This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെമ്മാന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെമ്മാന്‍

ഒരിനം മാന്‍. സെര്‍വിഡേ (Cervidae) കുടുംബത്തിലെ അംഗമായ ചെമ്മാന്‍ (ചുവന്നമാന്‍) ആര്‍ട്ടിയോഡക്റ്റൈല എന്ന ഗോത്രത്തില്‍ ഉള്‍പ്പെടുന്നു. ശാസ്ത്രനാമം: സെര്‍വസ് ഇലാഫസ് (Cervus elaphus). ഇതിനു പന്ത്രണ്ട് ഉപവര്‍ഗങ്ങളുണ്ട്. ഫ്രാന്‍സില്‍ സെര്‍വ് റൂഷ് (Cerf rouge) എന്നും ജര്‍മനിയില്‍ റോട്ട് ഹിര്‍ഷ് (Rot hirsch) എന്നും ഇവ അറിയപ്പെടുന്നു.

ചെമ്മാന്‍

ചെമ്മാനുകള്‍ സാധാരണയായി ഏഷ്യ, വടക്കു പടിഞ്ഞാറന്‍ ആഫ്രിക്ക, യൂറോപ്പിലെ വിവിധ വനാന്തരങ്ങള്‍, കടല്‍നിരപ്പില്‍ നിന്നും 2800 മീറ്ററോളം ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ആല്‍പ്സ് പര്‍വതനിരകള്‍, സ്കോട്ട്ലണ്ടിലെ വന്‍മരങ്ങളില്ലാത്ത താഴ്വരകള്‍, നോര്‍വേയിലെ ചതുപ്പുനിലങ്ങള്‍, കിഴക്കന്‍ യൂറോപ്പിലെ പ്രളയബാധിത പ്രദേശങ്ങളടങ്ങിയ താഴ്വരകള്‍ എന്നിവിടങ്ങളില്‍ കണ്ടുവരുന്നു. കൊടുംശൈത്യം, ഇടതോരാത്ത മഴക്കാലം, ഹ്രസ്വമെങ്കിലും ഉയര്‍ന്ന താപത്തിലെത്തുന്ന ഉഷ്ണകാലം എന്നീ കാലാവസ്ഥകള്‍ അനുഭവപ്പെടുന്ന തെക്കേ അമേരിക്കന്‍ കാടുകളിലും ഇവയെ കാണാം. പ്രകൃതിയുമായി ഇണങ്ങിച്ചേരാന്‍ അനിതരസാധാരണമായ കഴിവുള്ള ഈ വര്‍ഗത്തെ അര്‍ജന്റീന, ചിലി, ന്യൂസീലന്‍ഡ് എന്നീ രാജ്യങ്ങളിലേക്കു കുടിയേറിപ്പാര്‍പ്പിക്കാനുള്ള തീരുമാനമുണ്ട്. ഏഷ്യയും വടക്കു പടിഞ്ഞാറന്‍ ആഫ്രിക്കയും ഒഴിച്ചാല്‍ ചുവന്ന മാനുകള്‍ വംശനാശം നേരിടുന്നില്ല.

ചുവന്നു ചെമ്പിച്ച രോമക്കുപ്പായമണിഞ്ഞു 120-150 സെ.മീ. തോളുയരവും 135-180 കി.ഗ്രാം ഭാരവും ഒത്ത തലയെടുപ്പും ഉള്ള ഈ മാനുകള്‍ക്കു 'ചുവന്ന മാന്‍' എന്ന പേര് അര്‍ഥപൂര്‍ണമാണ്. ഇക്കാരണങ്ങളാലാവാം ഇവ 'നോബിള്‍ ഡിയര്‍', 'കിങ് ഒഫ് ഫോറസ്റ്റ്' എന്നീ പേരുകളിലും അറിയപ്പെടുന്നത്. ആണ്‍ മാനിനെ 'ഹര്‍ട്ട്' എന്നും പെണ്‍ മാനിനെ 'ഹിന്‍ഡ്' എന്നും പറയുന്നു. ഹര്‍ട്ടുകള്‍ക്ക് ഇരുപാര്‍ശ്വങ്ങളിലേക്കു വിന്യസിച്ചതും ശിഖരങ്ങളുള്ളതും ബലവത്തായതുമായ കൊമ്പുകളുണ്ട്. ഈ കൊമ്പുകളില്‍ പത്തില്‍ കുറയാതെ ചെറുതും കൂര്‍ത്തതുമായ ശിഖരനാമ്പുകള്‍ (ടയിന്‍-tine) കാണാം. ടയിനുകളുടെ എണ്ണം അനുസരിച്ചു ചുവന്ന മാനുകളെ റോയല്‍ (12 എണ്ണം) എന്നും വില്‍സണ്‍ (14 എണ്ണം) എന്നും തിരിച്ചിട്ടുണ്ട്. പെണ്‍ മാനുകള്‍ക്കു കൊമ്പില്ല. ശൈത്യകാലത്ത് ഇവയുടെ ചുവന്ന രോമക്കുപ്പായം നരകലര്‍ന്ന ചെമ്പന്‍ നിറമാകുന്നതോടൊപ്പം അടിവയറ്റിലെ രോമങ്ങള്‍ മഞ്ഞിന്റെ നിറം സ്വീകരിക്കുന്നതായും കണ്ടുവരുന്നു. ആണിലും പെണ്ണിലും മേല്‍ പുരികത്തിനു മുകളിലായി ശ്ളേഷ്മഗ്രന്ഥികള്‍ പ്രകടമാകുന്നു.

18 മാസത്തെ വളര്‍ച്ചയോടെ മാനുകള്‍ പ്രായപൂര്‍ത്തിയെത്തുന്നു. ഇണചേരുന്ന കാലമൊഴിച്ചാല്‍ ആണ്‍-പെണ്‍ മാനുകള്‍ പ്രത്യേകം കൂട്ടമായിട്ടാണ് ജീവിക്കുക. ഗര്‍ഭകാലം 33-34 ആഴ്ചയാണ്. ജനനസമയത്തു കുട്ടിക്കു സു. 5 കി.ഗ്രാം ഭാരമുണ്ടായിരിക്കും.

പകല്‍സമയം സുരക്ഷാ സ്ഥാനങ്ങളില്‍ കഴിയുന്നു. സന്ധ്യമുതല്‍ രാത്രിയേറെവരെ ആഹാരം തേടി അലയും. പുല്ല്, കുറ്റിച്ചെടികളുടെ നാമ്പും ഇലകളും, മുകുളങ്ങള്‍, മുള്ളുകള്‍, ചില്ലകള്‍, പഴങ്ങള്‍ തുടങ്ങി എന്തും ഭക്ഷണമാക്കുന്നു. ശൈത്യകാലത്ത് ഇവ ഉഷ്ണപ്രദേശങ്ങളിലേക്കും ശൈത്യം കഴിഞ്ഞാല്‍ തിരിച്ചും ദേശാന്തരഗമനം (migration) നടത്താറുണ്ട്. നരിയും കുറുക്കനും കാട്ടുനായ്ക്കളും ആണ് ശത്രുക്കള്‍. ചെമ്മാനിന്റെ ആയുര്‍ദൈര്‍ഘ്യം 20 വര്‍ഷമാണ്.

(ഡോ. എ.സി. ഫെര്‍ണാന്റസ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍