This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെര്‍ണങ്കോ, കോണ്‍സ്റ്റന്റീന്‍ ഉസ്തിനോവിച്ച് (1911 - 85)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെര്‍ണങ്കോ, കോണ്‍സ്റ്റന്റീന്‍ ഉസ്തിനോവിച്ച് (1911 - 85)

സോവിയറ്റ് രാജ്യതന്ത്രജ്ഞനും അവിഭക്ത സോവിയറ്റ് യൂണിയന്റെ പ്രസിഡന്റും (1984-85). 1911 സെപ്. 24-ന് ക്രാസ്നൊയാര്‍സ്ക് പ്രദേശത്തെ ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച ചെര്‍ണങ്കോയ്ക്ക് ബാല്യത്തില്‍ പരിമിത വിദ്യാഭ്യാസസൗകര്യങ്ങളേ ലഭിച്ചുള്ളൂ. 1931-ല്‍ ചെര്‍ണങ്കോ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. 1933 വരെ ബോഡര്‍ ഗാഡ്സില്‍ സേവനം അനുഷ്ഠിച്ച ഇദ്ദേഹം തുടര്‍ന്ന് 15 വര്‍ഷക്കാലം പ്രവിശ്യകളിലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. മാള്‍ഡേവിയയില്‍ പാര്‍ട്ടിയുടെ പ്രചാരണ വിഭാഗത്തിലെ പ്രമുഖ പ്രവര്‍ത്തകനായിരുന്നു ഇദ്ദേഹം. 1948-ല്‍ മാള്‍ഡേവിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒന്നാം സെക്രട്ടറിയായിരുന്ന ബ്രഷ്നേവുമായി പരിചയപ്പെടാന്‍ ഇടവന്ന ചെര്‍ണങ്കോ ഈ പരിചയം ദൃഢമായ ഒരാത്മബന്ധമായി വളര്‍ത്തിയെടുത്തു. 1977-ല്‍ പോളിറ്റ് ബ്യൂറോ അംഗത്വം ലഭിക്കുന്നതുവരെ പാര്‍ട്ടിയില്‍ ഉയര്‍ന്ന പല പദവികളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്. 1956-ല്‍ ചെര്‍ണങ്കോ കമ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയുടെ പ്രചരണവിഭാഗത്തിന്റെയും 1965-ല്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെയും തലവനായി. തുടര്‍ന്ന് പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും അംഗമായ ഇദ്ദേഹം ബ്രഷ്നേവിന്റെ പിന്‍ഗാമിയായി രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചചെയ്യപ്പെട്ടു. എന്നാല്‍ ബ്രഷ്നേവിന്റെ മരണത്തെ തുടര്‍ന്നു നടന്ന തിരഞ്ഞെടുപ്പില്‍ അണികളുടെ പിന്തുണ നേടുന്നതില്‍ ചെര്‍ണങ്കോ പരാജയപ്പെട്ടു. പാര്‍ട്ടിയുടെ നേതൃത്വം വഹിക്കാനുള്ള നിയോഗമുണ്ടായത് ആന്ദ്രൊപോവിനായിരുന്നു. 1982 ന. 12-ന് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി ആന്ദ്രൊപോവ് തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ ആന്ദ്രൊപോവിന്റെ മരണത്തോടെ 1984 ഫെ. 13-ന് ചെര്‍ണങ്കോ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിത്തീര്‍ന്നു. രണ്ടുമാസത്തിനുശേഷം ഇദ്ദേഹം സോവിയറ്റ് പ്രസിഡന്റായെങ്കിലും അനാരോഗ്യം നിമിത്തം അധികനാള്‍ തുടരാനായില്ല. പ്രസിഡന്റ് പദവിയിലിരിക്കെത്തന്നെ 1985 മാ. 10-ന് ചെര്‍ണങ്കോ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍