This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെറിയാന്‍, പി.ജെ., ആര്‍ട്ടിസ്റ്റ് (1891 - 1981)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെറിയാന്‍, പി.ജെ., ആര്‍ട്ടിസ്റ്റ് (1891 - 1981)

ആര്‍ട്ടിസ്റ്റ് ചെറിയാന്‍

മലയാള നാടകനടനും ചിത്രകാരനും. 1891 ന. 18-ന് എറണാകുളം ജില്ലയിലെ ഞാറയ്ക്കല്‍ പുത്തനങ്ങാടി വടക്കുംതല വീട്ടില്‍ ജനിച്ചു. തൃശൂര്‍ സെന്റ് തോമസ് സ്കൂളിലും എറണാകുളം മഹാരാജാസ് കോളജിലും പഠിച്ചശേഷം മദ്രാസിലും തിരുവനന്തപുരത്തും മാവേലിക്കരയിലുമായി ചിത്രരചനാപഠനം നടത്തി. ചിത്രകലയില്‍ പ്രാവീണ്യം നേടിയ ചെറിയാന്‍ മാവേലിക്കര രവിവര്‍മ സ്കൂളില്‍ അധ്യാപകനായി ചേര്‍ന്നെങ്കിലും അധികകാലം അവിടെ തുടര്‍ന്നില്ല.

പിന്നീട് എറണാകുളത്തെ 'റോയല്‍ സിനിമ ആന്‍ഡ് ഡ്രാമ കമ്പനി'യുമായി സഹകരിച്ച ചെറിയാന്‍ അധികസമയവും അഭിനയരംഗത്തേക്കു ശ്രദ്ധ തിരിക്കുകയാണുണ്ടായത്. മിശിഹാചരിത്രം എന്ന നാടകത്തില്‍ യേശുക്രിസ്തുവിന്റെ വേഷം വിജയകരമായി അവതരിപ്പിച്ചതോടെ നടന്‍ എന്ന നിലയില്‍ ചെറിയാന്‍ പ്രശസ്തനായി. വേറെ അനേകം നാടകങ്ങളിലും ഇദ്ദേഹം അഭിനയിച്ചു. കൊച്ചി രാജാവില്‍നിന്ന് ഇദ്ദേഹത്തിനു രണ്ടു പ്രാവശ്യം (1918, 1932) വീരശൃംഖല ലഭിച്ചു. 1927-ല്‍ എറണാകുളം റോയല്‍ സ്റ്റുഡിയോ ആരംഭിച്ചു. 'സന്മാര്‍ഗവിലാസ നടനസഭ' എന്ന പേരില്‍ ചെറിയാന്‍ മുന്‍നിന്ന് മറ്റൊരു പ്രസ്ഥാനവും സമാരംഭിക്കുകയുണ്ടായി (1934).

പില്ക്കാലത്ത് സിനിമാരംഗത്തേക്കു തിരിഞ്ഞ ചെറിയാന്‍ 1946-ല്‍ നിര്‍മല എന്ന മലയാള ചലച്ചിത്രം നിര്‍മിച്ചു. ഈ ചിത്രത്തില്‍ മികച്ച അഭിനയം കാഴ്ചവച്ചു. ആദ്യത്തെ മലയാളചലച്ചിത്ര നിര്‍മാതാവിനുള്ള അവാര്‍ഡും ഇദ്ദേഹത്തിനു ലഭിച്ചു. കേരള ചിത്രകലാപരിഷത്തിന്റെ പ്രസിഡന്റായിരുന്നു ഇദ്ദേഹം. മികച്ച നടനുള്ള സംഗീതനാടക അക്കാദമി അവാര്‍ഡ് ചെറിയാനു ലഭിച്ചിട്ടുണ്ട്. മാര്‍പ്പാപ്പയില്‍ നിന്ന് 1965-ല്‍ ഷെവലിയര്‍ സ്ഥാനം ലഭിച്ചിട്ടുള്ള ഈ കലാകാരന്‍ എഴുത്തുകാരന്‍ എന്ന നിലയിലും ശ്രദ്ധേയനാണ്. കലാവീക്ഷണം, എന്റെ കലാജീവിതം എന്നിവ ഇദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളാണ്. ചിത്രരചനയിലും നാട്യകലയിലും ഒരുപോലെ നിപുണനായിരുന്ന ആര്‍ട്ടിസ്റ്റ് ചെറിയാന്‍ 1981 ജനു. 18-ന് നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍