This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെറബണ്ഡരാജു (1944 - 82)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെറബണ്ഡരാജു (1944 - 82)

ആന്ധ്രയിലെ ജനകീയ കവി. ബദ്ദാം ഭാസ്കരറെഡ്ഡി എന്നാണ് യഥാര്‍ഥ നാമധേയം. ജാതി-വര്‍ഗസൂചനകള്‍ പേറുന്നു എന്നതുകൊണ്ട് ഇദ്ദേഹം ആ പേര് ഉപേക്ഷിക്കുകയും ചെറബണ്ഡരാജു എന്ന തൂലികാനാമം സ്വീകരിക്കുകയും ചെയ്തു. 1944-ല്‍ നല്‍ഗോണ്ട ജില്ലയിലെ അങ്കുശപുരത്ത് ഒരു ദരിദ്രകുടുംബത്തില്‍ ജനിച്ചു. സാമ്പത്തികമായ ബുദ്ധിമുട്ടുകളാല്‍ മാതാപിതാക്കള്‍ ഇദ്ദേഹത്തെ ബാല്യത്തില്‍ത്തന്നെ കൂലിപ്പണിയിലേക്കു തിരിച്ചുവിടാന്‍ പരിശ്രമിച്ചു. എങ്കിലും ചെറബണ്ഡ സ്കൂളില്‍ ചേര്‍ന്നു. അധ്യാപകനായ നരസിംഹറെഡ്ഡി ഇദ്ദേഹത്തിന്റെ പ്രതിഭാവിലാസം തിരിച്ചറിയുകയും കാവ്യരചനയ്ക്കു പ്രേരിപ്പിക്കുകയും ചെയ്തു.

ബംഗാളിയിലെ 'വിശപ്പിന്റെ കവിത'കളില്‍ ആകൃഷ്ടനായ ഇദ്ദേഹം തെലുഗുവില്‍ ശക്തവും നൂതനവുമായ കാവ്യസമ്പ്രദായത്തിനു തുടക്കം കുറിച്ചു. ബംഗാളിലെ നക്സല്‍ബാരിയിലും ആന്ധ്രയിലെ ശ്രീകാകുളത്തും നടന്ന സായുധ പ്രക്ഷോഭങ്ങളില്‍ നിന്ന് കൂടുതല്‍ കരുത്താര്‍ജിച്ച ചെറബണ്ഡരാജുവിന്റെ കാവ്യചേതന ജനകീയ കാവ്യപാരമ്പര്യം പുനഃസൃഷ്ടിക്കുന്നതിനായുള്ള ശ്രമങ്ങള്‍ നടത്തി. നാടോടിപ്പാട്ടുകളുടെ ശക്തിസൌന്ദര്യങ്ങള്‍ ആവാഹിച്ചു രചന നടത്തുകയും അവ ദരിദ്രജനതയുടെയിടയില്‍ പാടി അവതരിപ്പിക്കുകയും ചെയ്തുകൊണ്ടാണ് ഇദ്ദേഹം അതു നിര്‍വഹിച്ചത്. പില്ക്കാലത്ത് ഗദ്ദറും ശിശഗറും ഈ രചനാസമ്പ്രദായത്തെ പരിപോഷിപ്പിക്കുകയുണ്ടായി.

ഭിക്ഷുചി, മുട്ടഡി, ഗമ്യാം, കാന്തിയുദ്ധം, ഗൌരമ്മ കലാലു, ജന്മഹാക്കു, പല്ലനി എന്നിവയാണ് ഇദ്ദേഹത്തിന്റെ മുഖ്യകവിതാ സമാഹാരങ്ങള്‍. മാപല്ലെ, പ്രസ്ഥാനം, നിപ്പുരല്ലു എന്നീ നോവലുകളും ചെറബണ്ഡരാജു രചിച്ചിട്ടുണ്ട്. നിരവധി തെരുവുനാടകങ്ങളും ഏകാങ്കനാടകങ്ങളും ഇദ്ദേഹത്തിന്റേതായുണ്ട്. ജ്വാലാമുഖി, നഗ്നമുനി, നിഖിലേശ്വര്‍, മഹാസ്വപ്ന എന്നീ സമകാലികയുവകവികളോടൊപ്പം ചേര്‍ന്ന് ഇദ്ദേഹം രൂപീകരിച്ച സാഹിത്യപ്രസ്ഥാനമാണ് 'ദിഗമ്പര കവുലു'. ശ്രീ-ശ്രീ എന്ന പുരോഗമനസാഹിത്യകാരന്റെ റെവല്യൂഷണറി റൈറ്റേഴ്സ് അസോസിയേഷനിലും ഇദ്ദേഹം അംഗമായിരുന്നു. 1982-ല്‍ ചെറബണ്ഡരാജു അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍