വെളിച്ചം കണ്ടത്.

ശ്രീയേശുവിജയം മഹാകാവ്യം എഴുതിയതോടെ ഇദ്ദേഹം മഹാകവി എന്ന ബഹുമതിക്കര്‍ഹനായി. ബൈബിള്‍ പഴയനിയമത്തിലെ കഥ സംക്ഷിപ്തമായും പുതിയനിയമത്തിലേത് സവിസ്തരമായും ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു. 24 സര്‍ഗങ്ങളിലായി രചിച്ചിട്ടുള്ള കൃതിയില്‍ ആകെ 3720 ശ്ളോകങ്ങളുണ്ട്. ക്രൈസ്തവേതിവൃത്തം സ്വീകരിച്ച രചന എന്ന നിലയില്‍ മലയാളമഹാകാവ്യപ്രസ്ഥാനത്തില്‍ ഇതിനു സവിശേഷമായൊരു സ്ഥാനമുണ്ട്. ഇതിന്റെ രചന 1915-ല്‍ ആരംഭിച്ചുവെങ്കിലും 1926-ലാണ് കാവ്യം പ്രകാശിതമായത്. പ്രാസഭംഗി കലര്‍ന്ന ലളിതമായ രചനാരീതിയാണു കവി സ്വീകരിച്ചിരിക്കുന്നത്.

'പച്ചപ്പുല്ലണി പൂണ്ടേറ്റം മെച്ചമായീടുമസ്ഥലം

പച്ചപ്പട്ടുവിരിച്ചോരു മച്ചകം പോലെ മഞ്ജുളം

ഇടതൂര്‍ന്നധികം കാന്തി

തടവും പത്രപംക്തിയാല്‍

ഇടമൊക്കെ മറയ്ക്കുന്നു വിടപക്കൂട്ടമായതില്‍'

കട്ടക്കയത്തിന്റെ ഒട്ടുമിക്ക കൃതികളും ക്രൈസ്തവ ഇതിവൃത്തങ്ങളെ ആധാരമാക്കിയുള്ളതാണ്. ലഘുകവിതകള്‍ക്കു പുറമേ മാര്‍ത്തോമാ ചരിതം, വനിതാമണി, തിരഞ്ഞെടുക്കപ്പെട്ട പാത്രം, എസ്തേര്‍ ചരിതം എന്നീ ഖണ്ഡകാവ്യങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. നാടകലോകത്തിന് കട്ടക്കയം നല്കിയിട്ടുള്ള സംഭാവനകളാണ് യൂദജീവേശ്വരി, വില്ലാര്‍വട്ടം, സാറാവിവാഹം എന്നീ രൂപങ്ങള്‍. ഒലിവര്‍ വിജയം എന്ന ആട്ടക്കഥ രചിച്ചുകൊണ്ട് ആട്ടക്കഥാ രംഗത്ത് ക്രൈസ്തവേതിഹാസത്തിന് ഇടമുണ്ടാക്കിക്കൊടുക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. 1913 മുതല്‍ കുറേക്കാലം വിജ്ഞാനരത്നാകരം എന്നൊരു മാസിക ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പാലായില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്നു.

മാര്‍പ്പാപ്പയില്‍ നിന്നുള്ള 'മിഷണറി അപ്പോസ്തലിക്' ബഹുമതിയും സ്വര്‍ണമെഡലും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. സര്‍ഗാത്മകസാഹിത്യകാരനെന്ന പോലെ തന്നെ മികച്ചൊരു സാമുദായിക പ്രവര്‍ത്തകനുമായിരുന്ന കട്ടക്കയത്തെ കേരള കത്തോലിക്ക കോണ്‍ഗ്രസ് കീര്‍ത്തിമുദ്ര നല്കി ആദരിച്ചിട്ടുണ്ട്. 1936 ഡി. 1-ന് ചെറിയാന്‍ മാപ്പിള അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍