This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെമ്പുവ്യവസായം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെമ്പുവ്യവസായം

പ്രകൃതിദത്തമായ ചെമ്പ് അയിരില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന ചെമ്പ് എന്ന ലോഹത്തെയും അതിന്റെ വിവിധ കൂട്ടുകളെയും അസംസ്കൃതവസ്തുവായി ഉപയോഗിക്കുന്ന വ്യവസായം.

നവീനശിലായുഗത്തിന്റെ അവസാനഘട്ടത്തില്‍, ഏതാണ്ട് ബി.സി. 8000-ത്തോടടുപ്പിച്ചാണ് ചെമ്പ് കണ്ടെത്തിയത്. അതിപുരാതനകാലം തൊട്ടുതന്നെ വ്യാവസായികവും സാംസ്കാരികവുമായ പുരോഗതിയില്‍ ചെമ്പിന്റെ ഉപയോഗം ഗണ്യമായ സ്വാധീനത ചെലുത്തിയിട്ടുണ്ട്. ഏതു രീതിയിലും അടിച്ച് രൂപാന്തരപ്പെടുത്താവുന്നതും മയമുള്ളതുമായ ഘടന, ഉറപ്പ്, വൈദ്യുത ചാലകത, ആകര്‍ഷണീയത തുടങ്ങിയവയാണ് ചെമ്പിനെ വ്യാവസായിക പ്രാധാന്യമുള്ളതാക്കുന്ന ഘടകങ്ങള്‍. മണ്‍പാത്രങ്ങളുടെ നിര്‍മാണത്തിനുപയോഗിച്ചിരുന്ന ചൂളകളില്‍ത്തന്നെ ചെമ്പ് സംസ്കരിച്ചെടുക്കാന്‍ കഴിയും എന്ന കണ്ടെത്തലാണ് ഈ ലോഹത്തിന്റെ നിര്‍മാണവിദ്യയ്ക്കു തുടക്കം കുറിച്ചത്. ഇന്ത്യ, ഈജിപ്ത്, ഗ്രീസ് തുടങ്ങിയ എല്ലാ പ്രാചീന സംസ്കൃതികളും ചെമ്പ് വ്യാപകമായി ഉപയോഗിച്ചിരുന്നു. പാത്രങ്ങള്‍, ആയുധങ്ങള്‍, ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിനാണ് പ്രധാനമായും ചെമ്പ് ഉപയോഗിച്ചിരുന്നത്. 'കുപ്രം' എന്ന ലത്തീന്‍ പദത്തില്‍ നിന്നുമാണ് 'കോപ്പര്‍' (copper) എന്ന പേര് നിഷ്പന്നമായിട്ടുള്ളത്.

ലോകത്തിലെ 45 രാജ്യങ്ങളില്‍ ചെമ്പുനിക്ഷേപമുണ്ട്. ചിലി, പെറു, യു.എസ്., സാംബിയ, കോങ്ഗോ, കസാഖ്സ്ഥാന്‍, കാനഡ എന്നീ രാജ്യങ്ങളിലാണ് ഏറ്റവുമധികം അസംസ്കൃത ചെമ്പ് ഉത്പാദിപ്പിക്കുന്നത്. ഭൂമിയില്‍ മൊത്തം 212 ദശലക്ഷം മെട്രിക് ടണ്‍ ചെമ്പു നിക്ഷേപമുണ്ടെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. പ്രതിവര്‍ഷം 4 ദശലക്ഷം മെട്രിക് ടണ്‍ വീതം ഉപയോഗിച്ചാല്‍, 50 വര്‍ഷത്തേക്ക് ഇതു മതിയാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. യു.എസ്., കാനഡ, ചിലി, പെറു, സോവിയറ്റ് രാജ്യങ്ങള്‍, പോളണ്ട്, സാംബിയ, കോങ്ഗോ, ചൈന എന്നിവിടങ്ങളില്‍ യഥാക്രമം 32.5, 8.4, 46, 12.5, 35, 11.4, 25, 20, 3 ദശലക്ഷം മെട്രിക് ടണ്‍ വീതം ചെമ്പു നിക്ഷേപമുണ്ടെന്നു കണക്കാക്കപ്പെടുന്നു.

19-ാം ശ.-ന്റെ അവസാനത്തിലാണ് ചെമ്പിന്റെ വ്യാവസായിക ഉപയോഗത്തില്‍ വമ്പിച്ച പുരോഗതി ഉണ്ടായത്. ചെമ്പിനു വളരെ ഉയര്‍ന്ന വൈദ്യുത ചാലകതയുണ്ടെന്ന അറിവാണ് ഈ ലോഹത്തിന്റെ വ്യാവസായിക പ്രാധാന്യം വര്‍ധിപ്പിച്ചത്. വൈദ്യുതി കണ്ടുപിടിച്ചതോടെ, ആധുനിക ചെമ്പു വ്യവസായത്തിനു തുടക്കം കുറിച്ചു എന്നു പറയാം. വൈദ്യുത ജനറേറ്ററിന്റെ നിര്‍മാണത്തിനും വൈദ്യുതപ്രസരണത്തിനും ചെമ്പ് ഒഴിച്ചുകൂടാനാവാത്ത ഒരു അസംസ്കൃതവസ്തുവായിത്തീര്‍ന്നു.

ഒന്നാം ലോകയുദ്ധകാലത്ത് ചെമ്പുവ്യവസായം വമ്പിച്ച പുരോഗതി കൈവരിച്ചു. എന്നാല്‍ യുദ്ധം അവസാനിച്ചതോടെ ചെമ്പിന്റെ ആഗോളവിലയില്‍ ഏറ്റക്കുറച്ചിലുകളുണ്ടായി. ഇത് വിവിധ കമ്പനികള്‍ സംയോജിച്ച് കാര്‍ട്ടലുകള്‍ രൂപം കൊള്ളുന്ന പ്രവണതയ്ക്കു കാരണമായി. 1918-ല്‍ യു.എസ്. കോപ്പര്‍ എക്സ്പോര്‍ട്ട് അസോസിയേഷന്‍ രൂപീകൃതമായി. തുടര്‍ന്ന് ചെമ്പിന്റെ വില ഉയര്‍ന്നെങ്കിലും ചിലിയില്‍ വന്‍തോതില്‍ ചെമ്പ് ഖനനം തുടങ്ങിയതുമൂലം വീണ്ടും വില താഴുകയുണ്ടായി. 1930-കളിലെ സാമ്പത്തികമാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ലോക ചെമ്പ് വ്യവസായം ഗുരുതരമായ പ്രതിസന്ധിയില്‍ അകപ്പെട്ടു. 1935-ല്‍ യു.എസ്സിനു പുറത്തുള്ള ഉത്പാദകര്‍ മറ്റൊരു കാര്‍ട്ടല്‍ സ്ഥാപിച്ചു. എന്നാല്‍, രണ്ടാം ലോകയുദ്ധം ആരംഭിച്ചതോടെ ഈ കാര്‍ട്ടലും തകരുകയാണുണ്ടായത്. രണ്ടാം ലോകയുദ്ധാനന്തര നാളുകളില്‍ ചെമ്പുവ്യവസായത്തിനു പുതുജീവന്‍ ലഭിച്ചു. പ്രത്യേകിച്ചും 1956-ലെ കൊറിയന്‍ യുദ്ധത്തിന്റെ ഫലമായി ചെമ്പുത്പന്നങ്ങളുടെ ചോദനം വന്‍തോതില്‍ വര്‍ധിക്കുകയുണ്ടായി.

ലോകത്ത് ഏറ്റവുമധികം ചെമ്പ് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്ന് യു.എസ്സാണ്. സുരക്ഷാ യുദ്ധസാമഗ്രികളുടെ നിര്‍മാണത്തിനാണ് ഇതിലധികവും ഉപയോഗിക്കുന്നത്. യു.എസ്സിലെ ചെമ്പുവ്യവസായത്തിന്റെ ഘടനയ്ക്ക് 'ഒളിഗോപൊളിസ്റ്റിക്' സ്വഭാവമാണുള്ളത്. മൊത്തം വ്യവസായത്തെ ചുരുക്കം ചില ഉത്പാദകര്‍ നിയന്ത്രിക്കുന്നതിനാണ് 'ഒളിഗോപ്പൊളി' എന്നു പറയുന്നത്. യു.എസ്സിലെ കെനിക്കോട്ട് കോപ്പര്‍ കോര്‍പ്പറേഷനിലാണ് ലോകത്തെ ഏറ്റവും വലിയ ചെമ്പു വ്യവസായശാല. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഖനി സ്ഥിതി ചെയ്യുന്ന ബിങ്ഹാമിലാണ് ഈ ഫാക്ടറി പ്രവര്‍ത്തിക്കുന്നത്. രണ്ടാമത്തെ വലിയ കമ്പനിയാണ് അനക്കൊണ്ട കമ്പനി. മറ്റൊരു വമ്പന്‍ കമ്പനി ഫെല്‍പ്പസ് ഡോഡ്ജ് കോര്‍പ്പറേഷനാണ്.

വൈദ്യുത ഉപകരണങ്ങള്‍, മോട്ടോര്‍ വാഹനങ്ങള്‍, ടെലിഫോണ്‍ കമ്പികള്‍, ഉപഭോക്തൃ ഉത്പന്നങ്ങള്‍, യുദ്ധോപകരണങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിനാണ് ചെമ്പ് പ്രധാനമായും ഉപയോഗിച്ചുവരുന്നത്. യു.എസ്സില്‍ ചെമ്പുത്പാദനത്തിന്റെ 35 ശതമാനവും വൈദ്യുത ഉപകരണങ്ങളുടെ നിര്‍മാണത്തിനാണുപയോഗിക്കുന്നത്. വൈദ്യുത ഉപകരണങ്ങളായ മോട്ടോര്‍, ജനറേറ്റര്‍, ട്രാന്‍സ്ഫോര്‍മര്‍, സ്വിച്ച് ഗിയര്‍, സ്വിച്ച് ബോര്‍ഡ് എന്നിവയുടെ നിര്‍മാണത്തിന് ചെമ്പ് വന്‍തോതില്‍ ഉപയോഗിക്കുന്നു. മോട്ടോര്‍ വാഹനങ്ങളുടെ നിര്‍മാണത്തിലും ചെമ്പ് പ്രധാന ഘടകമാണ്. റേഡിയേറ്റര്‍, ഹീറ്റര്‍, ഡിഫ്രോസ്റ്റര്‍, ഓയില്‍ ലൈന്‍ എന്നീ ഉപകരണങ്ങളുടെ നിര്‍മാണത്തിനും ചെമ്പ് ഉപയോഗിക്കുന്നുണ്ട്. കൂടാതെ റെഫ്രിജറേഷന്‍ ഉപകരണങ്ങള്‍, വാല്‍വ്, പമ്പുകള്‍, ട്രാഫിക് സിഗ്നല്‍ ഉപകരണങ്ങള്‍ എന്നിവ ഉത്പാദിപ്പിക്കുന്ന വ്യവസായത്തിലും ചെമ്പ് ഉപയോഗിക്കുന്നു. ഉപഭോക്തൃ ഉത്പന്നങ്ങളായ വാഷിങ് മെഷീന്‍, എയര്‍ കണ്ടീഷണര്‍ തുടങ്ങിയവയുടെ നിര്‍മാണത്തിലും ചെമ്പിന്റെ ഉപയോഗം പ്രധാനമാണ്.

ചെമ്പ് ഇതര ലോഹങ്ങളുമായി സംയോജിപ്പിച്ച് ലോഹസങ്കരങ്ങളുണ്ടാക്കുന്നുണ്ട്. പിച്ചള (ചെമ്പ്-നാകം), വെങ്കലം (ചെമ്പ്-തകരം), ജര്‍മന്‍ വെള്ളി (ചെമ്പ്-നാകം-നിക്കല്‍) എന്നീ സങ്കരലോഹങ്ങളില്‍ ചെമ്പ് പ്രധാനഘടകമാണ്. പിച്ചള, വെള്ളോട്, ഗണ്‍മെറ്റല്‍ തുടങ്ങിയ സങ്കരലോഹങ്ങള്‍ വൈവിധ്യമേറിയ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചുവരുന്നു. കലാവസ്തുക്കള്‍, പലയിനം അലങ്കാര ഉപകരണങ്ങള്‍ എന്നിവ നിര്‍മിക്കാന്‍ അനുയോജ്യമായ ഒരു ലോഹക്കൂട്ടാണ് വെങ്കലം.

ആധുനികകാലത്ത് അലുമിനിയം, സ്റ്റീല്‍, പ്ലാസ്റ്റിക് എന്നിവയുടെ ഉപയോഗം വര്‍ധിച്ചതിന്റെ ഫലമായി ചെമ്പ്വ്യവസായത്തിനു മാന്ദ്യം സംഭവിച്ചിട്ടുണ്ട്. പല വ്യവസായങ്ങളിലും ഇവ ചെമ്പിനു പകരമായി ഉപയോഗിക്കുന്നുണ്ട്. ചെമ്പുവ്യവസായത്തിന്റെ ലോകഭൂപടത്തില്‍ ഇന്ത്യയുടെ സ്ഥാനം അത്ര പ്രധാനമല്ല. എങ്കിലും ചെമ്പും ഇതരലോഹക്കൂട്ടുകളും ഉപയോഗിച്ചുകൊണ്ട് വീട്ടുപകരണങ്ങള്‍, കലാവസ്തുക്കള്‍, അലങ്കാരസാമഗ്രികള്‍ എന്നിവ നിര്‍മിക്കുന്നതില്‍ ഇന്ത്യയിലെയും കേരളത്തിലെയും കരകൗശലക്കാര്‍ പ്രദര്‍ശിപ്പിക്കുന്ന നിര്‍മാണവൈദഗ്ധ്യം പ്രസിദ്ധമാണ്. നോ: കോപ്പര്‍

(എസ്. കൃഷ്ണയ്യര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍