This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെരങ്കോഫ് വികിരണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെരങ്കോഫ് വികിരണം

Cherenkov Radiation

ഒരു സുതാര്യമാധ്യമത്തില്‍ക്കൂടി പ്രകാശവേഗതയെക്കാള്‍ കൂടിയ വേഗതയില്‍ ചാര്‍ജിത കണങ്ങള്‍ കടന്നുപോകുമ്പോള്‍ അത് പ്രകാശതരംഗങ്ങള്‍ പ്രസരിപ്പിക്കുന്നു. ഈ പ്രതിഭാസമാണ് ചെരങ്കോഫ് വികിരണം എന്ന പേരില്‍ അറിയപ്പെടുന്നത്. ഇത് ആദ്യം കണ്ടെത്തയിത് 1934-ല്‍ സോവിയറ്റ് ഭൗതികശാസ്ത്രജ്ഞനായ പവേല്‍ അലക്സിയേവിച്ച് ചെരങ്കോഫ് ആണ്. ഗാമാ രശ്മിയുടെ പ്രഭാവത്താല്‍ ഒരു ദ്രാവകത്തില്‍ സംഭവിക്കുന്ന പ്രകാശോത്സര്‍ജന(emission of light)ത്തെപ്പറ്റി പഠിക്കുകയായിരുന്നു അദ്ദേഹം. ഇത് സര്‍ജി ഐ. വാവിലോവിന്റെ മേല്‍നോട്ടത്തില്‍ നടത്തിയതിനാല്‍ ഈ പ്രതിഭാസത്തെ വാവിലോവ്-ചെരങ്കോഫ് ഇഫെക്റ്റ് എന്നും പറയാറുണ്ട്.

എക്സ്-റേ, അള്‍ട്രാവയലറ്റ് രശ്മികള്‍, റേഡിയോ ആക്റ്റീവ് വികിരണങ്ങള്‍ എന്നിവയാല്‍ ഉത്തേജിക്കപ്പെടുന്ന പ്രതിദീപ്തി (fluorescence) പ്രതിഭാസത്തില്‍ നിന്ന് തുലോം വ്യത്യസ്തമാണ് ചെരങ്കോഫ് വികിരണങ്ങള്‍. മാധ്യമത്തിന്റെ ഊഷ്മാവ് ഈ വികിരണത്തെ സ്വാധീനിക്കുന്നില്ല. ഇവയ്ക്കു കാരണം ഗാമാരശ്മികള്‍ അല്ല, മറിച്ച് ഗാമാ രശ്മികള്‍ ഉത്സര്‍ജിക്കുന്ന ഇലക്ട്രോണുകളാണ്. ഇലക്ട്രോണിന്റെ ചലനദിശയെ അപേക്ഷിച്ച് നിശ്ചിത കോണ്‍ ചരിഞ്ഞാണ് ഈ വികിരണം നടക്കുന്നത്.

ചെരങ്കോഫ് വികിരണത്തിന്റെ രീതിയെക്കുറിച്ചുള്ള ഒരു സൈദ്ധാന്തിക വിവരണം, 1937-ല്‍ സോവിയറ്റ് ശാസ്ത്രജ്ഞന്മാരായ ഇഗോര്‍ ഇ.റ്റാം, ഇയ്ല്യ എം. ഫ്രാങ്ക് എന്നിവര്‍ നല്‍കുകയുണ്ടായി. വാതകങ്ങളിലും അലോഹഖരപദാര്‍ഥങ്ങളിലും അലോഹ ദ്രവപദാര്‍ഥങ്ങളിലും ഉള്ള പ്രകാശവേഗത നിര്‍വാതത്തില്‍ (vacuum) ഉള്ളതിനെക്കാള്‍ കുറവായിരിക്കും. ഈ സിദ്ധാന്തപ്രകാരം ഇലക്ട്രോണിനെ കൂടാതെ മറ്റേതു ചാര്‍ജിത കണവും മാധ്യമത്തില്‍ക്കൂടി പ്രകാശവേഗതയെക്കാള്‍ കൂടിയ വേഗതയില്‍ കടന്നുപോയാല്‍ വികിരണം സംഭവിക്കുന്നതാണ്. 1951-ല്‍ യു.എസ്സിലെ ജെ.വി. ജെല്ലി (J.V. Jelley) ഇത് പരീക്ഷണങ്ങളിലൂടെ തെളിയിച്ചു. ധ്വനികത്തിലും ഇതിനു സാമ്യമായ ഒരു പ്രതിഭാസം കാണാവുന്നതാണ്. വായുവില്‍ക്കൂടി അതിലെ ശബ്ദവേഗതയെക്കാള്‍ കൂടിയ വേഗതയില്‍ ഒരു മിസൈല്‍ കടന്നുപോവുകയാണെങ്കില്‍ ചലനദിശയെ അപേക്ഷിച്ച് ഒരു പ്രത്യേക ദിശയില്‍ ഒരു 'ആഘാത തരംഗം' (Shock wave) ഉത്സര്‍ജിക്കപ്പെടുന്നു.

ചെരങ്കോഫിന് 1958-ല്‍ ഈ കണ്ടുപിടിത്തത്തിന് നോബല്‍ സമ്മാനം ലഭിച്ചു. ഉന്നതോര്‍ജ ഭൗതികത്തില്‍ ചാര്‍ജിതകണങ്ങളെ കണ്ടെത്താനും അവയുടെ സഞ്ചാരവേഗം അളക്കാനും ചെരങ്കോഫ് പ്രഭാവം ഉപയോഗിക്കുന്നു. ഇതൊരു ദുര്‍ബല വികിരണമാണ്.

ചെരങ്കോഫ് വികിരണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്വഭാവം അതിന്റെ സംസക്തത (coherence) ആണ്. ഉന്നതോര്‍ജ ന്യൂക്ളിയര്‍ ഫിസിക്സില്‍ ചെരങ്കോഫ് പ്രഭാവം ഉപയോഗിച്ചുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍