This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെര്‍ണോബില്‍ ദുരന്തം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെര്‍ണോബില്‍ ദുരന്തം

ചെര്‍ണോബില്‍ പവര്‍ സ്റ്റേഷന്‍ - ഒരു ദൃശ്യം

ഉക്രേനിലെ ചെര്‍ണോബില്‍ ആണവനിലയത്തില്‍ 1986 ഏ. 26-ല്‍ ഉണ്ടായ അത്യാഹിതം. ഈ അണുവൈദ്യുതി നിലയത്തിലെ ഒരു റിയാക്റ്റര്‍ പൊട്ടിത്തെറിച്ച്, കെട്ടിടത്തിന്റെ ഭിത്തികളും മേല്‍ക്കൂരയും തകര്‍ത്തുകൊണ്ട് റിയാക്റ്റര്‍ കോറിന്റെ അടപ്പ് (ആയിരം ടണ്‍) തെറിച്ചുവീണു. കോറിലടങ്ങിയിരുന്ന ആയിരക്കണക്കിന് ടണ്‍ യുറേനിയം ഡൈ ഓക്സൈഡ് ഇന്ധനവും അണുഭേദകവസ്തുക്കളായ CS 137, I 131എന്നിവയും കത്തിക്കൊണ്ടിരിക്കുന്ന ഗ്രാഫൈറ്റ് കൂമ്പാരങ്ങളും പുറത്തേക്കു വര്‍ഷിക്കപ്പെട്ടു.

പ്രവര്‍ത്തനക്ഷമങ്ങളായ നാലു റിയാക്റ്ററുകളും നിര്‍മാണദശയിലുള്ള രണ്ടു റിയാക്റ്ററുകളും ചേര്‍ന്ന് സോവിയറ്റ് യൂണിയനിലെ ഏറ്റവും വലിയ ആണവനിലയമായിരുന്നു കീവിലെ പ്രപയറ്റ് നദിക്കരയിലുള്ള ചെര്‍ണോബിലേത്. ആര്‍.ബി.എം.കെ. 1000 (R.B M.K. 1000) എന്ന് അറിയപ്പെടുന്ന ഈ റിയാക്റ്ററുകള്‍ സോവിയറ്റ് യൂണിയന്റെ തനതായ മാതൃകയാണ്. R B M K 1000-ന് ആയിരം മെ. വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധിക്കും. ഈ റിയാക്റ്ററുകള്‍ക്ക് നാലു സവിശേഷതകളുണ്ട്.

1. ഇന്ധനവും ശീതകവും അടങ്ങുന്ന അറകള്‍ നാലും കുത്തനെ സ്ഥിതിചെയ്യുന്നതിനാല്‍ റിയാക്റ്റര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ ഇന്ധനം നിറയ്ക്കാന്‍ സാധിക്കുന്നു.

2. യുറേനിയനം ഡൈ ഓക്സൈഡ് (UO2) അടങ്ങുന്ന സിര്‍ക്കോണിയം (Zr) ട്യൂബുകള്‍ കെട്ടുകളായിട്ടാണ് ഇന്ധനമായി ഉപയോഗിക്കുന്നത്.

3. ഓരോ അറയ്ക്കിടയിലും ഒരു ഗ്രാഫൈറ്റ് മന്ദീകാരി (moderator) ഉണ്ട്.

4. ശക്തിയോടെ പ്രവഹിക്കുന്ന ജലം ആണ് ശീതകമായി ഉപയോഗിക്കുന്നത്.

ചെര്‍ണോബില്‍ നിലയത്തില്‍ രണ്ട് ഇരട്ട റിയാക്റ്ററുകളാണു പ്രവര്‍ത്തിച്ചിരുന്നത്. മൂന്നും നാലും യൂണിറ്റുകളിലാണ് അപകടം സംഭവിച്ചത്. യൂണിറ്റ് ഒന്നിന്റെയും രണ്ടിന്റെയും കെട്ടിടത്തിന് ചില കേടുപാടുകള്‍ സംഭവിക്കുകയുണ്ടായി. അപ്രതീക്ഷിതമായുണ്ടാകുന്ന വൈദ്യുതി തടസ്സങ്ങളെ അതിജീവിക്കാന്‍ നാലാം യൂണിറ്റിനുള്ള ശേഷി നിര്‍ണയിക്കാന്‍ നടത്തിയ പരീക്ഷണമാണ് ദുരന്തത്തിനു വഴിയൊരുക്കിയത്. ടര്‍ബൈനിലെത്തുന്ന ആവിപ്രവാഹം നിര്‍ത്തലാക്കിക്കഴിഞ്ഞ്, ടര്‍ബൈന്‍ കറങ്ങുന്നത് പമ്പുകള്‍ക്ക് എത്ര ഊര്‍ജം നല്കാന്‍ പര്യാപ്തമാകും എന്നു കണ്ടെത്തുകയായിരുന്നു പരീക്ഷണത്തിന്റെ ലക്ഷ്യം.

ആവിപ്രവാഹം നിര്‍ത്തലാക്കിയതിനുശേഷം ടര്‍ബൈന്‍ ജനറേറ്ററിന്റെ പ്രവര്‍ത്തനശേഷി നിര്‍ണയിക്കാനുള്ള ഒരു പരീക്ഷണം നടത്തുന്നതിനായി ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍മാര്‍ റിയാക്റ്ററിന്റെ പ്രവര്‍ത്തനച്ചുമതല ഏറ്റെടുത്തു. നിയന്ത്രണദണ്ഡുകള്‍ റിയാക്റ്റര്‍ കോറിനുള്ളിലേക്ക് ഇറക്കി 3200 മെ. വാട്ടില്‍ നിന്ന് 1600 മെ. വാട്ടിലേക്ക് താപീയ ഊര്‍ജം കുറച്ചു. പരീക്ഷണത്തിന്റെ ഭാഗം എന്ന നിലയ്ക്ക് റിയാക്റ്റര്‍ കോറിന്റെ അടിയന്തര ശീതീകരണസംവിധാനം വേര്‍പെടുത്തി. എന്നാല്‍ ഇലക്ട്രിസിറ്റി ഗ്രിഡ് കണ്‍ട്രോളറുടെ പ്രത്യേക ആവശ്യപ്രകാരം വൈദ്യുതി ഉത്പാദനം തുടരാന്‍ തീരുമാനിച്ചു. നിര്‍ദിഷ്ട പരീക്ഷണത്തില്‍ ഇത് അപ്രതീക്ഷിതമായ കാലതാമസം ഉണ്ടാക്കി. തത്സമയം ശീതീകരണ സംവിധാനം പുനഃപ്രവര്‍ത്തിപ്പിക്കാന്‍ ജീവനക്കാര്‍ ശ്രദ്ധിച്ചില്ല. ഒന്‍പതു മണിക്കൂറിനുശേഷം റിയാക്റ്ററിന്റെ താപീയ ഊര്‍ജം കുറയ്ക്കുന്നതു പുനരാരംഭിച്ചു. പരീക്ഷണം നടത്താന്‍ ഉദ്ദേശിച്ചിരുന്നത് 700 മെ. വാട്ടിനും 100 മെ.വാട്ടിനും മധ്യേയുള്ള താപീയ ഊര്‍ജത്തിലാണ്. എന്നാല്‍ ഈ ഊര്‍ജ പരിധിയില്‍ നിയന്ത്രണദണ്ഡുകള്‍ സജ്ജമാക്കാന്‍ ഓപ്പറേറ്റര്‍മാര്‍ വിട്ടുപോയി. ഊര്‍ജം അപകടകരമായി താഴ്ന്ന് 30 മെ.വാ. ആയി. ഊര്‍ജം ഉയര്‍ത്താനായി നിയന്ത്രണദണ്ഡുകളില്‍ ഏറിയ പങ്കും വേര്‍പെടുത്തി. പക്ഷേ, ഈ സമയത്തിനുള്ളില്‍ ഇന്ധനദണ്ഡുക്കളില്‍ സെനോണ്‍ (Xe) ഉത്പാദിപ്പിക്കപ്പെട്ടു കഴിഞ്ഞിരുന്നു. ഈ ഉപോത്പന്നം ന്യൂട്രോണ്‍ അവശോഷണം ചെയ്ത് ആണവ അഭിക്രിയയ്ക്ക് വിഷം (poison) ആയി. സുരക്ഷാക്രമങ്ങള്‍ ലംഘിച്ചുകൊണ്ട് എല്ലാ നിയന്ത്രണദണ്ഡുകളും വേര്‍പെടുത്തി, ഊര്‍ജം 200 മെ. വാട്ടില്‍ അല്പനേരത്തേക്കു സ്ഥിരപ്പെട്ടു. പരീക്ഷണ പരിധിയായ 700 മെ. വാട്ടിലും വളരെ കുറഞ്ഞ ഊര്‍ജം ആയിരുന്നിട്ടും പരീക്ഷണം തുടരുക തന്നെ ചെയ്തു. പരീക്ഷണത്തിന് ആവശ്യമായ ശീതീകരണം ഉറപ്പാക്കാനായി എട്ടു പമ്പുകള്‍ ഒന്നിച്ചു പ്രവര്‍ത്തിപ്പിച്ചു. ഇതിനായി ഓപ്പറേറ്റര്‍മാര്‍ ചില ക്രമീകരണങ്ങള്‍ നടത്തുന്നതിനിടയില്‍ പല അടിയന്തര ഷട്ട്ഡൗണ്‍ സിഗ്നലുകളും അവഗണിച്ചു. അണുശക്തി ഉത്പാദനം വര്‍ധിക്കുന്നതായി കംപ്യൂട്ടര്‍ രേഖപ്പെടുത്തിയിട്ടും പരീക്ഷണം പൂര്‍ത്തിയാക്കാനുള്ള വ്യഗ്രതയില്‍ ഓപ്പറേറ്റര്‍മാര്‍ അവസാനത്തെ ട്രിപ്പ് സിഗ്നല്‍ പോലും അവഗണിച്ചു. താപീയ ഊര്‍ജം ഉയരാന്‍ ആരംഭിച്ചു. താഴ്ന്ന ഊര്‍ജ പരിധിയില്‍ ഉണ്ടാവുന്ന ചെറിയ വര്‍ധനവു പോലും ഒരു വലിയ വര്‍ധനവിനു തുടക്കം കുറിച്ചു. ഉയര്‍ന്ന താപത്തില്‍ ജലം ബാഷ്പീകൃതമാകുകമൂലം ന്യൂട്രോണ്‍ അവശോഷണം മന്ദീഭവിച്ച്, ഊര്‍ജം അനിയന്ത്രിതമായി വര്‍ധിക്കാന്‍ തുടങ്ങി. ഈ ആകസ്മിക ഊര്‍ജ വര്‍ധന നിയന്ത്രിക്കാനായി ഓപ്പറേറ്റര്‍മാര്‍ എല്ലാ നിയന്ത്രണദണ്ഡുകളും കോറിനുള്ളിലേക്ക് ഇറക്കി വച്ചു. ഈ നിയന്ത്രണദണ്ഡുകളുടെ അഗ്രത്തില്‍ ഏകദേശം അഞ്ചു മീ. നീളത്തില്‍ ഗ്രാഫൈറ്റാണ്. മന്ദീകാരിയുടെ കൂടിയ അളവും അതു വിസ്ഥാപിക്കുന്ന ജലവും അണുകേന്ദ്ര അഭിക്രിയയുടെ തോത് വര്‍ധിപ്പിക്കും. നാലു സെക്കന്‍ഡിനുള്ളില്‍ താപീയ ഊര്‍ജം ഏകദേശം നൂറുമടങ്ങു വര്‍ധിച്ചു. യുറേനിയം ഇന്ധനം വിഘടിച്ച്, ഇന്ധന ദണ്ഡുകളെ പൊതിഞ്ഞിരിക്കുന്ന ലോഹപാളികളെ തകര്‍ത്തു ശീതകവുമായി സമ്പര്‍ക്കത്തിലെത്തി. ശക്തിയോടെ പുറത്തേക്കു പ്രവഹിച്ച ആവി 1600 പൈപ്പുകളെയും ഉലച്ച് റിയാക്റ്ററുടെ അടപ്പ് ദൂരെ തെറിപ്പിച്ചു. കത്തിക്കൊണ്ടിരിക്കുന്ന ഗ്രാഫൈറ്റും ടണ്‍ കണക്കിന് യുറേനിയവും അതിന്റെ വിഘടന ഫലങ്ങളായ CS 137, I 131 എന്നിവയും പുറത്തേക്ക് വര്‍ഷിക്കപ്പെട്ടു. അന്തരീക്ഷത്തില്‍ അതികഠിനമായ ചൂടുള്ള, റേഡിയോ ആക്ടിവതയുള്ള പുകപടലം ഉയര്‍ന്നു പൊങ്ങി.

സ്വീഡനിലെ ഒരു റേഡിയേഷന്‍ ഡിറ്റക്റ്റര്‍ ആണ് ലോകത്തിന് ഈ സ്ഫോടനത്തെക്കുറിച്ച് അറിവു നല്കിയത്. ഇങ്ങനെ ഒരു ദുരന്തം ഉണ്ടായതായി സോവിയറ്റ് യൂണിയന്‍ അംഗീകരിച്ചത് രണ്ടുദിവസം കഴിഞ്ഞുമാത്രമാണ് (ഏ. 28). സ്ഫോടനത്തെ തുടര്‍ന്ന് ഉയര്‍ന്നുപൊങ്ങിയ പൊടിപടലം സോവിയറ്റ് യൂണിയന് മറയ്ക്കാന്‍ കഴിയുമായിരുന്നില്ല. യൂറോപ്പിലാകമാനം ഉത്കണ്ഠയും പ്രതിഷേധവും ഉയര്‍ന്നു. ആണവദുരന്തം സംഭവിച്ച ഉടന്‍ തന്നെ ആയിരങ്ങള്‍ കൊല്ലപ്പെട്ടതായി വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. സ്കാന്‍ഡിനേവിയ മുതല്‍ ഗ്രീസ് വരെ ദുഷിച്ച വസ്തുക്കള്‍ നിക്ഷേപിച്ചുകൊണ്ട്, പത്തുദിവസത്തോളം റേഡിയോ ആക്ടിവതയുള്ള മേഘങ്ങള്‍ ചെര്‍ണോബിലിനു നാലുഭാഗത്തേക്കും വീശിക്കൊണ്ടിരുന്നു. അമ്പത് മെ.ക്യൂറി ആപ്തകരമായ അണുഭേദക വസ്തുക്കളും അമ്പത് മെ.ക്യൂറി റേഡിയോ ആക്ടിവതയുള്ള വാതകങ്ങളും പുറത്തേക്കു വമിച്ചിട്ടുണ്ടെന്ന് സോവിയറ്റ് അധികൃതര്‍ സമ്മതിച്ചു.

സ്ഫോടനസമയത്തുതന്നെ മരണമടഞ്ഞ അനേകായിരങ്ങള്‍ മാത്രമല്ല ഈ അത്യാഹിതത്തിന്റെ ബലിയാടുകള്‍. ഈ ദുരന്തത്തിന്റെ ബാക്കിപത്രം ആയി ഇന്നും ചെര്‍ണോബിലിലും അതിന്റെ പ്രാന്തപ്രദേശങ്ങളിലും ഉള്ള ജനങ്ങള്‍ ദുരിതമനുഭവിക്കുന്നു.

ഭക്ഷണപദാര്‍ഥങ്ങള്‍ മലിനമാക്കപ്പെട്ടത് പരക്കെ ഉത്കണ്ഠയ്ക്കു കാരണമായി. ഉക്രേന്‍-ബൈലോറഷ്യന്‍ പ്രദേശങ്ങളില്‍ത്തന്നെ അനേകം ടണ്‍ പച്ചക്കറികളും പഴങ്ങളും നശിപ്പിക്കേണ്ടതായിവന്നു. കുട്ടികളെ വീടിനു പുറത്തുവിടുന്നതും ആഹാരസാധനങ്ങള്‍ പുറത്തുവച്ചു കഴിക്കുന്നതും പൂര്‍ണമായും നിരോധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ ജനങ്ങളില്‍ ഭയവും സംഭ്രമവും ഉളവാക്കി. സ്ത്രീകളും കുട്ടികളും അടങ്ങുന്ന അനേകായിരങ്ങള്‍ മോസ്കോ മുതലായ ഇടങ്ങളിലേക്കു പലായനം ചെയ്യുന്ന കാഴ്ച സാധാരണമായിരുന്നു.

ഉക്രേന്‍-ബൈലോറഷ്യന്‍ റിപ്പബ്ലിക്കുകളില്‍ നിന്ന് ഏകദേശം 1,16,000 ആളുകളെ കുടിയൊഴിപ്പിച്ചു. ഏതാണ്ട് രണ്ടുമണിക്കൂര്‍ നാല്പത്തഞ്ചു മിനിറ്റുകൊണ്ട് 40,000 പേര്‍ നഗരം വിട്ടു. നൂറോളം തുറന്ന ട്രാക്കുകളിലായി പതിനായിരത്തോളം കന്നുകാലികളെയും കുടിയൊഴിപ്പിച്ചു. അണുപ്രസരത്തില്‍ നിന്നു കീവ് രക്ഷപ്പെട്ടതു തികച്ചും യാദൃച്ഛികമായിരുന്നു. ആ ദിവസങ്ങളില്‍ കാറ്റ് വടക്ക്-കിഴക്കന്‍ ദിശയിലേക്കു വീശിയതിനാല്‍ പോളണ്ട്, സമീപ രാജ്യങ്ങള്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ അണുപ്രസരം ഏറ്റത്. ഏറ്റവുമധികം അണുപ്രസരണം ഉള്ള പ്രദേശങ്ങളില്‍ ദൂരെനിന്ന് നിയന്ത്രിക്കാവുന്ന വാഹനങ്ങളും റോബോട്ടുകളും പ്രവര്‍ത്തിപ്പിച്ചാണ് ശുദ്ധീകരണം നടത്തിയത്. ഹെലികോപ്റ്ററുകളില്‍ നിന്ന് പ്രത്യേകതരം ലായനികള്‍ തളിച്ച് തോട്ടങ്ങളിലും വീടുകളിലും നിന്നു മാലിന്യം നിര്‍മാര്‍ജനം ചെയ്തു. പ്രപയറ്റ് നദീതടത്തില്‍ ഒരു മതില്‍ പണിതുയര്‍ത്തി റേഡിയോ ആക്ടിവതയുള്ള വസ്തുക്കള്‍ മഴയത്തു നദിയില്‍ ചെന്ന് അടിയുന്നതു തടഞ്ഞു. ആണവനിലയത്തിന്റെ പരിസരത്തുള്ള ഭൂഗര്‍ഭജലത്തിന്റെ ഒഴുക്കു തടയാനായി 60 മീ. ഉയരമുള്ള മറ്റൊരു മതിലും പണിതുയര്‍ത്തി. ഭൂഗര്‍ഭ ജലത്തിന്റെ ശുദ്ധീകരണം, സംഭരണം, വിതരണം എന്നിവ സ്വയം പ്രവര്‍ത്തനക്ഷമമായ യന്ത്രങ്ങള്‍ മുഖേന സാധ്യമാക്കി. ആണവ നിലയത്തിന്റെ കെട്ടിടത്തിലെയും പരിസരങ്ങളിലെയും മാലിന്യ നിര്‍മാര്‍ജനം ഹെലികോപ്ടര്‍ മുഖേനയായിരുന്നു നടത്തിയത്. കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്നും മണ്ണില്‍ നിന്നും ആക്ടിവതയുള്ള പൊടി പറന്നുയരുന്നത് തടയാനായി ഒരുതരം പോളിമര്‍ ലായനി ഉപയോഗിച്ചു. ഭൂഗര്‍ഭജലത്തിന്റെയും ഉപരിതലജലത്തിന്റെയും ശുദ്ധീകരണത്തിനു പല സാങ്കേതിക മാര്‍ഗങ്ങളും കൈക്കൊണ്ടിരുന്നു.

അപകടം അതിന്റെ ഉദ്ഭവസ്ഥാനത്തുതന്നെ നിയന്ത്രിക്കാനായി റിയാക്റ്റര്‍ ഷാഫ്റ്റിനെ താപം ആഗിരണം ചെയ്യുന്നതും അരിപ്പ പോലെ പ്രവര്‍ത്തിക്കുന്നതുമായ പലതരം വസ്തുക്കള്‍ കൊണ്ടു മൂടി. കത്തിക്കൊണ്ടിരിക്കുന്ന റിയാക്റ്റര്‍ കോര്‍ മൂടാനായി ഏകദേശം 5000 ടണ്‍ ബോറോണ്‍ സംയുക്തങ്ങള്‍, ഡോളമൈറ്റ്, മണല്‍, ചെളി, ലെഡ് (pb) എന്നിവ ഉപയോഗിച്ചു. ഈ അപകടം നിയന്ത്രണാധീനമാക്കാന്‍ മിക്ക രാഷ്ട്രങ്ങളും റഷ്യയെ സഹായിക്കുകയുണ്ടായി. റിയാക്റ്റര്‍ നിലംപരിശാക്കാനും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനും ഉത്ഖനനം ചെയ്യാനും കഴിവുള്ള അനേകം യന്ത്രമനുഷ്യരെ ജര്‍മനി തുടങ്ങിയ രാഷ്ട്രങ്ങള്‍ റഷ്യയ്ക്ക് കൈമാറുകയുണ്ടായി. റിയാക്റ്റര്‍ പൂര്‍ണമായും സംസ്കരിക്കുന്നതിന് ഒരു ദീര്‍ഘകാല പദ്ധതി രൂപീകരിച്ചു.

ചെര്‍ണോബില്‍ ദുരന്തത്തിന്റെ ഫലമായി ദീര്‍ഘകാലത്തേക്കു ജനങ്ങള്‍ ദുരിതം അനുഭവിക്കേണ്ടിവരും എന്നാണ് അനുമാനിക്കുന്നത്. വരുന്ന മുപ്പതു വര്‍ഷത്തേക്കു പതിനായിരക്കണക്കിനോ ലക്ഷക്കണക്കിനോ ഉള്ള ട്യൂമറുകള്‍, അനേകായിരക്കണക്കിന് അര്‍ബുദ മരണങ്ങള്‍ എന്നിവയാണു പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ചെര്‍ണോബില്‍ ദുരന്തത്തിന്റെ അനന്തരഫലങ്ങളായി ലണ്ടനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ബയോളജി നടത്തിയ പഠനങ്ങളുടെ ഫലങ്ങള്‍ പട്ടികയില്‍ കൊടുത്തിരിക്കുന്നു.

ചിത്രം:Pg176 scree1.png

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍