This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെയിന്‍ ബാങ്കിങ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെയിന്‍ ബാങ്കിങ്

ഒരു പ്രത്യേക ബാങ്കിങ് സമ്പ്രദായം. ബാങ്കിങ് സ്ഥാപനങ്ങളുടെ വികാസചരിത്രത്തില്‍ വ്യത്യസ്ത ബാങ്കിങ് സമ്പ്രദായങ്ങള്‍ നിലവില്‍ വന്നിട്ടുണ്ട്. യൂണിറ്റ് ബാങ്കിങ്, ബ്രാഞ്ച് ബാങ്കിങ്, ഗ്രൂപ്പ് ബാങ്കിങ്, ചെയിന്‍ ബാങ്കിങ് എന്നിവയാണവ. ബ്രാഞ്ച് ബാങ്കിങ് സമ്പ്രദായമാണ് സര്‍വസാധാരണമായിട്ടുള്ളത്. അപൂര്‍വമാണെങ്കിലും ചെയിന്‍ ബാങ്കിങ് അഥവാ ബാങ്കിങ് ശൃംഖലാ സംവിധാനവും നിലവിലുണ്ട്.

വിവിധ ബാങ്കിങ് സ്ഥാപനങ്ങളില്‍ മൂലധനം നിക്ഷേപിച്ചുകൊണ്ട് ഒരു വ്യക്തിയോ വ്യക്തികളുടെ സംഘമോ ഈ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നു എന്നതാണ് ചെയിന്‍ ബാങ്കിങ് സമ്പ്രദായത്തിന്റെ പ്രത്യേകത. ശൃംഖലാബദ്ധമായി പ്രവര്‍ത്തിക്കുന്ന ഇത്തരം ബാങ്കുകളുടെ ഭരണം നിയന്ത്രിക്കുന്നത് ഒരു കേന്ദ്രസ്ഥാപനമായിരിക്കുകയില്ല. എന്നാല്‍, വിവിധ ബാങ്കിങ് സ്ഥാപനങ്ങളുടെ ഭരണസമിതികളില്‍ അംഗങ്ങളായിരിക്കുക ഒരേ വ്യക്തികള്‍ തന്നെയാണ്. അതിനാല്‍, ഈ വ്യക്തികള്‍ക്കു ബാങ്കിങ് ശൃംഖലയുടെയാകെ ഭരണം സമാന്തരമായി നിയന്ത്രിക്കാനുള്ള സൗകര്യം ലഭിക്കുന്നു. സാമ്പത്തികപ്രതിസന്ധിയുടെ ഘട്ടങ്ങളില്‍ ശൃംഖലയിലെ അംഗ സ്ഥാപനങ്ങള്‍ പരസ്പരം സഹായിക്കുവാന്‍ തയ്യാറായിരിക്കും എന്നതാണ് ചെയിന്‍ ബാങ്കിങ് സമ്പ്രദായത്തിന്റെ മേന്മ. വന്‍കിടവായ്പകള്‍ നല്‍കേണ്ടിവരുന്ന സന്ദര്‍ഭങ്ങളില്‍ ശൃംഖലയിലെ ബാങ്കുകള്‍ക്ക് സംയുക്തമായി പ്രവര്‍ത്തിക്കാനും കഴിയുന്നു. എന്നാല്‍, വിവിധ ബാങ്കിങ് സ്ഥാപനങ്ങളുടെ ഭരണനിയന്ത്രണം ഒരു വിഭാഗം ആളുകളുടെ കൈയില്‍ കേന്ദ്രീകരിക്കുന്നതിനാല്‍ അംഗബാങ്കുകളുടെ സ്വയംഭരണാധികാരം നഷ്ടപ്പെടുന്നു എന്നതാണ് ഈ സമ്പ്രദായത്തിന്റെ ഏറ്റവും വലിയ ന്യൂനത. ബാങ്കിങ് രംഗത്ത് കുത്തകയ്ക്കു വഴി തെളിക്കുമെന്നതും ബാങ്കിങ് സ്ഥാപനങ്ങളുടെ സന്തുലിതമായ വളര്‍ച്ചയ്ക്കാവശ്യമായ മത്സരാന്തരീക്ഷത്തെ ഹനിക്കുന്നുവെന്നതും ചെയിന്‍ ബാങ്കിങ് സമ്പ്രദായത്തിന്റെ കോട്ടങ്ങളാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍