This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെരങ്കോഫ്, പവേല്‍ അലക്സിയേവിച്ച് (1904 - 90)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെരങ്കോഫ്, പവേല്‍ അലക്സിയേവിച്ച് (1904 - 90)

Cherenkov, Pavel Alekseyevich

റഷ്യന്‍ ഭൗതികശാസ്ത്രജ്ഞന്‍. ചെരങ്കോഫ് വികിരണത്തിന്റെ കണ്ടുപിടിത്തത്തിന് 1958-ലെ ഊര്‍ജതന്ത്രത്തിനുള്ള നോബല്‍ സമ്മാനം മറ്റു രണ്ട് ശാസ്ത്രജ്ഞരോടൊത്തു പങ്കിട്ടു.

നൊവായ ചിഗ്ള ഗ്രാമത്തിലെ ഒരു കര്‍ഷക കുടുംബത്തില്‍ 1904 ജൂല. 28-ന് ചെരങ്കോഫ് ജനിച്ചു. മോസ്കോയിലെ ഫിസിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ദി അക്കാദമി ഒഫ് സയന്‍സസ് ഒഫ് ദി യു.എസ്.എസ്.ആര്‍-ല്‍ നിന്ന് ബിരുദാനന്തരബിരുദം നേടി. ഇവിടെ പ്രസിദ്ധ ശാസ്ത്രജ്ഞനായ സെര്‍ജി ഇവാനോവിച്ച് വാവിലോവിന്റെ കീഴില്‍ 1930-കളില്‍ ഗവേഷണം നടത്തി. 1940-ല്‍ ഡോക്ടറേറ്റു നേടി.

ദ്രാവകങ്ങളില്‍ ഗാമാ വികിരണങ്ങള്‍ ഉളവാക്കുന്ന പ്രതിദീപ്തി(fluorescence)യെക്കുറിച്ചുള്ള പഠനത്തിനിടയില്‍ ചെരങ്കോഫ് അപ്രതീക്ഷിതമായി പുതിയൊരിനം വികിരണം കണ്ടുപിടിച്ചു. വേഗതയേറിയ ഗാമാവികിരണം ഏല്ക്കുന്ന ഖര-ദ്രാവക പദാര്‍ഥങ്ങളില്‍നിന്ന് മങ്ങിയ നീലരശ്മികള്‍ പുറത്തുവരുന്നത് ഇദ്ദേഹം നിരീക്ഷിച്ചു. 1936-ല്‍ ഗാമാ സ്രോതസ്സിനു പകരം എക്സ്-റേ സ്രോതസ് ഉപയോഗിച്ച് പരീക്ഷണം തുടര്‍ന്നു. നിര്‍വാത(vacuum)ത്തില്‍ പ്രകാശരശ്മിയുടെ വേഗതയോട് അടുത്ത വേഗതയില്‍ സഞ്ചരിക്കുന്ന കണങ്ങള്‍ ഒരു മാധ്യമത്തിലൂടെ കടന്നുപോകുമ്പോള്‍ (ഇവിടെ പ്രകാശവേഗത കണവേഗതയെക്കാള്‍ കുറവായിരിക്കും) ഈ പുതിയ വികിരണം പുറത്തുവരുന്നു എന്ന നിഗമനത്തില്‍ ഇദ്ദേഹം എത്തി. 'ചെരങ്കോഫ് പ്രഭാവം' എന്ന് ഈ പ്രതിഭാസം പിന്നീട് അറിയപ്പെട്ടു. കണികാ സംസൂചകം (particle detector) എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ചെരങ്കോഫ് കൗണ്ടറില്‍ ഈ കണ്ടുപിടിത്തം പ്രയോജനപ്പെടുത്തുന്നു.

ഐ.എം. ഫ്രാങ്ക്, ഇഗോര്‍ ഇ. റ്റാം എന്നീ ശാസ്ത്രജ്ഞര്‍ ചെരങ്കോഫ് വികിരണത്തിന്റെ ഗണിതീയ സിദ്ധാന്തത്തിന് രൂപം നല്‍കി. ഈ രണ്ടു ശാസ്ത്രജ്ഞരോടൊപ്പം 1958-ലെ ഊര്‍ജതന്ത്രത്തിനുള്ള നോബല്‍ സമ്മാനം ചെരങ്കോഫ് പങ്കുവച്ചു. 1946-ല്‍ സോവിയറ്റ് സ്റ്റേറ്റ് പ്രൈസ് ലഭിച്ചു. 1959-ല്‍ എക്സ്പെരിമെന്റല്‍ ഫിസിക്സിന്റെ പ്രൊഫസറായി. ഉന്നതോര്‍ജഭൗതിക ശാസ്ത്രത്തില്‍ വളരെയേറെ ഗവേഷണങ്ങള്‍ ചെരങ്കോഫിന്റെ നേതൃത്വത്തില്‍ നടത്തിയിട്ടുണ്ട്.

മോസ്കോയിലെ ലെബെദെവ് ഫിസിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഫോട്ടോ-മെസോണ്‍ പ്രോസസ് ലബോറട്ടറി എന്നിവിടങ്ങളില്‍ ചെരങ്കോഫ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1970-ല്‍ ഇദ്ദേഹം യു.എസ്.എസ്.ആര്‍. അക്കാദമി ഒഫ് സയന്‍സസ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1990 ജനു. 6-ന് നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍